Wednesday, July 18, 2018

സത്യമറിയാത്ത കാലം


ഒരു സത്യാനന്തരയുഗത്തിലാണ് (post truth age)നാമിന്ന്  ജീവിക്കുന്നതെന്നാണ് രാഷ്ട്രീയസൈദ്ധാന്തികർപറയുന്നതു്.    നമ്മുടെ പൊതു-സ്വകാര്യ മണ്ഡലങ്ങളിലെ സത്യാവസ്ഥകളെ തമസ്കരിച്ചു നിർത്തി, അവ ആരുടെയും ശ്രദ്ധയിൽ വരാത്തവണ്ണം  അർദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചുകൊണ്ട്, അധികാരികളും അധികാരകാംക്ഷികളും ഭരണം കയ്യാളുകയും കൊണ്ടു നടത്തുകയും ചെയ്യുന്ന കാലം.  പൊതുജനാഭിപ്രായങ്ങൾ രൂപം കൊള്ളുന്നിടത്ത് വാസ്തവങ്ങളും സത്യാവസ്ഥകളും വളരെ കുറഞ്ഞതോതിൽ മാത്രം അടിസ്ഥാനമായി സ്വീകരിക്കപ്പെടുന്ന പ്രവണതയാണ് ഇതിന്റെ ലക്ഷണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതു്.  സത്യാവസ്ഥകളേയും വാസ്തവങ്ങളേയും വസ്തുതകളേയും കണക്കിലെടുക്കാതെ വ്യക്തിപരമായ വിശ്വാസങ്ങളേയും വൈകാരികതയേയും എല്ലാ ജീവിതമണ്ഡലങ്ങളിലേയും ഏതുതരം തിരഞ്ഞെടുപ്പുകൾക്കും അടിസ്ഥാനമാക്കാൻ പൊതുസമൂഹത്തെ നിർബ്ബന്ധിതരാക്കുന്ന വിധത്തിൽ പ്രചാരണങ്ങൾ നടന്നു പോരുന്ന കാലമായാണ് അത് വ്യാഖ്യാനിക്കപ്പെടുന്നത്.  തങ്ങളുടെ വാദമുഖങ്ങൾ, അവ അടിസ്ഥാനരഹിതമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ സാമാന്യജനങ്ങൾക്കിടയിലേക്ക് ഇടതടവില്ലാതെ ആവർത്തിച്ചുകൊണ്ടിരിക്കുക എന്നതാണ് അതിന്നായി സത്യാനന്തരകാലത്ത് രാഷ്ട്രീയക്കാർ കണ്ടെത്തിയിട്ടുള്ള മാർഗ്ഗം. പോയകാലത്തോ വത്തമാനകാലത്തിൽ തന്നെയോ, യുക്തിസഹമായി സംശയലേശമെന്യേ തെളിയിക്കപ്പെട്ട വസ്തുതകളെപ്പോലും  മുടിക്കെട്ടിവച്ച് നടത്തപ്പെടുന്ന ഇത്തരം പ്രചാരണങ്ങൾ സാമാന്യജനങ്ങളെ വരുതിക്ക് നിർത്താൻ ഇക്കാലത്ത് സമർത്ഥമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
സത്യാനന്തരയുഗമെന്ന് പറയുമ്പോൾ സത്യയുഗം ഏതാണെന്ന് നമുക്ക് സംശയം വരാം.   പെട്ടെന്ന് ഓർമ്മയിൽ വരാവുന്നത് ഭാരതീയപൗരാണികത പറഞ്ഞു വച്ച കാലസങ്കൽപ്പത്തിലെ, ചതുർയുഗങ്ങളിലെ, ആദ്യയുഗമായിവരുന്ന ആ സത്യയുഗമാകാം.   സനാതന ധർമ്മം നിലനിന്നുപോന്നിരുന്നവെന്നും, മനുഷ്യർക്ക് 4000 കൊല്ലത്തെ ആയുസ്സുണ്ടായിരുന്നുവെന്നും, ലോകമെങ്ങും ശാന്തിയും സമാധാനവും വിളയാടിയിരുന്നുവെന്നും, എല്ലാവരും ഒരു പോലെ സന്തോഷഭരിതരായിരുന്നുവെന്നും, സുകമാരകലകളൊന്നും ജാതമായിക്കഴിഞ്ഞിരുന്നില്ലെന്നും 17,28,000 വർഷങ്ങൾ നീണ്ടുനിന്നുവെന്നും പറയപ്പെടുന്ന  ഒരു സാങ്കൽപിക കാലമായിരുന്നു ആ സത്യയുഗം. നമ്മുടെ സത്യയുഗം അതല്ല.
നമ്മുടെ സത്യയുഗത്തിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ട്.  അത് സമ്മാനിച്ച അനുഭവങ്ങളും നമ്മുടെ കൂടെ ഉണ്ട്. അക്കാലത്താണ് ആഗോളതലത്തിൽ മനുഷ്യരാശിയുടെ ജീവിത നിലവാരം മെച്ചപ്പെട്ടു വന്നതും അതേത്തുടർന്ന് ജനസംഖ്യ അതിവേഗതയിൽ പെരുകാൻ തുടങ്ങുന്നതും. ഭക്ഷ്യോത്പാദനത്തിൽ കുതിച്ചു ചാട്ടങ്ങൾ സംഭവിച്ച കാലം.   അത്, കഴിഞ്ഞ ഏതാണ്ട് അമ്പതു കൊല്ലക്കാലത്തിനപ്പുറത്ത് ലോകത്ത് നിലനിന്നിരുന്ന, ശാസ്ത്രചിന്ത സാധാരണക്കാരിൽ വരെ സ്വാധീനം ചെലുത്തിപ്പോന്ന, കാലമാണെന്ന് നാം കാണേണ്ടതുണ്ട്. ആരോഗ്യപരിപാലനരംഗത്ത് നൂതനങ്ങളായ കണ്ടുപിടുത്തങ്ങളും രോഗാവസ്ഥകളുടെ ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ ലഭിച്ച പുത്തൻ സാദ്ധ്യതകളും മനുഷ്യർക്ക് കൂടുതൽ ആയുസ്സ് നേടി കൊടുത്തതിൽനിന്ന് ആകമാനസമൂഹവും ശാസ്ത്രത്തെ ഒരു നവവരദാതാവായി കാണാൻ തുടങ്ങിയ കാലം.  ഭരണതലത്തിൽ പൌരാണികമായ വിശ്വാസപ്രമാണങ്ങളെ മാറ്റിനിർത്തി യുക്തിക്കും വസ്തുതകൾക്കും പ്രാമുഖ്യം നൽകിക്കൊണ്ട് ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തുപോന്ന കാലം. രാഷ്ട്രീയവും, സാമ്പത്തികവുമായ നയരൂപീകരണങ്ങളിലും സാമൂഹ്യചിന്തകളിലും തത്വശാസ്ത്രങ്ങളിലും മാനവികതക്ക് പ്രാമുഖ്യം കിട്ടിപ്പോന്ന കാലം. വംശീയതയും വർണ്ണവിവേചനം മനുഷ്യൻ മനുഷ്യനെ അടിമകളാക്കി വക്കുന്നതുമൊക്കെ സത്യത്തിന് നിരക്കാത്തതാണെന്നും "മാനുഷരെല്ലാരുമൊന്നുപോലെ ' ആണെന്നും ലോകത്തിലെ എല്ലാ മനുഷ്യരും മറ്റോരോ മനുഷ്യരുടേയും വിമോചനത്തിന്നായി നിലകൊള്ളേണ്ടതുണ്ടെന്നും ഭരണാധികാരികളെ ഇടക്കിടെ ഓർമ്മിപ്പിക്കാൻ സാമൂഹ്യപ്രസ്ഥാനങ്ങൾക്കായിരുന്ന കാലം.    അതിന്റെ നിർമ്മിതിക്ക് ശാസ്ത്രത്തേപ്പോലെ തന്നെ സംഭാവനകൾ നൽകാൻ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും അണിനിരന്ന കാലം.
