Saturday, August 10, 2013

മഗൻലാൽ ബരേല

വധശിക്ഷക്കു വിധിക്കപ്പെട്ട ഒരു കുറ്റവാളി സിനിമാക്കഥകളെ അനുസ്മരിപ്പിക്കും വിധം, തത്കാലത്തേക്കാണെങ്കിലും, അവസാനനിമിഷം അതിൽ നിന്നു രക്ഷപ്പെട്ടു നിൽക്കുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠം ആഗസ്ത് എട്ടാം തിയ്യതി നടക്കാനിരുന്ന മഗൻലാൽ ബരേ ലയുടെ വധശിക്ഷ ബുധനാഴ്ച വൈകുന്നേരത്തോടെ സ്റ്റേ ചെയ്യുകയായിരുന്നു. ഇനി തുടർന്ന് നീതിപീഠം എന്താണ് തീരുമാനിക്കുക എന്നത് കാത്തിരിക്കുകയാണ് മഗൻലാലിന്റെ ഭാര്യയും മക്കളും.
വധശിക്ഷ നടക്കുമെന്നറിയിപ്പുണ്ടായിരുന്നതുകൊണ്ട് അതുകഴിഞ്ഞാൽ ജഡം ഏറ്റുവാങ്ങാൻ വേണ്ടി നാനൂറോളം കിലോമീറ്റർ ദൂരെയുള്ള ജബൽപൂരിലേക്കു മഗൻലാലിന്റെ സഹോദരങ്ങളും മൂത്തമകനും പോയിരുന്നു. പിന്നീട് വ്യാഴാഴ്ച അവർ ഒരു നാട്ടുകാരൻ വഴി ഭാര്യ ബസന്തിയെ അറിയിച്ചുദില്ലിയിലെ അധികാരികൾ (ബഡാ ലോഗ്) മഗൻലാലിനെ ശിക്ഷയിൽ നിന്നൊഴിവാക്കിയിരിക്കുന്നു.
മഗൻലാലിന്റെ പേരിലുള്ള കുറ്റം അയാൾ തന്റെ ഒന്നിനും ആറിനുമിടക്ക് പ്രായമുണ്ടായിരുന്ന അഞ്ച് പെണ്മക്കളെ വെട്ടിക്കൊന്നു എന്നാണ്. കേൾക്കുമ്പോൾ അതിഭീകരമെന്നും അരുംകൊലയെന്നുമല്ലാതെ ആര്ക്കും പ്രതികരിക്കാനാകില്ല. അതും ഒരഛനാണ് പാതകം ചെയ്തതെന്നുകൂടി വരുമ്പോൾ.
ഭോപാലിൽനിന്ന് 100 കി മീറ്ററിലധികം ദൂരെ കനേരിയ എന്ന സ്ഥലത്തിനതിരിടുന്ന കാട്ടിലാണ് മഗൻലാലിന്റേയും അയാളുടെ സഹോദരങ്ങളുടേയും കുടിലുകൾ. അഗൻ, ഛഗൻ, ജഗൻ എന്നിങ്ങനേയാണ് സഹോദരങ്ങളുടെ പേരുകൾ. നാലുപേരുടെ പേരിനുപോലും ഒരു പുതുമയില്ല. അമ്മയുമഛനും ചേർന്ന് വെറുതേ ആളറിയാനിട്ട പേരുകളാണെന്നേ തോന്നൂ. ഇന്ത്യൻ ഗ്രാമങ്ങളിൽ അതൊക്കെ ഇന്നും ഇങ്ങിനെത്തന്നെയാണ്. ഒരു പേരിടലിൽ പോലും ഭാവനകൊണ്ട് നിറം പിടിപ്പിക്കാനറിയാതെ നിത്യജീവിതപ്രശ്നങ്ങളിൽ വലയുന്ന മനുഷ്യർ.
ബരേലകൾ പട്ടികവർഗ്ഗക്കാരാണ്.
ദാരിദ്യത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറാൻ എങ്ങിനേയെങ്കിലും പണം സമ്പാദിക്കുക എന്ന വ്യാമോഹം ഗ്രസിച്ചുകിടക്കുന്നവയാണ് ഇത്തരം ഗ്രാമങ്ങളൊക്കെയും. ഈ മോഹത്തെ ചൂഷണം ചെയ്യാനും ആളുകളെ അങ്ങിനെ പറഞ്ഞുപറ്റിക്കാനും ദുർമന്ത്രവാദികളുടെ വേഷത്തിൽ ധാരാളം  ആളുകൾ ഇവിടങ്ങളിലൊക്കെ സജീവമായി ഇടപെടുന്നുണ്ടത്രെ.   പണമുണ്ടാക്കാനുള്ള എളുപ്പവഴി മന്ത്രവാദം മാത്രമാണെന്ന് ക്കൂട്ടർ പാവപ്പെട്ട, അജ്ഞരായ ആളുകളെ, പറഞ്ഞുവിശ്വസിപ്പിക്കുന്നു. മന്ത്രതന്ത്രങ്ങളുടെ ആ ലോകം തങ്ങളെ ധനവാന്മാരാക്കുമെന്ന് അവർ ഉറപ്പായി കരുതുന്നു. കടംവാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും കയ്യിലില്ലാത്ത പണം സ്വരൂപിച്ച് അവർ ഈ തന്ത്രശാലികളെ സമീപിക്കുന്നു. പിന്നീട് ഈ കുബുദ്ധികൾ ഒരുക്കിവക്കുന്ന ചതിച്ചാലുകളിലൂടെ അവർ പ്രതിക്ഷകളും സ്വപനങ്ങളും