Friday, September 6, 2013

ഹരിതനിയമങ്ങൾ കടലിലേക്കിറങ്ങുമ്പോൾ

 
 
 
 
       ഗുജറാത്തിലെ കച്ച് ഉൾക്കടലിന്റെ തെക്കേ കരയിലാണ് ജാം നഗർ.  പുരാതനകാലം മുതലേ ഇന്ത്യയിലെങ്ങും അറിയപ്പെടുന്ന നഗരം.  ജാം നഗറിന്ന് നേരെ എതിരിൽ ഉൾക്കടലിന്റെ വടക്കേ കരയിലാണ് മുണ്ഡ്ര എന്ന സ്ഥലം
        ഇയ്യിടെയായി മുണ്ഡ്രയും ഇന്ത്യയെങ്ങും അറിയപ്പെടുന്ന പട്ടണമായിക്കഴിഞ്ഞിരിക്കുന്നു.  കച്ച് ഉൾക്കടൽ ഗുജറാത്തിലെ കച്ച്- കത്തിയവാർ പ്രദേശങ്ങളെ  വേർതിരിക്കുന്നു. ഈ ഉൾക്കടലിന് ഒരു വിശേഷമുണ്ട്ദിവസേനയുള്ള വേലിയേറ്റത്തിലും വേലിയിറക്കത്തിലും കടൽ അതിന്റെ  ഏറ്റിറക്കങ്ങളുടെ പാരമ്യം നിലനിർത്തുന്നു.   അതുകൊണ്ടുതന്നെ ഒരു ബ്രിട്ടിഷ്ക്കമ്പനി ഇവിടെ തിരമാലയിൽ നിന്ന് 100 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഒരു പദ്ധതിക്ക് അംഗീകാരം നേടിയിരുന്നു. ഈ ഉൾക്കടൽമുഖത്തു കൂടി സഹസ്രാബ്ദങ്ങൾക്കു മുമ്പേ കച്ചവടനൗകകൾ അറേബിയൻ സുഗന്ധങ്ങളും റോമൻ സ്വർണ്ണനാണയങ്ങളുമായി ഇന്ത്യയിലേക്ക് കടന്നുവന്നിരുന്നു.   പട്ടും കൈത്തറിത്തുണികളും വജ്രങ്ങളുമായി അവ മടങ്ങിപ്പോയിരുന്നത് കച്ച് തീരങ്ങളിലെ നിത്യക്കാഴ്ച്ചകളുമായിരുന്നിരിക്കണം.
മുണ്ഡ്രയിൽ ഇന്നൊരു തുറമുഖമുണ്ട്.  1994 -ൽ നിർമ്മാണാനുമതി ലഭിച്ച് അത് 2001 ആയപ്പോഴേക്ക് പ്രവർത്തനം തുടങ്ങി.   ഏഴുവർഷം കൊണ്ടാണ് അത് സംഭവിച്ചത്.  അതിനുപുറകിലെ നിശ്ചയദാർഢ്യവും പ്രാരംഭപ്രവർത്തനങ്ങളിൽ കാണിച്ച  ചുറുചുറുക്കും അന്യാദൃശമായിരുന്നിരിക്കും.  കേരളത്തിൽ ഇതുപോലത്തെ പ്രവൃത്തികളിൽ കാണാറുള്ള കാലതാമസം നമുക്കറിയാമല്ലോ.  പാനമാക്സ് വിഭാഗത്തിലെ  കൂറ്റൻ കപ്പലുകൾക്കും സൂപ്പർ പാനമാക്സ് കപ്പലുകൾക്കും ഇവിടെ അടുക്കാനാകും.  ഏതുതരം ചരക്കും തുറമുഖത്തിറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യാം. തുറമുഖത്തുനിന്ന് ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും അടുത്ത സ്റ്റേഷനായ ആദിപൂരിലേക്ക് തുറമുഖത്തിന്റെ വകയായിത്തന്നെ 117 കി.മീ. നീളമുള്ള തീവണ്ടിപ്പാതയും അതിലൂടെ  തീവണ്ടികൾ വലിച്ചുനീക്കാൻ  സ്വന്തമായി അഞ്ച് എഞ്ചിനുകളുമുണ്ട്.   മുംബൈ തുറമുഖത്തിന് വെല്ലുവിളിയുയർത്താൻ പോരുന്നതാണത്രെ  മുണ്ഡ്ര തുറമുഖം.   മുംബൈയേക്കാൾ വടക്കേ ഇന്ത്യയിലേക്ക് മുണ്ഡ്ര ഗതാഗതസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.  തുറമുഖത്തിനോട് ചേർന്ന് ഒരു ഒരു സ്പെഷ്യൽ എക്കണോമിക് സോണും ഉണ്ട്.  അവിടെനിന്ന് ഏതാണ്ട് 15 കി.മീ. പടിഞ്ഞാറായി ഇതേ തുറമുഖത്തിന്റെ നിയന്ത്രണത്തിൽ കൽക്കരി ഇറക്കാൻ പാകത്തിൽ മറ്റൊരു തുറയും കൂടി ശരിയാക്കിക്കഴിഞ്ഞിട്ടുണ്ട്.  ഗുജറാത്തിൽ വരാൻ പോകുന്ന രണ്ട് പടുകൂറ്റൻ തെർമൽ പവർ സ്റ്റേഷനുകൾക്ക് വേണ്ട കൽക്കരി ഇൻഡോനേഷ്യയിൽ നിന്നും ആസ്ത്രേലിയയിൽ നിന്നുമായി ഇറക്കുമതിചെയ്യാനാണ് ഇത്.
