Sunday, September 13, 2009

കാലമിങ്ങിനെ....

കുറച്ചു ദിവസം മുമ്പ്‌ ഒരു പത്രത്തില്‍ കണ്ട വാര്‍ത്ത. കേരളത്തില്‍ വടക്ക്‌ വടക്ക്‌ ഏതോ ഒരു ഉള്‍നാട്ടില്‍ ഒരു വീട്ടില്‍ ഒരു കുട്ടി ഒരു വാഷിങ്ങ്‌ മെഷീനില്‍ തല മുങ്ങി കിടന്നത് കാരണം മരിച്ചു. കുട്ടിക്ക വയസ്സ്‌ ഒന്നര. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്‌ അലക്ക് യന്ത്രത്തിന്റെ പാത്രത്തില്‍ എന്തുണ്ടെറിയാന്‍ അവന്‌ കൌതുകം. സമീപത്തുണ്ടായിരുന്ന പ്ളാസ്‌ററിക്‌ കസേര നീക്കി അവന്‍ അലക്കുയന്ത്രത്തിനടുത്തെത്തുന്നു. അതില്‍ പിടിച്ച്‌ കസേരയില്‍ കയറുന്നു. പിന്നെ അവനതിനകത്തേക്ക്‌ എത്തിനോക്കുന്നു, ചിലപ്പോള്‍ സ്വല്‍പം ഏന്തിവലിഞ്ഞുമായിരുന്നിരിക്കും. പാത്രത്തില്‍ നിറയെ പതഞ്ഞുകിടക്കുന്ന വെള്ളം. കുരുന്നിന്‌ കൌതുകവും കുസൃതിയും വിടരുന്നു. അവനതില്‍ കയ്യിട്ട്‌ കളിച്ചു രസിക്കുന്നു. പെട്ടെന്ന്‌ പ്ളാസ്‌ററിക്‌ കസേര നിരങ്ങിമാറുന്നു. എവിടേയോ അവന്‌ പിടിവിടുന്നു . അവന്‍ അലക്കുയന്ത്രത്തിനകത്തേക്ക്‌ വീഴുന്നു. യന്ത്രം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു എന്ന്‌ നമുക്ക്‌ കരുതുക.

ഇതിലെന്തപ്പാ പുതുമ? വെള്ളത്തില്‍ തലയും മൂക്കും മുങ്ങിക്കിടന്നാല്‍ കുട്ടികളല്ല കൂററനാനകളായാലും ചത്തുപോകുമെന്ന്‌ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

പക്ഷേ വാര്‍ത്ത മുഴുവന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ വേറെ എന്തൊക്കയോ സന്ദേഹങ്ങളും ചോദ്യങ്ങളുമൊക്കെ മനസ്സിലെത്തിയത്‌. കുട്ടി വീട്ടില്‍ തനിയെയായിരുന്നു എന്ന്‌ നാമറിയുന്നു. അവന്‍, ഒന്നരവയസ്സുകാരന്‍, വീട്ടില്‍ തനിയെ ആകാന്‍ കാരണം? അവന്റെ മുത്തച്ഛന്‍ എന്തോ ചെറിയ ആവശ്യത്തിന്‌ വാതിലടച്ചുവെച്ച്‌ തത്കാലം പുറത്തേക്കൊന്നു പോയി. അത്രയേയുള്ളു.

അപ്പോള്‍ കുട്ടിയുടെ അച്ഛനുമമ്മയും എവിടെയായിരുന്നു? അങ്ങകലെ ഏതോ ശീമയില്‍. അവരവിടെ മകനു ജീവിക്കാനാവശ്യമായ പണമുണ്ടാക്കേണ്ട തിരക്കിലായിരുന്നു; പാവം.

കുട്ടിക്ക്‌ ആറേഴുവയസ്സുള്ള ഒരു ചേച്ചിയുള്ളത്‌ എവിടെയായിരുന്നു? കുറച്ചു ദൂരെ, എന്നു പറഞ്ഞാല്‍, ഒരമ്പതു കിലോമീററര്‍ ദൂരെ കുട്ടിയുടെ ഒരച്ഛന്‍ പെങ്ങളുടേയോ അമ്മായിയുടേയോ വീട്ടില്‍ല അവരുടെ പരിരക്ഷണയില്‍ കഴിയുകയായിരുന്നു. അമ്മക്കുമച്ഛനും കുട്ടികളെ വളര്‍ത്താന്‍ കാശുണ്ടാക്കാന്‍ പോകേണ്ടതുകൊണ്ട്‌ മകളേയും വല്ലവരേയും ഏല്‍പ്പിക്കാനേ നിവൃത്തിയുള്ളുവല്ലോ.

കുട്ടിക്ക്‌ പത്തുപന്ത്രണ്ടു വയസ്സായ ഒരു ചെട്ടനുള്ളത് എവിടെയായിരുന്നു? അതിന്റെ കാര്യമാണ്‌ അതിലേറെ കഷ്ടം. അവനും ദൂരെ ആ ശീമയില്‍ത്തന്നെയായിരുന്നു. കാരണം തന്റെ അനുജനും അനുജത്തിക്കും വേണ്ടി കാശുണ്ടാക്കാന്‍ അമ്മയുമച്ഛനും പാടുപെടുമ്പോള്‍ അവരെ സഹായിക്കാന്‍, അവര്‍ക്കൊരു കൈ താങ്ങാകാനുള്ള പരിശീലനം നേടുകയായിരുന്നു അവന്‍.

കുട്ടിയെ അന്വേഷിക്കാന്‍ വീട്ടില്‍ അവന്റെ മുത്തച്ചന്റെ കൂടെ അവന്റെ മുത്തശ്ശി ഇല്ലാതിരുന്നതെന്തേ ? പാവം മുത്തശ്ശി - ചികിതിസിക്കാന് ഇവടെ ആരുടേയും കയ്യില്‍ ഒരു കാശും ഇല്ലാതിരുന്നതുകൊണ്ട്‌ വളരെ നേരത്തേ തന്നെ വല്ല അസുഖവും പിടിച്ചപ്പോള്‍ മരിച്ചു കാണും.

ഒരൊന്നരവയസ്സുകാരനെ ശ്രദ്ധിക്കാന്‍ തത്കാലക്കേത്തെങ്കിലും ഒരു ജോലിക്കാരിയോ അയല്‍പക്കക്കാരിപോലുമോ ഇല്ലാതിരുതെന്തേ? അതിനൊക്കെ ഏതെങ്കിലും തരത്തില്‍ കാശു ചെലവാക്കേണ്ടി വരില്ലേ. അതിനൊന്നും ഇവിടെ പാങ്ങില്ലാത്തതുകൊണ്ടല്ലേ അച്ഛനുമമ്മയും അങ്ങ്‌ ശീമകളില്‍ പോയി കിടക്കുന്നത്‌.

അങ്ങിനെ, ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇവിടെ കിട്ടാതെ, അങ്ങകലെ ഏതൊക്കേയോ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെട്ട്‌ കാശുണ്ടാക്കി പാടുപെടുന്ന അച്ഛനമ്മമാരോട്‌ നമുക്ക്‌ സഹതപിക്കുക. ഇവരിലേറെയും സാമ്പത്തികമായി ഇടത്തരക്കാരും ബൌദ്ധികമായി മദ്ധ്യവര്‍ഗ്ഗത്തില്‍ പെടുന്നവരും ആണ്‌ താനും. ഇന്ത്യാ മഹാരാജ്യം ഇത്തരക്കാരോട്‌ - ധാരാളം വിദേശനാണ്യം നേടിത്തരുന്ന ഇക്കൂട്ടരോടു - എന്നും ഏതോതരത്തില്‍ കടുത്ത കൃതഘ്നത കാണിക്കുുണ്ടെന്ന്‌ ഇവിടത്തെ പത്രങ്ങളില്‍ ഇടക്കിടെ ഫീച്ചറുകള്‍ കാണാറുണ്ടെന്നും നാമറിയുക. അതുകൊണ്ട്‌ അവരോട്‌ നമുക്കുള്ള അനുതാപം നമ്മുടെ മനസ്സില്‍ നിന്ന്‌ കെട്ടുപോകാതെ കാക്കുക.