ഭാരതത്തിലാണെങ്കിൽ നമുക്ക് അത്  നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭകാലം മുതൽ തന്നെ അനുഭവവേദ്യമായിരുന്നു.   ഗാന്ധിയൻ ജീവിതശൈലി സ്വീകരിച്ചിരുന്ന സ്വാതന്ത്ര്യസമരസേനാനികളൊന്നും തന്നെ അക്കാലത്ത് അന്ധവിശ്വാസങ്ങളേയോ തെളിയിക്കപ്പെടാത്ത വസ്തുതകളേയോ തങ്ങളുടെ ചിന്തകൾക്ക് ആധാരമാക്കിയിരുന്നില്ല,  അർദ്ധസത്യങ്ങളെയും അസത്യങ്ങളെയും നിരാകരിക്കാൻ ബഹുജനമുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ അക്കാലത്ത് തെല്ലും ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. മനുഷ്യർ ശൂന്യാകാശത്തിലേക്കും ചന്ദ്രനടക്കമുള്ള ശൂന്യാകാശഗോളങ്ങളിലേക്കും  യാത്ര പുറപ്പെട്ടതും നമ്മുടെ സത്യയുഗത്തിലാണ്.
ഏകാധിപതികളെ കൈവെടിഞ്ഞ് ജനാധിപത്യത്തിലേക്ക് മാറിയ ജനസഞ്ചയങ്ങളിൽ അധികാരം കയ്യാളാൻ പുതിയ വിഭാഗങ്ങൾ മത്സരബുദ്ധ്യാ കടന്നുവന്നപ്പോൾ സംഭവിച്ചുപോയ ഒരു അപാകമായി സത്യാനന്തരയുഗത്തെ കണക്കാക്കുന്നവരുണ്ട്.   ജനസമൂഹങ്ങളിൽ അധികാരഘടന ഒഴിവാക്കാൻ വയ്യാതെ നിൽക്കുന്നതും അധീശർക്ക് സമുഹം പ്രത്യേക പരിഗണനകൾ എപ്പോഴും നൽകിക്കൊണ്ടിരിക്കുന്നതും കാരണം അധികാരത്തിന്ന് എന്നും ആരേയും കൊതിപ്പിക്കുന്ന ഒന്നായി നിലനിൽക്കാനാകുന്നുണ്ട്.   അതിനോടുള്ള ആർത്തിയുടെ കാര്യത്തിൽ പോയകാലത്തെ രാജാക്കൻമാർക്കും ചക്രവർത്തിമാർക്കും ആധുനികകാലത്തെ ഭരണാധിപൻമാർക്കും തമ്മിൽ വലിയ വ്യത്യാസവുമില്ല. അവരുടെയൊക്കെ പ്രവർത്തനങ്ങളുടെ കാതൽ അവരിലെ മഹത്വകാംക്ഷയുടെ പരകാഷ്ഠ തന്നെയാണ്.  ഇതാകട്ടെ എല്ലായ്‌പോഴും ഒരു ചീത്ത കാര്യമാകുന്നുമില്ല. മറിച്ച് പുതുവഴികൾ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാശിക്ക് , വിശേഷിച്ചും സാമൂഹ്യസംഘർഷങ്ങളുടെ കാലത്ത്, പലപ്പോഴും ഫലപ്രദമായ നേതൃത്വം ഇത് സമ്മാനിച്ചിട്ടുമുണ്ട്.   പക്ഷേ ആ നേതൃനിരയിലെത്താൻ ശ്രമിക്കുന്നവർ, രാഷ്ട്രീയ നേതാക്കന്മാർ, സ്വീകരിച്ചുപോരുന്ന പല അടവുകളും തന്ത്രങ്ങളും മനുഷ്യരാശിയെ കാലത്തിൽ തളച്ചിടാനോ മിക്കപ്പോഴും പിന്നോട്ടടിക്കാനോ ഇടയാക്കിയേക്കാവുന്ന മട്ടിലേക്ക് സത്യാനന്തരയുഗം വളർന്നെത്തിയരിക്കുന്നു.    തങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിന് അധികാരകാംക്ഷികൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ മനുഷ്യരാശി കാലാകാലങ്ങളായി കഠിനാദ്ധ്വാനത്തിലൂടെ സഞ്ചയിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിനെക്കുറിച്ചും മനുഷ്യന്റെ ഭൌതികജീവിതത്തെക്കുറിച്ചുമുള്ള കണ്ടെത്തലുകളിലെ സത്യാധിഷ്ഠിതയെ ഇക്കാലത്ത് നിരാകരിക്കുന്നുണ്ട്.  വസ്തുനിഷ്ഠമായ കണക്കുകളോ കാര്യങ്ങളോ എന്തൊക്കെ ലഭ്യമാണെങ്കിലും അതിനേക്കാൾ ഊതിപ്പെരുപ്പിച്ചതോ ലഘൂകരിക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആയ വിവരങ്ങൾ ആവർത്തിച്ചാവർത്തിച്ച് ജനങ്ങൾക്കിടയിലേക്ക് എറിഞ്ഞുകൊടുത്തുകൊണ്ടാണ് അക്കൂട്ടരും അവരുടെ പ്രചാരവേലക്കാരും ഇത് സാധിച്ചു വരുന്നത്.
