ഇക്കൊല്ലത്തെ
ആറ്റുകാൽ പൊങ്കാല കഴിഞ്ഞു.
പതിവില്ലാതെ
രാവിലെ തിരുവനന്തപുരം നഗരത്തിലെ ചില സ്ഥലങ്ങളിൽ യാത്രചെയ്യുകയുണ്ടായി. പൊങ്കാലക്കാഴ്ച്ചകൾ കാണാനാണ് ഇറങ്ങിയത്.
അങ്ങിനെ
യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ പൊങ്കാല നടത്തിപ്പുകാരുടേയും മാദ്ധ്യമങ്ങളുടേയും അവകാശവാദങ്ങളിലൊന്ന് രസകരമായിത്തോന്നി.
ഇന്നലെ
ഒരു ചാനലുമായി പൊങ്കാലക്കമ്മറ്റിവക്താവിന്റെ അഭിമുഖം കണ്ടിരുന്നു. അദ്ദേഹം നഗരത്തിലെ പൈപ്പു പൊട്ടിയതിന്റെ പ്രശ്നങ്ങൾ
സർക്കാറിന്റേയും കോർപ്പറേഷന്റേയും ബാദ്ധ്യതയാണെന്നു പറഞ്ഞശേഷം മറ്റൊരു കാര്യം പറഞ്ഞു. “….കഴിഞ്ഞ തവണ
പൊങ്കാലക്ക് 20 ലക്ഷം പേർ വന്നിരുന്നു. ഇത്തവണ അത് മുപ്പത്തഞ്ചു ലക്ഷമാകും….”
അദ്ദേഹം
എന്തു സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് അങ്ങിനെ പറഞ്ഞതെന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടാകുമോ?
ഇല്ല എന്നതാണ് കാര്യം. അതിനു കാരണങ്ങൾ പലതാണ്. അതിരിക്കട്ടെ.
ഇന്ന്
ഉച്ചതിരിഞ്ഞപ്പോൾ മറ്റൊരു ചാനലിൽ ആറ്റുകാൽ പൊങ്കാലയെപ്പറ്റി വാർത്ത: ”…..ഇത്തവണ ആറ്റുകാൽ
പൊങ്കാലയിൽ മുപ്പത്തഞ്ചുലക്ഷം പേർ പങ്കെടുത്തു….”
ഇവിടെ
ചെറിയൊരു കണക്കുകൂട്ടൽ നടത്തുന്നു.
നഗരത്തിൽ
പോയിരുന്നപ്പോൾ കണ്ടതനുസരിച്ച് ഭക്തകൾ പൊങ്കാലയിടാനിരിക്കുന്നത് ഏറ്റവും കൂടിയത് രണ്ടു
മീറ്ററിൽ മൂന്നുപേർ എന്ന കണക്കിനാണ്. ശരാശരി ഒരാൾക്ക് രണ്ടടി ദൂരം എന്ന വളരെ കുറഞ്ഞ
അളവാണ് ഇവിടെ സ്വീകരിക്കുന്നത്. അതായത് ആറടി
ദൂരത്തിൽ - രണ്ടു മീറ്ററിൽ - മൂന്നു പേർ. അപ്പോൾ
ഒരു കിലോമീറ്ററിൽ 500 ഗുണം 3 = 1500 പേർ. എല്ലാ
റോഡുകളിലും രണ്ടു വരി ഉണ്ടാകും എന്ന കണക്കിന് അത് 3000 എന്നാകുന്നു.
ആറ്റുകാൽ
മുതൽ കേശവദാസപുരം വരെ (എം.സി.റോഡിൽ) അല്ലെങ്കിൽ വെൺപാലവട്ടം വരെ (എൻ.എച്. ബൈപ്പാസിൽ)
എട്ടുകിലോമീറ്റർ. ഈ റോഡുകളിലൊന്നിൽ അപ്പോൾ
8 ഗുണം 3000 = 24000 പേർക്ക് പൊങ്കാലയിടാം.
അത്തരം
എട്ടു റോഡുകൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ അഞ്ഞൂറുമീറ്റർ അർദ്ധവ്യാസത്തിൽ നിന്ന് എട്ടുദിക്കുകളിലേക്കും
പോകുന്നു എന്നു വക്കുക. അപ്പോൾ അതിനുൾക്കൊള്ളാനാകുന്നത് 24000 ഗുണം 8 = 192000. ഇത് 2 ലക്ഷം എന്നു നമുക്കു വക്കുക.
