Tuesday, November 19, 2019

ദേശം, ദേശി, ദേശീയത


ലോകത്തിൽ ഇന്ന് എത്ര സ്വതന്ത്ര രാജ്യങ്ങളുണ്ട്.   ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായവരും അതിൽ നിരീക്ഷകാംഗങ്ങളായവരുമായി അത് 195 എന്നാണ് കണക്ക്.     അക്കൂട്ടത്തിൽ വിസ്തൃതിയുടെ കാര്യത്തിൽ  ഏറ്റവും ചെറുതായ വത്തിക്കാനും പെടും.   കഷ്ടിച്ച് അര ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം    അതായത് ഏതാണ്ട് 700  മീറ്റർ നീളവും വീതിയുമുള്ള ഒരു സ്ഥലത്ത്, ഒരു ശരാശരി ഇന്ത്യൻ റെയിൽവേ പ്ലാറ്റ്ഫോമിന്റെയത്ര നീളവും വീതിയുമുള്ള സ്ഥലത്ത്, ഉൾക്കൊള്ളാവുന്ന പ്രദേശം.      ഏറ്റവും വലിയ രാജ്യം  റഷ്യയാണ്.  ഭൂവിസ്തൃതിയിൽ ഇന്ത്യക്കാകട്ടെ ഏഴാം സ്ഥാനമാണുള്ളത്.  

വത്തിക്കാൻ നഗരം ഒരു ദേശമല്ല.  സാങ്കേതികമായി മാത്രം നിലനിൽക്കുന്ന ഒരു രാജ്യമാകുന്നു.    സൌകര്യം ഇറ്റാലിയൻ സർക്കാറിന്റെ  പ്രത്യേക അനുമതിയോടെ അവിടെ താമസിക്കുന്നവർ അനുഭവിച്ചുവരുന്നതാണ്. പോപ്പിന്റെ  പുരോഹിതവൃന്ദവും ഉദ്യോഗസ്ഥവൃന്ദവുമാണ് അവിടെ താമസക്കാർ.    അതാതു കാലത്ത് അതിലെ അംഗങ്ങൾ അവിടെ സ്ഥിരതാമസക്കാരായി ഉണ്ടാകുമെന്ന ഉറപ്പുമില്ല.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക ദൌത്യങ്ങളുമായി തൽക്കാലത്തേക്ക് എത്തിപ്പെടുന്നവരാണ് അവിടെയുള്ളത്.  മാർപാപ്പയാണ് അവിടെ പരമോന്നത ഭരണാധികാരി.  അവിടെ ആരും നികുതി കൊടുക്കുന്നില്ല.    അവിടെ ജന്മം കൊണ്ടോ ദീർഘ കാലതാമസം കൊണ്ടോ അല്ല ആളുകൾക്ക്  പൌരത്വം  കിട്ടുന്നത് .   ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവരായാലും പോപ്പിന്റെ ഉദ്യോഗസ്ഥവുന്ദത്തിൽ പെടുന്നവരായാൽ അവിടത്തെ പൌരന്മാരാകുന്നു.      അവിടേക്കു വേണ്ട വെള്ളവും വെളിച്ചവും മറ്റു് അവശ്യസേവനങ്ങളും നൽകുന്നത് ഇറ്റാലിയൻ സർക്കാറാണ്.      പോപ്പിന്റെ രൂപം പതിച്ച യുറോനാണയങ്ങൾ അടിക്കാൻ അടുത്ത കാലത്ത് ഇറ്റാലിയൻ സർക്കാർ സമ്മതിച്ചിട്ടുണ്ടെങ്കിലും   അവിടെ നിലവിലുള്ള നാണ്യവ്യവസ്ഥ ഇന്നും  ഇറ്റലിയിലേതാണ്.    അവിടെയുള്ളവർക്ക്   വത്തിക്കാന്റെ ഭരണാധികാരിയായ പോപ്പിനോട്   വിധേയത്വം പുലർത്തുമ്പോഴും തങ്ങളുടെ ജന്മനാടിനോടുള്ള കൂറു്  ഉപേക്ഷിക്കണമെന്നുമില്ല.  വത്തിക്കാനിലെ  ഭരണാധികാരിയുടെ  തിരഞ്ഞെടുപ്പിൽ  ജനായത്തരീതിയിൽ പങ്കെടുക്കുന്ന പൗരന്മാർ ആരുമില്ല.   അത്യന്തികമായി നമുക്ക് കാണാനാകുന്നത്  അവിടത്തെ സർക്കാർ ഒരു ദേശീയ സർക്കാർ അല്ലെന്നും അവിടത്തെ പൌരന്മാർക്ക് വത്തിക്കാൻ നഗരത്തിനോടു  മാത്രം കൂറുള്ള  ഒരു പൂർണ്ണ അർത്ഥത്തിലുള്ള ദേശീയത ഇല്ലെന്നുമാണ്.
വത്തിക്കാനെപ്പറ്റി ഇത്രയും പറഞ്ഞത് ദേശീയത എന്ന വാക്കിന്റെ അത്ഥവ്യാപ്തി മനസ്സിലാക്കാൻ സഹായിക്കമെന്ന് കരുതി മാത്രമാണ്.   രാജ്യത്തെപ്പറ്റി മുകളിൽ പറഞ്ഞവക്കൊക്കെ എതിരാണ് ദേശീയത എന്ന ആശയം. 

ഇന്നത്തെ മട്ടിലുള്ള രാജ്യങ്ങളുടെ, വത്തിക്കാൻ പോലുള്ളവ ഒഴികെ, വരവിന് വഴിവച്ചത് ദേശീയതയുടെ ആവിർഭാവമാണ്.      ദേശീയത നാം ഇന്നു കാണുന്ന മട്ടിൽ ഉണ്ടായിവന്നത്  എങ്ങിനെയാണ്?  
ഭാഷ, സംസ്കാരം, ഭൂപ്രകൃതി കൊണ്ട് സംഭവിച്ച ഒറ്റപ്പെടൽ,    അങ്ങിനെ പല ഘടകങ്ങളും ഏതൊരു  ദേശീയതയുടെയും നിർമ്മിതിയിൽ പങ്കു വഹിക്കന്നുണ്ടെങ്കിലും  ഇവയിലൊക്കെ ഭരണം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികൾക്കാണ് എന്നതാണ് പ്രധാനമായ കാര്യം.     അവയുടെ വരവിന്നു മുമ്പ് പ്രദേശങ്ങളിൽ  ഭരണാധികാരം പാരമ്പര്യമായി കയ്യാളിയിരുന്നത് രാജാക്കന്മാരും  ചക്രവർത്തിമാരും ആയിരുന്നു.    അവരുടെ  കീഴിൽ ദേശം എന്നതിന്റെ അടിസ്ഥാനത്തിലല്ല ജനങ്ങൾക്ക് ഭരണകേന്ദ്രത്തിനോട് കൂറും വിധേയത്വവും വളർന്നു വന്നിരുനത്.   അത് തികച്ചും അധികാരത്തിന്റെ ബലത്തിൽ ഭരണാധികാരി പിടിച്ചുവാങ്ങിയിരുന്നതാണ്.  അതുകൊണ്ടുതന്നെ  അത് സ്ഥായിയുമല്ലായിരുന്നു.  ഓരോ രാജ്യത്തിന്റെയും വിസ്തൃതിയും ജനസംഖ്യയും രാജാക്കന്മാർ ഇടക്കിടെ നടത്തിപ്പോന്ന യുദ്ധങ്ങളുടെ ഫലത്തിനനുസരിച്ച് അപ്പപ്പോൾ ഏറിയും കുറഞ്ഞം ഇരിക്കുക പതിവുമായിരുന്നു.  എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടോടെ  പല മട്ടിലുള്ള ജനാധിപത്യസംവിധാനങ്ങൾ വന്നതോടെ പാരമ്പര്യ രാജാധികാരങ്ങൾ ഇല്ലാതായി.      തങ്ങളുടെ ഭരണസംവിധാനത്തെ ആർ നയിക്കണമെന്ന് നിർണ്ണയിക്കുന്നത് അതാതിടത്തെ ജനങ്ങൾ തന്നെ ആയി മാറി.   അതോടെ ഭരണകേന്ദ്രത്തിൽ നിന്ന് ജനങ്ങൾക്ക് തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായ തീരുമാനങ്ങളെടുപ്പിക്കുകയെന്നത്  സാദ്ധ്യമായി വന്നു.  പക്ഷെ അതിന്ന് അവർക്കിടയിൽ  മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന രീതിയിലല്ലാത്ത  ഒരു പുതിയ ഐക്യബോധം രൂപപ്പെടേണ്ടതുണ്ടായിരുന്നു.   മനുഷ്യർക്ക്  ഉച്ചനീചത്വഭേദമില്ലാതെ ഒരു കുടക്കീഴിൽ  സംഘടിച്ച്  ഒരുമിച്ചുനിൽക്കാൻ  അവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും പ്രതിഫലിക്കുന്ന   പുതിയ ആശയങ്ങളും സങ്കൽപ്പങ്ങളും ആവശ്യമായി വന്നു.   അങ്ങിനെയാണ്  സ്വന്തം ദേശം, ദേശീയത എന്നീ ആശയങ്ങൾ ഉടലെടുത്തതും ജനങ്ങൾ ഭാഷയുടെയും സംസ്കാരങ്ങളുടെയും  പ്രദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ഒരുമിച്ചു നിന്നുകൊണ്ട്  സ്വന്തം ഭരണകർത്താക്കളെ നിശ്ചയിക്കാൻ തുടങ്ങിയതും    അതിന്റെ അടിസ്ഥാനത്തിൽ ആധുനിക രാഷ്ട്രങ്ങൾ  ഉണ്ടായി വന്നതും.   ലോകജനസംഖ്യ പത്തൊമ്പതാം നൂറ്റാണ്ടോടെ സ്ഫോടനാത്മകമായ മട്ടിൽ പെരുകിയതും     സാങ്കേതികവിപ്ലവം തുറന്നു വിട്ട  ആശയ വിനിമയ സാദ്ധ്യതകൾ, പത്രങ്ങളടക്കം, മനുഷ്യരെ തമ്മിൽത്തമ്മിൽ കൂടുതൽ അടുപ്പിച്ചതുമെല്ലാം ദേശീയതകളുടെ നിർമ്മിതി എളുപ്പമാക്കിയിട്ടുണ്ട്. 