ഇത്തരമൊരു അവസ്ഥയിലേക്ക് ആഗോളസമൂഹത്തെ എത്തിച്ചതിൽ ലോകമൊട്ടാകെ സ്വാധീനം ചെലുത്തി വരുന്ന ആഗോളമൂലധന വ്യവസ്ഥക്ക് വലിയൊരു പങ്കണ്ടെന്നു കാണാം.  മൂലധനം ആഗോളതലത്തിൽ സ്വരൂപിക്കാമെന്നും തങ്ങളുടെ നിർമ്മതികൾ ലോകത്തെവിടെയും വിറ്റഴിക്കാമെന്നും വന്നതോടെ അതിനെയൊക്കെ നിയന്ത്രിക്കാൻ പ്രാദേശിക സർക്കാറുകളെ അമിതമായി അനുവദിക്കേണ്ടതില്ലെന്ന്  ആഗോള മൂലധനം നിശ്ചയിക്കുന്നതോടെയാകണം സത്യത്തെയും വാസ്തവങ്ങളേയും നിരാകരിക്കാൻ സാമാന്യജനങ്ങളെ പ്രേരിപ്പിക്കും വിധം അച്ചടിമാദ്ധ്യമങ്ങളും ഇൻറർനെറ്റും സമൂഹമാദ്ധ്യമങ്ങളും ഉപയോഗിക്കപ്പെടാൻ തുടങ്ങുന്നത്.  അതിലൂടെ തങ്ങൾക്കനുകൂലമായ സർക്കാറുകളെ മാത്രം സൃഷ്ടിക്കാനും നിലനിർത്താനും അതിന് ഇന്ന് സാധിക്കുന്നുണ്ട്.
മനുഷ്യർ ചന്ദ്രനിൽ കാലു കുത്തിയിട്ടുണ്ടെന്നും അത് ആദ്യമായി സാധിച്ചത് അമേരിക്കൻ ഐക്യനാടുകളുടെ അപ്പോളോ - പതിനൊന്ന് എന്ന ചാന്ദ്രദൗത്യത്തിലൂടെ  1969 ജൂലായ് 21-ന്നാണെന്നും നമുക്കറിയാം. ആഗോളവ്യാപകമായി ഇതിന് സാക്ഷ്യം വഹിക്കാൻ അക്കാലത്ത് ടെലിവിഷൻ പോലുള്ള ദൃശ്യമാദ്ധ്യമങ്ങൾ ലോകമെമ്പാടും എത്തിക്കഴിഞ്ഞിരുന്നില്ല.   മനുഷ്യൻ ചന്ദ്രനിലിറങ്ങുന്ന കാലത്ത് ഇന്ത്യയിൽ ഡൽഹി നഗരത്തിൽ മാത്രമേ ടെലിവിഷൻ പ്രക്ഷേപണമുള്ളു. അതുതന്നെ സമ്പന്നർക്കു മാത്രമേ ലഭ്യവുമായിരുന്നുള്ളു. നഗരത്തിലുണ്ടായിരുന്നിരിക്കാവുന്ന ടെലിവിഷൻ സെറ്റുകൾ വിരലിലെണ്ണാവുന്നവ മാത്രമായിരിക്കും.   അതിൽത്തന്നെ എത്രപേർ മനുഷ്യൻ ചന്ദ്രനിലിറങ്ങിയ മുഹൂർത്തം ടിവിയിൽ കണ്ടിട്ടുണ്ടാകും എന്നുമറിയല്ല. കാരണം അത് ഇന്ത്യൻ സമയം രാത്രി ഒരു മണി നാൽപത്തെട്ട് മിനിട്ടിന്നായിരുന്ന. എന്നാൽ ലോകമെമ്പാടുമായി ലക്ഷോപലക്ഷം മനുഷ്യർ ആ ചരിത്രസംഭവത്തിന്റെ ദൃക്‌സാക്ഷിവിവരണം  റേഡിയോവഴി കേട്ടിരുന്നു. ടെലിവിഷൻ ധാരാളം പ്രചാരത്തിലായിക്കഴിഞ്ഞിരുന്ന രാജ്യങ്ങളിൽ ഒട്ടേറെ പേർ അതങ്ങനെ കാണുകയും ചെയ്തിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ അതിന്റെ നിരവധി ചിത്രങ്ങൾ, ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യം മുതൽ ചന്ദ്രോപരിതലത്തിലെ പൊടിയിൽ പതിഞ്ഞ മനുഷ്യന്റെ ആദ്യകാലടിപ്പാടുകളുടെ ചിത്രങ്ങൾ വരെ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.   തുടർന്ന് ആറു തവണ മനുഷ്യർ ചന്ദ്രനിൽ ചെന്നിറങ്ങി തിരികെ വന്നിട്ടുണ്ട്. ചാന്ദ്രപര്യവേഷകർ തിരികെയെത്തിയപ്പോൾ കൂടെ കൊണ്ടവന്ന ചാന്ദ്രശിലകളടെ ചിത്രങ്ങളും പിൽക്കാലത്ത് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങൾക്കു ശേഷം ആ ചാന്ദ്രശിലാഖണ്ഡങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനത്തിനെത്തിച്ചിരുന്നു. അക്കൂട്ടത്തിൽ അത് ഭാരതബഹിരാകാശ സംഘടനയുടെ തിരുവനന്തപുരം കേന്ദ്രത്തിലും എത്തുകയുണ്ടായി.   പക്ഷേ ബഹിരാകാശ ഗവേഷണങ്ങളുടെ മുൻഗണനാപട്ടിക പല കാരണങ്ങൾ കൊണ്ടും മാറിപ്പോയതോടെ 1973-നു ശേഷം ചന്ദ്രനിലേക്ക് മനുഷ്യരെ പറഞ്ഞയക്കുകയുണ്ടായിട്ടില്ല. അതിനു ശേഷം ഇന്നേക്ക് ഏതാണ്ട് നാൽപത്തഞ്ച് വർഷങ്ങൾ പിന്നിടുകയും ചെയ്തു.