കേൾക്കുമ്പോൾ  ഇന്ത്യാഗവണ്മെന്റിനെ അഭിനന്ദിക്കാൻ തോന്നുന്നുണ്ടോ?  നമ്മുടെ തുറമുഖവകുപ്പ് ഇത്രക്കൊക്കെ ചെയ്യുന്നുണ്ടെന്ന് അത്ഭുതപ്പെടുന്നുണ്ടോ? പക്ഷേ  ഇതൊക്കെ ഒരു സ്വകാര്യസംരഭകന്റേതാണ്.   ഈ തുറമുഖവും മറ്റ് അനുബന്ധസ്ഥാപനങ്ങളുമെല്ലാം സ്വകാര്യമേഖലയിലാണ്. 
ഈ സ്വകാര്യസംരംഭകൻ ഇയ്യിടെ വ്യാവസായികവാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു.  കാര്യമെന്തെന്നാണെങ്കിൽ ഒരു പിഴയൊടുക്കൽ പ്രശ്നം.  200 കോടി രൂപയാണ് കക്ഷി  പിഴയടക്കേണ്ടി വരുന്നത്.  പിഴ ചുമത്തിയിരിക്കുന്നത് വനംപരിസ്ഥിതി മന്ത്രാലയം.  ഹരിതനിയമങ്ങൾ ലംഘിച്ചതിനാണ് പിഴ.  ഈ തുകയത്രയും പദ്ധതിപ്രദേശത്ത് പ്രകൃതിക്ക് വരുത്തിവച്ച നാശങ്ങൾ ശരിയാക്കിയെടുക്കാൻ വനിയോഗിക്കപ്പെടുകയും വേണം.
ദൽഹിയിലെ സെന്റർ ഫൊർ സയൻസ് ആൻഡ് എൻവയോണ്മെന്റ് മേധാവി സുനിതാ നാരായണന്റെ നേതൃത്വത്തിൽ പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഒരു കമ്മറ്റിയുടെ  റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ പിഴ വന്നുപെട്ടത്.   ഇന്ത്യയിലെ ഉയർന്നുപൊങ്ങിവരുന്ന കോർപൊറേറ്റ് ശൃംഖല.  1998-ൽ മാത്രം കയറ്റിറക്കുമതി രംഗത്ത് കാൽ വെച്ചു കയറിവന്ന അഡാനി ഗ്രൂപ്പ് ഇന്ന്  പതിനായിരക്കണക്കിനു കോടി രൂപ ആസ്തിയുള്ള ഒരു കമ്പനിയാണ്.   മുണ്ഡ്രയിൽ പ്രവർത്തനം കേന്ദ്രീകരിക്കുമ്പോൾ അതിനടുത്തുതന്നെ കൂറ്റൻ ഊർജ്ജനിർമ്മാണശാലകളും അവരുടെതായി ഉയർന്നുവരുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ-40 മെഗവാട്ട്- സൗരോർജ്ജനിലയം അഡാനിയുടേതാണ്.  ആസ്ത്രേലിയയിലും ഇന്തോനെഷ്യയിലും  അവർ കൽക്കരിപ്പാടം വാങ്ങിവച്ചിട്ടുണ്ട്.   അവിടെയൊക്കെ കൽക്കരി കുഴിച്ചെടുക്കാനുള്ള ആധുനികസൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം നടക്കുന്നു.  അത് കയറ്റുമതി ചെയ്യാൻ ആസ്ത്രേലിയൻ തീരത്ത് ഒരു തുറമുഖവും അവർ പണിയുന്നു.
