Friday, August 7, 2009

കോല്‍ക്കുന്നത്തെ കൊട്ടാരം പോലെ..........

കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ കണ്ട വാര്‍ത്തകളിലൊന്ന്‌ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട അമ്പലങ്ങളിലും നിറ-പുത്തരി ആഘോഷിച്ചു എന്നായിരുന്നു.

മതനിരപേക്ഷ - സാക്ഷരകേരളം ഇപ്പോള്‍ അമ്പലങ്ങളില്‍ മാത്രമാണ്‌ നിറയും പുത്തരിയും ആഘോഷിക്കുന്നത്‌. നാട്ടിന്‍പുറം എന്ന്‌ പറയാവുന്ന, ഫലത്തില്‍ നഗരപ്രാന്തങ്ങള്‍ മാത്രമായിക്കഴിഞ്ഞ, അത്യാവശ്യം നെല്‍കൃഷിയുള്ളയിടങ്ങളില്‍പ്പോലും കൊയ്തുമെതിച്ചെടുത്ത നെല്ല്‌ നേരെ വീടുകളിലെത്താത്തതുകൊണ്ട്‌ ആര്‍ക്കും സ്വന്തം മനസ്സുകളില്‍ അങ്ങിനെയോരു ദിവസം ഓര്‍മ്മ വെക്കേണ്ടതുമില്ല. എല്ലാം പൂജാരികള്‍ ഓര്‍മ്മിപ്പിക്കും - നിങ്ങള്‍ അന്നേ ദിവസം കൃത്യമായി അമ്പലങ്ങളിലെത്തും. കാണിക്കപ്പെട്ടികളില്‍ പണം കുമിഞ്ഞുകൂടും. എന്തിനുമേതിനും ഈ ദുനിയാവില്‍............ ഇനി അമ്പലങ്ങളില്ലാതെ നിങ്ങള്‍ക്ക്‌ ജീവിക്കാനാകില്ല.

