മനുഷ്യചരിത്രം
പഠിക്കാനിരിക്കുമ്പോഴോ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴോ അതെങ്ങിനെ ആകണമെന്ന കാര്യത്തിൽ
സാമ്പ്രദായികമായി ചില ചിട്ടവട്ടങ്ങൾ നമ്മുടെ ചരിത്രകാരന്മാർ നിർണ്ണയിച്ചു വച്ചിട്ടുണ്ട്. ചരിത്രപഠനത്തിൽ സാമ്പ്രദായികമായി
സ്വീകരിക്കപ്പെട്ടിട്ടുള്ള ഈ രീതി ചരിത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു
എന്നാണ് പഠിപ്പിക്കുന്നത്. ഇന്നു കാണുന്നവയുമായി തട്ടിച്ചുനോക്കുമ്പോൾ ഏതുകാലത്ത് ഏതൊക്കെയാണ് ഇല്ലാതിരുന്നത് എന്ന് അത് കാട്ടിത്തരുന്നില്ല. കൂടാതെ പറയുന്നത് നേരിട്ട് കണ്ട്
ബോദ്ധ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളായതുകൊണ്ട് അനുവാദകന്റെ അത്യുക്തികളും അതിശയോക്തികളും
അതിൽ ധാരാളമുണ്ടാകും. വർത്തമാനത്തിലെ സന്നിഗ്ദ്ധാവസ്ഥകൾ സൃഷ്ടിക്കുന്ന ഭാവിയേക്കുറിച്ചുള്ള ഉൽക്കണ്ഠകൾ
ഈ അത്യുക്തികളേയും അതിശയോക്തികളേയും അപ്പാടെ സ്വീകരിക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. ഈ രീതി കൊണ്ട് ഭൂതകാലം ഇന്നിനേക്കാൾ ചലനാത്മകവും
വികസ്വരവുമായിരുന്നെന്നും അത് ഇന്നിനേക്കാൾ പുരോഗമനോന്മുഖമായിരുന്നുവെന്നും അവർക്ക്
തോന്നിപ്പോകുന്നുണ്ട്. അതുകൊണ്ട് എപ്പോഴും ഇന്നത്തെതിനേക്കാൾ കൂടുതലായി എന്തൊക്കേയോ ഭൂതകാലത്തിലുണ്ടായിരുന്നു
എന്നൊരു തോന്നൽ കടന്നുവരികയും ആരാധനാ മനോഭാവത്തോടെ ഭൂതകാലത്തെ കാണാൻ തുടങ്ങുകയും ചെയ്യുന്നു. ആ സമീപനമാകട്ടെ ചരിത്രം കടന്നുപോരുന്ന വഴികളിലെ
ശീതോഷ്ണാവസ്ഥകളേയും ആകസ്മിതകളെപ്പോലും
അതീവശ്രദ്ധയോടെ ഉപയോഗപ്പെടുത്തിക്കൊണ്ട്
ഏതു പരിണാമപ്രക്രിയയേയും പ്രകൃതി എങ്ങിനെ പുരോഗമനപരമായി നിലനിർത്തുന്നു
എന്നും എപ്പോഴും കൂടുതൽ മെച്ചപ്പെട്ട, നിലനിൽക്കാൻ കൂടുതൽ പ്രാപ്തമായ
മറ്റൊന്നിലേക്കാണ് എല്ലാ മാറ്റങ്ങളും നടക്കുന്നതെന്നുമുള്ള വസ്തുത നമുക്ക് വെളിവാക്കിത്തരുന്നുമില്ല.