മനഷ്യൻ ചന്ദ്രനിലിറങ്ങിയതിനെക്കുറിച്ച് ഇത്രയും പറഞ്ഞത്തിന്റെ നിജാവസ്ഥ അക്കാലത്ത് ലോകത്തിന്നു മുഴുവൻ ബോദ്ധ്യപ്പെട്ടിരുന്നതാണ്.    മനഷ്യർക്ക് എത്തിപ്പെടാനാകന്ന ശൂന്യാകാശ മേഖലകൾ സീമിതങ്ങളല്ലെന്ന് അതോടെ ലോകത്തിന്ന് ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു. സാധാരണ മനഷ്യരുടെ ആകാശസങ്കൽപങ്ങൾ അതോടെ ശരിക്കും കീഴ്മേൽ മറിഞ്ഞു.   അതോടെ മിത്തുകളിലെയും പുരാണങ്ങളിലേയും ചന്ദ്രസങ്കൽപം മനുഷ്യഭാവന മാത്രമാണെന്ന വാസ്തവം ലോകത്തിന് പൂർണ്ണമായും അംഗീകരിക്കേണ്ടതായും വന്നു. മത - പുരാണങ്ങളിലെ സൃഷ്ടി സങ്കൽപങ്ങളെ താലോലിച്ചു നിന്നിരുന്നവർക്ക് അവ മുഴുവനായും ചോദ്യം ചെയ്യപ്പെടുന്നത് അറിയാറായി.
അമേരിക്കയിൽ അക്കാലത്തുണ്ടായിരുന്ന ശക്തവും ദാർശനികവുമായ ഒരു രാഷ്ടീയ നേതൃത്വം കൂടി ആ വിജയത്തിന്നു പുറകിൽ ഉണ്ടായിരുന്നു.  കൂട്ടത്തിൽ അന്നത്തെ സോവിയറ്റ് യൂണിയുമായുള്ള രാഷ്ട്രീയമണ്ഡലത്തിലെ ശീതസമരവും സാങ്കേതികമേഖലകളിലെ മത്സരവും അതിന്ന് ആക്കം കൂട്ടിയിരുന്നു.   എങ്കിലും അന്നത്തെ യു.എസ്.പ്രസിഡണ്ട് കെന്നഡിക്ക് ചന്ദ്രനിൽ മനഷ്യനെ ഇറക്കിയ ആദ്യഭരണാധികാരി എന്ന ഖ്യാതി എളുപ്പമൊന്നും കിട്ടുമായിരുന്നില്ല. പൊതുഖജനാവിലെ പണമുപയോഗിച്ച് ചന്ദ്രനിലെത്തുന്ന സഞ്ചാരി സുരക്ഷിതനായി തിരികെ എത്തണമെന്നത് കൂടി അദ്ദേഹത്തിന്ന് അമേരിക്കൻ ജനതയോടുള്ള ഉത്തരവാദിത്വത്തിലൊന്നായിരുന്നു.   ഈ ഉത്തരവാദിത്വം അദ്ദേഹത്തെ സദാ ഓർമിപ്പിച്ചിരുന്നത് അവിടത്തെ ശക്തമായ ജനാധിപത്യ സംവിധാനവുമായിരുന്നു. അതല്ലാതെ നാസി ജർമനി തടവുകാരുടെ മേൽ നടത്തിപ്പോന്നിരുന്ന ജൈവപരീക്ഷണങ്ങൾ പോലെ, മനുഷ്യജീവന് വില കൽപിക്കാത്ത പരീക്ഷണങ്ങൾക്ക് അനുവാദം കൊടുക്കാൻ പ്രസിഡണ്ട് കെന്നഡിക്കാകുമായിരുന്നില്ല.
അതെല്ലാം ഏതാണ്ട് അരനൂറ്റാണ്ട് മുമ്പായിരുന്നു.   അന്ന് അങ്ങനെ ഒരു സംഭവം നടന്നതായി ശാസ്ത്രചരിത്രം പഠിക്കുന്ന വിദ്യാർത്ഥികളൊഴികെ ആരും ഇന്ന് സ്വമേധയാ ഓർക്കുന്നുണ്ടാവില്ല.  സാമാന്യജനങ്ങളുടെ സ്മൃതിമണ്ഡലത്തിൽ ഇന്ന് അതിന്ന് സ്ഥാനുണ്ടാവില്ല. അവരുടെ മനസ്സ് വർത്തമാനകാലത്തെ മറ്റ് പ്രശ്നങ്ങളിൽ കടുങ്ങിക്കിടക്കകയാകും.  
അവർക്കിടയിലേക്ക്   മറ്റൊരു കൂട്ടർ കുത്തിപ്പൊക്കിക്കൊണ്ടുവരുന്ന ഒരു ചോദ്യം നാം സമൂഹ മാദ്ധ്യമങ്ങളിൽ  ഇടയ്ക്കിടെ കാണാറുണ്ട്.
