ഈ ലീലാഭായിയെ കേരളത്തിൽ അത്രയധികം ആളുകളൊന്നും അറിയാനിടയില്ല. പേരുകൊണ്ട് അവർ മലയാളിയെന്നു തോന്നാമെങ്കിലും അവർ ജീവിക്കുന്നത് കുറേ വടക്ക് മഹാരാഷ്ട്രയുടെ കിഴക്കൻ
ഭാഗങ്ങളിലെ യവത് മാൽ ജില്ലയിലാണ്.
മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശങ്ങൾ ജലക്ഷാമമുള്ള സ്ഥലങ്ങളാണ്. കൃഷി എല്ലാക്കൊല്ലവും വരൾച്ചകൊണ്ട് നഷ്ടത്തിലാകുകയും അടുത്തകാലത്ത് ധാരാളം കർഷകർ ആത്മഹത്യ
ചെയ്യുകയും ചെയ്യുന്ന സ്ഥലം. ബഹുരാഷ്ട്രക്കുത്തകകൾ നൽകിയ ജനിതകമാറ്റം
വരുത്തിയ പരുത്തിവിത്തുകൾ സർവ്വനാശം വിതച്ച ഗ്രാമങ്ങൾ. നാഗപൂരിനു പടിഞ്ഞാറാണ് യവത് മാൽ. നൂറോ നൂറ്റമ്പതോ കിലോമീറ്റർ. അതുപോലെ നാഗ്പൂരിൽ നിന്ന് കിഴക്ക് പത്തെഴുപത്തഞ്ച്
കിലോമീറ്റർ ദൂരത്തിലാണ് ഗോസിഖുര്ദ്
അണക്കെട്ടും. 1983-ൽ രണ്ടര ലക്ഷം ഏക്കർ സ്ഥലത്ത് ജലസേചനം
സാധ്യമാക്കാനാകുന്ന ഒരു വമ്പന്‍ ജലസേചനപദ്ധതി അവിടെ തുടങ്ങുന്നു. മതിപ്പു
ചിലവ് 372 കോടി രൂപ. 2013 ആയിട്ടും അതെങ്ങും
എത്തിയിട്ടുമില്ല. ഇതുവരെയായി 7800 കോടിയോളം
ചെലവാക്കിയെന്ന് കണക്കുകൾ.
ഇതിന്റെ പരിസരങ്ങളിലാണ് ലീലാബായി ജീവിക്കുന്നത്. അതുകൊണ്ടാണ് അവർ ശ്രദ്ധേയയാകുന്നതും. ലീലാബായി കർഷകയാണ്. കർഷക എന്ന വാക്ക് ഇന്ത്യൻ നിഘണ്ടുക്കളിലൊന്നുമില്ല. കർഷകൻ എന്നേ അതിലൊക്കെ കാണൂ. വീട്ടിൽ
ഒന്നും ചെയ്യാതെ കുത്തിയിരുന്ന് കൃഷിസ്ഥലങ്ങളുടെ ഉടമാവകാശം കയ്യാളുകമാത്രം ചെയ്യുന്ന
പുരുഷന്മാർപോലും ഇന്ത്യൻ കാഴ്ചപ്പാടിൽ കർഷകനാണ്; അയാളാണ് എപ്പോഴും ഗൃഹനാഥനും.
എന്താണ് ലീലാഭായിയുടെ പ്രത്യേകത? ഭർത്താവിനെ ബഹുമാനത്തോടെ മാത്രം കാണുകയും മറ്റുള്ളവരുടെ മുമ്പിൽ തന്റെ പതിയിൽ അഭിമാനംകൊള്ളുകയും ചെയ്യുന്ന ലീലാബായി അതേസമയം ആരോടും പറയും- വീട്ടുകാര്യമൊക്കെ നോക്കുന്നതും കൃഷിയിടത്തിലെ പണിയൊക്കെ അന്വേഷിക്കുന്നതും ഞാനാണ്. എന്റെ ഭർത്താവ് ഞങ്ങളുടെ ഏതാനും കാലികളെ നോക്കി സംരക്ഷിച്ചുകൊണ്ട് സുഖമായി കഴിയുന്നു. എങ്കിലും ആരാണ് കർഷകൻ എന്ന സ്ഥാനത്ത് എന്റെ ഭർത്താവിന്റെ പേരേ സർക്കാർ രേഖകളിലും മാദ്ധ്യമങ്ങളിലും കാണുള്ളൂ. എനിക്കതിൽ പരിഭവവുമില്ല.