കാലത്തിൽ
മുന്നോട്ട് സഞ്ചരിച്ചുകൊണ്ട് ചരിത്രത്തെ
– അത് ഭൂമിയുടേതായാലും മനുഷ്യസംസ്കൃതിയുടേതായാലും - നിരീക്ഷിക്കുമ്പോൾ, എന്തൊക്കെയാണ് പുതുതായി ഉണ്ടായിവരുന്നതെന്നാണ് നാം തുടർച്ചയായി അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ഫുട്ബാൾ കളിയുടെ തുടർവിവരണം പോലെയാണ്
അത് പുരോഗമിക്കുന്നത്. അപ്പോൾ അതാത് കാലത്ത് നടക്കുന്ന സംഭവങ്ങളിലാണ് നാം ശ്രദ്ധയത്രയും ഊന്നുന്നത്. അതങ്ങിനെ കേട്ടിരിക്കുമ്പോൾ നാം നിലവിലുള്ളവയേയും അന്നന്ന് പുതുതായി
കണ്ടുമുട്ടുന്നവയേയും മാത്രം മനസ്സിൽ കൊണ്ടുനടക്കുന്നു. ഇനി വരാനിരിക്കുന്നതിനെപ്പറ്റിയുള്ള
ഉദ്വേഗഭരിതമായ ചിന്തകളും കൂടി കൂട്ടത്തിൽ വരുന്നു. മുൻപുണ്ടായിരുന്നവയെ
മനസ്സ് അപ്പോൾ താൽക്കലികമായി തിരസ്കരിക്കുന്നുണ്ട്. ഭൂതകാലം മാറ്റിനിർത്തപ്പെടുന്നു. വർത്തമാനത്തിനേയും വരുംകാലത്തിനേയും
കുറിച്ചുമാത്രം ചിന്തിക്കുന്ന ശീലം ഇതോടെ വരികയും ചെയ്യുന്നു. ഭൂതകാലം നമുക്കു ചുറ്റും നടക്കുന്ന നിരന്തരമായ
പരിണാമപ്രക്രിയയുടെ ഭാഗമായി ചർച്ചചെയ്യപ്പെടേണ്ടതല്ലെന്ന് തോന്നിത്തുടങ്ങുന്നു. കണ്ടുകൊണ്ടിരിക്കുന്നതിന്നും ഇനി
കാണാനിരിക്കുന്നതിന്നും മാത്രമേ പ്രസക്തിയുള്ളൂ എന്നിടത്തേക്ക് കാര്യങ്ങൾ എത്തുന്നു. അപ്പപ്പോൾ കാണുന്നവ ഒരു നിമിഷനേരത്തേക്കാണെങ്കിലും
സ്ഥിരതയും സാന്നിദ്ധ്യവും
തോന്നിപ്പിക്കുന്നതുകൊണ്ടും അവക്ക് തൊട്ടപ്പുറത്തും ഇപ്പുറത്തുമുള്ള കാഴ്ചകളിൽ, സാധാരണഗതിയിൽ, എടുത്തുപറയത്തക്ക വ്യത്യാസങ്ങൾ കണ്ണിൽപ്പെടാത്തതുകൊണ്ടും ഒന്നും മാറ്റങ്ങൾക്കു വിധേയമാകുന്നില്ലെന്നും
എല്ലാം ഇന്നത്തേതുപോലെ തുടർന്നുപോകുകയാണെന്നുമുള്ള ഒരബദ്ധധാരണയും കൂടി ഗതാനുഗതികമായി അവിടെ വന്നുചേരുന്നുണ്ട്. ഈ ഗതാനുഗതികത്വം ആസന്നഭാവികാലത്തേതുപോലെ
ഇന്നലേകളിലും എല്ലാം ഇന്നത്തേതുപോലെത്തന്നെയാണല്ലോ
എന്ന് ചോദിക്കാനുള്ള ഒരാലസ്യത്തിലേക്ക് നമ്മെ എത്തിക്കുന്നുമുണ്ട്. കൂട്ടത്തിൽ ഇന്നും നാളേയും നൂറായിരം വെല്ലുവിളികൾ നിറഞ്ഞതായതുകൊണ്ട്,
അവയെ നേരിടാനുള്ള ആർജ്ജവം പലപ്പോഴും നേടാൻ കഴിയാതിരിക്കുമ്പോൾ പോയ കാലത്ത് ആരും ഇത്രക്കൊന്നും കഷ്ടപ്പെട്ടിട്ടില്ലായിരുന്നു എന്ന തോന്നലും കടന്നുവരുന്നു.
അതോടെ കഴിഞ്ഞകാലങ്ങൾ ഇന്നിനേക്കാളും
സുഖസമ്പന്നമായിരുന്നുവെന്ന് നാം ധരിച്ചുവശാവുകയും ചെയ്യുന്നു.