" മനുഷ്യർ യഥാർത്ഥത്തിൽ ചന്ദ്രനിലെത്തിയിട്ടുണ്ടോ? "
ശീതയുദ്ധകാലത്തെ വെറും പ്രചാരണമായിരുന്നു ചാന്ദ്രയാത്രകളെന്ന് അവരിലൊരു കൂട്ടർ വ്യാഖ്യാനിക്കുന്നു.  കൊട്ടിഘോഷിക്കപ്പെട്ട ചാന്ദ്രയാത്രാപദ്ധതി പരാജയപ്പെട്ടതുകൊണ്ട് ഭൂമിയുടെ ഏതോ കോണിൽ നടത്തിയ ഒരു നാടകം അമേരിക്ക  ടെലിവിഷനിലൂടെ ലോകത്തെ കാണിച്ചതാണെന്ന് മറ്റൊരു കൂട്ടർ പരിഹസിക്കുന്നു. ചന്ദ്രനിൽ , മറ്റൊരു ഗ്രഹത്തിൽ, എത്തിച്ചേരാൻ മനുഷ്യനാവില്ല എന്ന് തങ്ങൾ തന്നെ ഒരു രഹസ്യ അജണ്ടയോടെ നടത്തിക്കഴിഞ്ഞ  ഒരു പരോക്ഷ പ്രസ്താവനയിലേക്കാണ് ഇക്കൂട്ടർ എല്ലാവരും കള്ളക്കണ്ണിറുക്കി ഒളിനോട്ടമയക്കുന്നത്. ഇതൊക്കെ നുണകളാണ് എന്നു പറയാൻ തികഞ്ഞ ബോദ്ധ്യമുള്ളവരായ, അതായത്‌ ചാന്ദ്രയാത്രകൾ നടന്നിരുന്ന കാലത്ത് അതിനെ ആദ്യവസാനം കൌതുകത്തോടെയും ശാസ്ത്രബോധത്തോടെയും നിരീക്ഷിച്ചിരുന്ന, അന്നത്തെ യുവതലമുറയെയും അവരുടെ ജീവിച്ചിരുന്ന മുൻഗാമികളേയും എണ്ണത്തിൽ മറികടക്കുന്ന ഒരു ജനതതിയാണ് നാൽപത്തഞ്ചു വർഷങ്ങൾക്കിപ്പുറത്ത്    ഇന്ന് ലോകത്തിലുള്ള അവരുടെ പിൻമുറക്കാർ. ഇക്കൂട്ടരിൽ കഴിഞ്ഞ വർഷങ്ങളിലൊന്നിൽ സൗരയൂഥത്തിന്നു പുറത്ത് അനേകം കോടി കിലോമീറ്ററികൾ ദൂരെ നിന്നു വന്ന് സൗരയൂഥത്തിലുടെ ചാക്രികസ്വഭാവത്തോടെ കടന്നുപോകുന്ന ധൂമകേതുക്കളിൽ.വാൽനക്ഷത്രങ്ങളിൽ, വരെ മനുഷ്യനിർമ്മിതപേടകങ്ങൾ ഇറക്കാനായിട്ടുണ്ടെന്ന കാര്യം എന്തുമാത്രം സ്വാധീനം ചെലുത്തുന്നുണ്ടാകുമെന്ന് അറിയില്ല കാരണം ചാന്ദ്രയാത്രകളുടെ കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തരം ശാസ്ത്രീയനേട്ടങ്ങൾ ശാസ്ത്രകുതുകികൾക്കപ്പുറത്ത് എത്രത്തോളം പേർക്ക് ലഭ്യമാകുന്നുണ്ടെന്ന സംശയം തന്നെ.   ചാന്ദ്രയാത്രകൾ നടന്ന കാലത്തിനു ശേഷം ജനിച്ചുവളർന്ന ഇത്തരം ഒന്നോ രണ്ടോ പുതുതലമുറകളെ ഉന്നംവച്ചു കൊണ്ടാണ് ഈ ചോദ്യങ്ങളും അവക്ക് ചോദ്യകർത്താക്കൾ തന്നെ തയ്യാറാക്കുന്ന മറുപടികളും എന്നത് ശ്രദ്ധേയമാണ്. അവർക്കാവശ്യം സാമാന്യജനങ്ങളിൽ ശാസ്ത്രബോധം വേരുറക്കരുതെന്നു തന്നെയാണ്. ഈ ചോദ്യോത്തരാവലികൾക്കു നേരെ അവ ചിലപ്പോൾ ശരിയായിരിക്കാം എന്ന മട്ടിൽ തലയാട്ടിക്കൊടുക്കുന്ന ധാരാളം പേരെ ഈ പുതിയ കൂട്ടർക്കിടയിൽ ഇന്ന് നമുക്ക് കണ്ടെത്താനാകും. അവരതു ചെയ്യുന്നത് പലപ്പോഴും അത്ര ബോധപൂർവ്വമൊന്നുമായിരിക്കില്ല. അതിനേക്കാൾ വലിയ മറ്റൊരു തമാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിപ്ലവത്തിൻറെയും നേട്ടങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഈ പ്രചാരവേലകൾ നടത്തപ്പെടുന്നതെന്നാണ് .   അതുതന്നെ ആയിരിക്കും ഈ സത്യാനന്തര കാലത്തെ ഏറ്റവും വലിയ തമാശയും.
ഈ തന്ത്രം ഏറെ ഫലപ്രദമായി പയറ്റിക്കൊണ്ട് ലോകത്തിന്റെ മുഴുവൻ കണ്ണുകളും അടച്ചുകെട്ടിയ മറ്റൊരു സംഭവമായിരുന്നു പേർസ്യൻ ഗൾഫ് യുദ്ധങ്ങൾ. ഇറാക്ക് ഭരണാധികാരി  സദ്ദാം ഹുസ്സൈനെ സ്ഥാനഭ്രഷ്ടനാക്കാൻ ആവർത്തിച്ചാവർത്തിച്ച് ലോകത്തെ മുഴുവൻ തത്കാലത്തേക്കെങ്കിലും ബോദ്ധ്യപ്പെടുത്തിനിർത്തിയ നുണക്കഥകളിലൂടെ ലോകത്തിലെ ഏറ്റവും ഗർവിഷ്ഠനായ ഭീകരവാദിയായി സദ്ദാം  ചിത്രീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കയ്യിൽ ആണവായുധങ്ങൾ ഉണ്ടായിരുന്നവെന്നായിരുന്നു പ്രധാനപ്പെട്ട അസത്യപ്രചരണം. ഏകാധിപതിയായിരുന്നെങ്കിൽക്കൂടി അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ നാനാമതസ്ഥരുണ്ടായിരുന്നുവെന്നോ പരിഷ്കൃതിയുടെ പിള്ളത്തൊട്ടിൽ എന്നറിയപ്പെട്ടിരുന്ന  യൂഫ്രട്ടീസ്-ടൈഗ്രീസ് തടങ്ങളുടെ സാംസ്കാരിക പൈതൃകം അദ്ദേഹം അങ്ങേയറ്റം വിലമതിച്ചിരുന്നുവെന്നോ ഉള്ള വാസ്തവങ്ങൾ മൂടിവക്കപ്പെടുകയും ചെയ്തു. ഇറാക്ക് അധിനിവേശത്തിന് ശേഷം ഏറെ വർഷം കഴിഞ്ഞ് ഐ.എസ്.അവിടെ പിടിമുറുക്കി അമുസ്ലീങ്ങളെ കൊന്നൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഒരേകാധിപതിയുടെ രാജ്യത്ത് ബഹുസ്വരതക്ക് വലിയ കോട്ടമൊന്നും വരാത്ത മട്ടിൽ അസംഖ്യം ന്യൂനപക്ഷ സമൂഹങ്ങൾ പറയത്തക്ക അടിച്ചമർത്തലുകളൊന്നുമല്ലാതെ കഴിഞ്ഞുകൂടിയിരുന്നതായി സാമാന്യലോകം ശ്രദ്ധിക്കുന്നത്.  ഇന്ന് ഇറാക്ക് പ്രദേശങ്ങളിൽ കാണുന്ന മട്ടിലുള്ള അരാജകത്വവും അക്രമങ്ങളും ഒന്നും തന്നെ അവിടെ നടമാടിയിരുന്നില്ല എന്നുള്ളതിന്നു ബദലായി അവിടെ സാമാന്യജനങ്ങൾ ഏറെ ആശങ്കാകുലരായിരുന്നുവെന്നാണ് നിരന്തരം ചിത്രീകരിക്കപ്പെട്ടിരുന്നത്.
