Sunday, September 13, 2009

കാലമിങ്ങിനെ....

കുറച്ചു ദിവസം മുമ്പ്‌ ഒരു പത്രത്തില്‍ കണ്ട വാര്‍ത്ത. കേരളത്തില്‍ വടക്ക്‌ വടക്ക്‌ ഏതോ ഒരു ഉള്‍നാട്ടില്‍ ഒരു വീട്ടില്‍ ഒരു കുട്ടി ഒരു വാഷിങ്ങ്‌ മെഷീനില്‍ തല മുങ്ങി കിടന്നത് കാരണം മരിച്ചു. കുട്ടിക്ക വയസ്സ്‌ ഒന്നര. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്‌ അലക്ക് യന്ത്രത്തിന്റെ പാത്രത്തില്‍ എന്തുണ്ടെറിയാന്‍ അവന്‌ കൌതുകം. സമീപത്തുണ്ടായിരുന്ന പ്ളാസ്‌ററിക്‌ കസേര നീക്കി അവന്‍ അലക്കുയന്ത്രത്തിനടുത്തെത്തുന്നു. അതില്‍ പിടിച്ച്‌ കസേരയില്‍ കയറുന്നു. പിന്നെ അവനതിനകത്തേക്ക്‌ എത്തിനോക്കുന്നു, ചിലപ്പോള്‍ സ്വല്‍പം ഏന്തിവലിഞ്ഞുമായിരുന്നിരിക്കും. പാത്രത്തില്‍ നിറയെ പതഞ്ഞുകിടക്കുന്ന വെള്ളം. കുരുന്നിന്‌ കൌതുകവും കുസൃതിയും വിടരുന്നു. അവനതില്‍ കയ്യിട്ട്‌ കളിച്ചു രസിക്കുന്നു. പെട്ടെന്ന്‌ പ്ളാസ്‌ററിക്‌ കസേര നിരങ്ങിമാറുന്നു. എവിടേയോ അവന്‌ പിടിവിടുന്നു . അവന്‍ അലക്കുയന്ത്രത്തിനകത്തേക്ക്‌ വീഴുന്നു. യന്ത്രം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു എന്ന്‌ നമുക്ക്‌ കരുതുക.

ഇതിലെന്തപ്പാ പുതുമ? വെള്ളത്തില്‍ തലയും മൂക്കും മുങ്ങിക്കിടന്നാല്‍ കുട്ടികളല്ല കൂററനാനകളായാലും ചത്തുപോകുമെന്ന്‌ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

പക്ഷേ വാര്‍ത്ത മുഴുവന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ വേറെ എന്തൊക്കയോ സന്ദേഹങ്ങളും ചോദ്യങ്ങളുമൊക്കെ മനസ്സിലെത്തിയത്‌. കുട്ടി വീട്ടില്‍ തനിയെയായിരുന്നു എന്ന്‌ നാമറിയുന്നു. അവന്‍, ഒന്നരവയസ്സുകാരന്‍, വീട്ടില്‍ തനിയെ ആകാന്‍ കാരണം? അവന്റെ മുത്തച്ഛന്‍ എന്തോ ചെറിയ ആവശ്യത്തിന്‌ വാതിലടച്ചുവെച്ച്‌ തത്കാലം പുറത്തേക്കൊന്നു പോയി. അത്രയേയുള്ളു.

അപ്പോള്‍ കുട്ടിയുടെ അച്ഛനുമമ്മയും എവിടെയായിരുന്നു? അങ്ങകലെ ഏതോ ശീമയില്‍. അവരവിടെ മകനു ജീവിക്കാനാവശ്യമായ പണമുണ്ടാക്കേണ്ട തിരക്കിലായിരുന്നു; പാവം.

കുട്ടിക്ക്‌ ആറേഴുവയസ്സുള്ള ഒരു ചേച്ചിയുള്ളത്‌ എവിടെയായിരുന്നു? കുറച്ചു ദൂരെ, എന്നു പറഞ്ഞാല്‍, ഒരമ്പതു കിലോമീററര്‍ ദൂരെ കുട്ടിയുടെ ഒരച്ഛന്‍ പെങ്ങളുടേയോ അമ്മായിയുടേയോ വീട്ടില്‍ല അവരുടെ പരിരക്ഷണയില്‍ കഴിയുകയായിരുന്നു. അമ്മക്കുമച്ഛനും കുട്ടികളെ വളര്‍ത്താന്‍ കാശുണ്ടാക്കാന്‍ പോകേണ്ടതുകൊണ്ട്‌ മകളേയും വല്ലവരേയും ഏല്‍പ്പിക്കാനേ നിവൃത്തിയുള്ളുവല്ലോ.