ഇത്തരം കാര്യങ്ങളൊന്നും ആരുമാരും ഇപ്പോള്‍ ചര്‍ച്ചചെയ്യാറില്ലെങ്കിലും ഒരു ദിവസം ആഫീസിലെ ഇടവേളകളൊന്നില്‍ വെറുതേ ഈ വിഷയം സംസാരത്തിനെടുത്തിട്ടു. ആളുകള്‍ മക്കളെ വല്ലവരേയും എല്‍പിച്ച്‌ അതിദൂരവിദേശങ്ങളില്‍ ഇങ്ങിനെ പോയി പണിയെടുക്കേണ്ട കാര്യം ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കുണ്ടോ? കുട്ടികള്‍ക്ക്‌ അവരുടെ ശൈശവത്തില്‍ അച്ഛനമ്മമാരുടെ പരിലാളനം കിട്ടാതെ വരുന്നത്‌ ഏതെങ്കിലും തരത്തില്‍ അവരുടെ വളര്‍ച്ചയെ ബാധിക്കില്ലേ. ഇങ്ങിനെയൊക്കെ ധാരാളം കാശുണ്ടാക്കിയില്ലെങ്കില്‍ ഇക്കൂട്ടര്‍ക്ക്‌ ഇവിടെ ജീവിക്കാനാവില്ലേ. അങ്ങിനെ പല കാര്യങ്ങളും ചര്‍ച്ചക്കെടുത്തിടണമെന്ന്‌ കരുതിയിരിക്കുമ്പോള്‍ ഒരു സുഹൃത്ത്‌ ഇങ്ങിനെ പറഞ്ഞു. 'എന്റെ ഇഷ്ടാ, പെററിട്ട്‌ ഇരുപത്തെട്ടാം പക്കം അമ്മ കുഞ്ഞിനെ അമ്മമ്മയുടെ കയ്യില്‍ കൊടുത്ത്‌ കുഞ്ഞിന്റെ അച്ചനെയും കൂട്ടി ദുബായിക്കു പറന്നത് നേരില്‍ ഞാന്‍ കണ്ടതാണ്‌. ചോദിച്ചപ്പോള്‍ പറഞ്ഞത്‌ നാലു കാശു കിട്ടുന്നത് കളഞ്ഞാല്‍ നാളെകാലത്ത്‌ എന്റെ മക്കള്‍ മാത്രമല്ലേ കഷ്ത്തിലാകാന്‍ കാണൂ എന്ന്‌. ഇതാണ്‌ കാലം ആളുകള്‍ക്ക്‌ കാശേ വേണ്ടൂ. അവര്‍ കാശുണ്ടാക്കുന്നു. അവരുടെ മക്കളും കാശുണ്ടാക്കുന്ന യന്ത്രങ്ങളായാല്‍ മതിയെന്ന്‌ അവര്‍ നിശ്ചയിക്കുന്നു. അവര്‍ മനുഷ്യരായാല്‍ ശരിയാകില്ല എന്നും അവര്‍ തീര്‍ച്ചയാക്കുന്നു. ഇത്തിരിയൊത്തിരി ദുരിതവും കഷ്ടപ്പാടുമൊക്കെയായി പരസ്പരം സ്നേഹിച്ചും അത്യാവശ്യത്തിന്‌ ആളുപകാരം ചെയ്തും കിട്ടാക്കടം കൊടുത്തും ഇവിടെത്തന്നെ കഴിച്ചുകൂട്ടിയാല്‍ അപമാനമാകുന്നു. പരദേശത്തെ കാശേ നമുക്ക വാഴൂ. അതവിടെ വിദേശകറന്‍സിയില്‍ കിട്ടുന്നതുകൊണ്ട്‌ ഇവിടെ അത്യാവശ്യങ്ങള്‍ക്കാണെങ്കില്‍പ്പോലും ചോദിക്കുന്ന ആര്‍ക്കും കടം കൊടുക്കാതെ കഴിക്കുകയും ചെയ്യാം.

വേറൊരു സുഹൃത്ത്‌ പ്രവാസിയായ മകള്‍ക്കു വേണ്ടി വയസ്സുകാലത്ത്‌ കണ്ടവരുടെ പടി തെണ്ടി നടക്കേണ്ടിവന്നതിന്റെ പരിഭവമാണ്‌ പറഞ്ഞത്‌. കേരളസര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നഴ്സായിരുന്നു മകള്‍. സര്‍വീസില്‍ നിന്ന്‌ പത്തു വര്‍ഷത്തെ ലീവെടുത്താണ്‌ വിദേശത്തു പോയത്‌. അവള്‍ അവിടെ ധാരാളം പണം സമ്പാദിക്കുന്നുണ്ട്‌. കൂടെ ഭര്‍ത്താവും. കുട്ടികള്‍ ഇവിടെ. അവര്‍ ജനിച്ചതും ആദ്യകാലത്ത്‌ വളര്‍ന്നതും ഇവിടെത്തന്നെയായതുകൊണ്ട്‌ സ്കൂള്‍ വിദ്യാഭ്യസം ഇവിടെത്തന്നെ, ഒരു വിധത്തില്‍, നടത്തിക്കൊടുത്തു. അതും ദൂരെ പട്ടണത്തില്‍ പണക്കാര്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍, ഒരകന്ന ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തി അയാളുടെ കെയര്‍ ടേക്കര്‍ ഷിപ്പിന്റെ സുരക്ഷയില്‍. ഒരോരുത്തരെയായി പ്ളസ്‌ ടു കഴിയുന്ന മുറക്ക്‌ തങ്ങളുടെ ഇപ്പോഴത്തെ ദേശത്തേക്ക്‌ കൊണ്ടുപോകാന്‍ അവര്‍ കൃത്യമായും കഷ്ടപ്പെട്ടു. അവിടെ തുടര്‍പഠനം പൂര്‍ത്തിയാക്കിച്ച്‌ ജോലി സമ്പാദിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ പിള്ളേര്‍ക്കൊന്നും യാതൊരു മനുഷ്യപ്പററുമില്ലെന്ന്‌ കെയര്‍ടേക്കര്‍ സൂചിപ്പിച്ച കാര്യം പറഞ്ഞപ്പോള്‍ 'ഓ അതിലൊക്കെ എന്തിരിക്കുന്നു? അതൊക്കെ നാട്ടിലാകുമ്പോള്‍ പോരേ. അവര്‍ നാലുകാശുണ്ടാക്കാന്‍ തുടങ്ങിയാലെന്തിനാ മനുഷ്യപ്പററ്‌' എന്നായിരുന്നു കുട്ടികളുടെ അച്ഛന്റെ പ്രതികരണം. മകള്‍ക്ക്‌ കെയര്‍ടേക്കറോട്‌ പരിഭവം. മക്കളുടെ പേരില്‍ അയാള്‍ പണം കുറേ പററിച്ചിട്ടുണ്ടെന്ന്‌ ആക്ഷേപവും.

ഏതായാലും പേരക്കുട്ടികളങ്ങെത്തിയല്ലോ, തലയിലെ ഭാരമൊഴിഞ്ഞല്ലോ എന്ന്‌ ആശ്വസിച്ചിരിക്കുമ്പോള്‍ മകള്‍ ഒരു സുപ്രഭാതത്തില്‍ വിളിക്കുന്നു - ഞാനങ്ങു വരികയാണ്‌. രണ്ടാഴ്ച അവിടെ കാണും. അത്രതന്നെ വിവരം. എന്തിനാണ്‌ വരുന്നതെന്ന കാര്യം കക്ഷി ഇവിടെയെത്തിയിട്ടാണ്‌ അറിയുന്നത്‌. കേരളസര്‍വ്വീസിലെ പത്തുവര്‍ഷത്തെ ലീവ്‌ കഴിയുന്ന വിവരം ആള്‍ ഇയ്യിടെയാണ്‌ ഓര്‍ത്തത്‌. പെട്ടെന്ന്‌ വിദേശജോലിസ്ഥലത്തു നിന്ന്‌ കുറച്ചു ദിവസത്തെ ലീവും സമ്പാദിച്ച്‌ നാട്ടിലെത്തുന്നു. പിന്നെ ഇവിടെ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന്‌ പണിയില്‍ പ്രവേശിക്കുന്നു. ഒരാഴ്ച അവിടെ പണിയൊന്നുമില്ലാതെ ജോലി ചെയ്യുന്നു. പിന്നെ വീണ്ടും പത്തൂവര്‍ഷത്തെ ലീവിന്‌ അപേക്ഷിക്കുന്നു. അത്‌ സാങ്ങ്ഷനാകാന്‍ താമസിക്കുമോ എന്നും ഭയന്ന്‌ അച്ഛനേയും കൂട്ടി രാഷ്ട്രീയദല്ലാള്‍മാരുടെയും ആപ്പീസര്‍മാരുടേയും പടിപ്പുറത്ത്‌ കാത്തുകെട്ടി നില്‍ക്കുന്നു. ഒരുവിധത്തില്‍ ലീവ്‌ ശരിയാക്കി റിലീവിങ്ങ്‌ ഓര്‍ഡര്‍ വാങ്ങി ഏററവും അടുത്ത വിമാനത്തിന്‌ തിരികെ വിദേശത്തേക്ക്‌.

നാട്ടിലെ ഈ അദ്ധ്വാനത്തിനൊക്കെ കൂടെ പോയി കഷ്ടപ്പെടേണ്ടത്‌ പ്രായമായ അച്ഛന്റെ ഉത്തരവാദിത്തം. അങ്ങോര്‍ കരുതിയിരുന്നത്‌ മകള്‍ ഇനി കേരളത്തിലെ ജോലി നിലനിര്‍ത്താന്‍ യാതൊരു സാദ്ധ്യതയും ഇല്ലെന്നായിരുന്നു. മകളുടെ കൂടേ കഷ്ടപ്പെടുന്നതിനിടയില്‍ ഒരിക്കല്‍ ചോദിച്ചു - എന്തിനാ ഈ പെടാപ്പാടൊക്കെ. ഇവിടത്തെ ജോലി രാജി വച്ച്‌ അവിടെ സുഖമായി കഴിഞ്ഞാല്‍ പോരേ. മറുപടി - വയസ്സുകാലത്ത്‌ റിട്ടയര്‍മെണ്റ്റ്‌ ആനുകൂല്യമായി നാലു കാശു കൂടുതല്‍ കിട്ടിയേക്കാവുന്നത്‌ നമ്മള്‌ എന്തിനാ കളയുന്നത്‌. സര്‍ക്കാരില്‍ നിന്ന്‌ വെറുതേ കിട്ടുന്നതല്ലേ അച്ഛാ. പിന്നെ എല്ലാം കഴിഞ്ഞാല്‍ ഒടുവില്‍ നമ്മുടെ മണ്ണില്‍ത്തന്നെ വന്നുപെടുകയും വേണ്ടേ.

ഇതാണ്‌ ശരാശരി കേരളീയന്‍ ഇന്ന്‍ .