ലോകത്തിലെ ഏറ്റവും പഴയ ദേശീയരാഷ്ട്രത്തിന്നു പോലും  ഒരു ഇരുനൂറ്റമ്പതു വർഷത്തെ പഴക്കമേ ഉള്ളൂഅമേരിക്കൻ ഐക്യനാടുകൾ എന്ന സങ്കൽപത്തിന്റെ ബീജാവാപം നടക്കുന്നത് 1783- ഉത്തര അമേരിക്കയിലെ ഏതാനും പ്രദേശങ്ങൾ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി ഒരുമിച്ചു നിൽക്കാൻ തുടങ്ങുന്നതോടെ മാത്രമാണ്ഇന്നു കാണുന്ന  യു.കെ. രൂപം കൊള്ളുന്നതാകട്ടെ 1801-  ലുമാണ്.    ഇതിനൊക്കെ ശേഷം രൂപം കൊണ്ട ദേശീയതകളേ ലോകത്തെവിടെയുമുള്ളൂ.

1867 മാർച്ച് 30-ന്ന് അന്നത്തെ റഷ്യൻ സാമ്രാജ്യത്തിൽ നിന്ന് 7.2 ദശലക്ഷം ഡോളറിന്ന് അമേരിക്കൻ സർക്കാർ വിലക്കു വാങ്ങിയതാണ് ഇന്നത്തെ  യു എസ്സിലെ അലാസ്കാ സംസ്ഥാനമെന്ന പ്രദേശംഅതിന്നു മുൻപ് പ്രദേശം സാർ ചക്രവർത്തിയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു.   രണ്ട് ഭരണകൂടങ്ങൾ തമ്മിൽ പണവും കൈവശാവകാശവും പരസ്പരം  കൈമാറി നടത്തപ്പെട്ട ഭൂമികൈമാറ്റം  നടന്നില്ലായിരുന്നെങ്കിൽ ഇരുപതാം നൂറ്റാണ്ടോടെ കീഴക്കും പടിഞ്ഞാറും ഭൂഖണ്ഡങ്ങളിൽ രൂപംകൊണ്ട അതിശക്തങ്ങളായ രണ്ട് രാജ്യങ്ങൾക്കിടയിൽ ദീർഘകാലത്തേക്ക് നിലനിന്ന ഒരു ശീതസമരത്തിന്റേയും സൈനികമത്സരങ്ങളുടേയും ഗതി - രണ്ട് ആഗോളശക്തികളും രണ്ട് ഭൂഖണ്ഡങ്ങളിലല്ലെന്ന അവസ്ഥ നിലനിന്നിരുന്നുവെങ്കിൽ - എന്താകുമായിരുന്നു എന്ന് ഇന്ന് ആലോചിക്കാൻ രസമുണ്ട്.   

അമേരിക്കൻ വൻകര  കണ്ടെത്തിയ ശേഷം അവിടെ സ്വാധീനമുറപ്പിക്കാനുള്ള യൂറോപ്പ്യൻ ശ്രമങ്ങളിലേക്കുള്ള റഷ്യയുടെ ശ്രമമായിരുന്നു റഷ്യൻ - അമേരിക്കൻ കമ്പനിയുടെ സ്ഥാപനം. അത്ലന്റിക് കടലിലേക്ക് തുറമുഖങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ട് അവർ കിഴക്കുള്ള ശാന്തസമുദ്രം കടന്ന് അവിടെ എത്താൻ തീർച്ചയാക്കിയെന്നു മാത്രംബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി പോലെ  രൂപീകരിക്കപ്പെട്ട കച്ചവടക്കൂട്ടായ്മക്ക് വടക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ, ഇന്നത്തെ കാലിഫോർണിയയിലെ ബൊഡേഗ ഉൾക്കടൽ തീരത്തു വരെ താവളങ്ങളുമുണ്ടായിരുന്നു കമ്പനിയാണ് അലാസ്ക പ്രദേശം റഷ്യൻ സാമ്രാജ്യത്തിന്ന് സ്വന്തമാക്കിക്കൊടുക്കുന്നത്.    റഷ്യയുടെ കിഴക്കേ അറ്റത്തെ സൈബീരിയ വഴി  ബെറിങ്ങ് കടലിടുക്ക് (റഷ്യക്കുവേണ്ടി നാവികയാത്രകൾ നടത്തി മാപ്പുകൾ തയ്യാറാക്കിക്കൊടുത്തിരുന്ന വൈറ്റസ് ജോനാസ്സൺ ബെറിങ്  എന്ന ഡാനിഷ് പര്യ്വേഷകന്റെ പേരിലാണ് കടൽ അങ്ങിനെ അറിയപ്പെടുന്നത്.)  കടന്ന് കമ്പനി അലാസ്കയിലെത്തുമ്പോൾ അവിടെ ഉണ്ടായിരുന്നവർ എസ്കിമോകളായിരുന്നുഭുമിയിൽ നിന്ന് വിളവെടുക്കുന്നത് അജ്ഞാതമായിരുന്ന കൂട്ടർഭക്ഷണം ഇറച്ചിയും മത്സ്യവും മാത്രംഅതുകൊണ്ടുതന്നെ അവർക്ക് ഭൂമിയിൽ കൈവശാവകാശം നിർണ്ണയിച്ചുവക്കേണ്ട ആവശ്യമില്ലായിരുന്നുഹൈഡ വിഭാഗത്തിൽ പെട്ടവരും മാത്ര്ദായക്രമം സ്വീകരിച്ചിരുന്ന ട്ലിംഗിറ്റുകളും ആയിരുന്നു അവർവൻകരയിൽനിന്ന് പടിഞ്ഞാട്ട്, ഒരു ചെറിയ വ്റ്ത്തഖണ്ഡം പോലെ  നീണ്ടുകിടക്കുന്ന കുറെ ദ്വീപുകളിൽ ഉണ്ടായിരുന്നവർ അല്യൂട്ടുകളായിരുന്നു.   അതുകൊണ്ട് ദ്വീപുസമൂഹം അല്യൂഷ്യൻ ദ്വീപുകൾ എന്നറിയപ്പെട്ടു.   യൂറോപ്യൻ സ്വാധീനമൂള്ള റഷ്യൻ സംസ്ക്റ്തിയെപറ്റി മൂന്നുകൂട്ടർക്കും യാതൊന്നും അറിവില്ലായിരുന്നുപതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ  ദീർഘകാലമായി അവരുടെ വാസഭൂമികൾ അലാസ്കയിലെ ഭൂവിഭവങ്ങളിൽ കണ്ണുണ്ടായിരുന്ന   റഷ്യൻ  സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു  എന്നു മാത്രംഅതിന്നു മുൻപ് അവർ പുറം ലോകത്തിന്ന് അജ്ഞാതരായിരുന്നു.    ഇക്കൂട്ടർ ഇന്ന് അമേരിക്കൻ ഐക്യനാടുകൾ എന്ന  ദേശീയതയുടെ ഭാഗമാണ്.  1867-ലെ ഭൂമി കൈമാറ്റം നടന്നില്ലായിരുന്നെങ്കിൽ അവരിപ്പോൾ റഷ്യൻ ദേശീയതയുടെ ഭാഗമായി നിലനിന്നിരിക്കാനും മതിരണ്ടായാലും അവരുടെ മേൽ ഒരു ദേശീയത പിൽക്കാലത്ത് അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നു എന്നുവേണം കരുതാൻ