അടുത്ത കാലം വരെ - ചുരുങ്ങിയത്‌ കാല്‍ നൂററാണ്ടു മമ്പു വരെയെങ്കിലും - നിറയും പുത്തരിയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടല്ല പ്രധാനമായും ആഘോഷിച്ചിരുന്നതെന്ന്‌ ഇക്കാലത്ത്‌ ആരും ഓര്‍ക്കുന്നുണ്ടാവില്ല. നീണ്ട വേനലിനും തുടര്‍ന്നെത്തുന്ന പേമാരികള്‍ക്കും അതുണ്ടാക്കുന്ന പഞ്ഞമാസങ്ങള്‍ക്കും ശേഷം കടുത്ത പ്രതീക്ഷകളോടെയുള്ള കാത്തിരിപ്പുകള്‍ക്കു പുറകേ പുതിയ വിളവെടുപ്പിന്റെ കതിരുകള്‍ വീടുകളിലെത്തിക്കുമ്പോള്‍ കൃഷിക്കാര്‍ സാഘോഷം, ആദരപൂര്‍വം അതിനെ എതിരേററ്‌ വീടുകളിലേക്കാനയിച്ചിരുന്ന ഒരു ചടങ്ങു മാത്രമായിരുന്നു അന്നത്. അത്‌ ഏതെങ്കിലും തരത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞിരുന്ന ഒരാഘോഷവുമായിരുന്നില്ല . കാരണം കതിരുകളെ എതിരേററു കൊണ്ടുവരുമ്പോള്‍ അത്‌ തലയിലലേറ്റുന്നവരും അയാള്‍ക്കു ചുററും നീങ്ങുന്ന കുടുംബാംഗങ്ങളും ഉരുവിട്ടിരുന്നത്‌, ആഗ്രഹിച്ചിരുന്നത്‌ ഇത്രമാത്രം - " നിറ, നിറാ, പൊലി, പൊലീ, ഇല്ലം നിറ, വല്ലം നിറ, പത്തായം നിറ, നിറ നിറാ, പൊലി പൊലീ;. കോല്‍ക്കുന്നത്തെ കൊട്ടാരം പോലെ നിറ, നിറാ, പൊലി, പൊലീ" ഈ കോല്ക്കുന്ന് കോവില്‍ക്കുന്നാകുന്നു, കൊട്ടാരം നില്ക്കുന്ന കുന്ന്‌ കോവില്‍ക്കുന്ന്‌. എന്റെ വീടും ആ കുന്നിന്‍ മുകളിലെ കൊട്ടാരം പോലെ നിറഞ്ഞുകവിയട്ടെ'. വൈകുണ്ഠം പോലേയോ, കൈലാസം പോലേയോ, അളകാപുരി പോലെയോ, ഇന്ദ്രരാജധാനി പോലെയോ സ്വന്തം വീടുകള്‍ ഐശ്വര്യപുഷ്കലങ്ങളാകണമെന്നല്ല അവര്‍ കൊതിച്ചത്‌. അകം നിറയെ നെല്ലു നിറഞ്ഞ്‌ കാണാന്‍ മാത്രമാണ്‌ അവരാഗ്രഹിച്ചിരുന്നത്‌. അത്‌ പറഞ്ഞിരുത്‌ പ്രത്യകിച്ച്‌ ഒരു ദൈവനാമത്തിലുമായിരിന്നില്ല. പ്രാണരക്ഷണത്തിനാവശ്യമായ ഭക്ഷണത്തിന്റെ രൂപത്തില്‍ വീട്ടിലേക്കു കയറി വരാനിരിക്കുന്നത് സ്വന്തം അദ്ധ്വാനഫലമാണെന്ന്‌ പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്ന അക്കാലത്തെ കൃഷിക്കാര്‍ക്ക്‌ ഇതിനപ്പുറം ഏതാഗ്രഹമാണ്‌ സന്തോഷം കൊടുത്തിട്ടുണ്ടാകുക? അങ്ങിനെയാഗ്രഹിക്കുമ്പോഴും അവന്‍ പോയ മാസങ്ങളിലെ സ്വന്തം അദ്ധ്വാനത്തിന്റെ ജയാപജയങ്ങള്‍ വസ്തു നിഷ്ഠമായിത്തന്നെ വിശകലനം ചെയ്തിരുന്നു. കൊയ്തുകേററാനിരിക്കുന്ന വിളവിന്റെ മേനിയും വിളവിറക്കലില്‍ തനിക്കുണ്ടായ തെററുകളും അവന്‍ വിലയിരുത്തിക്കഴിഞ്ഞിരിക്കും. ഇനി അടുത്ത വിളവിറക്കലിന്‌ സ്വീകരിക്കേണ്ട തിരുത്തലുകളും പരീക്ഷണങ്ങളുമെല്ലാം മനസ്സിലിട്ട്‌ കുറുക്കി പരാജയം എന്നൊന്ന്‌ അംഗീകരിക്കാന്‍ തയ്യാറില്ലാത്ത വീറുറ്റ പോരാളിയായിത്തന്നെയായിരുന്നു അവരപ്പോഴും നിന്നീരുന്നത്‌. തന്റെ ദാസ്യം ആവശ്യപ്പെട്ടുകൊണ്ട്‌ പകരം മരീചികകള്‍ കാട്ടി കൊതിപ്പിക്കുന്ന ഒരു ദൈവമില്ലെന്നും തന്റെ ദൌത്യം വ്യക്തമായും എന്താണെന്നും അവന്‌ നന്നായറിയാമായിരുന്നു.