കുട്ടികള്‍ക്ക്‌ വളര്‍ച്ചയുടെ കാലത്ത്‌ ഏററവുമധികം സാമീപ്യം കിട്ടേണ്ടത്‌ അവരുടെ അമ്മയച്ഛന്‍മാരുടേതാണെന്നാണ്‌ വിദഗ്ദ്ധരുടെ നിരീക്ഷണം. ശൈശവത്തില്‍ സ്പര്‍ശത്തിണ്റ്റേയും ലാളനകളുടേയും പങ്കിടലുകളുടേയും ഇടയില്‍ കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ പകര്‍ന്നു കൊടുക്കുന്നത്‌ . ആയിരത്താണ്ടുകളായി മനുഷ്യന്‍ സമാഹരിച്ച അതിജീവനത്തിന്റെ പാഠങ്ങളാണ്‌. സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്ന പാഠങ്ങള്‍ പഠിച്ചെടുക്കുന്നതിന്‌ മാതൃകകളായി അവരെടുക്കുന്നത്‌ മാതാപിതാക്കളെയാണ്‌, മററാരെയുമല്ല - വിശേഷിച്ചും സംഘര്‍ഷങ്ങളേയും സന്ദേഹങ്ങളേയും അതിജീവിക്കേണ്ടിവരുമ്പോള്‍. കുടുംബാന്തരീക്ഷത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കിട്ടുന്ന സുരക്ഷാബോധമാണ്‌ പില്‍ക്കാലത്ത്‌ അവരിലെ ആത്മവിശ്വാസമായി വികസിക്കുന്നത്‌. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യപരിതോവസ്ഥയില്‍ മാററങ്ങളെ പെട്ടെന്ന്‌ പഠിച്ചു മനസ്സിലാക്കി അവക്കനുരോധമായി എങ്ങിനെ ക്രിയാത്മകമായി നിലനില്‍ക്കാമെന്ന്‌ കുട്ടികള്‍ പരീക്ഷിച്ചുനോക്കുന്നത്‌ ഇവരുടെ മാതൃകകളിലൂടെയാണ്‌. അതുകൊണ്ടുതന്നെ നല്ല സമൂഹജീവികളായി അവരെ മാററിയെടുക്കേണ്ടതില്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാത്തതാകുന്നുണ്ട്‌. അവര്‍ അതില്‍ നിന്ന്‌ വഴിമാറി നടക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ നാം മുകളില്‍ കണ്ട കാര്യം. മാതൃകകള്‍ ലഭ്യമല്ലാതാകുമ്പോള്‍ മുറിഞ്ഞുപോകുന്നത്‌ പുരോന്‍മുഖമായ അതിജീവനത്തിന്റെ പാതകളാണ്‌. അങ്ങിനെയുള്ള ഘട്ടങ്ങളില്‍, മുന്നോട്ടു പോകാന്‍ സ്വന്തം പാതകള്‍ ഇല്ലാതെ വരുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഏതൊക്കെ പാതകളില്‍ മാറിച്ചിന്തിക്കാമെന്നതിന്‌ നമുക്കു ചുററും ധാരാളം തെളിവുകളുമുണ്ട്‌.

നമ്മുടെ ചുറ്റുപാടുകളെയെല്ലാം മാററിമറിക്കുകയും നേരെയാക്കിവക്കുകയും ചെയതുകഴിഞ്ഞുവെന്ന്‌ നാം ധരിച്ചുവച്ചിരിക്കുന്ന ഈ കമ്പോളത്തിന്റെ കാലത്തുപോലും സ്ഥിതി മറിച്ചല്ല. നമ്മുടെ കുട്ടികളെ മനുഷ്യരാക്കിവളര്‍ത്താന്‍ മാര്‍ക്കററു മുന്നിട്ടിറങ്ങുമെന്ന്‌ കരുതുന്ന അമ്മയച്ഛന്‍മാരുണ്ടോ എന്നറിയില്ല. കാശുകൊടുത്താല്‍ മാത്രം മതിയെന്ന്‌ അവര്‍ കരുതുന്നുണ്ടാകാം. അടുത്ത തലമുറയിലെ ശിശുക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കാളികളാകുന്ന കാര്യത്തില്‍ ഭരണകൂടം അതിന്റേതായ ചില ഉത്തരവാദിത്തങ്ങളില്‍നിന്ന്‌ ഇന്നും തീര്‍ത്തും പുറകോട്ടു പോയിക്കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ രാജ്യത്ത്‌ അച്ഛന്‍ അമ്മ എന്നീ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സങ്കല്‍പനങ്ങള്‍ കമ്പോളവല്‍ക്കരിക്കപ്പെടാതെ നിലനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവ രണ്ടും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടവയുമാണ്‌. ഏതെങ്കിലുമൊന്നില്ലെങ്കില്‍ മറേറതുകൊണ്ടുള്ള ഫലം പാതിക്കും താഴെപ്പോകുന്നു. പണത്തെഴുപ്പിനപ്പുറം പ്രതിഫലേച്ഛയില്ലാത്ത സ്നേഹത്തിന്റെ , കടമകളുടെ മടിക്കനം മാത്രമാണ്‌ അവിടെ പ്രസക്തം. ആഗോള ഉദാരീകരണത്തിന്റെ ഈ അന്ധകാരനഴികളില്‍ നിന്ന്‌ പുറത്തെത്തിച്ച്‌ അവയെ നമുക്ക്‌ കാലത്തിന്‌ എന്നും കണ്‍കുളുര്‍ക്കെ കണ്ടുനില്‍ക്കാവുന്ന ബിംബങ്ങളായിത്തന്നെ നിലനിര്‍ത്തേണ്ടതുണ്ട്‌. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മിലെ ദുരകളേയും അത്യാര്‍ത്തികളേയും നിയന്ത്രിക്കാനും അവര്‍ക്കുവേണ്ടി നമ്മുടെ കുറച്ചു മോഹങ്ങളെങ്കിലും വേണ്ടിവന്നാല്‍ ത്യജിക്കാനും നാം തയ്യാറാകേണ്ടതുമുണ്ട്‌.

സമൂഹത്തിന്റെ എല്ലാ തട്ടുകളിലും കൂട്ടുകുടുംബങ്ങള്‍ നിലനിന്നീരുന്ന ഇന്ത്യയില്‍ സ്വാതന്ത്ര്യ പ്രാപ്തിയുടെ പുറകേ വന്ന സാമൂഹ്യമാററങ്ങളാണ്‌ അവയെ ഇല്ലാതാക്കിയത്‌. ഈ മാററം നമ്മുടെ ബുദ്ധിക്ക്‌ ദഹിക്കുന്നതുമാണ്‌. കാരണം കൂട്ടുകുടുബങ്ങളെ താങ്ങി നിര്‍ത്തിയിരുന്ന സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതോടെ - ഉത്പാദനവ്യവസ്ഥയുടെ ജ്യാമിതീയവും ജനവൈവിദ്ധ്യപരവും ജനസംഖ്യാപരവുമായ അതിരുകള്‍ കൂടുതല്‍ വിശാലവും ദൃഢബന്ധിതവുമായ വരമ്പുകളുടെ സുരക്ഷിതത്വത്തില്‍ ഉദ്ഗ്രഥിതമാകുതോടെ - സാമൂഹ്യസ്ഥിതിസമത്വത്തില്‍ കൂടുതല്‍ വേരൂന്നിനില്‍ക്കുന്ന ഒരു ബദല്‍ സംവിധാനത്തെ അത്‌ കൊണ്ടുവന്നുതരികയുണ്ടായി. അക്കാരണംകൊണ്ടുതന്നെ അത്‌ മനുഷ്യന്റെ സാമൂഹ്യവികാസചരിത്രത്തിലെ പുരോഗമനപരമായ ഒരു ചുവടുവയ്പുതന്നെയായി തിളങ്ങിനില്‍ക്കുന്നു. ആഗോളതലത്തിലും ഏറെക്കുറെ ആ കാരണങ്ങള്‍ തന്നെയാണ്‌ കുടുംബശൃംഖലകളെ നുറുക്കിച്ചുരുക്കിയത്‌. എന്നാല്‍ അവയൊന്നും കുടുംബങ്ങളെ നിരാകരിച്ചിരുന്നില്ല. അച്ഛനുമമ്മയുമടങ്ങുന്ന കുടുംബയൂണിററിന്‌ കുട്ടികളെ ഉത്പാദിപ്പിച്ചശേഷം അവരെ വളര്‍ത്തുന്ന കാര്യത്തില്‍ അതിനുവേണ്ട പണം നല്‍കുന്നയാളുകള്‍ മാത്രമാകാമെന്ന്‌ - ചിലപ്പോള്‍ അതുപോലുമാകേണ്ടതില്ലെന്ന്‌ - ഒരു നിര്‍വചനം ലോകത്തൊരിടത്തും കേട്ടിട്ടില്ല. കുട്ടികളുടെ സാമൂഹ്യബോധത്തിലൂന്നിയ മാനസികവികാസത്തില്‍ നേരിട്ട്‌ ശ്രദ്ധവെക്കാത്ത മാതാപിതാക്കളെ ശിക്ഷിക്കാന്‍ മാത്രം പലയിടത്തും നിയമങ്ങളുമുണ്ട്‌.

എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ നേരത്തെ കണ്ടപോലെ കുടുംബങ്ങള്‍ ഇല്ലാതാകുകയാണ്‌. വീടുകളില്‍ ഏകാന്തവാസം നടത്തുന്ന പ്രായമായ ഇണകള്‍. അതല്ലെങ്കില്‍ ഒററക്കൊററക്ക്‌ ശിഷ്ടായുസ്സ്‌ കഴിച്ചുകൂട്ടുന്ന വിധവകളും വിഭാര്യരും. പ്രായം തളര്‍ത്തി അവശന്‍മാരാക്കിക്കഴിഞ്ഞ ഇവര്‍ക്കൊപ്പം ബാല്യം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെടുന്ന, അച്ഛനമ്മമാര്‍ തിരിഞ്ഞുനോക്കാത്ത, ഉണ്ണികള്‍ - പേരക്കുട്ടികള്‍. ദേശവിദേശങ്ങളിലെ വിദൂരതകളിലേക്ക്‌, കടുത്ത ജീവിതസാഹചര്യങ്ങളുടെ ആത്യന്തികതകളിലേക്കായാല്‍പ്പോലും, എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല, പണമേ ശരണം എന്നു വിലപിച്ചു പ്രയാണം ചെയ്യുന്ന അച്ഛനമ്മമാര്‍. കുടുംബമെന്നതിന്റെ ആണിക്കല്ല്‌ തങ്ങളാണെന്ന്‌ അവര്‍ മറന്നിരിക്കുന്നു.