അവർ തുടർന്നും പറയും- ഞങ്ങൾക്കിന്ന് നാല്പതേക്കർ കൃഷിയിടമുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്.
ഇന്ന് എല്ലാമുണ്ട്- സന്തോഷമാണെങ്കിൽ വേണ്ടുവോളവും.
ആരാണ് ഇവിടങ്ങളിൽ കൃഷിനടത്തിപ്പ് കൊണ്ടുനടക്കുന്നത് എന്നു ചോദിച്ചു നോക്കൂ. കൂസലില്ലാതെ അവർ പറയും – അത് സ്ത്രീകളാണ്. ആണുങ്ങളല്ല. ആണുങ്ങൾ മിക്കവാറും ഗ്രാമം
മുഴുവൻ ചുറ്റിയടിച്ച് സമയം കളയുകയാണ് പതിവ്.
1965-ൽ ശൈശവത്തിൽത്തന്നെയായിരുന്നു ലീലാബായിയുടെ വിവാഹം. ഏറെക്കുറെ അനാഥത്വം അനുഭവിച്ചു നടന്നിരുന്ന, ബന്ധുവൃന്ദത്തിൽത്തന്നെയുള്ള ആളെയാണ് അഛൻ അവർക്ക് ഭർത്താവായി കണ്ടെത്തിയത്. പേർ അശണ്ണ. ഇന്ന് ഈ ദമ്പതികൾക്ക് 60 വയസ്സ് കഴിഞ്ഞു.
നാലാം ക്ലാസിൽ പഠിത്തം നിർത്തിയതാണ് ലീലാബായി. കുട്ടിക്കാലത്ത് നാട്ടിൽ ജനനരേഖകൾ സൂക്ഷിക്കുന്ന പതിവില്ലാതിരുന്നതുകൊണ്ട് അവർക്ക് തന്റേയും ഭർത്താവിന്റേയും
വയസ്സ് കൃത്യമായറിയില്ല. സ്വന്തമായി നിലമില്ലാതിരുന്നതുകൊണ്ട് അവർ മറ്റുള്ളവരുടെ സ്ഥലത്ത് പണിക്കുപോയി. കിട്ടുന്നത് കഴിയുന്നത്ര മിച്ചം വച്ചു. പിന്നെ കുറേശ്ശെയായി കൃഷിസ്ഥലങ്ങൾ വാങ്ങി. കല്യാണം കഴിയുന്ന കാലത്ത് അവിടങ്ങളിൽ നാൽപ്പതേക്കർ ഭൂമി 10000 രൂപക്ക് കിട്ടുമായിരുന്നു. ഇന്ന് 40000 രൂപക്കുപോലും ഒരേക്കർ
കിട്ടില്ല.
1969-ലാണ് അവർ ആദ്യമായി ഭൂമി വാങ്ങിയത്. 1000 രൂപ വച്ച് നാലേക്കർ. അവർ നല്ലശ്രദ്ധയോടെ അന്വേഷിച്ച് വാങ്ങിയ ഫലപുഷ്ടിയുള്ള ഭൂമിയായിരുന്നു അത്. ഇക്കാലത്ത് അതിനരികിലൂടെ ഒരു ഹൈവേ വന്നതുകൊണ്ട് ആ സ്ഥലത്തിന് ഇന്ന് അമ്പതു ലക്ഷം കിട്ടുമെന്ന് അവർക്കറിയാം. അതിൽ കൃഷിചെയ്ത് വരുമാനമുണ്ടാക്കിക്കൊണ്ട് 1971-ൽ 20 ഏക്കർ കൂടി അവർ വാങ്ങി. പിന്നെ 1973-ൽ പതിനഞ്ചേക്കർ, 85-ൽ നാലേക്കർ, ഒടുവിൽ 91-ൽ പത്തേക്കറും കൂടി. അതിൽ നിന്ന് കുറച്ച് പിൽക്കാൽത്ത് വിറ്റു. ഇപ്പോൽ 40 ഏക്കർ സ്വന്തമായുണ്ട്.
സ്വന്തമായി കൃഷി ചെയ്തു പഠിച്ചാണ് ലീലാബായി വളർച്ചയുടെ പടവുകൾ കയറിയത്. ഇത്രയും കാലത്തെ പരിചയം കൊണ്ട് അവർ
കൃഷിപ്പണികളിൽ അനന്തമായ പരിചയസമ്പത്തും പാടവവും ആർജ്ജിച്ചുകഴിഞ്ഞു.