അത്‌ സ്വയം അദ്ധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണത്തെ വന്ദിക്കാനറിയുവരുടെ ഉല്‍ക്കര്‍ഷേച്ഛകളുടെ ആന്ദോളനങ്ങളായിരുന്നു. അത്‌ കൃഷി ചെയ്യുവരുടെ ശുഭവാഞ്ഛകളുടെ മാത്രം വ്യഞ്ജനമായിരുന്നു. ഒരു ദൈവത്തിണ്റ്റെ പേരും സങ്കല്‍പവും കടന്നൂകേറാത്ത ഇത്രയേറെ മതബാഹ്യ(Secular)മായ ഒരാഘോഷം ലോകത്ത്‌ വേറെയെവിടെയങ്കിലും ഉണ്ടോ, ഉണ്ടായിരുന്നിരിക്കുമോ?

ക്ഷേതങ്ങളില്‍ അതാഘോഷിച്ചിരുന്നില്ലെന്ന്‌ പറയാനാകില്ലെങ്കിലും അത്‌ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരുന്നത്‌ കൃഷിക്കാരായിരുന്നു. ഒരു മതാചാരമായിട്ടല്ല അമ്പലങ്ങളില്‍ അത്‌ നടത്തിയിരുന്നതും. അതില്ലെങ്കിലും ദേവപൂജാക്രമങ്ങളില്‍ വേദ-തന്ത്രപ്രാമാണ്യങ്ങള്‍ ലംഘിക്കപ്പെടുമെന്ന്‌ നിയമമൊന്നും ഇന്നുമില്ല. പ്രത്യുത, ആദ്യകാലത്ത്‌ കൃഷിക്കാരില്‍ നിന്ന്‌ ഇത്‌ അമ്പലങ്ങളിലേക്കു കൂടി കയറിച്ചെന്നതാകണം - കാരണം പില്‍ക്കാലത്ത്‌ കേരളത്തില്‍ കൃഷിസ്ഥലങ്ങളുടെ അവകാശത്തിണ്റ്റേയും കൃഷിയുടെ നടത്തിപ്പിണ്റ്റേയും വളരെ വലിയ പങ്ക്‌ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിത്തീരുന്നുണ്ടല്ലോ.

ഇതൊന്നും ഇന്ന്‌ അമ്പലങ്ങളില്‍ നിന്ന്‌ കതിരുകള്‍ വാങ്ങാന്‍ കൈനീട്ടി നില്‍ക്കുന്നവര്‍ക്ക്‌ ഓര്‍ക്കേണ്ടതില്ല. കാരണം അവര്‍ കൃഷി മറന്നുപോയ ഒരു ജനതയാണ്‌. സ്വന്തം അന്നം സ്വയം അദ്ധ്വാനിച്ചുണ്ടാക്കാന്‍ മിനക്കെടാതെ ഭക്ഷണമുണ്ടാക്കാന്‍ നീക്കിവെക്കേണ്ട മണ്ണില്‍ കരിങ്കല്‍ക്കൂടാരങ്ങള്‍ പണിഞ്ഞ്‌ അതിനകത്ത്‌ അമിതോപഭോഗത്തിന്റെ ഊരാക്കുടുക്കുകളില്‍ കെട്ടുപിണഞ്ഞ്‌ രക്ഷപ്പെടാനാകാതെ കിടക്കുമ്പോള്‍ തങ്ങളുടെ ജീവിതാശങ്കകള്‍ക്കു താല്‍കാലികശമനമെങ്കിലും കിട്ടാന്‍ ഏതു ദൈവങ്ങളെയും ദക്ഷിണകൊടുത്ത്‌ കൂട്ടുപിടിക്കാന്‍ എങ്ങോട്ടുള്ള മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവര്‍.