സാമൂഹ്യമായ ദിശാബോധം വററിത്തീരാത്ത ഒരു ജനിതകസ്രോതസ്സായി നമ്മുടെ സമൂഹത്തേയും ശിശുവൃന്ദത്തെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്തത്തിലേക്ക്‌ തങ്ങളുടെ അതിരുവിട്ട ലോഭമോഹങ്ങള്‍ ഉപേക്ഷിച്ച്‌ അവര്‍ തിരച്ചുപോരേണ്ടിയിരിക്കുന്നു.

Friday, August 7, 2009

കോല്‍ക്കുന്നത്തെ കൊട്ടാരം പോലെ..........

കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ കണ്ട വാര്‍ത്തകളിലൊന്ന്‌ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട അമ്പലങ്ങളിലും നിറ-പുത്തരി ആഘോഷിച്ചു എന്നായിരുന്നു.

മതനിരപേക്ഷ - സാക്ഷരകേരളം ഇപ്പോള്‍ അമ്പലങ്ങളില്‍ മാത്രമാണ്‌ നിറയും പുത്തരിയും ആഘോഷിക്കുന്നത്‌. നാട്ടിന്‍പുറം എന്ന്‌ പറയാവുന്ന, ഫലത്തില്‍ നഗരപ്രാന്തങ്ങള്‍ മാത്രമായിക്കഴിഞ്ഞ, അത്യാവശ്യം നെല്‍കൃഷിയുള്ളയിടങ്ങളില്‍പ്പോലും കൊയ്തുമെതിച്ചെടുത്ത നെല്ല്‌ നേരെ വീടുകളിലെത്താത്തതുകൊണ്ട്‌ ആര്‍ക്കും സ്വന്തം മനസ്സുകളില്‍ അങ്ങിനെയോരു ദിവസം ഓര്‍മ്മ വെക്കേണ്ടതുമില്ല. എല്ലാം പൂജാരികള്‍ ഓര്‍മ്മിപ്പിക്കും - നിങ്ങള്‍ അന്നേ ദിവസം കൃത്യമായി അമ്പലങ്ങളിലെത്തും. കാണിക്കപ്പെട്ടികളില്‍ പണം കുമിഞ്ഞുകൂടും. എന്തിനുമേതിനും ഈ ദുനിയാവില്‍............ ഇനി അമ്പലങ്ങളില്ലാതെ നിങ്ങള്‍ക്ക്‌ ജീവിക്കാനാകില്ല.

അടുത്ത കാലം വരെ - ചുരുങ്ങിയത്‌ കാല്‍ നൂററാണ്ടു മമ്പു വരെയെങ്കിലും - നിറയും പുത്തരിയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടല്ല പ്രധാനമായും ആഘോഷിച്ചിരുന്നതെന്ന്‌ ഇക്കാലത്ത്‌ ആരും ഓര്‍ക്കുന്നുണ്ടാവില്ല. നീണ്ട വേനലിനും തുടര്‍ന്നെത്തുന്ന പേമാരികള്‍ക്കും അതുണ്ടാക്കുന്ന പഞ്ഞമാസങ്ങള്‍ക്കും ശേഷം കടുത്ത പ്രതീക്ഷകളോടെയുള്ള കാത്തിരിപ്പുകള്‍ക്കു പുറകേ പുതിയ വിളവെടുപ്പിന്റെ കതിരുകള്‍ വീടുകളിലെത്തിക്കുമ്പോള്‍ കൃഷിക്കാര്‍ സാഘോഷം, ആദരപൂര്‍വം അതിനെ എതിരേററ്‌ വീടുകളിലേക്കാനയിച്ചിരുന്ന ഒരു ചടങ്ങു മാത്രമായിരുന്നു അന്നത്. അത്‌ ഏതെങ്കിലും തരത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞിരുന്ന ഒരാഘോഷവുമായിരുന്നില്ല . കാരണം കതിരുകളെ എതിരേററു കൊണ്ടുവരുമ്പോള്‍ അത്‌ തലയിലലേറ്റുന്നവരും അയാള്‍ക്കു ചുററും നീങ്ങുന്ന കുടുംബാംഗങ്ങളും ഉരുവിട്ടിരുന്നത്‌, ആഗ്രഹിച്ചിരുന്നത്‌ ഇത്രമാത്രം - " നിറ, നിറാ, പൊലി, പൊലീ, ഇല്ലം നിറ, വല്ലം നിറ, പത്തായം നിറ, നിറ നിറാ, പൊലി പൊലീ;. കോല്‍ക്കുന്നത്തെ കൊട്ടാരം പോലെ നിറ, നിറാ, പൊലി, പൊലീ" ഈ കോല്ക്കുന്ന് കോവില്‍ക്കുന്നാകുന്നു, കൊട്ടാരം നില്ക്കുന്ന കുന്ന്‌ കോവില്‍ക്കുന്ന്‌. എന്റെ വീടും ആ കുന്നിന്‍ മുകളിലെ കൊട്ടാരം പോലെ നിറഞ്ഞുകവിയട്ടെ'. വൈകുണ്ഠം പോലേയോ, കൈലാസം പോലേയോ, അളകാപുരി പോലെയോ, ഇന്ദ്രരാജധാനി പോലെയോ സ്വന്തം വീടുകള്‍ ഐശ്വര്യപുഷ്കലങ്ങളാകണമെന്നല്ല അവര്‍ കൊതിച്ചത്‌. അകം നിറയെ നെല്ലു നിറഞ്ഞ്‌ കാണാന്‍ മാത്രമാണ്‌ അവരാഗ്രഹിച്ചിരുന്നത്‌. അത്‌ പറഞ്ഞിരുത്‌ പ്രത്യകിച്ച്‌ ഒരു ദൈവനാമത്തിലുമായിരിന്നില്ല. പ്രാണരക്ഷണത്തിനാവശ്യമായ ഭക്ഷണത്തിന്റെ രൂപത്തില്‍ വീട്ടിലേക്കു കയറി വരാനിരിക്കുന്നത് സ്വന്തം അദ്ധ്വാനഫലമാണെന്ന്‌ പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്ന അക്കാലത്തെ കൃഷിക്കാര്‍ക്ക്‌ ഇതിനപ്പുറം ഏതാഗ്രഹമാണ്‌ സന്തോഷം കൊടുത്തിട്ടുണ്ടാകുക? അങ്ങിനെയാഗ്രഹിക്കുമ്പോഴും അവന്‍ പോയ മാസങ്ങളിലെ സ്വന്തം അദ്ധ്വാനത്തിന്റെ ജയാപജയങ്ങള്‍ വസ്തു നിഷ്ഠമായിത്തന്നെ വിശകലനം ചെയ്തിരുന്നു. കൊയ്തുകേററാനിരിക്കുന്ന വിളവിന്റെ മേനിയും വിളവിറക്കലില്‍ തനിക്കുണ്ടായ തെററുകളും അവന്‍ വിലയിരുത്തിക്കഴിഞ്ഞിരിക്കും. ഇനി അടുത്ത വിളവിറക്കലിന്‌ സ്വീകരിക്കേണ്ട തിരുത്തലുകളും പരീക്ഷണങ്ങളുമെല്ലാം മനസ്സിലിട്ട്‌ കുറുക്കി പരാജയം എന്നൊന്ന്‌ അംഗീകരിക്കാന്‍ തയ്യാറില്ലാത്ത വീറുറ്റ പോരാളിയായിത്തന്നെയായിരുന്നു അവരപ്പോഴും നിന്നീരുന്നത്‌. തന്റെ ദാസ്യം ആവശ്യപ്പെട്ടുകൊണ്ട്‌ പകരം മരീചികകള്‍ കാട്ടി കൊതിപ്പിക്കുന്ന ഒരു ദൈവമില്ലെന്നും തന്റെ ദൌത്യം വ്യക്തമായും എന്താണെന്നും അവന്‌ നന്നായറിയാമായിരുന്നു.

അത്‌ സ്വയം അദ്ധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണത്തെ വന്ദിക്കാനറിയുവരുടെ ഉല്‍ക്കര്‍ഷേച്ഛകളുടെ ആന്ദോളനങ്ങളായിരുന്നു. അത്‌ കൃഷി ചെയ്യുവരുടെ ശുഭവാഞ്ഛകളുടെ മാത്രം വ്യഞ്ജനമായിരുന്നു. ഒരു ദൈവത്തിണ്റ്റെ പേരും സങ്കല്‍പവും കടന്നൂകേറാത്ത ഇത്രയേറെ മതബാഹ്യ(Secular)മായ ഒരാഘോഷം ലോകത്ത്‌ വേറെയെവിടെയങ്കിലും ഉണ്ടോ, ഉണ്ടായിരുന്നിരിക്കുമോ?