യൂറോപ്പ്യൻ യൂണിയനിൽ നിന്ന് വിട്ടുപോരാനുള്ള റഫറണ്ടത്തിന്റെ കാലത്ത് യൂണിയനെതിരെ വോട്ട് ചെയ്യാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചെടുത്ത്  വിജയിച്ചതിന്റെ വലിയൊരു തന്ത്രം ഈ സത്യാനന്തരരാഷ്ട്രിയമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യൂണിയനിൽ തുടരുന്നതുകൊണ്ട് ബ്രിട്ടനുണ്ടായേക്കാവുന്ന സാമ്പത്തികനഷ്ടങ്ങൾ പതിന്മടങ്ങ് കൃത്രിമമായി ഊതിപ്പെരുപ്പിച്ച്, ആവർത്തിച്ചാവർത്തിച്ച് വോട്ടർമാർക്കിടയിലേക്ക് നിരന്തരമായി ഏറിഞ്ഞുകൊടുത്തുകൊണ്ടാണ് അന്ന് പ്രചാരവേല നടന്നതെന്ന് ആക്ഷേപം  പിൽക്കാലത്തുയർന്നിരുന്നു.
ജനായത്തഭരണകാലത്ത്  രാഷ്ട്രീയപാർട്ടികൾ ഈ തന്ത്രമുപയോഗിച്ച് മത്സരങ്ങളിൽ തങ്ങളുടെ വിജയം ഉറപ്പാക്കുന്ന പ്രവണത കൂടിവരുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.   ഇന്ന് ജനങ്ങളുടെ സ്വകാര്യജീവിതത്തിലും സ്വാധീനം ചെലുത്തുന്നവിധം പ്രചാരവേലകൾ പാർട്ടികൾ അഴിച്ചുവിടുന്നുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. ലോകത്തിലെ ആധുനിക ജാനാധിപത്യവ്യവസ്ഥകൾ എന്ന് വിശേഷിപ്പിക്കാവുന്ന യുഎസ്, ബ്രിട്ടൻ, ആസ്ത്രേലിയ, ചൈന, ജപ്പാൻ, റഷ്യ, സ്പെയിൻ, തുർക്കി തുടങ്ങിയ എല്ലാ രാജ്യങ്ങളിലും ഈ പ്രതിഭാസം വേരുറപ്പിച്ചു കഴിഞ്ഞിട്ടുണ്ടത്രെ.   ഇന്ത്യയും ഇതിന് അപവാദമാകുന്നില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇൻറർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വ്യാപനമാണ് രാഷ്ട്രീയക്കാരനെ അതിന് പ്രാപ്തമാക്കിയിട്ടുള്ളത്. ആളുകളെ മുഖാമുഖം നേരിടാതെ, അവരിൽ നിന്നുയർന്നു വന്നേക്കാവുന്ന മറുചോദ്യങ്ങളെ നേരിടേണ്ട ആവശ്യമില്ലാതെ, വോട്ടർമാരെ ഊണിലും ഉറക്കത്തിലും പിന്തുടർന്നു കൊണ്ട് അവരുടെ ലളിത മനസ്സുകളിൽ അവാസ്തവങ്ങൾ അടിച്ചേൽപ്പിക്കാൻ ഇന്നവർക്ക് എളുപ്പം സാധിക്കുന്നുണ്ട്.   
ഡിജിറ്റൽ ലോകത്തിൽ കടന്നു ചെല്ലുന്ന ഏതൊരാൾക്കും തന്റെ കാഴ്ചപ്പാടുകളോ ഭാവനകളോ സോദ്ദേശപരമായോ അല്ലാതെയോ അതിലേക്ക് കടത്തിവിടാൻ ഇന്നൊരു സ്മാർട്ട് ഫോൺ മാത്രം കയ്യിലുണ്ടായാൽ മതി.  ഇൻറർനെറ്റിന്റെ മറ്റൊരു പ്രത്യേകത നിങ്ങളുടെ അഭിപ്രായങ്ങളെ സാധൂകരിക്കും വിധമുള്ള വിവരങ്ങൾ തിരഞ്ഞുപിടിക്കാൻ  നിങ്ങൾക്കാകുന്നു എന്നതാണ്. സ്വന്തം അഭിപ്രായങ്ങൾ വസ്തുതകളാണെന്ന തോന്നിക്കും വിധത്തിൽ ഡിജിറ്റൽ ലോകത്തിലെത്തിക്കഴിഞ്ഞാൽ  അതവിടെ സെൽഫോണുകളിൽ നിന്ന് സെൽഫോണുകളിലേക്കു പടരാൻ അധിക സമയമൊന്നും വേണ്ട. മാത്രമല്ല ഏറ്റവും കൂടുതൽ ആളുകളിലെത്തുന്നതോടെ അതപ്പടി ശരിയും സത്യവും ആണെന്ന തോന്നലും സൃഷ്ടിക്കപ്പെടുന്നു.  അതവിടെക്കിടന്ന പ്രതിദ്ധ്വനിച്ചുകൊണ്ടു് ഭൂമിയുടെ നാനാകോണിലും എത്തിപ്പെടുന്നതോടെ അതെത്ര പേർക്കു എത്തിച്ചു കിട്ടി എന്ന മാനദണ്ഡത്തിൽ, അതിന്റെ ഉള്ളടക്കത്തേക്കാളേറെ ആ ഭീമമായ സംഖ്യയോടുള്ള വൈകാരികപ്രതികരണമെന്നോണം,  അതിന്ന് മാന്യതയും കൈ വരുന്നു.
ഈ തന്ത്രം ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നത്  തിരഞ്ഞെടുപ്പുകാലങ്ങളിലാണ്. ആർക്കാണ് വോട്ടു ചെയ്യേണ്ടതെന്നു് അവസാന നിമിഷങ്ങളിൽ മാത്രം തീരുമാനിക്കുന്ന വോട്ടർമാർ തങ്ങളുടെ ഈ തന്ത്രത്തിന് വളരെ വേഗം ഇരകളായിക്കിട്ടുമെന്ന് അതിന്റെ പ്രണേതാക്കൾക്കറിയാം.