കുട്ടിക്ക്‌ പത്തുപന്ത്രണ്ടു വയസ്സായ ഒരു ചെട്ടനുള്ളത് എവിടെയായിരുന്നു? അതിന്റെ കാര്യമാണ്‌ അതിലേറെ കഷ്ടം. അവനും ദൂരെ ആ ശീമയില്‍ത്തന്നെയായിരുന്നു. കാരണം തന്റെ അനുജനും അനുജത്തിക്കും വേണ്ടി കാശുണ്ടാക്കാന്‍ അമ്മയുമച്ഛനും പാടുപെടുമ്പോള്‍ അവരെ സഹായിക്കാന്‍, അവര്‍ക്കൊരു കൈ താങ്ങാകാനുള്ള പരിശീലനം നേടുകയായിരുന്നു അവന്‍.

കുട്ടിയെ അന്വേഷിക്കാന്‍ വീട്ടില്‍ അവന്റെ മുത്തച്ചന്റെ കൂടെ അവന്റെ മുത്തശ്ശി ഇല്ലാതിരുന്നതെന്തേ ? പാവം മുത്തശ്ശി - ചികിതിസിക്കാന് ഇവടെ ആരുടേയും കയ്യില്‍ ഒരു കാശും ഇല്ലാതിരുന്നതുകൊണ്ട്‌ വളരെ നേരത്തേ തന്നെ വല്ല അസുഖവും പിടിച്ചപ്പോള്‍ മരിച്ചു കാണും.

ഒരൊന്നരവയസ്സുകാരനെ ശ്രദ്ധിക്കാന്‍ തത്കാലക്കേത്തെങ്കിലും ഒരു ജോലിക്കാരിയോ അയല്‍പക്കക്കാരിപോലുമോ ഇല്ലാതിരുതെന്തേ? അതിനൊക്കെ ഏതെങ്കിലും തരത്തില്‍ കാശു ചെലവാക്കേണ്ടി വരില്ലേ. അതിനൊന്നും ഇവിടെ പാങ്ങില്ലാത്തതുകൊണ്ടല്ലേ അച്ഛനുമമ്മയും അങ്ങ്‌ ശീമകളില്‍ പോയി കിടക്കുന്നത്‌.

അങ്ങിനെ, ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇവിടെ കിട്ടാതെ, അങ്ങകലെ ഏതൊക്കേയോ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെട്ട്‌ കാശുണ്ടാക്കി പാടുപെടുന്ന അച്ഛനമ്മമാരോട്‌ നമുക്ക്‌ സഹതപിക്കുക. ഇവരിലേറെയും സാമ്പത്തികമായി ഇടത്തരക്കാരും ബൌദ്ധികമായി മദ്ധ്യവര്‍ഗ്ഗത്തില്‍ പെടുന്നവരും ആണ്‌ താനും. ഇന്ത്യാ മഹാരാജ്യം ഇത്തരക്കാരോട്‌ - ധാരാളം വിദേശനാണ്യം നേടിത്തരുന്ന ഇക്കൂട്ടരോടു - എന്നും ഏതോതരത്തില്‍ കടുത്ത കൃതഘ്നത കാണിക്കുുണ്ടെന്ന്‌ ഇവിടത്തെ പത്രങ്ങളില്‍ ഇടക്കിടെ ഫീച്ചറുകള്‍ കാണാറുണ്ടെന്നും നാമറിയുക. അതുകൊണ്ട്‌ അവരോട്‌ നമുക്കുള്ള അനുതാപം നമ്മുടെ മനസ്സില്‍ നിന്ന്‌ കെട്ടുപോകാതെ കാക്കുക.