ക്ഷേതങ്ങളില്‍ അതാഘോഷിച്ചിരുന്നില്ലെന്ന്‌ പറയാനാകില്ലെങ്കിലും അത്‌ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരുന്നത്‌ കൃഷിക്കാരായിരുന്നു. ഒരു മതാചാരമായിട്ടല്ല അമ്പലങ്ങളില്‍ അത്‌ നടത്തിയിരുന്നതും. അതില്ലെങ്കിലും ദേവപൂജാക്രമങ്ങളില്‍ വേദ-തന്ത്രപ്രാമാണ്യങ്ങള്‍ ലംഘിക്കപ്പെടുമെന്ന്‌ നിയമമൊന്നും ഇന്നുമില്ല. പ്രത്യുത, ആദ്യകാലത്ത്‌ കൃഷിക്കാരില്‍ നിന്ന്‌ ഇത്‌ അമ്പലങ്ങളിലേക്കു കൂടി കയറിച്ചെന്നതാകണം - കാരണം പില്‍ക്കാലത്ത്‌ കേരളത്തില്‍ കൃഷിസ്ഥലങ്ങളുടെ അവകാശത്തിണ്റ്റേയും കൃഷിയുടെ നടത്തിപ്പിണ്റ്റേയും വളരെ വലിയ പങ്ക്‌ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിത്തീരുന്നുണ്ടല്ലോ.

ഇതൊന്നും ഇന്ന്‌ അമ്പലങ്ങളില്‍ നിന്ന്‌ കതിരുകള്‍ വാങ്ങാന്‍ കൈനീട്ടി നില്‍ക്കുന്നവര്‍ക്ക്‌ ഓര്‍ക്കേണ്ടതില്ല. കാരണം അവര്‍ കൃഷി മറന്നുപോയ ഒരു ജനതയാണ്‌. സ്വന്തം അന്നം സ്വയം അദ്ധ്വാനിച്ചുണ്ടാക്കാന്‍ മിനക്കെടാതെ ഭക്ഷണമുണ്ടാക്കാന്‍ നീക്കിവെക്കേണ്ട മണ്ണില്‍ കരിങ്കല്‍ക്കൂടാരങ്ങള്‍ പണിഞ്ഞ്‌ അതിനകത്ത്‌ അമിതോപഭോഗത്തിന്റെ ഊരാക്കുടുക്കുകളില്‍ കെട്ടുപിണഞ്ഞ്‌ രക്ഷപ്പെടാനാകാതെ കിടക്കുമ്പോള്‍ തങ്ങളുടെ ജീവിതാശങ്കകള്‍ക്കു താല്‍കാലികശമനമെങ്കിലും കിട്ടാന്‍ ഏതു ദൈവങ്ങളെയും ദക്ഷിണകൊടുത്ത്‌ കൂട്ടുപിടിക്കാന്‍ എങ്ങോട്ടുള്ള മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവര്‍.

പുത്തരിയും നിറയും പലപ്പോഴും വെവ്വേറെ ദിവസങ്ങളിലും ആഘോഷിച്ചിരുന്ന ചടങ്ങുകളായിരുന്നു. അതായത്‌ ഇന്ന്‌ അമ്പലങ്ങളില്‍ കാണിച്ചുകൂട്ടുന്നതൂ പോലെ ഒരേ ദിവസം തന്നെ അത്‌ വേണമെന്ന്‌ പണ്ട്‌ നിര്‍ബന്ധമില്ലായിരുന്നു. പുതുനെല്ലിന്റെ അരി ആദ്യമായി പാചകം ചെയ്തു ഭക്ഷിക്കുന്ന പുത്തരി എന്ന ചടങ്ങ്‌ കൃഷിക്കാരല്ലാത്തവര്‍ കൂടി ആചരിച്ചിരുന്നു. അതാകട്ടെ, സംഗതിവശാല്‍, പലപ്പോഴും അരിഭക്ഷണം ചുരുക്കിനിര്‍ത്തേണ്ടിയിരുന്ന (ഇന്നത്തെതില്‍ പകുതി ജനസംഖ്യപോലുമില്ലാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍പോലും കേരളത്തില്‍ വര്‍ഷം മുഴുവന്‍ വേണ്ടിവന്നിരുന്ന അരി ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ലെന്ന്‌ നാം മറന്നുകൂട. ടിപ്പുസുല്‍ത്താനും പോര്‍ച്ചുഗീസുകാരുമൊക്കെ സാമൂതിരിയെയും മററും തോല്‍പിക്കാന്‍ കണ്ടിരുന്ന എളുപ്പമാര്‍ഗ്ഗം കടല്‍ വഴി വടക്കു നിന്ന്‌ വരുത്തിയിരുന്ന അരിയുടെ നീക്കം തടയുകയായിരുന്നു എന്നും നമുക്കറിയാം.) ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം കൊയ്ത്തു കഴിഞ്ഞ്‌ വാങ്ങാന്‍ കിട്ടുന്ന സാക്ഷാല്‍ പുന്നെല്ലരി തന്നെയയിരിക്കും; അപ്പോഴേക്ക്‌ പഴയരിച്ചോറ്‌ കിട്ടാക്കനിയായിക്കഴിഞ്ഞുമിരിക്കും. അത്‌ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നതിനു മുന്‍പ്‌ മുഹൂര്‍ത്തം നോക്കാതെപോലും പേരിനൊരു പുത്തരിച്ചടങ്ങ്‌, പല വീടുകളിലും സൌകര്യമുള്ള ദിവസങ്ങളിലായി നടത്തിയിരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിരുു. അതായത്‌ അത്‌ ക്ഷേത്രബദ്ധമായ ഒരു ചടങ്ങേ അല്ലായിരുന്നു എന്ന്‌ സാരം. അതിന്‌ ഏകസ്വരത്തിലുള്ള ആചാരനിഷ്ഠകളുമുണ്ടായിരുന്നില്ല.

ഇത്തരമൊരാഘോഷം എങ്ങിനെയാണ്‌, എപ്പോഴാണ്‌ ആരുമറിയാതെ അമ്പലക്കെട്ടുകളിലേക്ക്‌ എഴുള്ളിച്ചുകൊണ്ടുപോകപ്പെട്ടത്‌, അമാനുഷികവല്‍ക്കരിക്കപ്പെട്ടത്‌? അമിതമായി ആഗോളവല്‍ക്കരിക്കപ്പെടുകയും നഗരവല്‍കരിക്കപ്പെടുകയും ചെയ്യപ്പെട്ട മലയാളി തന്റെ സ്വത്വം പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ - സ്വത്വപുനര്‍നിര്‍ണ്ണയം എല്ലാക്കാലത്തും എല്ലാ ജനസഞ്ചയങ്ങളും ഭൌതികസാഹചര്യങ്ങളിലുണ്ടാകുന്ന മാററങ്ങള്‍ക്കനുരോധമായി നടത്തിവന്നിട്ടുള്ളതാണ്‌ - തങ്ങളുടെ പഴയകാലസംസ്കൃതിയിലെ മതബാഹ്യങ്ങളായ മൂല്യങ്ങളെ മതവല്‍ക്കരിക്കാന്‍ തിടുക്കം കാണിക്കുന്നുണ്ടെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇന്ത്യയിലെ മറേറതു ജനവിഭാഗത്തേക്കാളും കൂടുതല്‍ വേഗത്തില്‍ മുഖമില്ലാത്ത, ശബ്ദമില്ലാത്ത, പ്രതിഷേധമില്ലാത്ത വെറുമൊരു ജനക്കൂട്ടമായി ആഗോളീകൃത സമ്പദ്‌ വ്യവസ്ഥക്ക്‌ അടിപ്പെടുകയാണ്‌ നമ്മള്‍. ആഗോളീകരണം ജനസംസ്കൃതികളുടെ മുഖം മുറിച്ച്‌ സ്വത്വനഷ്ടം വരുത്താന്‍ മതങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. നെല്‍കൃഷിയുടെ സംഘാടനത്തില്‍ മാററം വരുത്തിയതോടെ സ്വന്തം സ്വത്വസങ്കല്‍പങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ആ മാററങ്ങള്‍ക്കു വിധേയമാകുന്ന സമയത്ത്‌ നിറയും പുത്തരിയും പോലുള്ള ഇത്തരം ആഘോഷങ്ങള്‍ അപ്രസക്തമാകുമ്പോള്‍ അവയെ അവിടെത്തന്നെ ഉപേക്ഷിക്കാനുള്ള ധൈര്യം കാട്ടാന്‍ തയ്യാറായിരുനെങ്കില്‍ നമ്മിലെ പ്രതിഷേധത്തിണ്റ്റെ കനലുകള്‍ കെട്ടടങ്ങാതിരുന്നേനെ. അതിനുപകരം അവയെ നമ്മെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുവര്‍ക്ക്‌ ആയുധമാക്കാന്‍ പാകത്തില്‍ അവരുടെ കൈകളില്‍ ത്തന്നെ ഏല്‍പ്പിക്കുകയാണ്‌ നമ്മള്‍ ചെയ്തിരിക്കുത്‌.

പക്ഷേ ഇതൊന്നും ശരാശരി കേരളീയന്‌ ഒരു പ്രശ്നമേ അല്ലാതായിക്കഴിഞ്ഞിരിക്ക്ന്ന്ു. അവനതൊന്നും അറിയണമെന്നും ഇല്ല. ലോകത്തെന്തു നടന്നാലും തനിക്ക്‌ യാതൊരു പ്രശ്നവുമില്ലെന്നും എവിടെ എന്തൊക്കെ സംഭവിച്ചാലും എന്റെ കാര്യങ്ങളൊക്കെ എങ്ങിനെയെങ്കിലുമൊക്കെ നടന്നു കിട്ടുന്നുണ്ടല്ലോ എന്നുമുറപ്പിച്ച്‌ കരിങ്കല്‍ പാകി മിനുക്കിയ കൊത്തളങ്ങളില്‍ ടിവി ചാനലുകളുമായി മാത്രം സല്ലപിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ അവന്‍ നെല്‍കൃഷി എന്ന ഭക്ഷണോത്പാദനക്രിയ മറന്നു കഴിഞ്ഞു. അതുകൊണ്ട്‌ അവന്‌ സ്വന്തം അയല്‍ക്കാരനെ നേരില്‍ കണേണ്ടിവരുന്നുമില്ല. അവരുമായി ഒന്നും പങ്കിടേണ്ടതും അവരുടെ സുഖകാംക്ഷയും അവന്‌ ആവശ്യമില്ലാതാകുന്നു. നിലവിലുള്ള എല്ലാ ആഘോഷങ്ങളും ചന്തക്ക്‌ വിട്ടുകൊടുത്ത്, ഒരാഘോഷത്തിലും നേരിട്ട്‌ ഭാഗഭാക്കാകാതെ, അവര്‍ കൊടുക്കുന്നതെന്തും അവന്‍ ആഘോഷമാക്കുന്നു. ദൈവങ്ങളെയും വരും തലമുറകള്‍ക്കായി താന്‍ കരുതി വക്കേണ്ട ശുഭകാംക്ഷകളുടെ അവസാനത്തെ നുറുങ്ങുപൊടിയെപ്പോലും ചന്ത കയ്യിലെടുത്ത കാര്യവും അവനറിയുന്നില്ല........