നഷ്ടപ്പെട്ട് അധമർണ്ണത്വത്തിന്റേയും മുഴുപ്പട്ടിണിയുടേയും പീഡനങ്ങളുടേയും ചൂഷണത്തിന്റേയും തമോഗർത്തങ്ങളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അവയുടെ  നിവരാക്കയങ്ങളിൽ സ്വയം ഹോമിക്കുന്നു. അപ്പോഴും താമസിയാതെ ഈ മന്ത്രവാദക്കളങ്ങളിൽ നിന്ന്, ഹോമധൂമത്തിന്റെ ചുരുളുകളിലൂടെ ലക്ഷ്മീദേവി കയറിവന്ന് തങ്ങളെ കരകയറ്റുമെന്നും അവർ വിശ്വസിക്കുന്നു. .
ഈ വ്യാമോഹത്തിന് അവിടത്തുകാർ പേരിട്ടിരിക്കുനത് മായ എന്നാണ്. വിവേകം നഷ്ടപ്പെടാത്തവർ  ദുർമന്ത്രവാദികളുടെ പിടിയിൽപ്പെട്ടവരെ “മായ” യിൽപ്പെട്ടുപോയവർ എന്നാണ് പറയുക. സാക്ഷാൽ മായാവലയം തന്നെ.
കൂട്ടത്തിൽ, രാസപ്രക്രിയകളിലൂടെ, ആൽക്കെമിയുടെ ഗൂഢമാർഗ്ഗങ്ങളിലൂടെ, സ്വർണ്ണം ഉണ്ടാക്കിയെടുക്കാമെന്ന വ്യാമോഹവും ഇക്കൂട്ടത്തിൽ അവർക്കിടയിൽ വേരോടുന്നുവത്രേ. തു പറഞ്ഞും  അവരെ പറ്റിക്കാൻ ആളുകൾ പുറംലോകത്തുനിന്ന് എത്തുന്നുണ്ടാകണം. അതിന്റെ ബാക്കിപത്രമെന്നോണമാണ് വ്യാജസ്വർണ്ണം ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് തുടങ്ങുന്നത്. എല്ലാം മായ തന്നെ. പണത്തിന്റെ മായാവലയം. കയ്യിലുള്ള പണം കൂടി നഷ്ടപ്പെടുന്നു. പിന്നെ കടം വാങ്ങുന്നു. കടം കയറുന്നു. പോലീസ് കേസാകുന്നു.  മുടിയുന്നു.
പക്ഷേ മഗൻലാലിന്റെ കാര്യത്തിൽ വ്യാജസ്വർണ്ണപ്രശ്നത്തിൽ പോലീസ്കേസുകളൊന്നും ഉണ്ടായിരുന്നില്ല.
ഏതായാലും, അങ്ങിനെ കടം കയറി മുടിഞ്ഞുനിൽക്കുന്ന ഏതോ നിമിഷത്തിലാകണം മഗൻലാൽ തങ്ങളുടെ ചെറിയതുണ്ട് ഭൂമി വിൽക്കുകയെന്ന ആശയവുമായി ഭാര്യമാരെ സമീപിക്കുന്നത്. അവർ അതിനൊട്ടു സമ്മതിച്ചതുമില്ല. മഗൻലാലിന് രണ്ട് ഭാര്യമാരാണ്ബസന്തിയും ശാന്തോയും; ചേട്ടാനിയന്മാരുടെ മക്കൾ.
പിന്നെ ഏതോ ശപ്തനിമിഷത്തിൽ, ഏതെങ്കിലും ഉത്തമർണ്ണന്റെ കിരാതരൂപം കണ്ട് വികലമായിപ്പോയ മനസ്സുമായി, ലോകത്തോടുമുഴുവൻ പകയും വിദ്വേഷവുമായി വീട്ടിലേക്ക് കയറിച്ചെന്നപ്പോഴാകണം, 2010 ജൂൺ പതിനൊന്നിന്, മഗൻലാൽ തന്റെ ക്രോധം തീർക്കാൻ അഞ്ച് പെണ്മക്കളേയും വെട്ടിക്കൊന്നത്. ക്രോധാവേശത്തിന്റെ ഉന്മത്താവസ്ഥ. കണ്മുന്നിൽ നിരാലംബരും നിർഭയരുമായ കുട്ടികൾ. അതൊക്കെ ഒരു നിമിഷം കൊണ്ട് സംഭവിച്ചുകഴിഞ്ഞിരിക്കും. തന്റെ എല്ലാ ദുരിതങ്ങൾക്കും അറുതിവരുമെന്നാശിച്ചിരിക്കേ അശനിപാതം പോലെ ഇങ്ങിനെയൊരു നിയോഗവും കൂടി അയാൾക്ക് ഏറ്റെടുക്കേണ്ടിവന്നത് മറ്റാരുടേയോ പിഴവുകൾ കൊണ്ടായിരുന്നിരിക്കണമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല.
ബസന്തി കാട്ടിൽ വിറകു വെട്ടാൻ പോയതായിരുന്നു. അതും അവരുടെ ഒരു ഉപജീവനമാർഗ്ഗമാണ്. തിരിച്ചുവന്നപ്പോൾ കാണുന്നത് ഭർത്താവിനെ ആരൊക്കേയോ ചേർന്ന് ഒരു മരത്തിൽ കെട്ടിയിട്ടിരിക്കുന്നതാണ്. ആളുകൾ കൂട്ടം കൂടിനിന്ന് പറയുന്നത് അവർ കേൾക്കുന്നു ആരും ചെയ്യരുതാത്തത് അയാൾ ചെയ്തിരിക്കുന്നു.
 