ഇത്തരം കാര്യങ്ങളൊന്നും ആരുമാരും ഇപ്പോള്‍ ചര്‍ച്ചചെയ്യാറില്ലെങ്കിലും ഒരു ദിവസം ആഫീസിലെ ഇടവേളകളൊന്നില്‍ വെറുതേ ഈ വിഷയം സംസാരത്തിനെടുത്തിട്ടു. ആളുകള്‍ മക്കളെ വല്ലവരേയും എല്‍പിച്ച്‌ അതിദൂരവിദേശങ്ങളില്‍ ഇങ്ങിനെ പോയി പണിയെടുക്കേണ്ട കാര്യം ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കുണ്ടോ? കുട്ടികള്‍ക്ക്‌ അവരുടെ ശൈശവത്തില്‍ അച്ഛനമ്മമാരുടെ പരിലാളനം കിട്ടാതെ വരുന്നത്‌ ഏതെങ്കിലും തരത്തില്‍ അവരുടെ വളര്‍ച്ചയെ ബാധിക്കില്ലേ. ഇങ്ങിനെയൊക്കെ ധാരാളം കാശുണ്ടാക്കിയില്ലെങ്കില്‍ ഇക്കൂട്ടര്‍ക്ക്‌ ഇവിടെ ജീവിക്കാനാവില്ലേ. അങ്ങിനെ പല കാര്യങ്ങളും ചര്‍ച്ചക്കെടുത്തിടണമെന്ന്‌ കരുതിയിരിക്കുമ്പോള്‍ ഒരു സുഹൃത്ത്‌ ഇങ്ങിനെ പറഞ്ഞു. 'എന്റെ ഇഷ്ടാ, പെററിട്ട്‌ ഇരുപത്തെട്ടാം പക്കം അമ്മ കുഞ്ഞിനെ അമ്മമ്മയുടെ കയ്യില്‍ കൊടുത്ത്‌ കുഞ്ഞിന്റെ അച്ചനെയും കൂട്ടി ദുബായിക്കു പറന്നത് നേരില്‍ ഞാന്‍ കണ്ടതാണ്‌. ചോദിച്ചപ്പോള്‍ പറഞ്ഞത്‌ നാലു കാശു കിട്ടുന്നത് കളഞ്ഞാല്‍ നാളെകാലത്ത്‌ എന്റെ മക്കള്‍ മാത്രമല്ലേ കഷ്ത്തിലാകാന്‍ കാണൂ എന്ന്‌. ഇതാണ്‌ കാലം ആളുകള്‍ക്ക്‌ കാശേ വേണ്ടൂ. അവര്‍ കാശുണ്ടാക്കുന്നു. അവരുടെ മക്കളും കാശുണ്ടാക്കുന്ന യന്ത്രങ്ങളായാല്‍ മതിയെന്ന്‌ അവര്‍ നിശ്ചയിക്കുന്നു. അവര്‍ മനുഷ്യരായാല്‍ ശരിയാകില്ല എന്നും അവര്‍ തീര്‍ച്ചയാക്കുന്നു. ഇത്തിരിയൊത്തിരി ദുരിതവും കഷ്ടപ്പാടുമൊക്കെയായി പരസ്പരം സ്നേഹിച്ചും അത്യാവശ്യത്തിന്‌ ആളുപകാരം ചെയ്തും കിട്ടാക്കടം കൊടുത്തും ഇവിടെത്തന്നെ കഴിച്ചുകൂട്ടിയാല്‍ അപമാനമാകുന്നു. പരദേശത്തെ കാശേ നമുക്ക വാഴൂ. അതവിടെ വിദേശകറന്‍സിയില്‍ കിട്ടുന്നതുകൊണ്ട്‌ ഇവിടെ അത്യാവശ്യങ്ങള്‍ക്കാണെങ്കില്‍പ്പോലും ചോദിക്കുന്ന ആര്‍ക്കും കടം കൊടുക്കാതെ കഴിക്കുകയും ചെയ്യാം.