മലയാളമണ്ണില്‍ നാം നമുക്കു വേണ്ട ഭക്ഷണം ഉണ്ടാക്കുന്ന ശീലം ഉപേക്ഷിച്ചുകഴിഞ്ഞു എന്ന മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക്‌ കൂടി ഇപ്പോള്‍ ഒരു ഞെട്ടലോടെ ഇറങ്ങിനില്‍ക്കുക.

ഇപ്പോള്‍ ഇവിടെ വിതക്കുകയും കൊയ്തെടുക്കുകയും ചെയ്യുന്നത്‌ വിപണിയോടുള്ള ദാസ്യത്തിണ്റ്റെ അധമബീജങ്ങളാണ്‌. അത്‌ വിളയുന്നത് തരിശുകളിലാണെന്ന്‌ നന്നായറിയാവുവര്‍ കേരളിയന്റെ മനസ്സ്‌ തരിശാക്കി മാററിക്കൊണ്ടേയിരിക്കുന്നു.

Friday, June 26, 2009

രാവിലെ പത്രം വായിക്കുമ്പോള്‍...

നമ്മുടെ പത്രങ്ങള്‍ ദിവസവും രാവിലെ നമുക്കെത്തിച്ചു തരുന്ന വാര്‍ത്തകള്‍ എത്രയാണ്‌, എന്തൊക്കെയാണ്‌?

എല്ലാ പത്രങ്ങളിലും ഒരു പാടു വാര്‍ത്തകള്‍ ഉണ്ടെന്നാണ്‌ അവര്‍ പറയുന്നത്‌. അത്‌ ശരിയാണെന്ന്‌ നമ്മളും കരുതുന്നു. എന്നിട്ട്‌ പത്രം തുറക്കുന്നു. ശരിതന്നെയാണ്‌ - എല്ലാ താളുകളിലും പരസ്യങ്ങള്‍ കഴിച്ച്‌ ബാക്കിയുള്ള മുഴുവന്‍ സ്ഥലവും നിറഞ്ഞു കവിയുന്ന മട്ടില്‍ വാര്‍ത്തകള്‍ ഉണ്ട്‌. നമ്മള്‍ അതൊക്കെ വായിക്കുന്നു, വായിച്ചു രസിക്കുന്നു, ഉത്ബുദ്ധരാകുന്നു. ഭരണകക്ഷിക്കാര്‍ തങ്ങള്‍ നടത്തുന്ന അഴിമതികളെ വെള്ള പൂശാന്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങിനെ നമുക്കറിയാറാകുന്നു. അതുവഴി അത്യുന്നതങ്ങളിലെ അഴിമതികളെപ്പററി നാം കൂടുതല്‍ കൂടുതല്‍ ബോധവന്‍മാരായിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തിരിക്കുന്നവര്‍ ഒരുകാലത്തും തങ്ങളുടെ സാമാജികസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തി യാതൊരു അഴിമതിയും കാണിക്കാറില്ലെന്നത്‌ എല്ലാ പത്രങ്ങള്‍ക്കും - വിശിഷ്യാ പൊതുജനത്തിനും - നല്ലപോലെ അറിയുന്ന കാര്യമായതുകൊണ്ട്‌ അക്കാര്യങ്ങളൊന്നൂം പത്രത്താളുകളില്‍ വരാറുമില്ല. പിന്നെ പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും ഉള്‍പ്പോരുകളും ഉപജാപകഥകളും നമുക്ക്‌ പ്രഭാതങ്ങളില്‍ തന്നെ കിട്ടുകയും ചെയ്യുന്നു. അവക്കിടെ കുറച്ച്‌ മാലപറിക്കലുകളും, ഗുണ്ടാവിളയാട്ടങ്ങളും തിരുകിവച്ചിട്ടുമുണ്ടാകും. എല്ലാം കഴിയുമ്പോള്‍ ചുരുങ്ങിയത്‌ അര മണിക്കൂറെങ്കിലും ചിലവാക്കി നാം വായിച്ചുകൊണ്ടിരുന്നത്‌ ആദ്യപേജു മുതല്‍ അവസാന പേജു വരെ ചുരുക്കം ചില വാര്‍ത്തകളുടെ പല തരം വിവരണങ്ങളാണെന്ന്‌ നമ്മള്‍ക്കു മനസ്സിലാകാതിരിക്കാനുള്ള അവരുടെ ശ്രമം ഫലപ്രാപ്തിയിലെത്തിക്കഴിഞ്ഞിട്ടുമുണ്ടാകും.

ഇങ്ങിനെയൊക്കെയല്ലാതെ നമ്മുടെ കൊച്ചു കേരളത്തില്‍ മറ്റൊന്നും സംഭവിക്കുന്നില്ലെന്നോ, അതല്ലെങ്കില്‍ സംഭവിക്കേണ്ടതില്ലെന്നോ നിശ്ചയിച്ചുറപ്പിച്ചപോലെ പത്രങ്ങള്‍ പെരുമാറുന്നുണ്ടെന്ന്‌ നമുക്കു തോന്നേണ്ട കാലമായില്ലേ?

ഒരു ചെറിയ കാര്യം.
ഇയ്യിടെ നമ്മുടെ ഇടുക്കി വൈദ്യുതി നിലയത്തില്‍ ബൃഹത്തായ കുറേ അറ്റകുറ്റപ്പണികള്‍ നടന്നു. മുപ്പതിലേറെ വര്‍ഷക്കാലം ജലാശയത്തിനടിയില്‍ കിടന്ന്‌ അഭംഗുരം പ്രവര്‍ത്തിച്ചുപോരുന്ന ജലവാഹിനികളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ പാടില്ലെന്നും ഉണ്ടായാല്‍ത്തന്നെ അവ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള ഏതു ശ്രമത്തിലും അവ മുഴുവനായും തന്നെ മാറ്റാന്‍ കഴിയുമെന്നും അതിനിറങ്ങിത്തിരിക്കുന്നവര്‍ ഒറ്റ ശ്രമത്തില്‍ത്തന്നെ അത്‌ തീര്‍ക്കാതിരിക്കുന്നത്‌ അവരുടെ കഴിവുകേടോ അഹന്തയോ തന്നെയാണ്‌ എന്നു വരുത്തിത്തീര്‍ക്കാന്‍ മാദ്ധ്യമലോകത്തിന്‌ നിര്‍ബന്ധമുണ്ടെന്ന തോന്നലാണ്‌ ഒരു ദൃശ്യമാദ്ധ്യമത്തിണ്റ്റെ റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ തോന്നിയത്‌. ഇടുക്കിയിലെ പ്രശ്നങ്ങളൊന്നും മുഴുവനായും തീര്‍ക്കാതെ പണികള്‍ അവസാനിപ്പിക്കുന്നു എന്നു കുററപ്പെടുത്തലിണ്റ്റെ സ്വരത്തില്‍ പറഞ്ഞുകൊണ്ടാണ്‌ വാര്‍ത്ത വായിക്കുന്നയാള്‍ ലോഡ്‌ ഷെഡ്ഡിങ്ങ്‌ പിന്‍വലിക്കുന്ന ഇലക്ട്രിസിററി ബോര്‍ഡിണ്റ്റെ വാര്‍ത്താക്കുറിപ്പലേക്ക്‌ കടന്നത്‌. അതേ സമയം ഇന്‍ ടേക്‌ വാള്‍വിലേതൊഴികെ പ്രധാനപ്പെട്ട കുഴപ്പങ്ങളെല്ലാം പരിഹരിച്ചു എന്ന്‌ ഇലക്ട്‌റിസിറ്റി ബോര്‍ഡും പറഞ്ഞു. മുപ്പതു കൊല്ലക്കാലമായി വെള്ളത്തിനടിയില്‍ കിടക്കുന്ന ഒരു ഉപകരണത്തില്‍ എന്തൊക്കെ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നോ, അവ വൈദ്യുതി നിര്‍മാണത്തിന്‌ കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ പരിഹരിക്കാന്‍ എന്തൊക്കെ സന്നാഹങ്ങള്‍ ആവശ്യമാണെന്നോ സാമാന്യജനങ്ങള്‍ക്ക്‌ ചെറിയൊരു അറിവെങ്കിലും കിട്ടുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കാന്‍ ഒരു പത്രവും മുതിര്‍ന്നു കണ്ടില്ല. കഴിഞ്ഞിടത്തോളം പണികള്‍ നടത്തി ഒന്നു നടുനീര്‍ക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ സമയംതേടുന്ന ആ നേരത്തെങ്കിലും മൂന്നു പതിററാണ്ടായി ഇന്‍ ടേക്ക്‌ വാള്‍വ്‌ വെള്ളത്തിനടിയിലായിരുന്നെന്നോ ആഴത്തിലിരിക്കുന്ന അതിണ്റ്റെ ചോര്‍ച്ച മാറ്റുകയെന്നത്‌ എത്രത്തോളം ശ്രമകരമാണെന്നോ അതിന്ന്‌ എത്ര സമയം വേണ്ടതുണ്ടെന്നോ അത്‌ തികച്ചും പുതിയ ഒരു വെല്ലുവിളിയായതിനാല്‍ നിലവിലില്ലാത്ത മറൊറാരു പുതിയ മാര്‍ഗം തേടേണ്ടിവന്നേക്കാം എന്നോ ഒക്കെയുള്ള വസ്തുതകള്‍ ജനത്തിനെ അറിയിക്കാന്‍ ഒരു പത്രവും ശ്രമിച്ചുകണ്ടില്ല. അതിനൊക്കെയപ്പുറം ഇത്തരം ജോലികളൊക്കെ ചെയ്യാന്‍ പ്രാപ്തരായ, മിടുക്കന്‍മാരും, ബുദ്ധിമാന്‍മാരും, ഏതൊരു വെല്ലുവിളികളേയും നേരിടാന്‍പൊന്ന ധൈര്യവും അര്‍പ്പണബോധവുമുള്ള നിരവധി എഞ്ചിനീയര്‍മാരും, സാങ്കേതിക വിദഗ്ദ്ധരും നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നും സേവനമനുഷ്ഠിക്കുന്നതുകൊണ്ടാണ്‌ ഇങ്ങിനെയെങ്കിലും കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുത്‌ എന്നൊരു വാക്കെങ്കിലും പത്രക്കാരാരും പറയുകയുമുണ്ടായില്ല. അതിനുപകരം നിലവിലുള്ള മന്ത്രിസഭയുടെ കെടു കാര്യസ്ഥതതകൊണ്ടാണ്‌ വാള്‍വുകളില്‍ പണി വേണ്ടിവന്നതെന്ന്‌ പോലും വരുത്തിത്തീര്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നെന്നും തോന്നി.