തങ്ങൾ ആയിരത്താണ്ടുകളായി, അനേകം തലമുറകളായി, അധിവസിക്കുന്ന ഭൂപ്രദേശത്തിന്റെ കൈവശാവകാശം ഒരു യൂറോപ്പ്യൻ ശക്തി കയ്യടിക്കയതോ അവർ അത് പിന്നീട് മറ്റൊരു കൂട്ടർക്ക്  കൈമാറ്റം ചെയ്തതോ ആദിമഗോത്രജനങ്ങൾ അറിഞ്ഞേ കാണില്ലഇന്ത്യയിലും തെക്കു കിഴക്കനേഷ്യയിലും നടന്നതിനേക്കാൾ ക്രൂരമായ വിധത്തിലാണ്  യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ കോളനികളുണ്ടാക്കിയിരുന്നത്കാരണം അന്ന് അവിടെ സംഘടിതമായ മട്ടിലുള്ള രാജാധികാരങ്ങളും അവക്ക് ഭൂമിയുടെ മേലുള്ള കൈവശാവകാശങ്ങളും ഒന്നും തന്നെ വികസിച്ചുവന്നിരുന്നില്ല.   ദേശങ്ങൾ നിർണ്ണയിച്ചുവക്കേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ട് അവർക്ക് ദേശീയത എന്തെന്ന്  അറിയാമായിരുന്നില്ല. അധീശരുടെ ദേശീയതയിലേക്ക് എസ്കിമോകളും റെഡ് ഇന്ത്യൻ വംശജരും  പിൽക്കാലത്ത് മാറ്റിയെടുക്കപ്പെടുകയായിരുന്നു.   അത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ സംഭവിക്കുന്നുമുള്ളൂതുടർന്ന് 1959 ജനുവരി 3-ന്നാണ് അത് യു എസ്സിലെ 49-ആമത്തെ സംസ്ഥാനമായി അംഗീകരിക്കപ്പെടുന്നത്അതുവരെ ഹൈഡകളുടേയും ടിംഗ്ലിറ്റുകളൂടേയുമെല്ലാം ദേശിയത എവിടെ ആയിരുന്നു! ഏതായിരുന്നു!


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസത്തിന്റെ കഴിഞ്ഞ അയ്യായിരം കൊല്ലത്തെ ചരിത്രമെടുത്താൽ അതിന്റെ തുടക്കത്തിൽ, അതായത് ഹാരപ്പൻ സംസ്കൃതിയുടെ കാലത്ത് നാം ഇന്നു കാണുന്ന  മട്ടിലുള്ള രാഷ്ട്രസങ്കൽപ്പങ്ങളൊന്നുമില്ല.   ഇന്നത്തെ ഇന്ത്യാരാജ്യം പോലെ ആളുകൾ തിങ്ങിപ്പാർക്കുന്ന വിശാലമായ ഭൂപ്രദേശങ്ങളുമായിരുന്നില്ല അവ.    ഒന്നോ ഒന്നരയോ ചതുരശ്ര കിലോമീറ്ററിനകത്ത് ഏതാനും ആയിരം ജനങ്ങൾ, പ്രധാനമായും സ്വയരക്ഷയെ കരുതി തിങ്ങിപ്പാർത്തിരുന്ന ഓരോ ജനവാസകേന്ദ്രങ്ങൾക്കും ഇടക്ക് അസംഖ്യം കിലോമീറ്ററുകൾ ജനവാസരഹിതമായി കാടുപിടിച്ച് കിടക്കുന്നുണ്ടായിരുന്നു ഓരോ ജനവാസകേന്ദ്രങ്ങളും സ്വതന്ത്രങ്ങളായും നിലകൊണ്ടിരുന്നുഭക്ഷ്യോത്പാദനവും സ്വയരക്ഷയുമെല്ലാം അവരവരുടെ നിയന്ത്രണത്തിൽ തന്നെ ആയിരുന്നുഅതു കഴിഞ്ഞ് ഒരു രണ്ടായിരത്തഞ്ഞൂറ് വർഷങ്ങളെങ്കിലും കഴിഞ്ഞാണ് സിന്ധുനദിയുടേയും  ഗംഗാനദിയുടേയും തടങ്ങളിലായി  ജനപദവ്യവസ്ഥകളും പിന്നീട് മഹാജനപദങ്ങളും ഉണ്ടാകുന്നത്അവ ഉണ്ടാകുന്നതുതന്നെ നാം നേരത്തേ കണ്ട ഒറ്റപ്പെട്ട തരം ജനവാസകേന്ദ്രങ്ങൾ കൂടുതൽ ജനബഹുലങ്ങൾ ആകന്നതോടെ ആണ്.      അതോടൊപ്പം കാർഷികമേഖലയും മറ്റ് തൊഴിൽ മേഖലകളും  വിജ്ഞാനസമ്പാദനത്തിലൂടെ കൂടുതൽ കരുത്താർജിക്കുകയും  കൂടുതൽ മനുഷ്യരെ ഉൾക്കൊള്ളാൻ സജ്ജമാകകയും  ചെയ്യുന്നുണ്ട്.   അപ്പോഴും ഇവിടെ ഭൂരിഭാഗവും കാടുകളായിരുന്നുമഹാഭാരതത്തില്പാണ്ഡവന്മാരുടെ യാത്രകള്ക്കിടക്ക് അവര്കാടുകള്കടന്നുപോകാത്ത ഒരു യാത്രയും നമുക്ക് കാണാനാകുന്നില്ല.   അതിലെ ഉപകഥകളില്മിക്കവാറും കഥകളുടേയും പശ്ചാത്തലത്തില്കാടുകളുണ്ടു്  നീണ്ട കാലയളവിലെ ശുഷ്കമായ ജനസംഖ്യയെയും അതിന്റെ വിതരണത്തേയും നാം ഇവിടെ കണക്കിലെടുക്കേണ്ടതുമുണ്ട്.


ജനപദങ്ങൾ ഉണ്ടായി വന്ന്  ഏറെ കാലം, അഞ്ചോ ആറോ നൂറ്റാണ്ടകൾ തന്നെ, കഴിഞ്ഞേ ഇന്ത്യയിലെ അറിയപ്പെടുന്ന ആദ്യകാല സാമ്രാജ്യവും  അതിലെ ചക്രവർത്തിമാരും വരുന്നുള്ളൂ.    മൗര്യസാമാജ്യത്തിന്റെ പിറവിയുടെ കാലത്തു പോലും  സുസജ്ജരായ ഒരു  സംഘം ഭടന്മാരേയും കൊണ്ട് ദൃഢനിശ്ചയത്തോടെ പുറപ്പെട്ടാൽ ഓരോരുത്തരെയായി സാവകാശം തോൽപിച്ചെടുക്കാവുന്ന മട്ടിൽ, പ്രതിരോധശേഷി  കുറഞ്ഞ ഭരണകൂടങ്ങളായിരുന്നിരിക്കണം ഇവിടെ ഒറ്റപ്പെട്ടുകിടന്നിരുന്ന    ജനപദങ്ങളിലുണ്ടായിരുന്നത്.   അതുവരെ അയൽപക്കത്തെ ജനപദങ്ങളുമായി പോരടിക്കുന്ന രാജാക്കൻമാരേ ഇന്ത്യാചരിത്രത്തിലുള്ളൂ.   അന്നൊന്നും നാം ഇന്നുകാണുന്ന മട്ടിലുള്ള ദേശീയതകൾ ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല.   മഹാഭാരതകഥയിലെ  സ്ഥിതിയും ഇതാണ്. കരുവംശത്തിനകത്തെ അധികാരത്തർക്കത്തിൽ ചേരിതിരിഞ്ഞു നിൽക്കുന്ന  രാജാക്കന്മാരെല്ലാം സ്വതന്ത്രരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അയൽപക്കവുമായി പോരിനിറങ്ങിയവരുമാണ്.  അവരുടെ രാജ്യാതിർത്തികൾ സീമിതങ്ങളുമായിരുന്നു.   ഒരു അശ്വമേധം നടത്തി കഴിയുന്നത്ര രാജാക്കന്മാരുടെ മേൽക്കോയ്മ തനിക്കാണെന്ന പേരും പെരുമയും നേടുന്നതിന്നപ്പുറം, സ്വയം കേമനാണെന്ന് സങ്കൽപിച്ചുവക്കുന്നതിനപ്പുറം, സാമ്രാജ്യമോഹങ്ങളൊന്നും അക്കാലത്ത് ആവശ്യമുണ്ടായിരുന്നില്ല.  വന്യവിശാലതകൾ അകലം കാത്തുകൊണ്ടിരുന്ന അന്നത്തെ  ശുഷ്കജനവാസകേന്ദ്രങ്ങളിലേക്ക് അശ്വമേധത്തിനായി അഴിച്ചുവിട്ട   കുതിരയെ പിടിച്ചുകെട്ടാൻ മിനക്കെടാത്ത ഏതു രാജാവിന്നും തന്റെ രാജ്യത്ത്, പരിമിതമായ പ്രദേശത്തെ ജനപദത്തിൽ, സുഖമായി കഴിഞ്ഞുകൂടാമായിരുന്നു.  എന്നാൽ പിൽക്കാലത്ത് ഒരു നീണ്ട പടയോട്ടത്തിലൂടെ  ഇവിടെയുണ്ടായിരുന്ന ജനപദങ്ങളെ കീഴ്പെടുത്തി ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള മോഹം ചന്ദ്രഗുപ്തമൌര്യനിൽ നാമ്പിടുന്നത് അലക്സാണ്ടർ നടത്തിയ വമ്പിച്ച പടയോട്ടത്തിന്റെ സാദ്ധ്യതകൾ നേരിട്ട് കണ്ടറിഞ്ഞതുകൊണ്ടു കൂടിയാകാം.  അതിന്നു മുമ്പ് അവിടെ ഉണ്ടായിരുന്ന പേഴ്സ്യൻ സാമ്രാജ്യത്തിന്റെ കഥകളും അദ്ദേഹത്തെ ഹരം പിടിപ്പിച്ചിരിക്കും.   ഗംഗാതടത്തിൽത്തന്നെ അദ്ദേഹം ഒതുങ്ങിനിന്നിരുന്നിവെങ്കിൽ മറ്റൊരു ജനപദത്തിന്റെ നിർമ്മിതിയിൽ മാത്രമായി അദ്ദേഹം ഒതുങ്ങിത്തീർന്നിരിക്കാനും മതി. 