പുത്തരിയും നിറയും പലപ്പോഴും വെവ്വേറെ ദിവസങ്ങളിലും ആഘോഷിച്ചിരുന്ന ചടങ്ങുകളായിരുന്നു. അതായത്‌ ഇന്ന്‌ അമ്പലങ്ങളില്‍ കാണിച്ചുകൂട്ടുന്നതൂ പോലെ ഒരേ ദിവസം തന്നെ അത്‌ വേണമെന്ന്‌ പണ്ട്‌ നിര്‍ബന്ധമില്ലായിരുന്നു. പുതുനെല്ലിന്റെ അരി ആദ്യമായി പാചകം ചെയ്തു ഭക്ഷിക്കുന്ന പുത്തരി എന്ന ചടങ്ങ്‌ കൃഷിക്കാരല്ലാത്തവര്‍ കൂടി ആചരിച്ചിരുന്നു. അതാകട്ടെ, സംഗതിവശാല്‍, പലപ്പോഴും അരിഭക്ഷണം ചുരുക്കിനിര്‍ത്തേണ്ടിയിരുന്ന (ഇന്നത്തെതില്‍ പകുതി ജനസംഖ്യപോലുമില്ലാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍പോലും കേരളത്തില്‍ വര്‍ഷം മുഴുവന്‍ വേണ്ടിവന്നിരുന്ന അരി ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ലെന്ന്‌ നാം മറന്നുകൂട. ടിപ്പുസുല്‍ത്താനും പോര്‍ച്ചുഗീസുകാരുമൊക്കെ സാമൂതിരിയെയും മററും തോല്‍പിക്കാന്‍ കണ്ടിരുന്ന എളുപ്പമാര്‍ഗ്ഗം കടല്‍ വഴി വടക്കു നിന്ന്‌ വരുത്തിയിരുന്ന അരിയുടെ നീക്കം തടയുകയായിരുന്നു എന്നും നമുക്കറിയാം.) ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം കൊയ്ത്തു കഴിഞ്ഞ്‌ വാങ്ങാന്‍ കിട്ടുന്ന സാക്ഷാല്‍ പുന്നെല്ലരി തന്നെയയിരിക്കും; അപ്പോഴേക്ക്‌ പഴയരിച്ചോറ്‌ കിട്ടാക്കനിയായിക്കഴിഞ്ഞുമിരിക്കും. അത്‌ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നതിനു മുന്‍പ്‌ മുഹൂര്‍ത്തം നോക്കാതെപോലും പേരിനൊരു പുത്തരിച്ചടങ്ങ്‌, പല വീടുകളിലും സൌകര്യമുള്ള ദിവസങ്ങളിലായി നടത്തിയിരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിരുു. അതായത്‌ അത്‌ ക്ഷേത്രബദ്ധമായ ഒരു ചടങ്ങേ അല്ലായിരുന്നു എന്ന്‌ സാരം. അതിന്‌ ഏകസ്വരത്തിലുള്ള ആചാരനിഷ്ഠകളുമുണ്ടായിരുന്നില്ല.