കൃഷിപ്പണികളിൽ സ്ത്രീകളാണ് എപ്പോഴും കൂടുതൽ ശ്രദ്ധാലുക്കളെന്നും
അവർ പുരുഷന്മാരേക്കാൾ ശുഷ്കാന്തിയോടേയും ഭംഗിയായും ജോലികളിൽ ഏർപ്പെടുമെന്നുമാണ് അവരുടെ
നിഗമനം. കൃഷിപ്പണിയും പണം കൈകാര്യം ചെയ്യലും ഗാർഹികചെലവുകളുമൊക്കെ അവർ തന്നെയാണ് ശ്രദ്ധിക്കുന്നത്.
ഏറെക്കാലം അശണ്ണ മാസം എഴുപതു രൂപ ശമ്പളത്തിൽ ഒരു പെട്രോൾ പമ്പിൽ ജോലിക്കാരനായിരുന്നു. പത്തുപതിനഞ്ചു വർഷം മുമ്പാണ് അയാൾ ആ പണി നിർത്തിയത്. അപ്പോഴേക്കും ലീലാബായി സർക്കാർ രേഖകളിൽ അശണ്ണയെന്നൊരു കർഷകനെ സൃഷ്ടിക്കാനായി വേണ്ടുവോളം
കൃഷിയിടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
വീട്ടാവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളെല്ലാം അവർ സ്വന്തം
കൃഷിയിടത്തിൽ നിന്നെടുക്കുന്നു.
നെല്ലും ഗോതമ്പും പച്ചക്കറികളുമെല്ലാം. കൂടാതെ മുപ്പതോളം ഏക്കർ സ്ഥലത്ത് അവർ പരുത്തിയും സോയബീനും
കൃഷിചെയ്യുന്നുണ്ട്.
കൃഷികാര്യങ്ങളെല്ലാം തീർച്ചയാകുന്നതും നടത്തിക്കുന്നതും
ലീലാബായി നേരിട്ടാണ്. ദിവസവും ഏറെനെരം അവർ കൃഷിയിടങ്ങളിൽ ചെലവാക്കുന്നു.
ചന്തമുള്ള ഒരു വീടും അതിനോട് ചേർന്ന് വിള സൂക്ഷിക്കാൻ ധാരാളം സ്ഥലവും ലീലാബായി കരുതിയിട്ടുണ്ട്. അതുകൊണ്ട് വിളവെടുപ്പുകഴിഞ്ഞ് ഉല്പന്നങ്ങൾ വില കൂടിക്കിട്ടുന്നതു വരെ സൂക്ഷിച്ചുവക്കാനും അവർക്കാവുന്നു. സ്വന്തം പരുത്തിയും സോയാബീനുമൊക്കെ അപ്പപ്പോൾത്തന്നെ വിൽക്കേണ്ട ദുര്യോഗം അവർക്കില്ല. ഇക്കാലത്ത് കൃഷിയിറക്കാനുള്ള ബുദ്ധിമുട്ടുകളേപ്പറ്റി
അവർ ആധികാരികമായും ശാസ്ത്രീയമായും തന്നെ പ്രതികരിക്കും. കളനാശിനികളും കീടനാശിനികളും ഗുണത്തേക്കാളേറെ ദോഷം
ചെയ്യുന്നുവെന്നും മണ്ണ് പുഷ്ടി നഷ്ടപ്പെട്ട് വന്ധ്യമാകുന്നുവെന്നും വിളവു കൂടുതലുണ്ടാക്കാൻ കഴിയുന്ന ഇക്കാലത്ത് അതിൽ
നിന്നുള്ള ലാഭം കുറവാണെന്നും അവർ പറയും.
ആറ്
കാളകളും അഞ്ച് പശുക്കളും മൂന്ന് എരുമകളുമുള്ള വീട്ടിൽ
അവയെ പരിപാലിച്ചുകൊണ്ട് അശണ്ണ സന്തോഷമായി കഴിയുന്നു. പശുക്കളിൽനിന്നും എരുമകളിൽനിന്നും ഏറെ
പാലൊന്നും കിട്ടുന്നില്ലെങ്കിലും ഇവയിൽ നിന്നു കിട്ടുന്ന പാൽ തന്നെയാണ് വീട്ടിൽ ഉപയോഗിക്കുന്നത്.
ഇന്ത്യയിലെവിടേയുമെന്നപോലെ ഇവിടേയും കർഷകൻ എന്ന സ്ഥാനം
എപ്പോഴും പുരുഷന്മാർക്കാണ്.
അവരാണ് ഗൃഹനാഥന്മാരായി അംഗീകരിക്കപ്പെടുന്നതും. അശണ്ണക്കും അതിന്റെ ആനുകൂല്യം കിട്ടുന്നു.