ചന്ദ്രഗുപ്തമൗര്യൻ നന്ദരാജവംശത്തിൻറ കാലത്ത് പാടലീപുത്രത്തിന്റെ പരിസരത്തിലെ ഏതോ ഗ്രാമത്തിൽ മയിലുകളെ വളർത്തി ജീവിച്ചിരുന്ന ഒരു കർഷകനായിരുന്നുവെന്ന് സൂചനയുണ്ട്.  മയിലിന്ന് പാലി ഭാഷയിലെ വാക്കായ   മോർ എന്ന വാക്കുമായി  മൗര്യൻ എന്ന പദം ബന്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്.   പിന്നീട്  തനിക്ക്  നന്ദരാജാക്കന്മാരോടുള്ള പക തീർക്കാൻ സഹായിയായേക്കാവുന്ന ഒരാളെ തേടി നടന്നിരുന്ന ചാണക്യൻ എന്ന തന്ത്രശാലിയുടെ സുഹൃത്തും ശിഷ്യനുമായി മാറിയ ചന്ദ്രഗുപ്തൻ എട്ടു വർഷക്കാലം  ഇന്നത്തെ പാക്കിസ്ഥാനിലുണ്ടായിരുന്ന തക്ഷശിലയിലെ വിഖ്യാതമായ പാഠശാലയിൽ വിദ്യാർത്ഥിയായായിരുന്നു.   സിന്ധുനദിക്കര വരെ പടയോട്ടം നടത്തി അലക്സാണ്ടർ മടങ്ങിപ്പോയ കാലം.   തീർച്ചയായും അലക്സാണ്ടറുടെ യുദ്ധനേട്ടങ്ങളും പ്രശസ്തിയും അദ്ദേഹത്തെ തന്റേതായ ഒരു സാമ്രാജ്യം സ്ഥപിക്കാൻ പ്രചോദിപ്പിച്ചിരിക്കണം.  തക്ഷശിലയിലും പരിസരങ്ങളിലും ഭരണം നടത്തിയിരുന്നത് ഗ്രീക്ക് ഗവർണർമാരായിരുന്നു. ചന്ദ്രഗുപ്തൻ താൻ പഠിച്ച യുദ്ധതന്ത്രങ്ങൾ ഒരു കൂലിപ്പട്ടാളത്തിന്റെ ബലത്തിൽ ആദ്യം പ്രയോഗിച്ചത് അക്കൂട്ടരിൽ ചിലരോട്   തന്നെ ആയിരുന്നു.   പിന്നെ ചാണക്യനും ചന്ദ്രഗുപ്തനും കൂടുതൽ പട്ടാളക്കാരേയും സംഘടിപ്പിച്ച് കിഴക്കോട്ടുപോന്നു.   പാടലീപുത്രം നന്ദന്മാരിൽ നിന്ന്  പിടിച്ചെടുക്കുകയായിരുന്ന ലക്ഷ്യം. അതവർ നിറവേറ്റുകയും ചെയ്തു.   പിന്നീടാണ് സാമാജ്യം വടക്കുപടിഞ്ഞാറൻ ഇന്ത്യയിലൂടെ തക്ഷശിലക്കും  അപ്പുറത്തേക്ക്  വ്യാപിപ്പിക്കുന്നത്.  സമയത്ത് ബാബിലോണിലെ ഗ്രീക്ക് ഭരണാധികാരിയായിരുന്ന സെലൂക്കസിനെ വരെ  അദ്ദേഹത്തിന്റെ രാജ്യത്തിന് കിഴക്കനതിർത്തിയിൽ വച്ചുള്ള യുദ്ധത്തിൽ ചന്ദ്രഗുപ്തൻ തോല്പിക്കുന്നുണ്ട്.


മൌര്യസാമ്രാജ്യത്തിൽ ഉത്തരേന്ത്യയിലെ മുഴുവൻ പ്രദേശങ്ങളെയും ഉൾക്കൊള്ളിക്കുന്നത് അശോക ചക്രവർത്തി ആണ്.     കലിംഗയുദ്ധത്തോടെ ആണത്.  അന്നും ഡെക്കാൻ പീഠഭൂമിക്കിപ്പുറത്തേക്ക് സാമ്രാജ്യം എത്തിയിട്ടില്ല.  മൗര്യസാമാജ്യം ശിഥിലമായ ശേഷം വന്ന ഗുപ്തരാജാക്കന്മാരുടെ സാമ്രാജ്യവും     ദ്രാവിഡദേശങ്ങളിലേക്ക് വലിയ രാഷ്ട്രീയസ്വാധീനമൊന്നും ചെലുത്തിയില്ല .  അതിനെ തുടർന്ന് ആറാം നൂറ്റാണ്ടു മുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി പഴയ പോലെ നിരവധി രാജസ്ഥാനങ്ങൾ ഉയർന്നു വരുന്നതാണ് നാം കാണുന്നത്.  പക്ഷെ അവ പഴയ ജനപദങ്ങളെപ്പോലെ നഗരസീമിതങ്ങളായരുന്നില്ല.    അപ്പോഴേക്ക്  ജനസംഖ്യ കൂടുകയും നഗരവാസികൾ പഴയ നഗരങ്ങൾക്കു പുറത്തേക്ക് ഇറങ്ങി ഗ്രാമങ്ങൾ സ്ഥാപിച്ചെടുക്കുകയും ചെയ്തിരുന്നു.    പ്രക്രിയയിൽ അവർ അവരേക്കാൾ മുമ്പേ ഇവിടെ താമസക്കാരായുണ്ടായിരുന്ന കാനനവാസികളുമായി കൂടുതൽ ഇടപഴകിക്കൊണ്ട് ഒരു പുതിയ ജീവിതരീതിക്ക് രൂപം നൽകിക്കഴിഞ്ഞിരുന്നു.  അന്നത്തെ രാജസ്ഥാനങ്ങളിലാണ്  നാം  കദംബന്മാരും ചാലൂക്യന്മാരും  ചാഹമാനമാരും മറ്റുമായി  പിൽക്കാല രാജാക്കന്മാരേ   കാണുന്നത്.  ദക്ഷിണേന്ത്യയിലെത്തുസോൾ  അവിടെ കാകതീയരും പല്ലവന്മാരും പാണ്ഡ്യരും ചോളരും ഉയർന്നു വരുന്നുണ്ട്.    അന്നും ദേശീയത എന്ന സങ്കൽപ്പം ഉണ്ടായിക്കഴിഞ്ഞട്ടില്ല.   രാജാക്കന്മാർ, സ്വയം ചക്രവർത്തിമാരെന്ന് പ്രഖ്യാപിച്ചുകൊണ്ട് അയൽപക്കങ്ങളിൽ പടയോട്ടം നടത്തി  രാജ്യവിസ്തൃതി ഇടക്കിടെ വിസ്തൃതമാക്കിയിരുന്നെങ്കിലും അതൊന്നും സ്ഥായിയായിരുന്നില്ല.  അവരിലൊരാളും ഇന്ത്യൻ ഉപഭൂഖണ്ഡമൊട്ടാകെ കീഴടക്കി ഭരിച്ചട്ടുമില്ല.   ഓരോ പ്രദേശത്തും അതാത് കാലത്ത് അധികാരമുറപ്പിച്ചിരുന്ന രാജാവിനോട് കൂറ് കാണിച്ചു കൊണ്ട് ജനങ്ങൾ കഴിച്ചുകൂട്ടി.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനപദസംസ്കൃതികളോടൊപ്പം വളർന്നു വന്ന സംസ്കാരം പിൽക്കാലത്ത് സ്വാധീനം ചെലുത്തിയിരുന്ന  വിശാലമായ പ്രദേശങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏഷ്യൻ ഭാഗത്ത് വേറെയുമുണ്ടായിരുന്നു.