ഇത്തരമൊരാഘോഷം എങ്ങിനെയാണ്‌, എപ്പോഴാണ്‌ ആരുമറിയാതെ അമ്പലക്കെട്ടുകളിലേക്ക്‌ എഴുള്ളിച്ചുകൊണ്ടുപോകപ്പെട്ടത്‌, അമാനുഷികവല്‍ക്കരിക്കപ്പെട്ടത്‌? അമിതമായി ആഗോളവല്‍ക്കരിക്കപ്പെടുകയും നഗരവല്‍കരിക്കപ്പെടുകയും ചെയ്യപ്പെട്ട മലയാളി തന്റെ സ്വത്വം പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ - സ്വത്വപുനര്‍നിര്‍ണ്ണയം എല്ലാക്കാലത്തും എല്ലാ ജനസഞ്ചയങ്ങളും ഭൌതികസാഹചര്യങ്ങളിലുണ്ടാകുന്ന മാററങ്ങള്‍ക്കനുരോധമായി നടത്തിവന്നിട്ടുള്ളതാണ്‌ - തങ്ങളുടെ പഴയകാലസംസ്കൃതിയിലെ മതബാഹ്യങ്ങളായ മൂല്യങ്ങളെ മതവല്‍ക്കരിക്കാന്‍ തിടുക്കം കാണിക്കുന്നുണ്ടെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇന്ത്യയിലെ മറേറതു ജനവിഭാഗത്തേക്കാളും കൂടുതല്‍ വേഗത്തില്‍ മുഖമില്ലാത്ത, ശബ്ദമില്ലാത്ത, പ്രതിഷേധമില്ലാത്ത വെറുമൊരു ജനക്കൂട്ടമായി ആഗോളീകൃത സമ്പദ്‌ വ്യവസ്ഥക്ക്‌ അടിപ്പെടുകയാണ്‌ നമ്മള്‍. ആഗോളീകരണം ജനസംസ്കൃതികളുടെ മുഖം മുറിച്ച്‌ സ്വത്വനഷ്ടം വരുത്താന്‍ മതങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. നെല്‍കൃഷിയുടെ സംഘാടനത്തില്‍ മാററം വരുത്തിയതോടെ സ്വന്തം സ്വത്വസങ്കല്‍പങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ആ മാററങ്ങള്‍ക്കു വിധേയമാകുന്ന സമയത്ത്‌ നിറയും പുത്തരിയും പോലുള്ള ഇത്തരം ആഘോഷങ്ങള്‍ അപ്രസക്തമാകുമ്പോള്‍ അവയെ അവിടെത്തന്നെ ഉപേക്ഷിക്കാനുള്ള ധൈര്യം കാട്ടാന്‍ തയ്യാറായിരുനെങ്കില്‍ നമ്മിലെ പ്രതിഷേധത്തിണ്റ്റെ കനലുകള്‍ കെട്ടടങ്ങാതിരുന്നേനെ. അതിനുപകരം അവയെ നമ്മെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുവര്‍ക്ക്‌ ആയുധമാക്കാന്‍ പാകത്തില്‍ അവരുടെ കൈകളില്‍ ത്തന്നെ ഏല്‍പ്പിക്കുകയാണ്‌ നമ്മള്‍ ചെയ്തിരിക്കുത്‌.

പക്ഷേ ഇതൊന്നും ശരാശരി കേരളീയന്‌ ഒരു പ്രശ്നമേ അല്ലാതായിക്കഴിഞ്ഞിരിക്ക്ന്ന്ു. അവനതൊന്നും അറിയണമെന്നും ഇല്ല. ലോകത്തെന്തു നടന്നാലും തനിക്ക്‌ യാതൊരു പ്രശ്നവുമില്ലെന്നും എവിടെ എന്തൊക്കെ സംഭവിച്ചാലും എന്റെ കാര്യങ്ങളൊക്കെ എങ്ങിനെയെങ്കിലുമൊക്കെ നടന്നു കിട്ടുന്നുണ്ടല്ലോ എന്നുമുറപ്പിച്ച്‌ കരിങ്കല്‍ പാകി മിനുക്കിയ കൊത്തളങ്ങളില്‍ ടിവി ചാനലുകളുമായി മാത്രം സല്ലപിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ അവന്‍ നെല്‍കൃഷി എന്ന ഭക്ഷണോത്പാദനക്രിയ മറന്നു കഴിഞ്ഞു. അതുകൊണ്ട്‌ അവന്‌ സ്വന്തം അയല്‍ക്കാരനെ നേരില്‍ കണേണ്ടിവരുന്നുമില്ല. അവരുമായി ഒന്നും പങ്കിടേണ്ടതും അവരുടെ സുഖകാംക്ഷയും അവന്‌ ആവശ്യമില്ലാതാകുന്നു. നിലവിലുള്ള എല്ലാ ആഘോഷങ്ങളും ചന്തക്ക്‌ വിട്ടുകൊടുത്ത്, ഒരാഘോഷത്തിലും നേരിട്ട്‌ ഭാഗഭാക്കാകാതെ, അവര്‍ കൊടുക്കുന്നതെന്തും അവന്‍ ആഘോഷമാക്കുന്നു. ദൈവങ്ങളെയും വരും തലമുറകള്‍ക്കായി താന്‍ കരുതി വക്കേണ്ട ശുഭകാംക്ഷകളുടെ അവസാനത്തെ നുറുങ്ങുപൊടിയെപ്പോലും ചന്ത കയ്യിലെടുത്ത കാര്യവും അവനറിയുന്നില്ല........