അങ്ങിനെയൊക്കെയാണെങ്കിലും ഇന്ത്യയിൽ അവർക്ക് പിഴ വിധിച്ചതിന്നുപിന്നിലെ കാരണമെന്താണ്?
പരിസ്ഥിതിമലിനീകരണം തന്നെയാണ്  അവരുടെ പേരിലുള്ള കുറ്റം.  കൂട്ടത്തിൽ അഡാനിമാർ മുണ്ഡ്രയിൽത്തന്നെ പഴയ കപ്പലുകൾ പൊളിച്ചെടുക്കുന്ന ഒരു ശാലക്കുകൂടി അനുമതി ചോദിച്ചിട്ടുണ്ട്.  അതിന് അനുമതി കൊടുക്കരുതെന്നാണ് തദ്ദേശവാസികൾ പറയുന്നത്.
മുണ്ഡ്രയുടെ പരിസരം പരിസ്ഥിതി വൈവിദ്ധ്യം നിറഞ്ഞതാണ്.  കണ്ടൽക്കാടുകൾ നിറഞ്ഞതീരം.  അതിനപ്പുറം മണൽക്കുന്നുകൾ.  അതിനുപുറകിൽ വിശാലമായ മൈതാനങ്ങൾ.  മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങളുള്ള ഇന്ത്യയിലെ ഏക താലൂക്ക്.   തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ നിത്യനിദാനങ്ങൾ ഉറപ്പാക്കുന്നത് ഈ കണ്ടൽക്കാടുകളാണ്.  അവിടെയാണ് മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്.   പ്രദേശത്തെ ജലലഭ്യതയും അത് ഉറപ്പാക്കുന്നു.  ഗുജറാത്തിൽ എറ്റവും സ്വാദിഷ്ഠമായ കുടിവെള്ളം  കിട്ടുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത്.   കണ്ടൽക്കാടുകൾ നഷ്ടപ്പെടുന്നതുകൊണ്ട് പ്രദേശത്തെ മണ്ണടരുകളിൽ ഓരുവെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്.  സുനാമിയോ കൊടുംകാറ്റോ വരുമ്പോൾ  കണ്ടലുകളാണ് സ്വഭാവികപ്രതിരോധം നൽകുന്നത്.  അവയൊക്കെ കമ്പനി വ്യാപകമായി നശിപ്പിക്കുകയാണ്.   ഉൾക്കടലിൽ നിന്ന് കരയിലേക്കു കയറിക്കിടക്കുന്ന വീതി കുറഞ്ഞ ധാരാളം നീർത്തടങ്ങൾ (Creeks) ഇവിടെ ഉണ്ട്.  ഇവയിൽ മത്സ്യലഭ്യത ധാരാളമാണ്.    അതുപോലെ  കടലിലേക്ക് വള്ളങ്ങളിറക്കാനുള്ള സുരക്ഷിതമാർഗ്ഗങ്ങളുമാണ് അവ.    ഈ ക്രീക്കുകളും  കമ്പനി അനുമതിയില്ലാതെ നികത്തിയെടുക്കുന്നു.  ഇതും പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.  കൊയല വാഡി, നവിനദ്, ധജ വാഡി, ഭാരദി മാത, സോനാപർ വാഡി, തുടങ്ങിയ അനവധി നീർത്തടങ്ങൾ  മുണ്ഡ്ര പോർട്ട് എസ് ഇ. ഇസഡ് (MPSEZ) നികത്തിക്കഴിഞ്ഞു. 
കരപ്പുറത്തുള്ള  മണൽക്കുന്നുകളിൽ വളർത്തു മൃഗങ്ങൾക്കാവശ്യമായ തീറ്റപ്പുല്ലുകൾ ധാരാളം ലഭ്യമാകുന്നുണ്ട്.  വർഷത്തിൽ ഏഴെട്ടുമാസത്തേക്ക് കാലികൾക്കാവശ്യമായ ഭക്ഷണം ഇവിടെ നിന്നാണ് കിട്ടിക്കൊണ്ടിരുന്നത്.   പക്ഷേ പരിസരത്തിലെ മിക്കവാറും മണൽക്കുന്നുകളൊക്കെ കമ്പനി അപ്രത്യക്ഷമാക്കിക്കളഞ്ഞു.  ഇത് പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് കരക്ക് കിട്ടിയിരുന്ന പരിരക്ഷയും ഇല്ലാതാക്കിക്കഴിഞ്ഞു.
നോർത്ത് പോർട്ട് എന്നപേരിൽ പുതുതായി കെട്ടുന്ന ഒരു തുറക്കായി ഇവിടെ എഴുപത്തഞ്ച് ഹെക്ടറോളം കണ്ടൽക്കാടുകൾ പരിസ്ഥിതിനിബന്ധനകൾക്ക് വിരുദ്ധമായി നശിപ്പിച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു. 