ഇനി കുറച്ചു കാലം മുമ്പു കേട്ട ഒരു കാര്യം.
കേരളത്തിലെ ശക്തമായ ഒരു മാദ്ധ്യമത്തിണ്റ്റെ തലപ്പിത്തിരിക്കുന്ന ഒരാള്‍ - അതുകൊണ്ടുതന്നെ ആര്‍ക്കും അദ്ദേഹത്തെ അവിശ്വസിക്കാന്‍ തോന്നുകയുണ്ടായില്ല - ഏതാനും മാസങ്ങള്‍ക്കു മുന്‍പു പൊതുവേദിയാണെങ്കിലും കുറഞ്ഞമട്ടില്‍ മാത്രം ശ്രോതാക്കള്‍ ഉണ്ടായിരുന്ന ഒരവസരത്തില്‍ ഒരു പത്രപ്രവര്‍ത്തകണ്റ്റെ ആധികാരികതയോടെ ആര്‍ക്കും അസ്വസ്ഥതയുളവാക്കാവുന്ന ഒരു കാര്യം തുറന്നു പറയുകയുണ്ടായി. അദ്ദേഹം വളരെയേറെക്കാലം രാജ്യത്തിണ്റ്റെ തലസ്ഥാനത്ത്‌, ദല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു. പത്രപ്രവര്‍ത്തനത്തിണ്റ്റെ ഉള്ളുകള്ളികളെക്കുറിച്ച്‌ പറഞ്ഞുവപ്പോളാണ്‌ അദ്ദേഹം ബോഫോര്‍സ്‌ കേസിനെ പരാമര്‍ശിച്ചത്‌. ഏറെ ഒച്ചപ്പാടും ബഹളവും രാഷ്ട്രീയ പ്രത്യാഘാതങ്ങളുമുണ്ടാക്കിയ ആ കേസ്‌ ഒട്ടും കഴമ്പും കാര്യവുമില്ലാതിരുന്നതാണെന്നും ഇന്ത്യയിലെ രണ്ടു വന്‍കിട പത്രമുതലാളിമാര്‍ തമ്മിലുള്ള വഴക്ക്‌ അവര്‍ തന്നെ ഊതിപ്പെരുക്കിയെടുത്ത്‌ സ്വന്തം വ്യവസായ താല്‍ പര്യങ്ങള്‍ സംരക്ഷിക്കാന്‍ മെനഞ്ഞെടുത്തതായിരുന്നെന്നും അദ്ദേഹം ഉറക്കെ പറഞ്ഞു. ഒക്റ്റേവിയൊ ക്വാട്രോച്ചി ഇയ്യിടെ കേസില്‍ നിന്ന്‌ മുക്തനാക്കപ്പെട്ടപ്പോഴും നമ്മള്‍ എന്തൊക്കേയൊ കേട്ടു. അവയില്‍ ഏതൊക്കെയാണ്‌ സത്യത്തില്‍ ശരി? നാം എന്തൊക്കെയാണ്‌ വിശ്വസിക്കേണ്ടത്‌?

ഇവിടെ കേരളത്തിലും ഇങ്ങിനെയൊക്കെ മാത്രമേ സംഭവിക്കുന്നുള്ളൂ എന്നാണോ നമ്മുടെ പത്രമര്യാദകളില്‍നിന്ന്‌ നമ്മളും നിര്‍ണയിച്ചെടുക്കേണ്ടത്‌? നാമൊക്കെ ബോദ്ധ്യപ്പെടേണ്ടത്‌? എഴുതിയും കാട്ടിത്തന്നും ഇവര്‍ നമ്മെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിണ്റ്റെ ഉദ്ദേശമെന്താണ്‌?

നരസിംഹറവു സര്‍ക്കാരിണ്റ്റെ കാലത്ത്‌ വളരെയേറെ കോളിളക്കമുണ്ടാക്കിയതാണ്‌ ഐ എസ്‌ ആര്‍ ഓ ചാരക്കേസ്‌. ഏതാണ്ട്‌ ഒരു വര്‍ഷകാലത്തോളം ഇന്ത്യന്‍ മാദ്ധ്യമങ്ങളെല്ലാം അതാഘോഷിക്കുക തന്നെയായിരുന്നു. അതുകൊണ്ട്‌ എതാനും ശൂന്യാകാശ ശാസ്ത്രഞ്ജന്യരടക്കം കുറച്ചു പേര്‍ക്ക്‌ നിയമക്കുരുക്കുകളില്‍ പെട്ട്‌ ശിഷ്ടായുസ്സ്‌ തള്ളിനീക്കേണ്ടിവന്നു. അത്‌ ഒടുവില്‍ ശൂന്യതയിലേക്ക്‌ വിലയം പ്രാപിച്ചു. എങ്കിലും പില്‍ക്കാലത്ത്‌ തിരിഞ്ഞു നോക്കുമ്പോള്‍ അത്രയേറെ ചാരന്‍മാരെക്കൊണ്ടു നിറഞ്ഞുനില്‍ക്കാന്‍ ഇന്ത്യയുടെ ശൂന്യാകാശഗവേഷണസ്ഥപനത്തിന്‌ കഴിഞ്ഞിട്ടുണ്ടാകുമോ എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌. അക്കാലത്ത്‌ ഐ എസ്‌ ആര്‍ ഓ ചാരന്‍മാരുടെ പറുദീസയായിരുന്നെങ്കില്‍ പത്തുപന്ത്രണ്ടു തവണ തുടര്‍ച്ചയായി കുറ്റമറ്റ രീതിയില്‍ ആവര്‍ത്തനസാദ്ധ്യതകളോടെ പറത്താന്‍ കഴിഞ്ഞ പി എസ്‌ എല്‍ വി പോലുള്ള ഒരു വിക്ഷേപിണി വികസിപ്പിച്ചെടുക്കാന്‍ നമുക്ക്‌ കഴിയുമായിരുന്നോ?
പത്രങ്ങള്‍ ചാരക്കേസില്‍ മുങ്ങിയാറാടി നടന്നീരുന്ന കാലത്ത്‌ തിരുവനന്തപുരത്തെ വി എസ്‌ എസ്‌ സി യിലെ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍മ്മ വരുന്നു - ഓരോ ദിവസവും രാവിലെ പത്രം വായിച്ചു ജോലിക്കു പോകാന്‍ പുറത്തിറങ്ങുമ്പോള്‍ പൊതുജനം ഞങ്ങളെ തികഞ്ഞ വ്യഭിചാരികളായിട്ടാണല്ലോ കാണുന്നത്‌ എന്ന തോന്നല്‍ ഞങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദ്ദവും ഭയവുമുണ്ടാക്കുന്നു എന്നദ്ദേഹം പറഞ്ഞു. ഞങ്ങളവിടെ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന്‌ - അതേതായാലും എട്ടുമണിക്കൂറ്‍ വ്യഭിചാരമല്ലെന്ന്‌ - സാമാന്യജനത്തെ അറിയിക്കാന്‍ എന്താണൊരു വഴി എന്ന്‌ അദ്ദേഹം പരിതപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മുംബൈ സ്ഫോടനക്കാലം.
താജ്‌ മഹല്‍ ഹോട്ട്ല്‍ കത്തിയെരിയുമ്പോള്‍ ഇന്ത്യ മുഴുവന്‍ മുള്‍മുനയില്‍ നിന്നുപോയ ദിവസങ്ങള്‍. വിവരങ്ങളറിയാന്‍ ടിവി ചാനലുകള്‍ ട്യൂണ്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഉദ്വേഗജനകങ്ങളായ ചിത്രങ്ങള്‍, വാര്‍ത്തകള്‍. ഇതുപോലത്തെ പ്രതിസന്ധികളുടെ സമയത്ത്‌ എന്നും പുറത്തുവരാറുള്ളപോലത്തെ ഊഹാപോഹങ്ങള്‍. എല്ലാത്തില്‍നിന്നും ശരിയും സത്യവും വേര്‍തിരിച്ചെടുക്കാനും കൂടുതല്‍ അശുഭവാര്‍ത്തകളൊന്നും കേള്‍ക്കാനിടവരരുതേ എന്നു കരുതിയും കാത്തിരിക്കുമ്പോള്‍ വാര്‍ത്താവതാരകന്‍മാര്‍ ഇടക്കിടെ ആരേയോ അധിക്ഷേപിക്കുന്നതു കേള്‍ക്കുന്നു. കാതോര്‍ക്കുമ്പോള്‍ അറിയുന്നത്‌ മുംബൈയിലെ അപ്പൊഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ നെറികെട്ട, അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാര്‍ മാത്രമാണെന്നാണ്‌. അവര്‍ വേണ്ട സമയത്ത്‌ ഒന്നും ചെയ്യുന്നില്ല. വേണമെങ്കില്‍ വിഭാഗീയതകളോട്‌ സഖ്യം ചെയ്യുന്നവരുമാണ്‌ അവര്‍. അവര്‍ ഇല്ലാതിരുന്നാല്‍ മാത്രം മതി എല്ലാം നേരെയാകാന്‍. അടുത്ത നിമിഷത്തില്‍ വേണ്ട രീതിയില്‍ പോലീസുദ്യോഗസ്ഥര്‍ അണികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കും. തീവ്രവാദികള്‍ തൊട്ടടുത്ത മിനിട്ടില്‍ പിടിയിലാകും. മുംബൈ നഗരവും ഇന്ത്യ തന്നെയും ശാന്തമാകും. പിടികൂടപ്പെടുന്ന തീവ്രവാദികള്‍ അടുത്ത ദിവസം തന്നെ നീതിപീഠത്തിനു മുന്നിലെത്തും, നീതി നടപ്പാക്കപ്പെടും - അയാള്‍ പുലമ്പുതെല്ലാം കേട്ടപ്പോള്‍ അങ്ങിനെയൊക്കെയാണ്‌ തോന്നിയത്‌.
എത്ര ലളിതമാണ്‌ അവര്‍ക്ക്‌ കാര്യങ്ങള്‍.
ഇവിടെ ഒരു രാഷ്ട്രീയ സംവിധാനത്തിണ്റ്റെ ആവശ്യമേ ഇല്ലെന്ന്‌!