മലയാളമണ്ണില്‍ നാം നമുക്കു വേണ്ട ഭക്ഷണം ഉണ്ടാക്കുന്ന ശീലം ഉപേക്ഷിച്ചുകഴിഞ്ഞു എന്ന മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക്‌ കൂടി ഇപ്പോള്‍ ഒരു ഞെട്ടലോടെ ഇറങ്ങിനില്‍ക്കുക.

ഇപ്പോള്‍ ഇവിടെ വിതക്കുകയും കൊയ്തെടുക്കുകയും ചെയ്യുന്നത്‌ വിപണിയോടുള്ള ദാസ്യത്തിണ്റ്റെ അധമബീജങ്ങളാണ്‌. അത്‌ വിളയുന്നത് തരിശുകളിലാണെന്ന്‌ നന്നായറിയാവുവര്‍ കേരളിയന്റെ മനസ്സ്‌ തരിശാക്കി മാററിക്കൊണ്ടേയിരിക്കുന്നു.

3 comments:

  1. ......കോല്‍ക്കുന്നത്തെ കൊട്ടാരം പോലെ നിറ, നിറാ, പൊലി, പൊലീ" ഈ കോല്ക്കുന്ന് കോവില്‍ക്കുന്നാകുന്നു, കൊട്ടാരം നില്ക്കുന്ന കുന്ന്‌ കോവില്‍ക്കുന്ന്‌. എന്റെ വീടും ആ കുന്നിന്‍ മുകളിലെ കൊട്ടാരം പോലെ നിറഞ്ഞുകവിയട്ടെ'. വൈകുണ്ഠം പോലേയോ, കൈലാസം പോലേയോ, അളകാപുരി പോലെയോ, ഇന്ദ്രരാജധാനി പോലെയോ സ്വന്തം വീടുകള്‍ ഐശ്വര്യപുഷ്കലങ്ങളാകണമെന്നല്ല അവര്‍ കൊതിച്ചത്‌. അകം നിറയെ നെല്ലു നിറഞ്ഞ്‌ കാണാന്‍ മാത്രമാണ്‌ അവരാഗ്രഹിച്ചിരുന്നത്‌. അത്‌ പറഞ്ഞിരുത്‌ പ്രത്യകിച്ച്‌ ഒരു ദൈവനാമത്തിലുമായിരിന്നില്ല.....

    ReplyDelete
  2. ചന്ദ്രശേഖരനു സ്വാഗതം.

    പണ്ടൊക്കെ കേരളിയനു അരി വേണമെങ്കിൽ കേരളത്തിൽ തന്നെ കൃഷി ചെയ്യണം. മറ്റുള്ള ഇടങ്ങളിൽ നിന്നും കൊണ്ടു വരാൻ ദിവസങ്ങളും ചിലപ്പോൾ മാസങ്ങളും എടുത്തേക്കും. എന്നാൽ ഇന്നോ, നമുക്ക് വേണ്ടുന്ന അരി ലോകത്തിലെവിടെ കൃഷി ചെയ്താലും ഇവിടെ എത്തിക്കാൻ മണിക്കൂറുകൾ മതിയാകും. ലോകം അത്രക്ക് ചെറുതല്ലേ, ഇപ്പോൾ. മറ്റു രാജ്യങ്ങൾക്ക് വേണ്ടുന്ന എന്തെല്ലാം നാം ഉല്പാദിപ്പിക്കുന്നുണ്ട്. അതു കൊണ്ട് ഇനി ഒരു പുറകോട്ട് പോക്ക് ഉണ്ടാകുമെന്നു തോന്നുന്നില്ല. ‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ‘. കേൾക്കാൻ എത്ര സുന്ദരം!!. അനുഭവത്തിലോ? വയലെല്ലാം ആരുടേതായി?

    ReplyDelete