പരിസ്ഥിതിയിൽ വന്ന വ്യതിയാനങ്ങൾ കൊണ്ട് ഗ്രാമീണരിൽ നല്ലൊരു ശതമാനത്തിന് തൊഴിലില്ലാതായിക്കഴിഞ്ഞു.
ഇത്രയൊക്കെ സംഭവിച്ചിടത്ത് പഴയ, ഉപയോഗശുന്യമായ കപ്പൽ പൊളിക്കുന്ന ജോലി കൂടി തുടങ്ങിയാൽ കാര്യങ്ങൾ പിടുവിട്ടുപോകുമെന്ന് ഗ്രാമീണർ പറയുന്നു.  അഡാനി അങ്ങിനെയൊരു പദ്ധതിക്കുകൂടി ഇയ്യിടെ അനുമതി ചോദിച്ചിട്ടുണ്ട്.   കപ്പലുകൾ  പൊളിച്ചെടുക്കുന്നത് അവ നേരെ കരക്കു കയറ്റിയിട്ടാണ്.   വലിച്ചുകേറ്റുക തന്നെ .  ഇതിന്ന് വലിയ സഹായമായിവരൂന്നത് വേലിയേറ്റങ്ങളാണ്.   ഇവിടങ്ങളിലാണെങ്കിൽ കടൽ വേലിയേറ്റസമയത്ത് ഒരുപാടു ദൂരം കരയിലേക്കെത്തും.  വേലിയേറ്റസമയത്ത് കഴിയുന്നത്ര കരയൊടു ചേർത്ത് കെട്ടിനിർത്തിയാൽ ഇറക്കസമയത്തേക്ക് കപ്പൽ കരയിലെത്തിയിരിക്കും .  ഇതിനിടയിൽ കപ്പലിനടിയിലേക്കു കാറ്റുനിറക്കാവുന്ന കൂറ്റൻ റബ്ബർ സഞ്ചികളും മറ്റും കയറ്റി വച്ചിരിക്കും.  വെള്ളമിറങ്ങിക്കഴിഞ്ഞാൽ പിന്നെ സഞ്ചികളിൽ കാറ്റു നിറച്ച് അവക്കു മുകളിലൂടേ ക്രെയിനുകളും മറ്റുമുപയോഗിച്ച് കപ്പൽ കൂടുതൽ സുരക്ഷിതമായി കരയിലൊരിടത്ത് എത്തിക്കുന്നു.  പിന്നീടാണ് അത് പൊളിക്കുന്നത്.
കപ്പലുകളിൽനിന്ന് വീണ്ടെടുക്കാവുന്നത് പ്രധാനമായും അതിലെ ഇരുമ്പുഭാഗങ്ങൾ തന്നെയാണ്.  എങ്കിലും കപ്പൽ നിർമ്മാണത്തിൽ ഉപയോഗിക്കാത്ത വസ്തുക്കളൊന്നുമില്ല.  അവയിൽ പലതും കപ്പലിനുപുറത്ത് ഉപയോഗശുന്യവുമാണ്; പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്.  ആസ്ബസ്റ്റോസ് പോലുള്ള ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളും കൂട്ടത്തിലുണ്ടാകും.  ഇതൊക്കെ കടപ്പുറത്തു കൂട്ടിയിടുകയാണ് പതിവ്.  പേരിന്ന് കുറച്ചെങ്കിലും കുഴിച്ചുമൂടുന്നതും കടൽക്കരയിൽത്തന്നെയാകും.  ഇതിനൊക്കെ ധാരാളം സ്ഥലം വേണം. കാറ്റിലും മഴയിലും അതൊക്കെ കടലിലേക്കുതന്നെ ഒഴുകും കുറെ ഭാഗം പൊടിഞ്ഞ് നാടാകെ പടരും.  ഇതാണ് പതിവ്.  പരിസരദൂഷണത്തിന്  ഇതൊക്കെ കാരണമാകും.  കടൽമീനുകൾ പലായനം ചെയ്യും.  കരയിൽ ജന്തുജാലങ്ങൾക്ക് മാരകമായ അസുഖങ്ങൾ.