ഇന്നത്തെ ശ്രീലങ്കയും മിയാൻമാറും ഇന്തോനേഷ്യയും മലയേഷ്യയുമൊക്കെ ഇതിൽ പെടും.   കൂടാതെ ഇന്നത്തെ  തായ്ലാണ്ടിലും ലാവോസിലും കംബോഡിയയില്ലമെല്ലാം ഇന്ത്യയിൽ നിന്നുള്ള തത്വചിന്തയും സംസ്കാരവും  ഭാഷകളും  ലിപികളും സ്വാധീനം ചെലുത്തിയിട്ടുണ്ട്ബാങ്കോക്കിലെ ഒരു പ്രദേശത്തിന്ന് ഇന്നും കാഞ്ചനാപുരി എന്നാണ് പേർഅവിടത്തെ വിമാനത്താവളവും അറിയപ്പെടുന്നത് പേരിലാണ്എങ്കിലും പല കാരണങ്ങൾ കൊണ്ടും ഇവിടങ്ങളിലെല്ലാം തനതായ ദേശീയതകൾ ഉണ്ടായിവരികയാണ് ചെയ്തത്.    ശ്രീലങ്കയുടെ കാര്യത്തിൽ കടലിൽ വേറിട്ടു കിടക്കുന്ന ദ്വീപ് എന്ന സ്ഥിതി കൂടി ഒരു ഘടകമായിരുന്നുമിയാൻമാർ ദേശീയതയിൽ മോൺ വംശീയത സ്വാധീനം  ചെലുത്തിയിരുന്നു.   
ദീർഘകാലം ഏകീകൃതമായ മട്ടിൽ ഒരു വിദേശ രാജ്യത്തിന്റെ  കോളനികളായി നിലനിന്നിരുന്നതുകൊണ്ട് അതിനെതിരെ ഉയർന്നു വന്ന തദ്ദേശീയങ്ങളായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും ദേശീയതകളുടെ നിർമ്മിതിയിൽ  പങ്കാളികളാകുന്നുണ്ട്.    ഇന്നത്തെ ഇന്ത്യ എന്ന ദേശീയ സങ്കല്പത്തിന്റെ നിർമ്മിതിയിൽ അതിന്റെ ഭുമി ശാസ്ത്രപരമായ അതിരുകളും സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിന്നുപോന്ന സാമൂഹിക ബഹുസ്വരത സമ്മാനിച്ച  സംവാദസാദ്ധ്യതകളും കൂടി കാരണമായിട്ടുണ്ട്.

നമ്മുടെ കേരളം എന്ന  ഉപദേശീയത എങ്ങിനെ രൂപപ്പെട്ടു വന്നുവെന്ന് അന്വേഷിച്ചു നോക്കുന്നതു രസകരമായിരിക്കും.   സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇവിടെ വളർന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യാസമത്വങ്ങൾക്കെതിരെ നടന്ന   ഗുരുവായൂർ- വൈക്കം സത്യാഗ്രഹങ്ങൾ പോലുള്ള  പ്രസ്ഥാനങ്ങളും  തിരുവതാംകൂറിൽ  ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കാൻ രാജാവിനെ നിർബ്ബന്ധിതനാക്കിയ മട്ടിലുള്ള സാമൂഹ്യമുന്നേറങ്ങളും  ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും സഹോദരൻ അയ്യപ്പനും  പോലുള്ള സമൂഹപരിഷ്കർത്താക്കളും  ഭാഷാസ്നേഹികളായ കവികളും സാഹിത്യകാരന്മാരും മറ്റും ചേർന്നാണ് അത് സൃഷ്ടിച്ചെടുത്തത്കവികളുടെയും സാഹിത്യകാരന്മാരുടേയും പങ്ക് ചർച്ച ചെയ്യുമ്പോൾ നമ്മുടെ ശ്രദ്ധയിൽ ആദ്യംതന്നെ വന്നുപെടുന്നത് തുഞ്ചത്തെഴുത്തഛനാണ്മലയാളഭാഷ നേടിയെടുത്ത സാർവ്വജനീനഭാവം ബഹുജനസമക്ഷം അവതരിപ്പിച്ചുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന മട്ടിൽ ഭാഷയിൽ ആദ്യമായി ഒരു കാവ്യം എഴുതിവച്ചു കൊണ്ടാണ് അദ്ദേഹം നമുക്കെല്ലാം പ്രാതസ്മരണീയനായത് കാവ്യം അന്നത്തെ മുഖ്യധാരാ സമൂഹത്തെ  ഏകോപിപ്പിച്ചെടുക്കുന്നതിൽ വിജയക്കുകയും ചെയ്തു.   മറ്റൊരാൾ  കുഞ്ചൻ നമ്പ്യാരാണ്. അദ്ദേഹം കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള  ജനവിഭാഗങ്ങളെ മുഴുവൻ കഥാപാത്രങ്ങളാക്കി. കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നുള്ള കവി ഇരയിമ്മൻ തമ്പിയുടെ പ്രസിദ്ധമായ താരാട്ടു കവിതയാണ് മറ്റൊന്ന്ഓമനത്തിങ്കൾ കിടാവോ....... എന്ന കവിത ലാളിത്യം കൊണ്ടും ഭാവന കൊണ്ടും അതിലെ അസങ്കുചിതമായ, പ്രപഞ്ചത്തോളം വളർന്നു നിൽക്കുന്ന  ഈശ്വര സങ്കല്പം കൊണ്ടും മാനഷ്യകത്തിന്റെ നിറവുകൊണ്ടും മലയാള ഭാഷ സംസാരിക്കുന്നവരെയൊക്കെ സ്വാധീനിച്ചു കൊണ്ട്  കേരളക്കരയുടെ  വടക്കേ അറ്റം വരെ എത്തി. അത് കുഞ്ഞുങ്ങൾക്ക് പാടിക്കൊടുത്ത ഒരോരുത്തരും അതിലെ ഭാഷ എല്ലാവരും കൂടി കാത്തു സൂക്ഷിക്കേണ്ട ഒരു പൈതൃകമാണെന്ന് കരുതി.   മഹാകവി വള്ളത്തോളും കൂട്ടുകാരും  കഥകളിയുടെ പുനരുദ്ധാരണത്തിന്നായി കേരളക്കരയിൽ അങ്ങോളമിങ്ങോളമായി നടത്തിയ  പരിശ്രമങ്ങളുടെ പരിസമാപ്തിയിൽ കേരളം എന്ന ഉപദേശീയത തെളിഞ്ഞുവരുന്നുണ്ടായിരുന്നുകാരണം കലാരൂപത്തിൽ പ്രദേശത്ത് നിലനിന്നിരുന്ന നാടൻ കലകളുടെ  സ്വാധീനം തന്നെ.    വേഷത്തിലും ചമയങ്ങളിലും പാട്ടിലും വാദ്യങ്ങളിലും എല്ലാം കലാരൂപം തനി കേരളീയമായി വളർന്നു വന്നുഅതിന്റെ ആഹാര്യനിഷ്ഠകളിലും നൃത്തച്ചുവടുകളിലും  തെയ്യങ്ങളുടേയും തിറകളുടെയും മയിൽപ്പീലിനൃത്തത്തിന്റേയും പരണേറ്റിന്റേയും മറ്റും സ്വാധീനം നിലനിന്നത്  കേരളീയത എന്ന ആശയത്തെ സ്ഥായീവൽക്കരിക്കാൻ ഒട്ടൊന്നുമല്ല സഹായിച്ചത്.   
ഭാരതമെന്നുകേട്ടാല്അഭിമാന പൂരിതമാകണമന്തരംഗം,
കേരളമെന്നുകേട്ടാലൊ തുടിക്കണം ചോര നമുക്ക് ഞരമ്പുകളില്

എന്ന വള്ളത്തോൾ കവിതയും അന്നും ഇന്നും നമ്മുടെ  ഉപദേശിയതയുടെ നിർമ്മിതിയും  നിലനിൽപ്പും  ഉറപ്പാക്കാൻ പോന്നതായിരുന്നുഅതൊക്കെ സംഭവിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ മാത്രമാണ്അതിന്നുമുമ്പ്,    മേൽപ്പറഞ്ഞ  സംഭവപരമ്പരകൾക്കും മുമ്പ്കേരളത്തിലെ ജനങ്ങൾ ശിഥിലങ്ങളായ രാജാധികാരങ്ങളുടെ ബലപ്രയോഗത്തിനടിപെട്ടുതന്നെ  വിഘടിതരായി ജീവിതം നയിക്കുകയായിരുന്നു.