വേറൊരു സുഹൃത്ത്‌ പ്രവാസിയായ മകള്‍ക്കു വേണ്ടി വയസ്സുകാലത്ത്‌ കണ്ടവരുടെ പടി തെണ്ടി നടക്കേണ്ടിവന്നതിന്റെ പരിഭവമാണ്‌ പറഞ്ഞത്‌. കേരളസര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നഴ്സായിരുന്നു മകള്‍. സര്‍വീസില്‍ നിന്ന്‌ പത്തു വര്‍ഷത്തെ ലീവെടുത്താണ്‌ വിദേശത്തു പോയത്‌. അവള്‍ അവിടെ ധാരാളം പണം സമ്പാദിക്കുന്നുണ്ട്‌. കൂടെ ഭര്‍ത്താവും. കുട്ടികള്‍ ഇവിടെ. അവര്‍ ജനിച്ചതും ആദ്യകാലത്ത്‌ വളര്‍ന്നതും ഇവിടെത്തന്നെയായതുകൊണ്ട്‌ സ്കൂള്‍ വിദ്യാഭ്യസം ഇവിടെത്തന്നെ, ഒരു വിധത്തില്‍, നടത്തിക്കൊടുത്തു. അതും ദൂരെ പട്ടണത്തില്‍ പണക്കാര്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍, ഒരകന്ന ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തി അയാളുടെ കെയര്‍ ടേക്കര്‍ ഷിപ്പിന്റെ സുരക്ഷയില്‍. ഒരോരുത്തരെയായി പ്ളസ്‌ ടു കഴിയുന്ന മുറക്ക്‌ തങ്ങളുടെ ഇപ്പോഴത്തെ ദേശത്തേക്ക്‌ കൊണ്ടുപോകാന്‍ അവര്‍ കൃത്യമായും കഷ്ടപ്പെട്ടു. അവിടെ തുടര്‍പഠനം പൂര്‍ത്തിയാക്കിച്ച്‌ ജോലി സമ്പാദിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ പിള്ളേര്‍ക്കൊന്നും യാതൊരു മനുഷ്യപ്പററുമില്ലെന്ന്‌ കെയര്‍ടേക്കര്‍ സൂചിപ്പിച്ച കാര്യം പറഞ്ഞപ്പോള്‍ 'ഓ അതിലൊക്കെ എന്തിരിക്കുന്നു? അതൊക്കെ നാട്ടിലാകുമ്പോള്‍ പോരേ. അവര്‍ നാലുകാശുണ്ടാക്കാന്‍ തുടങ്ങിയാലെന്തിനാ മനുഷ്യപ്പററ്‌' എന്നായിരുന്നു കുട്ടികളുടെ അച്ഛന്റെ പ്രതികരണം. മകള്‍ക്ക്‌ കെയര്‍ടേക്കറോട്‌ പരിഭവം. മക്കളുടെ പേരില്‍ അയാള്‍ പണം കുറേ പററിച്ചിട്ടുണ്ടെന്ന്‌ ആക്ഷേപവും.

ഏതായാലും പേരക്കുട്ടികളങ്ങെത്തിയല്ലോ, തലയിലെ ഭാരമൊഴിഞ്ഞല്ലോ എന്ന്‌ ആശ്വസിച്ചിരിക്കുമ്പോള്‍ മകള്‍ ഒരു സുപ്രഭാതത്തില്‍ വിളിക്കുന്നു - ഞാനങ്ങു വരികയാണ്‌. രണ്ടാഴ്ച അവിടെ കാണും. അത്രതന്നെ വിവരം. എന്തിനാണ്‌ വരുന്നതെന്ന കാര്യം കക്ഷി ഇവിടെയെത്തിയിട്ടാണ്‌ അറിയുന്നത്‌. കേരളസര്‍വ്വീസിലെ പത്തുവര്‍ഷത്തെ ലീവ്‌ കഴിയുന്ന വിവരം ആള്‍ ഇയ്യിടെയാണ്‌ ഓര്‍ത്തത്‌. പെട്ടെന്ന്‌ വിദേശജോലിസ്ഥലത്തു നിന്ന്‌ കുറച്ചു ദിവസത്തെ ലീവും സമ്പാദിച്ച്‌ നാട്ടിലെത്തുന്നു. പിന്നെ ഇവിടെ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന്‌ പണിയില്‍ പ്രവേശിക്കുന്നു. ഒരാഴ്ച അവിടെ പണിയൊന്നുമില്ലാതെ ജോലി ചെയ്യുന്നു. പിന്നെ വീണ്ടും പത്തൂവര്‍ഷത്തെ ലീവിന്‌ അപേക്ഷിക്കുന്നു. അത്‌ സാങ്ങ്ഷനാകാന്‍ താമസിക്കുമോ എന്നും ഭയന്ന്‌ അച്ഛനേയും കൂട്ടി രാഷ്ട്രീയദല്ലാള്‍മാരുടെയും ആപ്പീസര്‍മാരുടേയും പടിപ്പുറത്ത്‌ കാത്തുകെട്ടി നില്‍ക്കുന്നു. ഒരുവിധത്തില്‍ ലീവ്‌ ശരിയാക്കി റിലീവിങ്ങ്‌ ഓര്‍ഡര്‍ വാങ്ങി ഏററവും അടുത്ത വിമാനത്തിന്‌ തിരികെ വിദേശത്തേക്ക്‌.