ആറ്റുകാൽ
അമ്പലത്തിലും പരിസരത്തുമായി – അമ്പലത്തിന്റെ അരക്കിലോമീറ്റർ പരിധിയിൽ - അതിന്റെ ഇരട്ടി
ആളുകൾ തന്നെ പൊങ്കാലയിടുന്നു എന്നു വക്കുക.
പ്രായോഗികമായി അത് സാദ്ധ്യമല്ല. കാരണം ആ പരിസരത്തിന് അത്രക്കാളുകളെ ഉൾക്കൊള്ളാനുള്ള
ശേഷിയില്ല. എങ്കിലും വീണ്ടും ഒരു മടങ്ങു കൂടി നാം അനുവദിച്ചുകൊടുക്കുക. അപ്പോൾ
അത് 2 + 2 + 2 = 6 ലക്ഷം എന്നു വരുന്നു.
അപ്പോളും
ആകെ പൊങ്കാലയിടുന്നവരുടെ എണ്ണം 8 ലക്ഷമേ വരൂ. നമുക്കത് പത്തുലക്ഷം എന്നു വക്കാം. മുപ്പത്തഞ്ചു ലക്ഷത്തിലേക്ക് ഇനിയും 25 ലക്ഷം കൂടി
വേണം!!
000000000000000000000
2011
ലെ സെൻസസ് അനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ ആകെ ജനസംഖ്യ 1684000 ആണ്. തിരുവനന്തപുരത്തെ മുഴുവൻ സ്ത്രീകളും ഈ പൊങ്കാലയിൽ
പങ്കെടുത്താലും അത് എട്ടര ലക്ഷമേ വരൂ. പാതയോരങ്ങളിലെ
2 ലക്ഷം പൊങ്കാലക്കാരേയും അവർക്ക് സഹായാത്രികരായി വരാവുന്ന (2:1 എന്ന അനുപാതത്തിൽ)
മറ്റൊരു ലക്ഷം പുരുഷന്മാരേക്കൂടി കൂട്ടിയാലും മൊത്തം പൊങ്കാലയിലെ പങ്കെടുക്കുന്നവർ
പതിനൊന്നരലക്ഷമേ ആകുന്നുള്ളൂ. ഈ പതിനൊന്ന്
ലക്ഷം മനുഷ്യരും പൊങ്കാലദിനത്തിൽ വൈകുന്നേരം
വരെ നഗരവീഥികളിൽ നഗരത്തിലുണ്ടാകും എന്നതുതന്നെ വിശ്വസിക്കാനാകുമോ. കണ്ടിട്ട് അങ്ങിനെ തോന്നിയില്ല.
35 ലക്ഷം
എന്നത് കേരളത്തിലെ മൂന്നരക്കോടിയുള്ള ജനസംഖ്യയിലെ
സ്ത്രീകളിൽ അഞ്ചിലൊന്നാണെന്നുകൂടി നാം ഓർക്കണം.
തിരുവനന്തപുരത്തെ എട്ടരലക്ഷം സ്ത്രീകളെ മാറ്റിനിർത്തിയാൽ വരുന്ന ഇരുപത്താറരലക്ഷം
സ്ത്രീകളിൽ പകുതിക്കെങ്കിലും കെ.എസ്.ആർ.ടി.സി.യും റെയിൽവേയും ചേർന്നാൽ തിരുവനന്തപുരത്തേക്ക്
യാത്രാസൗകര്യം ഏർപ്പെടുത്താനാകുമോ?!
ഈ കണക്കുകൾ
ഉണ്ടാക്കുന്നത് ആരാണ്. അതൊക്കെ മാദ്ധ്യമങ്ങൾ
വിളിച്ചുപറയുന്നതെന്തിനാണ്.
വാൽക്കഷണം:-
പൊങ്കാലയിൽ പങ്കെടുത്തവരുടേയോ അതിന്റെ നടത്തിപ്പുകാരുടേയോ അതിനു സഹായങ്ങൾ നൽകിയവരുടേയോ
ആരുടേയും ദൈവവിശ്വാസത്തെ ലേഖകൻ ചോദ്യം ചെയ്യുന്നില്ല.