കേരളമെന്ന ഉപദേശീയതയുടെ നിർമ്മിതിയിലെ രാഷ്ട്രീയഘടകങ്ങളെ   പഠിക്കാൻ  ഏറ്റവും വലിയ ദൃഷ്ടാന്തമായെടുക്കാവുന്നത് കേരളത്തിന്റെ തെക്കൻ പ്രദേശമായ പഴയ തിരുവിതാംകൂറിന്റെ രാജ്യചരിത്രം തന്നെയാണ്ഐക്യകേരളം രൂപംകൊള്ളുന്ന കാലത്ത്  ഇന്ത്യയിലെതന്നെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ .   ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കാലത്ത്  അത് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ സന്നദ്ധമാകാതെ നിൽക്കുന്നുണ്ട്

ഏതാണ്ട് എട്ടാംനൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ ഫ്യൂഡൽ വ്യവസ്ഥയിൽ നാട്ടുകൂട്ടങ്ങളും മാടമ്പിമാരും പ്രാദേശിക സ്വരൂപങ്ങളും ചേർന്നാണ് മുഴുവന്കേരളക്കരയിലെയും  ഭക്ഷ്യത്തിന്റെയും വാണിജ്യവിളകളുടേയും  ഉത്പാദനവും  വിതരണവും നിയന്ത്രിച്ചിരുന്നത്.   ഇവിടത്തെ ജനങ്ങളിൽനിന്ന് ഉയർന്നുവന്ന  ഒരു സ്വാഭാവിക സമൂഹനിർമ്മിതി ആയിരുന്നു അത്സ്വരൂപങ്ങൾ തമ്മിലും മാടമ്പിമാർ തമ്മിലും പല കാരണങ്ങൾകൊണ്ട്  വഴക്കുകളുണ്ടാകുന്നത് പതിവായിരുന്നുമൂപ്പിളമാവകാശങ്ങളും ഭുഭാഗങ്ങളും നദികളിലൂടെയുള്ള ചരക്കുകടത്തിനുള്ള അവകാശങ്ങളും ക്ഷേത്രങ്ങളിൻമേലുള്ള  അധികാരങ്ങളുമൊക്കെ തർക്കങ്ങൾക്കു കാരണമായിരുന്നു.
അക്കൂട്ടത്തിൽ പെരിയാറിന്റെ തെക്കേതീരം മുതൽ കന്യാകുമാരി പ്രദേശത്തെ നാഞ്ചിനാട് വരെയുള്ള നാടുകളായിരുന്നു  തെക്കുംകൂർ, വടക്കുംകൂർ , കായംകളം, കരുനാഗപ്പള്ളി, നെടുമങ്ങാട്, ആറ്റിങ്ങൽ, തിരുവിതാംകോട് തുടങ്ങിയവ.    ഇവയൊക്കെ എട്ടാം നൂറ്റാണ്ടോടെ, കേരളക്കരയിലെല്ലായിടത്തേയും എന്നപോലെപ്രാദേശികതലത്തിൽ മാടമ്പി കുടുംബങ്ങളിൽ നിന്ന്  ഉയർന്നുവന്നവരുമായിരുന്നു  സ്വരൂപങ്ങളെല്ലാം അമ്മ വഴിക്കോ അഛൻ വഴിക്കോ പരസപരം ബന്ധപ്പെട്ടിരുന്നവയായിരുന്നു.       അവയിൽ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന ഒരു മൂലസ്വരൂപത്തിന്റെ ശാഖകളായിരുന്നു ആറ്റിങ്ങൽ മുതൽ തോവാള വരെ ഉണ്ടായിരുന്ന സ്വരൂപങ്ങൾഇവക്കായിരുന്നു തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ  നടത്തിപ്പിൽ പങ്കുണ്ടായിരുന്നത്.   അതാത് കാലത്ത് സ്വരൂപങ്ങളിലെ പ്രായം ചെന്നയാൾ മേൽപറഞ്ഞ അധികാരത്തോടെ തുപ്പാപ്പുർ മൂപ്പൻ എന്നറിയപ്പെട്ടു.   ഇന്നത്തെ തിരുവനന്തപുരത്തിന്റെ പ്രാന്തത്തിലുള്ള തൃപ്പാദപുരത്ത് ഒരു കാലത്ത് താമസമുറപ്പിച്ചിരുന്നതുകെണ്ടാണ് പേർ വീണത്പത്മനാഭസ്വാമി ക്ഷേത്രം നിയന്ത്രിച്ചിരുന്ന എട്ടരയോഗത്തിൽ അംഗമായിരുന്നു തൃപ്പാപ്പൂർ മൂപ്പൻ.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ കാര്യങ്ങൾ അങ്ങിനെയൊക്കെത്തന്നെ നടന്ന പോന്നു.  1720-ഓടെ തിരുവിതാംകോട് ശാഖയിലുണ്ടായ ഒരവകാശത്തർക്കത്തെത്തുടർന്നാണ് ചരിത്രം മാറിമറിയുന്നത്തുടർന്ന് ഇന്നത്തെ പത്മനാഭപുരത്തിന്റെ  പരിസരങ്ങളിൽ   അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അധികാരം പിടിച്ചെടുത്തു പ്രക്രിയയിൽ അദ്ദേഹത്തിന് പ്രാദേശികരായ മാടമ്പിമാരെയും നാട്ടുകൂട്ടങ്ങളേയും ഇല്ലാതാക്കേണ്ടി വന്നു.   അതുവരെ സംഭവിച്ചിട്ടില്ലാത്ത മട്ടിൽ  പ്രദേശത്ത് അധികാരം പൂർണ്ണമായും കയ്യാളാനും ഭരണം മൊത്തത്തിൽ  നിയന്ത്രിക്കാനും നയം തന്നെ പ്രാപ്തനാക്കിയെന്ന അറിവ് പിന്നീട് അതേ മട്ടിൽ  പരിസരങ്ങളിലെ സ്വരൂപങ്ങളെയും മാടമ്പിമാരെയും കീഴ്പെടുത്തിക്കൊണ്ട് കൂടുതൽ വടക്കോട്ട്  അധികാരം സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിന് ധൈര്യം നൽകി.    ശ്രമത്തിന്നിടയിൽ മാടമ്പിമാരും നാട്ടുകൂട്ടങ്ങളുമായി നിലനിന്നിരുന്ന പഴയ ഭരണവ്യവസ്ഥ അപ്പാടെ അദ്ദേഹം തുടച്ചു നീക്കിമാടമ്പിമാരിൽ തനിക്ക് കീഴ്പെടാത്തവരെയെല്ലാം  കുടുംബത്തോടെ ഉന്മൂലനം  ചെയ്തുകൊണ്ടാണ് അത് അദ്ദേഹം സാധിച്ചെടുത്തത്.   അപ്പോഴേക്ക് അമ്പും വില്ലും കുന്തങ്ങളും കവണകളും ഉപയോഗിച്ചുള്ള യുദ്ധങ്ങളുടെ കാലം കഴിഞ്ഞ്  വെടിമരുന്നും തോക്കും പീരങ്കികളും യുദ്ധരംഗത്ത്  അധിപത്യം സ്ഥാപിച്ചിരുന്നുവെന്ന കാര്യം കൂടി നാം കാണേണ്ടതുണ്ട്.    അങ്ങിനെയാണ് ചരിത്രത്തിൽ ആദ്യമായി ഒരൊറ്റ  രാജാവിൽ കേന്ദ്രീകരിക്കപ്പെട്ട ഭരണസംവിധാനം  തിരുവിതാംകൂർ എന്ന പേരിൽ പെരിയാറിനു തെക്കുള്ള പ്രദേശങ്ങളിൽ ഉടലെടുക്കുന്നത്.   അതിനെ തിരുവിതാംകൂർ എന്ന് വിളിക്കാൻ തുടങ്ങിയത് യൂറോപ്യന്മാരായിരുന്നുഅപ്പോഴും അത് ഒരു ഏകാധിപതിയുടെ കീഴിൽ  രൂപംകൊണ്ട രാജ്യമായിരുന്നു; ദേശീയതയായിരുന്നില്ല.  

തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തേതുപോലെമലബാർ  പ്രദേശങ്ങളുടെ രാഷ്ട്രീയമായ ഏകീകരണം സംഭവിക്കുന്നത് മൈസൂർ ഭരണകാലത്തായിരുന്നു.    തുടർന്ന് തിരുവിതാംകൂറിന്റെ രൂപീകരണം പൂർത്തിയാകുന്ന കാലമാകുമ്പോഴേക്ക് ഉത്തര-മദ്ധ്യകേരളങ്ങൾ പൂർണ്ണമായും ബ്രിട്ടീഷ് ധിപത്യത്തിലായിക്കഴിഞ്ഞിരുന്നുബ്രിട്ടീഷുകാർ അത് നേടുന്നത്  ടിപ്പുസുൽത്താന്റെ പതനത്തോടെ ആണ്.  

1947 ആകുമ്പോഴേക്ക് പ്രദേശങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ജനാധിപത്യപ്രവണതകൾ തലപൊക്കുകയും ഭരണത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുകയും ചെയ്തിരുന്നു.    പശ്ചാത്തലത്തിലാണ് ഭാഷാടിസ്ഥാനത്തിൽ ഒരേകീകൃത കേരളക്കരയെന്ന ആശയം ഉടലെടുക്കുന്നതും രണ്ട് പ്രദേശങ്ങളിലേയും ജനങ്ങൾ അതിന്ന് പച്ചക്കൊടികാട്ടുന്നതും.    ഭാഷാടിസ്ഥാനത്തില്അന്ന് ഇന്ത്യയൊട്ടാകെ സംസ്ഥാനവിഭജനം നടത്തിയത് നമ്മുടെ ഉപദേശീയതയെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

കാലങ്ങളിലെല്ലാം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ഥിതി എല്ലായിടത്തും ഏതാണ്ട്  ഇതുപോലെത്തന്നെ ആയിരുന്നു. ഉത്തരേന്ത്യയിൽ പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ  കൂടുതൽ വിശാലമായ സ്ഥലങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് കേന്ദ്രീകൃതഭരണം കൊണ്ടുവന്നത്  അക്കാലത്ത് ഡൽഹി സുൽത്താനത്തുകളോ  മുഗളരോ മറാത്ത രാജവംശമോ ആയിരുന്നുവെന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാം ബലപ്രയോഗം കൊണ്ടു തന്നെയാണ് അത് സാധിച്ചതുംഅതു കൊണ്ടു തന്നെ സാമാന്യജനങ്ങൾ അതാതു കാലത്ത് മാറിയും മറിഞ്ഞും അധികാരത്തിലെത്തിയിരുന്നവരെ, രാജാക്കന്മാരെ, അംഗീകരിച്ചുകൊണ്ട് കഴിഞ്ഞു പോന്നു.

പിന്നീട് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലൂടെ സാവകാശം ഇന്ത്യയൊട്ടാകെ ഭരണമേറ്റെടുക്കകയായിരുന്ന ഇംഗ്ലണ്ടിലെ രാജവംശം.     ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മൊത്തത്തിൽ ഒരു രാജ്യമായി സങ്കൽപ്പിച്ചു വച്ചാണ് ബ്രിട്ടീഷുകാർ പിന്നീട് ഭരണം നടത്തിയത്.   പക്ഷെ വാസ്തവത്തിൽ അതിലുണ്ടായിരുന്നത് ബ്രിട്ടീഷ് മേൽക്കോയ്മ സ്വീകരിച്ച അസംഖ്യം രാജ്യങ്ങളായിരുന്നു.   പിന്നീട് അവരിൽ കുറച്ചു പേരിൽ നിന്നെങ്കിലും ഭരണാധികാരം ബ്രിട്ടീഷ് ഭരണകൂടം പൂർണ്ണമായും പിടിച്ചെടുത്തു. എങ്കിലും 1947-ലും ബ്രിട്ടന്റെ മേൽക്കോയ്മക്ക് കീഴിൽ കുറച്ച് നാട്ടുരാജ്യങ്ങൾ നിലനിന്നിരുന്നു.   അക്കൂട്ടത്തിലായിരുന്നു തിരുവിതാംകുർഅക്കാലത്തേക്ക് മലബാർ പ്രദേശം പൂർണ്ണമായും ബ്രിട്ടീഷ് ഭരണത്തിലുമായിരുന്നു.     കാലാകാലങ്ങളായി ബ്രിട്ടണിൽ  ഭരണസംവിധാനം ജനായത്തരീതിയിലേക്ക് പൂർണ്ണമായി മാറിയെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ സംബന്ധിച്ചേടത്തോളം ഇംഗ്ലണ്ട് അധീശശക്തിയായി തന്നെ തുടർന്നുഅവർക്ക് ഭരണനിർവ്വഹണത്തിന്   ഇന്ത്യയൊട്ടാകെ  ഒരു ഉദ്യോഗസ്ഥവൃന്ദത്തെയും പട്ടാളത്തേയും പൊലീസ് സേനയേയുമൊക്കെ സജ്ജമാക്കിയെടുക്കേണ്ടി വന്നു.   അതിൽ ആസേതുഹിമാചലദേശങ്ങളിൽ   നിന്നുള്ളവർ ഭാഗഭാക്കുകളാകേണ്ടിയിരുന്നത് അനിവാര്യമായിരുന്നുനരവംശപരമായും ഭാഷാപരമായും സാംസ്കാരികമായും   അത്രക്ക് വൈവിദ്ധ്യമേറിയ ഒരു കൂട്ടം ജനങ്ങളെയാണ് അവർക്ക് ഭരിക്കേണ്ടിയിരുന്നത്.   പത്തൊമ്പതാം നൂറ്റാണ്ടിൽ നിലവിൽ വന്ന തീവണ്ടിപ്പാതകൾ ഭരണത്തിന്റെ ഏകീകരണം കൂടുതൽ സുഗമമാക്കുന്നുണ്ട്അതുകൊണ്ടൊക്കെയാണ് ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉപഭൂഖണ്ഡത്തെ മൊത്തം പ്രതിനിധികരിക്കുന്ന ഒരു നേതൃത്വം ഉണ്ടായി വന്നത്.   നേതൃത്വം വിഭാവനം ചെയ്തത് ബഹുസ്വരതയിലൂന്നിക്കൊണ്ടുള്ള ഒരു ജനായത്തഭരണക്രമം ആയിരുന്നതുകൊണ്ടാണ് കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ജനങ്ങളെല്ലാം അതിന്നു കീഴിൽ അണിനിരന്നതും.    ഘടകങ്ങളൊക്കെ ഇന്ത്യൻ ദേശീയതയെ രൂപപ്പെടുത്തന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.    ബഹുജനപങ്കാളിത്തമുള്ള ജനായത്തരീതിയിലേക്കാണ് ഭരണം മാറുന്നത് എന്ന പ്രതീക്ഷാനിർഭരമായ അവസ്ഥ കൂടി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളെ അക്കാലത്ത് സ്വാധീനിച്ചിരുന്നുഅതൊന്നുമില്ലായിരുന്നെങ്കിൽ, ഒരു പക്ഷെബ്രിട്ടീഷുകാർ ഇവിടെ നിന്ന് തിരിച്ചു പോകുന്ന സമയത്ത് ഒരേകീകൃത ഇന്ത്യക്കു പകരം അനേകം കൊച്ചുരാജ്യങ്ങളാകും ഇവിടെ രൂപപ്പെട്ടിട്ടുണ്ടാവുക.   സ്വാതന്ത്ര്യാനന്തര ഇന്ത്യൻ  യൂണിയനിൽ  ചേരാൻ മടിച്ചുനിന്ന ഒരു കൂട്ടം നാട്ടുരാജാക്കന്മാരും നവാബുമാരും ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യം നാം മറന്നു കൂടാ. ജൂനാഗഢും ഹൈദരബാദും തിരുവിതാംകൂറുമെല്ലാം അതിൽ പെടും.    അവരെയൊക്കെ അനുനയത്തിലൂടെയും അത്യാവശ്യം ബലപ്രയോഗഭീഷണിയിലൂടെയും  തന്നെയാണ് യൂണിയനിൽ ചേർത്തതും