എന്നാൽ ഭൂതകാലത്തിലേക്ക് ഇറങ്ങിനടന്നുകൊണ്ട്,
ഇന്ന് കാണുന്നതിനെയും ഇന്നലെ കണ്ടതിനേയും മിനിയാന്ന് കണ്ടതുമായി താരതമ്യപ്പെടുത്തിക്കൊണ്ട്,
പോയ മാസങ്ങളിലേക്കും വർഷങ്ങളിലേക്കും കടന്നിരുന്ന് ചിക്കിച്ചിനക്കി നടത്തുന്ന
അന്വേഷണങ്ങളിലൂടെ മാത്രമേ
അവിടെ ഇന്നത്തേക്കാൾ ഇല്ലായ്മകളും വല്ലായ്മകളുമാണ്
നിറഞ്ഞുനിന്നിരുന്നതെന്ന് നമുക്ക് തിരിച്ചറിയാനാകുന്നുള്ളൂ. പടിപടിയായി നമ്മുടെ മുന്നിൽ അനാവരണം
ചെയ്യപ്പെടുന്ന ആ ഇല്ലായ്മകളുടെ പുറകോട്ടുള്ള തുടർച്ചയിൽ നിൽക്കുമ്പോളാണ് ഇന്ന് നമുക്കു ചുറ്റും നടക്കുന്ന
പുരോഗമനപരമായ മാറ്റങ്ങളുടെ സാന്നിദ്ധ്യം നമുക്ക് പൂർണ്ണമായും ബോദ്ധ്യപ്പെടുന്നത്. പുറകോട്ട് കടന്നുപോകുന്ന ഒരോ നഷ്ടനിമിഷങ്ങളിലും വർത്തമാനത്തിലേക്ക്
കടന്നുവരുന്ന ഒരോ ആസന്നനിമിഷങ്ങളിലും മാറ്റങ്ങളുടെ ആ അനിവാര്യമായ തുടർച്ച
നിറഞ്ഞുനിൽക്കുന്നത് നാം സാധാരണമനുഷ്യരേ സംബന്ധിച്ചേടത്തോളം ശ്രദ്ധയിൽ പെടുന്നില്ല. അതുകൊണ്ടാണ് ചരിത്രത്തിൽ നാം ഒരു പശ്ചാൽഗമനമാർഗ്ഗത്തിലൂടേ കൂടി നമ്മുടെ അന്വേഷണങ്ങൾ
നടത്തേണ്ടതുണ്ടെന്ന് വരുന്നത്.
ഭൂമിയുടെ
കാര്യത്തിൽ അങ്ങിനെ പോയിക്കൊണ്ടിരിക്കുമ്പോൾ നാം എത്തിപ്പെടുന്നത് ജീവന്റെ വൈവിധ്യസമ്പുഷ്ടങ്ങളായ
അനേകം രൂപങ്ങളുടെ ആവിർഭാവത്തിന്റേയും നാശത്തിന്റേയും ഒരു വമ്പൻ തുടർച്ചയിലൂടെ പുറകോട്ടെത്തി
ആദിജൈവതന്മാത്രകളിലും വീണ്ടും പുറകോട്ടുപോയാൽ ജീവൻ തന്നെയില്ലാത്ത
ഒരു ഭൂമിയിലും തുടർന്ന് സൗരപഥപ്രാന്തങ്ങളിൽ അലഞ്ഞുനടന്നിരുന്ന ചെറുഗ്രഹങ്ങളുടേയും മറ്റ്
ആകാശവസ്തുക്കളുടേയും അടിഞ്ഞുകൂടൽ വഴി രൂപംകൊണ്ടൂതുടങ്ങുന്ന
ആദിഭൂമിയിലും വീണ്ടും അതിന്നുമപ്പുറത്തെ ഭൂമിതന്നെയില്ലാത്ത
ഒരവസ്ഥയിലുമാണ്. വീണ്ടും പുറകോട്ട് പോകുമ്പോൾ സൂര്യൻ തന്നെയില്ലാത്ത
ഒരവസ്ഥപോലും നാം കാണുന്നുമുണ്ട്.
നമ്മുടെ സാംസ്കാരികചരിത്രത്തിലും ഇത്തരം ഭീതിദങ്ങൾ തന്നെയായ പല
ഇല്ലായ്മകളും ഉണ്ടാകുമെന്നാണ് ഈ സമീപനം കാണിച്ചുതരുന്നത്. ഈ ഇല്ലായ്മകളെക്കൂടി കണക്കിലെടുത്തുകൊണ്ടുവേണം
ഏതൊരു മാനുഷികപ്രക്രിയയുടേയും ചരിത്രം മനസ്സിലാക്കനെന്നുകൂടി ഭൂമി തന്നെ നമ്മെ ഇവിടെ
പഠിപ്പിക്കുകയാണ്.
മനുഷ്യസംസ്കൃതികളുടെ
ചരിത്രം മനസ്സിലാക്കുന്ന കാര്യത്തിൽ നാം എന്നും സ്വീകരിച്ചുപോന്നിട്ടുള്ളത് നേരത്തെ
പറഞ്ഞ സാമ്പ്രദായിക സമീപനം തന്നെയാണ്.