പക്ഷേ എല്ലാം കൊണ്ടുനടക്കുന്നതാകട്ടെ ഭാര്യയുമാണ്.
അശണ്ണക്ക് അതറിയാം. അയാൾ അതംഗീകരിക്കുന്നുമുണ്ട്. അക്കാര്യം ലീലാഭായിക്ക് ഉറപ്പുമുണ്ട്. പിന്നെയെന്ത് പ്രശ്നം? അങ്ങിനെ “കർഷകവധു”വായി സർക്കാർ രേഖകളിൽ തുടരുന്നതിൽ ലീലാബായി സന്തോഷം കൊള്ളുന്നു.
ഇതിലെന്തു കാര്യം എന്നു നമുക്ക് ഒരു പക്ഷേ ചോദിക്കാനാകും. ഇങ്ങിനെ സുഭിക്ഷമായിക്കഴിയുന്ന വീടുകൾ
ഇന്ത്യയിലങ്ങോളമിങ്ങോളം കാണാനാകുമല്ലോ എന്നും നമുക്കു ചോദിക്കാം. എന്നാൽ കഴിഞ്ഞ വർഷം 3786 കർഷകർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിൽ നിന്നാണ് ഈ വിജയഗാഥ കേൾക്കുന്നതെന്നതു കൂടിയാണ് അതിലെ മറ്റൊരു കാര്യം.
അതിനപ്പുറം അത് ഇന്ന് നമ്മുടെ മാദ്ധ്യമങ്ങളിൽ വരുന്ന പല കാഴ്ചകളേയും കേൾവികളേയും ചോദ്യം ചെയ്യുന്നുമുണ്ട്.
ഇവിടെ, നമ്മുടെ ചുറ്റുമാണെങ്കിൽ, ഇന്ന്
സ്ത്രീകൾ സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റു പലതിനും മുന്നിട്ടിറങ്ങുന്നത് നാം കാണുന്നു. പ്രത്യുല്പാദനപരമല്ലാത്ത തട്ടിപ്പുകളിൽ സർക്കാർ
സംവിധാനങ്ങളെപ്പോലും ഇടപെടുവിച്ചു നിർത്തികൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കാൻ അവർ മടിക്കുന്നില്ല. ഭേദപ്പെട്ട
മട്ടിൽ തൊഴിൽ ചെയ്ത് പേരും പെരുമയും ആവശ്യത്തിന്
ധനവും നേടിയ കലാകാരികൾ പോലും ദ്രുതധനത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകുന്നു. മകനെ കല്യാണം
കഴിച്ചുകിട്ടാൻ അഛനെ വലയിലാക്കി അയാളുടെ കൂടെപ്പോലും സഹശയനം നടത്തിയായാലും ഭാരിച്ച സമ്പത്തിന്ന് എളുപ്പത്തിൽ ഉടമകളാകുകയാണ്
അഭികാമ്യമെന്ന് ചിലരെങ്കിലും ഇവിടെ വിശ്വസിക്കുന്നു. ഭർത്താക്കന്മാർ മദ്യപാനികളായാലും ഗാർഹികപീഡനങ്ങൾ
അത്യാവശ്യം അനുഭവിച്ചാലും വേണ്ടില്ല, മക്കൾക്ക് ഹോട്ടൽഭക്ഷണം വാങ്ങിക്കാനുള്ള കാശും
പകയുടേയും പ്രതികാരത്തിന്റേയും വഞ്ചനയുടേയും കഥകൾ എന്നും വൈകുന്നേരങ്ങളിൽ കണ്ടുരസിക്കാനുള്ള
സ്വാതന്ത്ര്യവും കിട്ടിയാൽ മതിയെന്നും കരുതുന്നവരാണ് കുറച്ചുപേരെങ്കിലും.
എങ്കിലും ലീലാബായി ഓർമ്മിപ്പിക്കുന്നു
- ഇന്ത്യൻ മനസ്സുകളിൽ ഇന്നും നന്മകൾ വിളയുന്നുണ്ട്; ഇന്ത്യൻ സ്ത്രീകളിൽ ആത്മവിശ്വാസത്തിന്റേയും
ധൈര്യത്തിന്റേയും സ്ഫുരണങ്ങൾ കെട്ടുതീർന്നിട്ടില്ല.
കടപ്പാട്:- When Leelaabai Runs
the farm, ഹിന്ദു ദിനപത്രം, 17-7-2013.
No comments:
Post a Comment