കുടിലിൽ കയറിയപ്പോൾ കാണുന്നത് കുട്ടികളുടെ തലയറുക്കപ്പെട്ട ശരീരങ്ങളായിരുന്നു.
 
നെരിയാണിക്കൊപ്പം ചെളിയിലൂടെ കുറെ നടന്ന്, ഏതാനും വെള്ളച്ചാലുകൾ താണ്ടി വേണം പൊതുവഴിയിൽനിന്ന് മഗൻലാലിന്റെ കുടിലിലെത്താൻ. മൂന്നുനാല് കാളകളും പശുക്കളും കുറച്ച് കോഴികളുമാണ് ആകെ സ്വത്ത്. വൗള്ളതുകൊണ്ടാണ് അയാൾ ജയിലിൽ പോയ ശേഷം അയാളുടെ രണ്ട് ഭാര്യമാരും അഞ്ച് ആണ്മക്കളും കഴിഞ്ഞുകൂടുന്നത്. ജയിലിലായതിനുശേഷം അയാളുടെ കുടുംബത്തിനെ ഗ്രാമത്തിലെ മറ്റാരും അന്വേഷിക്കാതായി. അന്ന് ബസന്തി ഗർഭിണിയായിരുന്നു. അവരെ പ്രസവത്തിന് ആശുപത്രിയിലെത്തിക്കാൻ ആരും ഉണ്ടായില്ല. പ്രസവം കുടിലിൽത്തന്നെ ആയിരുന്നു.  സഹായിക്കാൻ ശാന്തോ മാത്രം.
പെണ്മക്കളെ ആയിരുന്നു മഗൻലാലിന്ന് കൂടുതലിഷ്ടമെന്നാണ് ബസന്തി പറയുന്നത്. ഗ്രാമത്തിൽ എന്തെങ്കിലും പണികിട്ടുമ്പോൾ , കയ്യിൽ കാശ് വരുമ്പോൾ അയാൾ അവർക്കായി മധുരപലഹാരങ്ങൾ വാങ്ങിവരും. “മക്കളെ കൊന്നത് ആയാളാണൊ എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾ വരുമ്പോൾ അയാൾ ഒന്നും മിണ്ടാതെ കണ്ണീർ വാർത്തുകൊണ്ട് നിൽക്കുകയായിരുന്നു.” – ഭാര്യമാർ പറയുന്നത് അങ്ങിനെയാണ്.
ആരെന്നറിയാത്തവർ തങ്ങളുടെ പെണ്മക്കളെ കൊന്നശേഷം ഭർത്താവിനെ ഒരു മരത്തിൽ പിടിച്ചുകെട്ടിയതാണെന്നാണ് ഭാര്യമാർ കോടതിയിൽ പറഞ്ഞതെന്നാണ് കോടതിരേഖകളിൽ.   മഗൻലാൽ രക്ഷപ്പെടാൻ അത് വഴിയൊരുക്കുമെന്ന് അവർ കരുതിയിരിക്കുമോ?
പെൺകുട്ടികൾ മരിച്ചുകിടക്കുന്നതുകണ്ട ഭാര്യമാർ വാതിൽക്കീറിലൂടെ മഗൻലാലിന്റെ സഹോദരന്മാരെ വിവരമറിയിച്ചുവെന്നും, മഗൻലാൽ തുടർന്ന് ഭാര്യമാരേയും കൊല്ലാൻ തുനിഞ്ഞെന്നും, അവർ ഓടി രക്ഷപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. അയാൾ തുടർന്ന് തൂങ്ങിച്ചാവാൻ ശ്രമിച്ചുവെന്നും പോലീസ് ആരോപണമുണ്ട്. പക്ഷെ അത് നിയമത്തിനുമുമ്പിൽ തെളിയിക്കപ്പെടാനായിട്ടില്ല.
 