അങ്ങിനെ ഭൂതകാലത്തേക്കുറിച്ചുള്ള സാധാരണക്കാരുടെ സങ്കല്പം അത് ഇന്നിനേക്കാൾ
എത്രയോ മഹത്തരവും സൗഭാഗ്യസമ്പൂർണ്ണവുമായിരുന്നു എന്നായി മാറുന്നു. എല്ലാ ആദികൃതികളും ഉൽഘോഷിക്കുന്നത്
മനുഷ്യൻ ആയിത്തീരേണ്ട അവസ്ഥകളേക്കുറിച്ചാണെങ്കിലും മനുഷ്യൻ ആയിരുന്ന അവസ്ഥകളേക്കുറിച്ചാണ്
അത് ചർച്ച ചെയ്യുന്നതെന്നും അതുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ന് അധമമാണെന്നും അവർ തെറ്റിദ്ധരിക്കുന്നു.
ഈ തെറ്റിദ്ധാരണ ഒഴിവാക്കണമെങ്കിൽ നാം നമ്മുടെ ഭൂതകാലസംസ്കൃതികളിലെ ഇല്ലായ്മകളെ ശരിയായിത്തന്നെ അന്വേഷിച്ചറിയേണ്ടതുണ്ട്. കാരണം ആ ഇല്ലായ്മകളാണ് ഇന്ന് നാം
നേടാനാകുന്നതിൽ ഏറ്റവും മെച്ചെപ്പെട്ട സ്ഥിതിയിലാണ് എത്തിനിൽക്കുന്നതെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. ഭൂമിയുടെ ചരിത്രത്തിൽ നാം നേരത്തേ ചർച്ചചെയ്ത് കണ്ടെത്തിയ ഇല്ലായ്മകൾ ഇത് തെളിയിക്കുന്നുമുണ്ട്.
നേരത്തേ പറഞ്ഞ
ശീലം സമൂഹത്തിൽ നിലനിൽക്കുന്നതുകൊണ്ടാണ് ശാസ്ത്രം
കാണിച്ചുതരുന്ന വഴകളിലൂടേയുള്ള ഒരു ചരിത്രാന്വേഷണയാത്ര അത്ര എളുപ്പമല്ലാത്തതാകുന്നതും നമ്മുടെ ബുദ്ധി പലപ്പോഴും സൃഷ്ടിയുടെ മാർഗത്തിന്ന് സമാന്തരമായി, എന്നും എല്ലാം ഇങ്ങിനെയുണ്ടായിരുന്നു എന്ന മട്ടിലുള്ള ഒരു സങ്കൽപ്പത്തിൽ,
ചരിക്കാൻ തുടങ്ങുന്നതും.
സൃഷ്ടിവാദം എന്നും എക്കാലത്തും എല്ലാം ഒരുപോലെയാണെന്നാണ് പറഞ്ഞുതരുന്നത്. അതുകൊണ്ട് കാര്യങ്ങൾ ആ രീതിയിൽ മനസ്സിലാക്കുന്നത്
സാമാന്യമനസ്സിന്ന് എളുപ്പമാകുന്നു. പക്ഷേ കാര്യങ്ങൾ അങ്ങിനെയല്ലെന്ന
വസ്തുത ബോദ്ധ്യപ്പെടേണ്ടതുണ്ടെങ്കിൽ നാം കാലത്തിലൂടേ നേരത്തേ നടത്തിയപോലെ ഒരു പശ്ചാത്ഗമനം
തന്നെ നടത്തേണ്ടതുണ്ട്.
സൃഷ്ടിക്കപ്പെട്ടതെല്ലാം
പൂർണ്ണതയുള്ളവയായിരുന്നു എന്ന് സൃഷ്ടിവാദം പറയുന്നുണ്ടെങ്കിലും ശാസ്ത്രം അത്തരം ഒരു
പൂർണ്ണതയെ എവിടേയും അംഗീകരിക്കുന്നില്ല. അത് പറയുന്നത് എല്ലാം മാറ്റങ്ങൾക്ക്
വിധേയമായിക്കൊണ്ടിരിക്കുന്നു എന്നാണ്.