അതുകൊണ്ട് ഇതിന് അനുവാദം കൊടുക്കരുതെന്ന് വാദിച്ചുകൊണ്ട് ഗ്രാമീണർ രംഗത്തുണ്ട്.   പക്ഷേ വികസനത്തിന്റെ പുതിയ ബലതന്ത്രങ്ങൾ നടപ്പിൽ  വരുത്തുന്ന ഗുജറാത്ത് സർക്കാർ ഇതൊക്കെ കേൾക്കുമോ എന്ന് ആരറിഞ്ഞു?  ഈ സംസ്ഥാനത്തിൽ ജീവിതസൂചികകൾ ഇന്ത്യയിൽ മറ്റെവിടേയുമില്ലാത്ത പോലെ ഉയർന്നുനിൽക്കുന്നുവെന്ന് വീരവാദം കേട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്.
അഡാനിയേപ്പോലൊരാൾക്ക് തത്കാലം 200 കോടി ഒരു പ്രശ്നമൊന്നുമല്ലായിരിക്കാം.  പക്ഷേ അത് ഒരു കോർപ്പറേറ്റ് അഭിമാനപ്രശ്നമായി മാറിയാൽ അഡാനി വഴങ്ങുമോ എന്ന് കണ്ടറിയണം.  പിഴയൊടുക്കുന്നത് വൈകിക്കാൻ പല മാർഗ്ഗങ്ങളിലൂടേയും അവർക്കാകും.   അപ്പോഴും നഷ്ടം സാധാരണക്കാരനുതന്നെ.  പിഴകൂടാതെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഒരു മത്സ്യബന്ധനത്തുറമുഖം അഡാനി ഗ്രൂപ്പ് നിർമ്മിച്ചുകൊടുക്കണമെന്നും പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.  
ഗുജറാത്ത് സർക്കാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഗൗതം അഡാനി.   സർക്കാറാകട്ടെ അവിടെ സധാരണക്കാരുടെ ജീവിതം മറ്റെങ്ങുമില്ലാത്തവിധം ഗുണപരമായ മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞുവെന്ന അവകാവാദം മുന്നോട്ടു വക്കുന്നുമുണ്ട്.  അതിനിടയിലാണ് ഈ സംഭവം.  ഇതോടെ അഡാനി ശൃംഖലയുടെ പല വരുംകാല പദ്ധതികളും അവതാളത്തിലാകുമെന്നാണ് പറയപ്പെടുന്നത്.  മുണ്ഡ്രയിലെ ചില പദ്ധതികൾ തടഞ്ഞുവക്കപ്പെട്ടേക്കാം.  പരിസ്ഥിതിപ്രശ്നങ്ങൾ എങ്ങിനെയാണ് കമ്പനി കൈകാര്യം ചെയ്തതെന്നത് വിശദമായ അന്വേഷണത്തിനും വിധേയമായേക്കും.   പുതിയ പദ്ധതികൾക്കുള്ള അംഗീകാരങ്ങളും ലഭ്യമാകില്ലെന്നും കേൾക്കുന്നുണ്ട്.
ഇന്ത്യയിൽ വികസനമെന്നാൽ കോർപ്പറേറ്റുകളുടെ വികാസമെന്നാണ് പൊതുവേ പറഞ്ഞുവച്ചിരിക്കുന്നത്.  സമൂഹത്തിൽ ചുരുക്കം ചിലർക്കാണ് ധനമുപയോഗിച്ച് കൂടുതൽ ധനമുണ്ടാകാനവസരം കിട്ടുന്നത്.  അത് പിന്നീട് ആഗോളമൂലധനമായി മാറൂന്നു.  അതോടെ ആ പണം അതിന്റെ തന്നെ സൃഷ്ടാവിനെതിരേ തിരിയുന്നു.  കർഷകരും സാധാരണക്കാരുമായ നിരവധി മനുഷ്യരുടെ ജീവിതത്തേയും സംസ്കൃതിയേയും അതില്ലാതാക്കുന്നു.  അംബാനിമാരും അഡാനിമാരും ഒന്നാംകിടപണക്കാരാകാൻ മത്സരിക്കുമ്പോൾ അതിനിടയിൽ ദിശ നഷ്ടപ്പെട്ട് സാധാരണജനങ്ങൾ.  അവർക്ക് സഹായമാകേണ്ട സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമായി നിൽക്കുന്നു.  പണപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതം ക്ലേശകരമാക്കുന്നു. 
അതിനിടയിലും വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ ഈ നീക്കം ശ്രദ്ധയർഹിക്കുന്നു.   ഏതായാലും സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വല്ലപ്പോഴും നമ്മുടെ മന്ത്രാലയങ്ങളിൽ നിന്നിറങ്ങാറുണ്ടെന്നത് തെല്ലൊരാശ്വാസം നൽകുന്നു.  അതിനു വിലകൊടുക്കേണ്ടിവരുന്നത്  സാധാരണക്കാർ തന്നെ ആണെങ്കിലും.