നാട്ടിലെ ഈ അദ്ധ്വാനത്തിനൊക്കെ കൂടെ പോയി കഷ്ടപ്പെടേണ്ടത്‌ പ്രായമായ അച്ഛന്റെ ഉത്തരവാദിത്തം. അങ്ങോര്‍ കരുതിയിരുന്നത്‌ മകള്‍ ഇനി കേരളത്തിലെ ജോലി നിലനിര്‍ത്താന്‍ യാതൊരു സാദ്ധ്യതയും ഇല്ലെന്നായിരുന്നു. മകളുടെ കൂടേ കഷ്ടപ്പെടുന്നതിനിടയില്‍ ഒരിക്കല്‍ ചോദിച്ചു - എന്തിനാ ഈ പെടാപ്പാടൊക്കെ. ഇവിടത്തെ ജോലി രാജി വച്ച്‌ അവിടെ സുഖമായി കഴിഞ്ഞാല്‍ പോരേ. മറുപടി - വയസ്സുകാലത്ത്‌ റിട്ടയര്‍മെണ്റ്റ്‌ ആനുകൂല്യമായി നാലു കാശു കൂടുതല്‍ കിട്ടിയേക്കാവുന്നത്‌ നമ്മള്‌ എന്തിനാ കളയുന്നത്‌. സര്‍ക്കാരില്‍ നിന്ന്‌ വെറുതേ കിട്ടുന്നതല്ലേ അച്ഛാ. പിന്നെ എല്ലാം കഴിഞ്ഞാല്‍ ഒടുവില്‍ നമ്മുടെ മണ്ണില്‍ത്തന്നെ വന്നുപെടുകയും വേണ്ടേ.

ഇതാണ്‌ ശരാശരി കേരളീയന്‍ ഇന്ന്‍ .

കുട്ടികള്‍ക്ക്‌ വളര്‍ച്ചയുടെ കാലത്ത്‌ ഏററവുമധികം സാമീപ്യം കിട്ടേണ്ടത്‌ അവരുടെ അമ്മയച്ഛന്‍മാരുടേതാണെന്നാണ്‌ വിദഗ്ദ്ധരുടെ നിരീക്ഷണം. ശൈശവത്തില്‍ സ്പര്‍ശത്തിണ്റ്റേയും ലാളനകളുടേയും പങ്കിടലുകളുടേയും ഇടയില്‍ കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ പകര്‍ന്നു കൊടുക്കുന്നത്‌ . ആയിരത്താണ്ടുകളായി മനുഷ്യന്‍ സമാഹരിച്ച അതിജീവനത്തിന്റെ പാഠങ്ങളാണ്‌. സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്ന പാഠങ്ങള്‍ പഠിച്ചെടുക്കുന്നതിന്‌ മാതൃകകളായി അവരെടുക്കുന്നത്‌ മാതാപിതാക്കളെയാണ്‌, മററാരെയുമല്ല - വിശേഷിച്ചും സംഘര്‍ഷങ്ങളേയും സന്ദേഹങ്ങളേയും അതിജീവിക്കേണ്ടിവരുമ്പോള്‍. കുടുംബാന്തരീക്ഷത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കിട്ടുന്ന സുരക്ഷാബോധമാണ്‌ പില്‍ക്കാലത്ത്‌ അവരിലെ ആത്മവിശ്വാസമായി വികസിക്കുന്നത്‌. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യപരിതോവസ്ഥയില്‍ മാററങ്ങളെ പെട്ടെന്ന്‌ പഠിച്ചു മനസ്സിലാക്കി അവക്കനുരോധമായി എങ്ങിനെ ക്രിയാത്മകമായി നിലനില്‍ക്കാമെന്ന്‌ കുട്ടികള്‍ പരീക്ഷിച്ചുനോക്കുന്നത്‌ ഇവരുടെ മാതൃകകളിലൂടെയാണ്‌. അതുകൊണ്ടുതന്നെ നല്ല സമൂഹജീവികളായി അവരെ മാററിയെടുക്കേണ്ടതില്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാത്തതാകുന്നുണ്ട്‌. അവര്‍ അതില്‍ നിന്ന്‌ വഴിമാറി നടക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ നാം മുകളില്‍ കണ്ട കാര്യം. മാതൃകകള്‍ ലഭ്യമല്ലാതാകുമ്പോള്‍ മുറിഞ്ഞുപോകുന്നത്‌ പുരോന്‍മുഖമായ അതിജീവനത്തിന്റെ പാതകളാണ്‌. അങ്ങിനെയുള്ള ഘട്ടങ്ങളില്‍, മുന്നോട്ടു പോകാന്‍ സ്വന്തം പാതകള്‍ ഇല്ലാതെ വരുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഏതൊക്കെ പാതകളില്‍ മാറിച്ചിന്തിക്കാമെന്നതിന്‌ നമുക്കു ചുററും ധാരാളം തെളിവുകളുമുണ്ട്‌.