മനുഷ്യർ തന്നെ ജീവശാസ്ത്രപരമായ മാറ്റങ്ങൾക്ക് തുടർച്ചയായി വിധേയമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന്
അത് പറയുന്നുണ്ട്. ഇത്തരത്തിൽ
എല്ലാ ജീവജാലങ്ങളും തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നെണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അങ്ങിനെ പിറകോട്ട് പോകുമ്പോഴായാലും
ഭാവിലേക്ക് നോക്കുമ്പോളായാലും മാറ്റങ്ങളുടെ അനിവാര്യത നമ്മെ ഉറ്റുനോക്കുന്നുണ്ട്. ഭൂമിയിൽ ഇന്നത്തെ മനുഷ്യർക്ക് സമാനരായി ഏതാണ്ട് രണ്ട് ലക്ഷം വർഷങ്ങൾക്ക്
മുൻപ് പ്രത്യക്ഷപ്പെട്ട ആദിമ ആധുനികമനുഷ്യരിൽ നിന്ന് ശരീരശാസ്തപരമായ പല മാറ്റങ്ങളും
ഇന്നത്തെ മനുഷ്യരിലുണ്ട്. വൈവിദ്ധ്യമുള്ള തൊലിനിറം അതിലൊന്നാണ്. ജന്തുപരിണാമത്തിന്റെ തുടർച്ചയിൽ തന്നെ
നിൽക്കുന്ന ഇന്നത്തെ മനുഷ്യവർഗ്ഗത്തിന്ന് ഇനി ഒരു ഒന്നോ ഒന്നരയോ ലക്ഷം വർഷങ്ങൾക്കപ്പുറത്ത്
എന്തൊക്കെ മാറ്റങ്ങളുണ്ടാകാമെന്ന് ഇന്ന് പ്രവചിക്കുവാനാവുകയുമില്ല. തലമുറകൾ കഴിയുന്തോറും അത് പ്രകടമാകുന്നുണ്ടെങ്കിലും
അനുഭവവേദ്യമാംവണ്ണം അത് നമ്മുടെ കണ്ണിൽപ്പെടാൻ അനവധി തലമുറകൾ വേണ്ടിവരുമെന്നതുകൊണ്ട്
മാത്രം നമുക്കത് അന്നന്ന് അറിയാൻ കഴിയുന്നില്ലെന്നേയുള്ളു.
ഈ പ്രകൃതിനിയമത്തിന്ന്
വിധേയമായി മാത്രമാണ് സംസ്കൃതികളുടെ ചരിത്രവും കാണപ്പെടുന്നതെന്ന് നാം മറന്നുകൂടാ.
മനുഷ്യവികാസത്തിന്റെ ചരിത്രത്തിൽ ഭൗതികമായ കാര്യങ്ങളിൽ കാണുന്ന
ഇല്ലായ്മകൾ പോലെ സാംസ്കാരികതലത്തിലും ഇല്ലായമകൾ നിരവധിയുണ്ടെന്നും അവിടെയും പൂർണ്ണത
ആരോപിക്കാനാവില്ലെന്നും സ്വല്പം ശ്രദ്ധിച്ചാൽ
നമുക്ക് കണ്ടെത്താനാകും.
അതുകൊണ്ട്
മനുഷ്യസംസ്കൃതികളുടെ ചരിത്രത്തെ നേരത്തെ ഭൂമിയുടെ ചരിത്രം വിശദീകരിച്ച അതേ പശ്ചാൽഗമനരീതിയിലൂടെ
കാണാനും മനസ്സിലാക്കാനും വിശകലനം ചെയ്യാനുമാണ് നാം ശ്രമിക്കേണ്ടത്.
മനുഷ്യചരിത്രത്തിൽ
പുറകോട്ട് പോകുന്തോറും കാണപ്പെടുന്ന ഇല്ലായ്മകളുടെ പെരുപ്പം നമ്മെ എന്നെന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കാനേ തരമുള്ളു. പോയകാലങ്ങളിൽ മനുഷ്യർ ജീവിച്ചുപോന്ന
ഭൗതികസാഹചര്യങ്ങൾ ഇന്നാലോചിക്കുമ്പോൾ, വാസ്തവത്തിൽ, ഭീതിദങ്ങളാണ്. രോഗനിവാരണത്തിന്നോ പലപ്പോഴും ആവശ്യത്തിന്ന് ഭക്ഷണം ലഭ്യമാക്കാനോ അടുത്ത തലമുറകൾക്ക്
ആവശ്യമായ പരിചരണം നൽകാനോ ഒന്നും ആകാതെ പാടുപെട്ടുപോന്നവരായിരുന്നു അക്കാലത്തെ മനുഷ്യർ.