ഇവിടെ കേരളത്തില്‍ ഇനിയിപ്പോള്‍ വിമോചനസമരമാണ്‌ അവര്‍ കയ്യിലെടുക്കുന്നത്‌ എന്നു തോന്നുന്നു.
കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വിമോചനസമരത്തിണ്റ്റെ വാര്‍ഷികം ആഘോഷിച്ചുകൊണ്ട്‌ അതിണ്റ്റെ കുത്തക മുഴുവന്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നതാണ്‌ ഇയ്യിടെ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടതും കേട്ടതും. വിമോചന സമരം ഒരു രഷ്ട്രീയസമരമായിരുന്നില്ലെന്നും അത്‌ ദൈവവിശ്വാസങ്ങള്‍ക്കെതിരായവരെ ശിക്ഷിക്കാന്‍ ദൈവം നേരിട്ടിറങ്ങി വന്ന്‌ നടത്തിയ സമരമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള പുതിയ ശ്രമങ്ങള്‍ക്ക്‌ ആക്കം കൂട്ടാനും ഇപ്പോള്‍ പത്രങ്ങള്‍ കണ്ണടച്ചു കൂട്ടു നില്‍ക്കുന്നുണ്ടോ. അതിണ്റ്റെ ഉദ്ദേശം എന്തുതയിരുന്നാലും, അത്‌ ആര്‍ക്കെതിരായിട്ടാണ്‌ നയിക്കപ്പെട്ടതെങ്കിലും, പ്രാഥമികമായി അതും സമ്പൂര്‍ണമായും - നമ്മുടെ സ്വാതന്ത്യ്രസമരത്തെപ്പോലെത്തന്നെ - മറെറാരു രാഷ്ട്രീയ സമരം തന്നെയായിരുന്നു. കേരളത്തിലെ സാമാന്യജനങ്ങളില്‍ എല്ലാ പരിഛേദങ്ങളില്‍ നിന്നുമുള്ള ആളുകള്‍ അതില്‍ പങ്കെടുത്തിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റുകളോട്‌ വിരോധമുള്ളവര്‍ സമൂഹത്തിണ്റ്റെ എല്ലാ തുറകളിലും അന്നുണ്ടായിരുന്നു. അവര്‍ തന്നെയാണ്‌ വിമോചനസമരത്തിണ്റ്റെ മുന്‍പന്തിയില്‍ നിന്നിരുന്നത്‌. അങ്ങിനെയുള്ളവര്‍ ഇന്നുമുണ്ട്‌, എന്നുമുണ്ടായിരിക്കുകയും ചെയ്യും. അവരുടെയൊക്കെ കൂട്ടായ്മയില്‍ നിന്നുയിര്‍ത്തു പൊങ്ങിയ ആ സമരത്തെ സഹായിക്കാന്‍ വിദേശ ഫണ്ടുകള്‍ പോലും രംഗത്തുണ്ടായിരുന്നുവെന്നത്‌ പില്‍ക്കാലത്ത്‌ ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട കാര്യവുമാണ്‌. കേരളത്തിലെ ഭൂവുടമ, ഫ്വുഡല്‍ ശക്തികള്‍ തുടങ്ങിവച്ച - എല്ലാ മതങ്ങളും എക്കാലത്തും ഈ ശക്തികളുടെ കൂടെയാണല്ലോ - പ്രതിഷേധം പടര്‍ന്നുകയറിയപ്പോള്‍ അതിണ്റ്റെ അവസാനമായപ്പോഴേക്ക്‌ അതില്‍ ഇവിടത്തെ എല്ലാ മതനേതൃത്വങ്ങളും ദല്‍ഹിയിലെ അന്നത്തെ ഭരണകൂടവും സമര്‍ത്ഥമായി കക്ഷിചേര്‍ന്നാണ്‌ കാര്യങ്ങള്‍ അന്നത്തെ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുന്നതിലെത്തിച്ചത്‌. ഇത്രയും കാരണങ്ങള്‍ കൊണ്ടുതന്നെ അത്‌ തികച്ചും ഒരു രാഷ്ട്രീയസമരമായിത്തന്നെയാണ്‌ കേരള ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതും. യഥാര്‍ത്ഥത്തില്‍ ആരൊക്കെയാണ്‌ വിമോചനസമരത്തിണ്റ്റെ കൂടെ ഉണ്ടായിരുന്നതു എന്ന കാര്യം ഒട്ടും ഓര്‍ക്കാതെയല്ലേ പത്രങ്ങള്‍ അങ്കമാലി ആഘോഷത്തിന്‌ ഇത്രയേറെ പ്രാമുഖ്യം കൊടുത്തത്‌? മറെറല്ലാ പ്രസ്ഥാനങ്ങളും - കോണ്‍ഗ്രസ്‌ പാര്‍ട്ടിയടക്കം - അതിണ്റ്റെ വാര്‍ഷികമാഘോഷിക്കാന്‍ പൊതുവേദികള്‍ തിരഞ്ഞെടുക്കുമ്പോള്‍, ആശയസംവാദങ്ങളെ കൂട്ടുപിടിക്കുമ്പോള്‍ ഇവിടെ ചില മതമേലദ്ധ്യക്ഷന്‍മാര്‍ മാത്രം ഗതകാലത്തില്‍ തപ്പി കുറേ അസ്ഥികൂടങ്ങള്‍ കുത്തിച്ചിനക്കിയെടുത്ത്‌ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെ, പ്രതിരോധിക്കാനല്ലേ പത്രങ്ങള്‍ തയ്യാറാകേണ്ടത്‌. അതിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള വ്യഗ്രതകളില്‍ ചരിത്രസത്യങ്ങളെ എത്ര ദൂരം വരേയും പോയി വികൃതപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കൂട്ടുനില്‍ക്കുകയെന്ന ദൌത്യവും ഇപ്പോള്‍ ഇവിടെ മാധ്യമങ്ങള്‍ നിര്‍വഹിക്കുകയാണെന്നു തോന്നുന്നു.

ഇതൊക്കെ കാണിക്ക്ന്നൌത്‌ നവമുതലാളിത്തത്തിന്‌ ചൂട്ടു പിടിച്ചുകൊടുക്കാന്‍ ഇന്ന്‌ മാദ്ധ്യമങ്ങള്‍ ഏറെ ശുഷ്കാന്തി കാണിക്കുന്നുണ്ട്‌ എന്നുതന്നെയാണ്‌. സങ്കുചിതങ്ങളായ അതിരുകളില്‍ തളക്കപ്പെടാതെ നിന്നുപോന്ന സാധാരണക്കാരണ്റ്റെ സാമൂഹ്യബോധത്തെ പണാധിപത്യത്തിന്‌ മുന്നില്‍ ചോദ്യം ചെയ്യാനും കളിയാക്കിവിടാനും പാകത്തില്‍ പിടിച്ചു നിര്‍ത്തിക്കൊടുക്കയെന്ന ജോലിയും അവര്‍ അറിഞ്ഞോ അറിയാതേയോ ഇന്ന്‌ ചെയ്തുപോരുന്നുണ്ട്‌.

ഇത്‌ വളരെ അപകടകരമാകുന്നു.
നമ്മുടെ ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കായിരിക്കും ഒടുവില്‍ ഇതിണ്റ്റെ തിക്തഫലങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരിക.

നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്‌.