നമ്മുടെ ചുറ്റുപാടുകളെയെല്ലാം മാററിമറിക്കുകയും നേരെയാക്കിവക്കുകയും ചെയതുകഴിഞ്ഞുവെന്ന്‌ നാം ധരിച്ചുവച്ചിരിക്കുന്ന ഈ കമ്പോളത്തിന്റെ കാലത്തുപോലും സ്ഥിതി മറിച്ചല്ല. നമ്മുടെ കുട്ടികളെ മനുഷ്യരാക്കിവളര്‍ത്താന്‍ മാര്‍ക്കററു മുന്നിട്ടിറങ്ങുമെന്ന്‌ കരുതുന്ന അമ്മയച്ഛന്‍മാരുണ്ടോ എന്നറിയില്ല. കാശുകൊടുത്താല്‍ മാത്രം മതിയെന്ന്‌ അവര്‍ കരുതുന്നുണ്ടാകാം. അടുത്ത തലമുറയിലെ ശിശുക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കാളികളാകുന്ന കാര്യത്തില്‍ ഭരണകൂടം അതിന്റേതായ ചില ഉത്തരവാദിത്തങ്ങളില്‍നിന്ന്‌ ഇന്നും തീര്‍ത്തും പുറകോട്ടു പോയിക്കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ രാജ്യത്ത്‌ അച്ഛന്‍ അമ്മ എന്നീ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സങ്കല്‍പനങ്ങള്‍ കമ്പോളവല്‍ക്കരിക്കപ്പെടാതെ നിലനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവ രണ്ടും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടവയുമാണ്‌. ഏതെങ്കിലുമൊന്നില്ലെങ്കില്‍ മറേറതുകൊണ്ടുള്ള ഫലം പാതിക്കും താഴെപ്പോകുന്നു. പണത്തെഴുപ്പിനപ്പുറം പ്രതിഫലേച്ഛയില്ലാത്ത സ്നേഹത്തിന്റെ , കടമകളുടെ മടിക്കനം മാത്രമാണ്‌ അവിടെ പ്രസക്തം. ആഗോള ഉദാരീകരണത്തിന്റെ ഈ അന്ധകാരനഴികളില്‍ നിന്ന്‌ പുറത്തെത്തിച്ച്‌ അവയെ നമുക്ക്‌ കാലത്തിന്‌ എന്നും കണ്‍കുളുര്‍ക്കെ കണ്ടുനില്‍ക്കാവുന്ന ബിംബങ്ങളായിത്തന്നെ നിലനിര്‍ത്തേണ്ടതുണ്ട്‌. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മിലെ ദുരകളേയും അത്യാര്‍ത്തികളേയും നിയന്ത്രിക്കാനും അവര്‍ക്കുവേണ്ടി നമ്മുടെ കുറച്ചു മോഹങ്ങളെങ്കിലും വേണ്ടിവന്നാല്‍ ത്യജിക്കാനും നാം തയ്യാറാകേണ്ടതുമുണ്ട്‌.