മറ്റുള്ള
മിക്കവാറും ജീവികളുടെയൊക്കെ നവജാതശിശുക്കൾക്ക് ജനിച്ച് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽത്തന്നെ
എണീറ്റുനിൽക്കാനും സഞ്ചരിക്കാനും പ്രാപ്തി കിട്ടുന്നുണ്ട്. എന്നാൽ മനുഷ്യശിശുവിന്റെ കാര്യം
തുലോം പരിതാപകരമാണ്. ജനിച്ച് കുറച്ചുവർഷങ്ങൾ കഴിഞ്ഞേ അതിന്ന് മാതാപിതാക്കളേ അനുഗമിക്കാനും സ്വന്തം
ഭക്ഷണം കണ്ടെത്താനുമുള്ള ശേഷി കിട്ടുന്നുള്ളൂ. അത്രയും ദീർഘമായ കാലം ശിശുക്കൾക്ക്
അതിജീവനത്തിന്ന് മാതാപിതാക്കളുടെ സഹായം അത്യാവശ്യവുമാണ്. മനുഷ്യപരിണാമത്തിന്റെ ആദ്യദശകളിൽ,
നിരന്തരം നീങ്ങിക്കൊണ്ടിരുന്ന മനുഷ്യക്കൂട്ടങ്ങളിൽ ഇന്നത്തേപ്പോലെ അഛനും
അമ്മയുംകൂടി കുട്ടികളെ വളർത്തുകയെന്ന സാമൂഹ്യധർമ്മം വികസിച്ചുവന്നിരുന്നുവോ എന്നറിഞ്ഞുകൂട. അവർക്ക് നവജാതശിശുക്കളെ എന്തുമാത്രം
പരിപാലിക്കാൻ സാധിച്ചിരിക്കും എന്ന കാര്യം ആലോചനാവിഷയമാണ്. കുട്ടികൾക്ക് അതിജീവനത്തിന്നുള്ള
സാദ്ധ്യതകൾ വളരെ പരിമിതമായിരുന്നു.
ഈ കാരണംകൊണ്ടുകൂടിയാകാം മനുഷ്യകുലത്തിന്റെ അംഗസംഖ്യ കഴിഞ്ഞ നാലഞ്ച്
സഹസ്രാബ്ദങ്ങൾക്കു മുൻപുവരെ കാര്യമായി വളർന്നിട്ടില്ല.
മരണത്തെ അവർ
എങ്ങിനെയാവാം അംഗീകരിച്ചിരുന്നത് എന്നത് ഇന്നും അജ്ഞാതമാണ്. അപകടങ്ങളും നായാട്ടിനിടെ ഇരകളിൽനിന്ന് ഉണ്ടാകാവുന്ന ആക്രമണങ്ങളും രോഗങ്ങളും
അളക്കാനാകാതിരുന്ന ചെറിയോരുകാലത്തെ ജീവിതവസാനത്തിൽ വന്നുപെടുന്ന മാരകങ്ങളായ വല്ലായ്മകളും
കാരണം ഒരോ മനുഷ്യജീവിതവും അവസാനിക്കുമ്പോൾ നിർവികാരതയോടെ നടന്നുനീങ്ങുകയെന്ന പതിവ്
എന്നു മുതലാണ് മനുഷ്യകുലത്തിൽനിന്ന് മാറിയിട്ടുണ്ടാകുക എന്നും നമുക്കറിയില്ല. കാലം എന്ന മനുഷ്യസങ്കൽപ്പത്തിന്ന്
തന്നെ വളരെ കുറച്ചേ പ്രായമുള്ളു. സൂര്യന്റേയും ചന്ദ്രന്റേയും
നക്ഷത്രങ്ങളുടേയും ആകാശസഞ്ചാരങ്ങൾ പഠിച്ചതിഉൽ നിന്ന് അത് ചിട്ടപ്പെട്ടുവന്ന് വീണ്ടും
എത്രയൊ സഹസ്രാബ്ദങ്ങൾ കഴിഞ്ഞായിരിക്കണം ആയുസ്സെന്ന സങ്കല്പം വളർന്നുവരുന്നത്. ഇത്തരം നിരീക്ഷണങ്ങൾ കൃത്യത ആർജ്ജിച്ച ശേഷമായിരിക്കണം ഒരാൾക്ക് പരമാവധി എത്ര കാലം ജീവിക്കാനാകുന്നുണ്ടെന്നും
അത് ദീർഘിപ്പിച്ചെടുക്കാനാകുമോ എന്ന കാര്യവും മനുഷ്യർ ആലോചിച്ചെടുത്തിട്ടുണ്ടാവുക.