ഇന്ത്യൻ സമൂഹത്തേ സംബന്ധിച്ചേടത്തോളം ഇത്തരം പ്രചാരവേലകൾ ഇന്ന് നടത്തപ്പെടുന്നത് പ്രധാനമായും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ്.   ഡാർവിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നും കുരങ്ങൻമാർ മനുഷ്യരായി പരിണമിക്കുകയായിരുന്നു എന്ന് നമ്മുടെ പൂർവ്വികരാരും പറഞ്ഞു വച്ചിട്ടില്ലല്ലോ എന്നും വരെ പറയാൻ തയ്യാറാകുന്ന തന്ത്രശാലികളാണ് തിരഞ്ഞെടുപ്പുകളിലൂടെ ഇക്കാലത്ത് നമ്മെ ഭരിക്കാനെത്തുന്നത്.
     ത്രേതായുഗത്തില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സൌകര്യം ഉണ്ടായിരുന്നുവെന്നും ഇന്‍ വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ എന്ന കൃത്രിമപ്രജനനതന്ത്രം വഴി ടെസ്റ്റ് റ്റ്യൂബ് ശിശുക്കളെ അന്നേ നിര്‍മ്മിച്ചിരുന്നുവെന്നും തട്ടിവിടാന്‍ ഇന്നത്തെ അധികാരമോഹികളില്‍ പലര്‍ക്കും യാതൊരു മടിയുമില്ല.   ആ വാദം വളരെ ബാലിശമാണെന്ന കാര്യം അത് അധികാരശ്രേണിയിൽ ഏറെ ഉയരെ നിന്നാണ് വരുന്നതെന്ന ഒരൊറ്റ കാരണം കൊണ്ട് സാമാന്യജനങ്ങൾക്കിടയിൽ ചർച്ചക്ക് വരാതെ, അവരിലാരും ശ്രദ്ധിക്കാതെ കടന്നുപോകുന്നതാണ് സത്യാനന്തര യുഗത്തിന്റെ മറ്റൊരു പ്രത്യേകത. നാമിന്നു കണ്ടുമുട്ടുന്ന മനുഷ്യക്കുരങ്ങുകളുടെ ഏതോ പ്രപൂർവ്വികരിൽ നിന്ന് ലക്ഷക്കണക്കിന്ന വർഷങ്ങൾക്കമുമ്പ് വേർപെട്ടുപോന്ന ഒരു ജൈവശംഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായാണ്  പരിണാമസിദ്ധാന്തം മനുഷ്യനെ നിർവ്വചിക്കുന്നതെന്ന് അറിയാത്തവരൊന്നുമല്ല ഇങ്ങനെ സൂത്രം കാണിക്കന്നവർ. അവർക്കാവശ്യം സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതു മാത്രമാണ്. ഒരമ്പതുവർഷത്തിന്നു മുമ്പു് ഇങ്ങനെയൊരു സ്ഥിതിക്ക് സാദ്ധ്യതയില്ലായിരുന്നു
ശാസ്ത്രസമൂഹം അത്തരം പ്രസ്താവനകളെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ടുവരുന്നുണ്ടെങ്കിലും ശാസ്ത്രവിഷയങ്ങളിൽ അംഗീകൃത ബിരുദമുള്ളവരാണ് അധികാരകാംക്ഷികളിൽ  മിക്കവരുമെന്ന യാഥാർത്ഥ്യം അവരുടെ പ്രസ്താവനകളിലും കഴമ്പുണ്ടാകില്ലേ എന്ന ചോദ്യത്തിലേക്ക് സാധാരണക്കാരെ തള്ളിവിടാനള്ള സാദ്ധ്യത നമുക്ക് കാണാതിരിക്കാനാകില്ല.  അവിടെ ശാസ്ത്ര സമൂഹം പാർശ്വവൽക്കരിക്കപ്പെടുകയും അത് പറയുന്നത് എവിടേയും കേൾക്കാതിരിക്കാനായി കൂടുതൽ ഉച്ചത്തിൽ, നിരന്തരമായി അസത്യപ്രസ്താവനകൾ ആവർത്തിക്കകയെന്ന തന്ത്രം വീണ്ടും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.  ശാസ്ത്രവിഷയങ്ങൾ ബിരുദതലത്തിൽ ഗൌരവബുദ്ധ്യാ പഠിച്ച് ഉൾക്കൊണ്ടിട്ടുള്ള ആർക്കും ഡാർവിന്റെ പരിണാമസിദ്ധാന്തം ശ്രദ്ധിക്കാതിരിക്കാനോ മനസ്സിലാകാതിരിക്കാനോ അതുമായി മനസ്സ് കൊണ്ട് പെരുത്തപ്പെടാതിരിക്കാനോ ആവില്ലെന്നതാണ് വാസ്തവം.   അപ്പോൾ ഡാർവിനിസത്തിനെതിരായി നേരത്തെ പറഞ്ഞ മട്ടിൽ ഒരു പ്രസ്താവന, ശാസ്ത്രം പഠിച്ചട്ടുണ്ടെന്ന് അവകാശപ്പെടുന്നവരിൽ നിന്ന്, വരുന്നുണ്ടെങ്കിൽ അതിനു പുറകിൽ മറ്റെന്തോ ഉദ്ദേശം ഒളിഞ്ഞു കിടപ്പുണ്ടെന്നതു തന്നെയാണ് സത്യം . അത്തരം പ്രസ്താവനകൾ ഉന്നംവക്കുന്നത് ശാസ്ത്രബോധത്തേയൊ ശാസ്ത്രസമൂഹത്തേയോ അല്ലെന്ന് വ്യക്തമാണ്.    ആദിമന്യഷ്യർ ഒറ്റത്തവണ സൃഷ്ടിക്കപ്പെട്ടവരായിരുന്നുവോ, അവർ എത്ര പേരുണ്ടായിരുന്നുവെന്നോ, അത് ഭൂമിയിലെ ഏതു പ്രദേശത്തായിരുന്നുവെന്നോ ഒക്കെ ഉയർന്ന വരാവുന്ന സാമാന്യബുദ്ധിയോടെയുള്ള ചോദ്യങ്ങൾക്ക് തെളിവാർന്ന ഉത്തരങ്ങൾ ആരും ചോദിച്ചുവരില്ലെന്ന ധാരണയൊന്നും ഇക്കൂട്ടർക്കില്ല. അതിന്നുള്ള ഉത്തരമൊന്നും അവർ തയ്യാറാക്കി വച്ചിട്ടുമുണ്ടാവില്ല.   ഉണ്ടെങ്കിൽത്തന്നെ അവരതിന്ന് മിനക്കെടുകയുമില്ല. അവർക്കാവശ്യം വാസ്തവങ്ങളും സത്യാവസ്ഥകളും സാധാരണജനങ്ങളുടെ മനസ്സിന്റെ നിത്യവ്യാപാരങ്ങളിൽ കടന്നുവരാതിരിക്കണമെന്നു മാത്രമാണ്. നിരന്തരം അത് കുറേ തവണ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കേട്ടിരിക്കുന്നവർക്ക് അല്പ നേരത്തേങ്കിലും അതൊക്കെ ശരിയാണെന്ന തോന്നലുണ്ടാകുമെന്ന്, അവർ സംശയാലുക്കളായി മാറുമെന്ന് അക്കൂട്ടർക്കറിയാം.     വീണ്ടും അതു തന്നെ ആവർത്തിക്കപ്പെടുമ്പോൾ അത് തീർത്തും ശരിയാണെന്ന് സാമാന്യജനങ്ങളിൽ കുറച്ചു പേർക്കെങ്കിലും തോന്നിപ്പോകുമെന്നും അക്കൂട്ടർ മനസ്സിലാക്കിയിട്ടുണ്ട്.