ദില്ലിയിലെ യജമാനന്മാരോട് മഗൻലാലിനെ തിരിച്ചയക്കാൻ നിങ്ങൾ പറയുമോബസന്തി ചോദിക്കുന്നു. “അദ്ദേഹം പോയ ശേഷം ഞങ്ങൾക്കുള്ള തുണ്ടുഭൂമി ഇതുവരെ ഉഴുതിട്ടില്ല, കൃഷിയിറക്കിയിട്ടില്ല. എല്ലാവരും ഞങ്ങളെ ഒഴിവാക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാർ പോലും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. മൂത്തമകൻ വിജയിന് സ്കൂളിൽ പോകാനാകുന്നില്ല- കാരണം കാലിമേക്കാൻ പോയിട്ടാണെങ്കിലും അവൻ കുറച്ച് വരുമാനമുണ്ടാക്കുന്നുണ്ട്. മഗൻലാൽ തിരിച്ചുവന്നാൽ എല്ലാം നേരെയാകും
അവർ ഇപ്പോഴും അതുതന്നെ പ്രതീക്ഷിക്കുന്നു. മഗൻലാൽ മടങ്ങിവരാതിരിക്കില്ല.
 
കഴിഞ്ഞ മാസം ഇന്ത്യൻ പ്രസിഡണ്ട് ബരേലയുടേ മാപ്പപേക്ഷ തള്ളിയിരുന്നു. എങ്കിലും നിയമത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് പീപ്പിൾസ് യൂനിയൻ ഫോർ ഡമൊക്രാറ്റിക് റൈറ്റ്സ് (പി.യു.ഡി. ആർ) എന്ന സംഘടന മഗൻലാലിനുവേണ്ടി നൽകിയ നിവേദനത്തിന്മേലാണ് ചീഫ് ജസ്റ്റീസ് കെ സദാശിവത്തിന്റെ നടപടി. സ്റ്റേ തീരുമാനം ബന്ധപ്പെട്ട അധികാരികളെ ബുധനാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ അറിയിക്കുകയായിരുന്നു.
മഗൻലാലിന്റെ കാര്യത്തിൽ ഇനി നിയമം ഏതുവഴിക്കാകും പോകുക എന്ന് ആർക്കറിയാം!
 
എന്തായാലും ബസന്തിയും ശാന്തോയും കാത്തിരിക്കുന്നു.  മഗൻലാലിന്റെ പുത്രന്മാർ കാത്തിരിക്കുന്നു.  അയാളുടെ സഹോദരന്മാരും.   
 
എല്ലാ ദുരിതങ്ങൾക്കും അപ്രിയസംഭവങ്ങൾക്കുമിടയിലും മനുഷ്യർ ഈ ജീവിതത്തിൽ എന്തൊക്കേയോ പ്രതീക്ഷിക്കുന്നു.  മുമ്പോട്ടു തന്നെ നോക്കി നടക്കുന്നു. അവർ പരസ്പരം സ്നേഹിക്കാൻ ഇഷ്ടപ്പെടുന്നു – മരിക്കുവോളം.

 
കടപ്പാട്: Reprieve for a Convict, Pheroze.L.Vincent, ഹിന്ദു ദിനപത്രം, ആഗസ്റ്റ് 9, വെള്ളിയാഴ്ച.