അപ്പോൾ വന്നപെടുന്നത് ഇന്ന് നാം ഓരോരുത്തരെയും ഉൾക്കൊള്ളുന്ന ഇന്ത്യൻ ദേശീയതക്ക് കവിഞ്ഞാൽ 1857-ലെ ഒന്നാം സ്വാതന്ത്യസമരമെന്ന് നാം പറയുന്ന ശിപായി ലഹളയുടെ കാലത്തോളമേ പഴക്കം കൽപ്പിക്കാനാകൂ എന്നാണ്.   അതിന്നു മുമ്പ് അങ്ങിനെ ഒരൊറ്റ ദേശം എന്ന നിലയിൽ ഏകീകൃതരാകാൻ  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളോ ഭരണാധികാരികളോ   ഒരു ശ്രമവും നടത്തിയിട്ടില്ലപ്രാഗ് ജ്യോതിഷവും കാശ്മീരവും ദ്വാരകയും പാണ്ഡ്യദേശവുമൊക്കെ ഇന്ത്യൻ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്നെങ്കിലും അവ ഒറ്റക്കു നിൽക്കുന്ന രാജഭരണപ്രദേശങ്ങൾ മാത്രമായാണ് തുടർന്നു പോന്നിരുന്നത്.     പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങൾ നാമ്പിടുന്നതോടെ മാത്രമാണ്   മുഴുവൻ ജനങ്ങളേയും ഉൾക്കൊണ്ടുകൊണ്ടുള്ള ദേശീയത എന്ന ആശയം ഇവിടെ വേരോടിത്തുടങ്ങുന്നത്.

സി.. ഒന്നാം നൂറ്റാണ്ട് മുതലെങ്കിലും റോമാസാമാജ്യം മദ്ധ്യധരണിക്കടൽ കടന്ന് കിഴക്കോട്ടും തെക്കോട്ടും യൂറോപ്പൻ വൻകരയിലൂടെ വടക്കോട്ടും പടിഞ്ഞാട്ടുമൊക്കെ പടർന്നു പന്തലിച്ചുണ്ട്അത് കണക്കിലെടുക്കുമ്പോൾ, രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും  കാലം മുതലേ ദേശീയത എന്ന ആശയം നിലവിലുണ്ടായിരുന്നെങ്കിൽ, പിൽക്കാലത്ത്   ബ്രിട്ടീഷ് ദ്വീപുകൾ മുതൽ മദ്ധ്യേഷ്യ വരെ, ഇന്നത്തെ തുർക്കിയും ഈജിപ്തും അടങ്ങുന്ന പ്രദേശങ്ങളടക്കം   ഇന്നും ഒരൊറ്റ ദേശീയതയായി നിലകൊള്ളാൻ സാദ്ധ്യതയുണ്ടായിരുന്നു    പക്ഷേ അങ്ങിനെയൊന്നും  സംഭവിച്ചില്ല.   റോമാസാമാജ്യം ശിഥിലമാകുകയും പ്രാദേശികമായ  അനേകം  രാജാക്കന്മാർ  അധികാരം  കയ്യാളാനെത്തുകയും ചെയ്തു.    രാജാക്കന്മാരുടെ ഭരണാതിർത്തിക്കുള്ളിൽ ഒരോന്നിലും ഓരോ ദേശീയതകൾ ഉണ്ടായി വന്നിട്ടുമില്ല.     ഇറ്റലിയിലെ പ്രഭുകുടുംബങ്ങളിൽ നിന്നുള്ളവർ നിരന്തരമായി  മാർപാപ്പമാരായി വന്നിരുന്ന കാലത്ത്  വത്തിക്കാൻ കേന്ദ്രമായി, പോപ്പിന്റെ ഭരണനിയന്ത്രണത്തിൽത്തന്നെ, ഒരു രാജ്യമെന്നപോലെ  അനേകം പ്രദേശങ്ങൾ  ഉണ്ടായിരുന്നുഅവയൊട്ടാകെ പില്ക്കാലത്ത് ഇറ്റാലിയന്ദേശീയതയില്ലയിക്കുന്നതാണ് നാം കാണുന്നത്റോമാസാമ്രാജ്യത്തിന്നു ശേഷം ലോകത്ത് പലയിടത്തും മംഗോൾ സാമാജ്യങ്ങളും ആറബ് കാലിഫേററുകളും മറ്റും  ഭരണം നടത്തിയിട്ടുണ്ട്.   അവയുടെ പേരിലും ഇന്നെവിടെയും ദേശീയതകൾ രൂപം കൊണ്ടിട്ടില്ല.    ഇപ്പറഞ്ഞവയുടേയെല്ലം  പാരമ്പര്യം അവകാശപ്പെടുന്ന പല  പ്രസ്ഥാനങ്ങളും  വൈകാരികമായി പ്രതികരിച്ചുകൊണ്ട്  അവയുടെ കുടക്കീഴിൽ മനുഷ്യരെ അണിനിരത്താൻ നിരന്തരം ശ്രമിച്ചുപോന്നുവെങ്കിലും  ആത്യന്തികമായി അതൊന്നും  ഫലവത്താകാതിരിക്കുന്നതാണ്  നാം  കാണുന്നത്.     ഇതു കാണിക്കുന്നത്  അധികാരം കയ്യാളാൻ സാമാജ്യജനങ്ങൾക്കാകുക  എന്നത് ദേശീയതകളുടെ നിർമ്മിതിക്ക് വേണ്ട പ്രധാന ഘടകം ആണെന്നാണ്.   അത് ഏകാധിപത്യത്തെയോ  അധികാരത്തിന്റേയും ചിന്താപദ്ധതികളുടേയും   ഏതെങ്കിലും മട്ടിലുള്ള കേന്ദ്രീകരണങ്ങളെയോ പൂർണ്ണമായും തള്ളിക്കളയുന്നു,    ബഹുസ്വരത അതിന്റെ മുഖമുദ്രയാകുന്നുമനുഷ്യരെ ഏകോപിപ്പിക്കാനും  അവരുടെ കൂട്ടായ്മകൾ രൂപപ്പെടുത്താനും  വൈകാരികതയുടെ ഏക ശിലാരൂപങ്ങൾ ആവശ്യമില്ലെന്നും മാനവീയതയിലൂന്നിയ വീക്ഷണങ്ങളിലാണ്  ദേശീയതകൾ നിലനിൽക്കുന്നതെന്നും  വരുന്നു.   പലതരം  വൈകാരികഘടകങ്ങളുടെ വൈവിദ്ധ്യത്തെ  മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് മാനുഷ്യകത്തിൽ ഊന്നിനിൽക്കുന്ന ദേശീയതകളാണ്  ഇന്ന്    ലോകമെമ്പാടും നിലനിൽക്കുന്നതെന്ന്  നാം കണ്ടുകൊണ്ടിരിക്കുകയുമാണ്.   

പത്തൊൻപതാം  നൂറ്റാണ്ടോടെ ഉറച്ച രൂപങ്ങൾ കൈക്കൊള്ളുന്ന ലോകത്തിലെ വിവിധ ദേശീയതകളുടെയൊക്കെ ചരിത്രം ഇങ്ങിനെയൊക്കെത്തന്നെ ആണ്അവക്കൊക്കെ   പ്രചോദനമായി നിന്നത് ഏകാധിപത്യങ്ങളെ മാറ്റിനിർത്തി പ്രദേശത്തെ എല്ലാ ജനങ്ങൾക്കും പ്രതിനിദ്ധ്യം ഉറപ്പാക്കുന്ന ജനായത്ത ഭരണരീതികളുടെ സാദ്ധ്യതകൾ തുറന്നു കിട്ടിയതാണ്അതില്ലായിരുന്നെങ്കിൽ സ്വന്തം ദേശം എന്ന സങ്കൽപമോ, ദേശവാസികളുടെ ഐക്യപ്പെടലിലൂടെ അവർക്ക് ലഭ്യമാകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നിർമ്മിതിയായ ദേശസ്നേഹികളായ  പൗരസമൂഹങ്ങളോ  രൂപപ്പെട്ടുവരില്ലായിരുന്നു. ഏകാധിപത്യങ്ങളുടെ ഇരുട്ടറകളിൽത്തന്നെ സാമാന്യജനങ്ങൾ കഴിച്ചുകൂട്ടേണ്ടിവരുമായിരുന്നു.  


ദേശീയതകളാകട്ടെ  ജന്മംകൊണ്ടിട്ട്   മനുഷ്യചരിത്രത്തിൽ അധികകാലമൊന്നുമായിട്ടില്ല.    ഏതെങ്കിലും ദേശീയത ചരിത്രകാലത്തിന്റെ തുടക്കം മുതലുള്ള പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിൽ അതു് അവാസ്തവമാണ്, കെട്ടിച്ചമച്ചെടുക്കുന്ന  പൊങ്ങച്ചങ്ങൾ മാത്രമാണ്.   

No comments:

Post a Comment