സമൂഹത്തിന്റെ എല്ലാ തട്ടുകളിലും കൂട്ടുകുടുംബങ്ങള്‍ നിലനിന്നീരുന്ന ഇന്ത്യയില്‍ സ്വാതന്ത്ര്യ പ്രാപ്തിയുടെ പുറകേ വന്ന സാമൂഹ്യമാററങ്ങളാണ്‌ അവയെ ഇല്ലാതാക്കിയത്‌. ഈ മാററം നമ്മുടെ ബുദ്ധിക്ക്‌ ദഹിക്കുന്നതുമാണ്‌. കാരണം കൂട്ടുകുടുബങ്ങളെ താങ്ങി നിര്‍ത്തിയിരുന്ന സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതോടെ - ഉത്പാദനവ്യവസ്ഥയുടെ ജ്യാമിതീയവും ജനവൈവിദ്ധ്യപരവും ജനസംഖ്യാപരവുമായ അതിരുകള്‍ കൂടുതല്‍ വിശാലവും ദൃഢബന്ധിതവുമായ വരമ്പുകളുടെ സുരക്ഷിതത്വത്തില്‍ ഉദ്ഗ്രഥിതമാകുതോടെ - സാമൂഹ്യസ്ഥിതിസമത്വത്തില്‍ കൂടുതല്‍ വേരൂന്നിനില്‍ക്കുന്ന ഒരു ബദല്‍ സംവിധാനത്തെ അത്‌ കൊണ്ടുവന്നുതരികയുണ്ടായി. അക്കാരണംകൊണ്ടുതന്നെ അത്‌ മനുഷ്യന്റെ സാമൂഹ്യവികാസചരിത്രത്തിലെ പുരോഗമനപരമായ ഒരു ചുവടുവയ്പുതന്നെയായി തിളങ്ങിനില്‍ക്കുന്നു. ആഗോളതലത്തിലും ഏറെക്കുറെ ആ കാരണങ്ങള്‍ തന്നെയാണ്‌ കുടുംബശൃംഖലകളെ നുറുക്കിച്ചുരുക്കിയത്‌. എന്നാല്‍ അവയൊന്നും കുടുംബങ്ങളെ നിരാകരിച്ചിരുന്നില്ല. അച്ഛനുമമ്മയുമടങ്ങുന്ന കുടുംബയൂണിററിന്‌ കുട്ടികളെ ഉത്പാദിപ്പിച്ചശേഷം അവരെ വളര്‍ത്തുന്ന കാര്യത്തില്‍ അതിനുവേണ്ട പണം നല്‍കുന്നയാളുകള്‍ മാത്രമാകാമെന്ന്‌ - ചിലപ്പോള്‍ അതുപോലുമാകേണ്ടതില്ലെന്ന്‌ - ഒരു നിര്‍വചനം ലോകത്തൊരിടത്തും കേട്ടിട്ടില്ല. കുട്ടികളുടെ സാമൂഹ്യബോധത്തിലൂന്നിയ മാനസികവികാസത്തില്‍ നേരിട്ട്‌ ശ്രദ്ധവെക്കാത്ത മാതാപിതാക്കളെ ശിക്ഷിക്കാന്‍ മാത്രം പലയിടത്തും നിയമങ്ങളുമുണ്ട്‌.

എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ നേരത്തെ കണ്ടപോലെ കുടുംബങ്ങള്‍ ഇല്ലാതാകുകയാണ്‌. വീടുകളില്‍ ഏകാന്തവാസം നടത്തുന്ന പ്രായമായ ഇണകള്‍. അതല്ലെങ്കില്‍ ഒററക്കൊററക്ക്‌ ശിഷ്ടായുസ്സ്‌ കഴിച്ചുകൂട്ടുന്ന വിധവകളും വിഭാര്യരും. പ്രായം തളര്‍ത്തി അവശന്‍മാരാക്കിക്കഴിഞ്ഞ ഇവര്‍ക്കൊപ്പം ബാല്യം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെടുന്ന, അച്ഛനമ്മമാര്‍ തിരിഞ്ഞുനോക്കാത്ത, ഉണ്ണികള്‍ - പേരക്കുട്ടികള്‍. ദേശവിദേശങ്ങളിലെ വിദൂരതകളിലേക്ക്‌, കടുത്ത ജീവിതസാഹചര്യങ്ങളുടെ ആത്യന്തികതകളിലേക്കായാല്‍പ്പോലും, എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല, പണമേ ശരണം എന്നു വിലപിച്ചു പ്രയാണം ചെയ്യുന്ന അച്ഛനമ്മമാര്‍. കുടുംബമെന്നതിന്റെ ആണിക്കല്ല്‌ തങ്ങളാണെന്ന്‌ അവര്‍ മറന്നിരിക്കുന്നു.

സാമൂഹ്യമായ ദിശാബോധം വററിത്തീരാത്ത ഒരു ജനിതകസ്രോതസ്സായി നമ്മുടെ സമൂഹത്തേയും ശിശുവൃന്ദത്തെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്തത്തിലേക്ക്‌ തങ്ങളുടെ അതിരുവിട്ട ലോഭമോഹങ്ങള്‍ ഉപേക്ഷിച്ച്‌ അവര്‍ തിരച്ചുപോരേണ്ടിയിരിക്കുന്നു.

4 comments:

  1. ഇഷ്ടമായി ഈ പ്രതികരണം.

    ഒന്നു ചോദിച്ചോട്ടെ, പെറ്റിട്ട് ഇരുപത്തിയെട്ടിനു തന്നെ വിമാനം കയറേണ്ടി വരുന്ന ആ അമ്മയുടെ മനസ്സിന്റെ നീറ്റൽകാണാനായിട്ടുണ്ടോ ?

    കാത്തുകാത്തിരുന്ന് ലഭിച്ച കൈക്കുഞ്ഞിന്റെ ഓമനമുഖമൊന്നു കാണാൻ കഴിയാതെ വർഷങ്ങൾ തള്ളീനീക്കേണ്ടി വരുന്ന ഒരു പിതാവിന്റെ ആത്മനൊമ്പരത്തെക്കുറിച്ചു കേട്ടറിവുണ്ട്?