ഒരു പന്തീരായിരം
വർഷങ്ങൾക്കപ്പുറത്ത് മനുഷ്യർ കൃഷി കണ്ടുപിടിച്ചിട്ടില്ല. സ്ഥിരമായ വാസസ്ഥാനങ്ങൾ എന്ന ആശയംതന്നെ ഇല്ലായിരുന്നു. കാലാവസ്ഥയുടെ കാഠിന്യങ്ങളിൽ നിന്ന്
രക്ഷപ്പെടാൻ സ്ഥിരമായ ഉപായങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വാഭാവിക സങ്കേതങ്ങളിലായിരുന്നു
അന്തിയുറങ്ങിയിരുന്നത്. വേട്ടയാടലും പെറുക്കിത്തിന്നലുമായിരുന്നു ഭക്ഷണോപാധികൾ. വസ്ത്രധാരണം തുകൽ കൊണ്ടും രോമങ്ങൾ കൊണ്ടുമായിരുന്നു. സ്ഥിരമായി തണുപ്പിനേയോ കാറ്റിനേയോ
പ്രതിരോധിക്കേണ്ട ആവശ്യമില്ലാത്ത കാലാവസ്ഥകൾ ഉള്ളിടത്ത് വസ്ത്രം എന്ന ആവശ്യം തന്നെ
പ്രായേണ വികസിച്ചുവന്നിരുന്നില്ല. പരുത്തി മനുഷ്യജീവിതത്തിൽ എത്തിപ്പെട്ടിരുന്നില്ല. യാത്രകൾ
കാൽനടയായി മാത്രമായിരുന്നു. കഴുതകളേയോ കുതിരകളേയോ വളർത്താൻ തുടങ്ങിയിട്ടില്ല. ആടുമാടുകളെ വളർത്താനോ. കൃഷിയിലേർപ്പെട്ട് ഒരിടത്ത് സ്ഥിരതാമസമാക്കാനോ
തുടങ്ങിയിരുന്നില്ലാത്തതുകൊണ്ട് സമ്പത്ത് എന്ന ആശയവും വളർന്നുവന്നിട്ടില്ല. അവർക്ക് അന്ന് എഴുത്തുവിദ്യ ഇല്ലായിരുന്നു. ആശയവിനിമയത്തിന്ന് ഭാഷ
ഇന്നത്തേതുപോലൊന്നും ഉപകാരപ്പെടാൻ തുടങ്ങിയിട്ടില്ലായിരുന്നു.
ബി.സി.ഇ
1600ന്നും 1100 ന്നു ഇടക്ക് ഇലിയഡ്, ഒഡീസ്സി തുടങ്ങിയ ഗ്രീക്ക് മഹാകാവ്യങ്ങൾ രൂപംകൊള്ളുന്നതും ഏറെക്കാലം നിലനിൽക്കുന്നതും
വാമൊഴികളായാണ്. പിന്നീട്
അത് ലിഖിതരൂപത്തിലാകുന്നത് ബി.സി.ഇ.
ഒൻപതാം നൂറ്റാണ്ടിന്നുശേഷം ഗ്രീക്കുകാർക്ക് ഫിനീഷ്യന്മാരിൽ നിന്ന് ഒരു
പുതിയ എഴുത്തുവിദ്യ സ്വായത്തമായി കുറേ കഴിഞ്ഞ ശേഷമാണ്. അതുപോലെ ബി.സി.ഇ. 1500 ഓടെ പഞ്ചാബിലെത്തിപ്പെടുന്ന
ഇൻഡോ-ഇറാനിയൻ ജനങ്ങളും അക്കാലത്തിവിടെയുണ്ടായിരുന്ന സൈന്ധവനാഗരികതയുടെ
ബാക്കിയും പിൽക്കാലത്ത് കൂടിച്ചേർന്ന് ഒരു പുതിയ സമൂഹം ഉരുത്തിരിയുന്ന കാലമാണ് നമ്മുടെ മഹാഭാരതത്തിന്റെ
ചരിത്രകാലം. അത് വടക്കുപടിഞ്ഞാറൻ ഭാരതത്തിലും അതിന്നുകിഴക്കുമായി
കൊച്ചുകൊച്ച് ജനവാസകേന്ദ്രങ്ങൾ
ധാരാളമായി ഉണ്ടായിവരുന്ന കാലമാണ്. അവ തമ്മിലുള്ള പരസ്പരമത്സരത്തിന്റെ കഥയാണ് മഹാഭാരതത്തിന്റെ കാതൽ. ബി.സി.ഇ. ആറാം നൂറ്റാണ്ടോടെ സിന്ധുനദിക്കും വടക്ക് ബ്രാഹ്മി ലിപികൾ രൂപംകൊണ്ട് (ഈ
കാലം ഇങ്ങു കിഴക്ക് ഇന്നത്തെ ബീഹാറിന്റെ വടക്കൻ പ്രദേശത്ത് ജനിച്ച ഗൗതമബുദ്ധന്റെ കാലത്തോടടുത്തുവരുമെന്ന്