സമൂഹമാദ്ധ്യമങ്ങളെപ്പോലെ തന്നെ ആധുനിക വാർത്താമാദ്ധ്യമങ്ങളും സത്യാനന്തരകാലത്ത് അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്.  വാർത്തകൾ ആവശ്യത്തിൽ കൂടുതൽ ഒച്ചപ്പാടുണ്ടാക്കന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ടിവി ചാനലുകളുടെ രീതി അവാസ്തവമോ തെറ്റായ വ്യഖ്യാനിക്കപ്പെട്ടതോ  ആയ കാര്യങ്ങൾ ധാരാളമായി കാഴ്ചക്കാരിലെത്താൻ സഹായിക്കുന്നുണ്ട്. ഇതും രാഷ്ട്രീയക്കാരൻ പലപ്പോഴും സമർത്ഥമായി ഉപയോഗിക്കന്നു. ഇവിടെ ആവർത്തനം എന്ന ജോലി അവർ നേരിട്ട് ഏറ്റെടുക്കേണ്ടതുമില്ല.   ടി വി ചാനലുകൾ ഒരുപാടെണ്ണമുള്ളതുകൊണ്ട് അക്കാര്യം എളുപ്പവുമാകുന്നു.
സത്യാനന്തര കാലത്ത്, പൌരാണികതയെ പുനർജീവിപ്പിച്ചു കൊണ്ടാണ് ഇന്ത്യൻ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമങ്ങൾ നടക്കുന്നതെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി.   പൌരാണികതയെന്ന വാക്കു കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പുരാണങ്ങളെ സംബന്ധിച്ചത് എന്ന അതിന്റെ വാച്യാർത്ഥം മാത്രമാണ്, അല്ലാതെ സാധാരണ മട്ടിൽ നാം അതിന്ന് അർത്ഥം കല്പിക്കാറുള്ള അഗാധഭൂതകാലമെന്നല്ല.  അത്തരം പ്രസ്താവനകൾ ആവർത്തിച്ചാവർത്തിച്ച് നടത്തുമ്പോൾ പുരാണങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ മാത്രം മനോവികാസം നേടിയില്ലാത്തവരും വിധിവിശ്വാസത്തിൽ സ്വന്തം ദുരിതങ്ങൾക്ക് ആശ്വാസം കണ്ടെത്തുന്നവരുമായ സാമന്യജനതയെ കയ്യിലെടുക്കാനാകുമെന്നും അവരുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുള്ള ഒരു വമ്പൻ നുണപ്രയോഗമാണിതെന്നും അതിന്റെ കർത്താവിന്ന് പരിപൂർണ്ണ ബോദ്ധ്യമുണ്ട്.     അതറിയുമ്പോഴാണ് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് അതെന്ന് നാം തിരിച്ചറിയേണ്ടതും.
സമകാലികസമൂഹത്തിന്ന് വന്നുപെട്ടിട്ടുള്ള ഈ അപകടകരമായ അവസ്ഥക്ക് ഇൻറർനെറ്റിനേയും  സമൂഹമാദ്ധ്യമങ്ങളേയും തികഞ്ഞ നിഷ്കർഷയോടെ സമീപിക്കുന്നതോടൊപ്പം സ്വന്ത ഭൂതകാലത്തെ വസ്തുനിഷ്ഠമായ മനസ്സിലാക്കുക എന്നതു മാത്രമാണ്  ഒരു ബദൽ. സത്യാനന്തര യുഗത്തിന്നുശേഷം ഒരു പുതിയ സത്യയുഗം സൃഷ്ടിക്കേണ്ടതിലേക്ക് സത്യാവസ്ഥകളേയും വാസ്തവങ്ങളേയും അടിസ്ഥാനമാക്കി മാത്രം ചിന്തിക്കാനം  തീരുമാനങ്ങളെടുക്കാനും സാമാന്യജനങ്ങളെ സജ്ജരാക്കുന്നതിലേക്ക് നാം വീണ്ടും ശ്രമിക്കേണ്ടതുണ്ട്. മനുഷ്യചരിത്രത്തെ വളച്ചൊടിക്കാൻ നമുക്ക് ആരേയും സമ്മതിച്ചു കൂട. നമ്മുടെ ഭൂതകാലത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്നും എന്തൊക്കെ ഇല്ലാതിരുന്നു എന്നും വ്യക്തമായി വേർതിരിച്ചറിയുക  തന്നെയാണ് അതിനുള്ള മാർഗം. അങ്ങിനെയൊരു ശ്രമം നടത്തേണ്ടി വരുമ്പോൾ നമുക്ക് നമ്മുടെ ഭൂതകാലത്തിലേക്ക് വസ്തുനിഷ്ഠമായ രീതിയിൽ ഒരു പ്രാഗ്പ്രയാണം നടത്തിക്കൊണ്ട് ചരിത്രത്തിൽ എന്തൊക്കെ ഇല്ലാതിരുന്നു എന്നും പുരാണങ്ങളിൽ, പൌരാണികതയിൽ, എന്തൊക്കെ വാസ്തവത്തിൽ ഉണ്ടായിരുന്നുവെന്നം അവയിൽ എന്തൊക്കെയാണ്  പൊലിപ്പിച്ചു പറയപ്പെട്ടിരിക്കുന്നത് എന്നും വ്യക്തമായി അറിഞ്ഞെടുക്കേണ്ടതുണ്ട്.





No comments:

Post a Comment