    ഇതിൽ പലരും മണിമാളികകൾ കെട്ടുന്നവരോ കെട്ടാനാഗ്രഹിക്കുന്നവരോ അല്ല. നിലനിൽ‌പ്പിനുവേണ്ടി പോരാടുന്നവരാണ്.

    അന്യന്റെ അമ്മക്കു ഭ്രാന്താണെന്നു വിളിച്ചു കൂവാൻ വല്ലാത്ത ഒരു സുഖമാണ്. സ്വന്തം അമ്മയൂടെ ഭ്രാന്താവുമ്പോൾ ആ സുഖം ഉണ്ടാകില്ല.

    ക്ഷമിക്കണം പറയാതിരിക്കാനായില്ല. ഇതൊരു പ്രവാസിയുടെ കുറിപ്പാണ്.

    ReplyDelete
  2. എന്നാലും നമുക്ക്‌ കാശ്‌ വേണ്ടേ.... ചോദ്യം ബാക്കിയാകുന്നു.... എന്തെന്നാല്‍ വ്യവസ്ഥാപിതമായ ഒരു ഉല്‍പാദന മേഖല നിലവിലില്ലാത്ത കേരള മഹാസാമ്രാജ്യത്ത്‌ വിദേശവാസത്തെയും തൊഴിലന്വേഷണത്തേയും നമുക്ക്‌ എങ്ങനെ എതിര്‍ക്കാനാവും.... എന്നാല്‍ കുടുംബത്തില്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന താങ്കളുടെ വാദത്തോട്‌ പൂര്‍ണ്ണമായും യോജിക്കുകയാണു.... പക്ഷേ നമുക്ക്‌ അതിനെന്ത്‌ ചെയ്യാനാകും..... ചോദ്യം അപ്പോഴും ബാക്കിയാകുന്നു... "ആരോടെന്നില്ലാതെ ആരെയെന്നില്ലാതെ കുറ്റം പറച്ചിലായി .... പരിഹാരമില്ലാത്ത കുറെ ചോദ്യങ്ങളുന്നയിക്കലായി താങ്കളുടെ ലേഖനവും മാറിയെന്ന് വ്യസനപൂര്‍വ്വം പറയുകയാണു...

    ReplyDelete
  3. സാമൂഹ്യമായ ദിശാബോധം വററിത്തീരാത്ത ഒരു ജനിതകസ്രോതസ്സായി നമ്മുടെ സമൂഹത്തേയും ശിശുവൃന്ദത്തെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്തത്തിലേക്ക്‌ തങ്ങളുടെ അതിരുവിട്ട ലോഭമോഹങ്ങള്‍ ഉപേക്ഷിച്ച്‌ അവര്‍ തിരച്ചുപോരേണ്ടിയിരിക്കുന്നു. അതു തന്നെയാണ് ഉണ്ടാകേണ്ടത്

    ReplyDelete
  4. ലോകത്തെങ്ങുമുള്ള പ്രവാസിസമൂഹത്തിണ്റ്റെ വികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ ചില കാര്യങ്ങള്‍ പറയണമെനുദ്ദേശിച്ചാണ്‌ ഈ കുറിപ്പെഴുതിയത്‌.

    പ്രവാസങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ നമ്മുടെ നാട്ടിലെ കുടുംബബന്ധങ്ങളില്‍ പ്രതിലോമപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്നു തോന്നിപ്പിക്കുന്ന മട്ടിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതു കണ്ടപ്പോള്‍ ആ മാറ്റത്തിനെപ്പറ്റി - അങ്ങിനെയൊന്ന്‌ നാമാരും അറിയാതെതന്നെ സംഭവിക്കുന്നുണ്ടെങ്കില്‍ - നാമെല്ലാവരും ബോധവാന്‍മാരാകേണ്ടതില്ലേ എന്നു തോന്നിയത്‌ കുറിച്ചിട്ടുവെന്നു മാത്രം.

    പ്രിയരുമായി ജീവിതം പങ്കുവക്കാനാകതെ, സ്വന്തം കടമകളും ഉത്തരവാദിത്തങ്ങളും പൂര്‍ണ്ണമായി നിറവേറ്റാനാകാതെ വിഷമമനുഭവിക്കുന്ന പ്രവാസി സുമനസ്സുകള്‍ ക്ഷമിക്കുമല്ലോ.

    ReplyDelete