നാം ഓർക്കണം.) ഏറെ കാലം കഴിഞ്ഞ ശേഷമാണ് ഈ ഇതിഹാസങ്ങളൊക്കെ ലിഖിതങ്ങളാകുന്നത്. . അതായത് ആദ്യകാലമഗധയുടെ കാലത്ത്,
ഗംഗാസമതലത്തിൽ ജനപദങ്ങൾ ഉണ്ടായിവരുന്നകാലത്ത്, ബിംബിസാരന്റേയും അജാതശത്രുവിന്റെയും കാലത്ത് എഴുത്തുവിദ്യ അവിടെ ഇല്ലായിരുന്നുവെന്നും
പിന്നേയും പത്തിരുനൂറുകൊല്ലം കഴിഞ്ഞ് അശോകചക്രവർത്തിയുടെ കാലമാകുമ്പോഴേക്കാണ് അതവിടെ
വ്യാപിക്കുന്നതെന്നും വന്നുകൂടുകയാണ്. അശോകലിഖിതങ്ങളേക്കാൾ പഴക്കമുള്ള
ലിഖിതങ്ങളൊന്നും ഗംഗാസമതലത്തിൽനിന്ന് ഇതുവരെ കണ്ടുകിട്ടിയിട്ടുമില്ല. ഗൗതമബുദ്ധന്ന് ലിപികളിലൂടെ,
എഴുത്തിലൂടെ, ജനങ്ങളോടിടപഴകാൻ അവസരം കിട്ടിയിട്ടുണ്ടാവില്ലെന്നുകൂടി
നമുക്കപ്പോൾ സന്ദേഹിക്കേണ്ടിവരുന്നുമുണ്ട്. ശുദ്ധോദനമഹാരാജാവിന്ന്` മകന്ന് പകർന്നുകൊടുക്കാനുണ്ടായിരുന്ന വിദ്യകളുടെ കൂട്ടത്തിൽ എഴുത്തുവിദ്യ ഉണ്ടായിരുന്നില്ലെന്നു
വരാം! പക്ഷേ സിദ്ധാർത്ഥഗൗതമൻ
നന്നേ ചെറുപ്പത്തിൽത്തന്നെ എല്ലാ വിദ്യകളും അഭ്യസിച്ചു എന്നേ കഥകളിൽ നാം പറഞ്ഞുകേട്ടിട്ടുള്ളൂ. എഴുതുക എന്ന ആശയം വ്യാപകമാകുന്ന ബി.സി.ഇ നാലാം നൂറ്റാണ്ടോടെ മാത്രമാണ് തക്ഷശില പോലുള്ള വിദ്യാഭ്യാസകേന്ദ്രങ്ങൾ
ഉണ്ടാകുന്നത്. ബുദ്ധന്റെ
ഉപദേശങ്ങൾ ക്രോഢീകരിച്ച് ആദ്യമായി ലിഖിതരൂപത്തിലാക്കുന്നതാകട്ടെ അദ്ദേഹത്തിന്റെ കാലം
കഴിഞ്ഞ് 400 വർഷങ്ങൾക്കു ശേഷവുമാണ്. ചരിത്രത്തിലെ ഇത്തരം ഇല്ലായ്മകൾ സാധാരണ
ചരിത്രപണ്ഡിതന്മാരൊന്നും നമ്മോട് പറയാറില്ല.
ഇതെല്ലാം
മനുഷ്യസംസ്കൃതികളുടെ ചരിത്രത്തിലെ ഇല്ലായ്മകളുടെ എളുപ്പം മനസ്സിലാക്കാവുന്ന ഉദാഹരണങ്ങളാണ്. ആഴത്തിലിറങ്ങിച്ചെല്ലുമ്പോൾ ചിത്രം ഇന്നത്തേക്കാൾ എത്രയോ ദയനീയമായിരുന്നു എന്നുതന്നെയാണ്
കാണാനാകുക. അവിടെ നിന്നാണ്
മനുഷ്യകുലം ഇന്നത്തെ ആകാശസഞ്ചാരങ്ങളിലേക്കും ആഗോളനഗരത്തിലേക്കും എത്തിപ്പെട്ടിട്ടുള്ളത്.
അതുകൊണ്ട്
ഒഡിസ്സിയസ്സിന്റെ കപ്പൽയാത്രകളേയും റോമൻ ജനറലുകളുടെ വീരാപദാനങ്ങളേയും ഷെക്സ്പീറിയൻ
നാടകങ്ങളിലെ കൊട്ടാരസമുച്ചയങ്ങളേയും മഹാഭാരതയുദ്ധത്തിലെ ബ്രഹ്മാസ്ത്രങ്ങളേയുമൊക്കെ
കഥകളായിത്തന്നെ നിലക്ക്നിർത്താൻ നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്.
No comments:
Post a Comment