മഹാരാഷ്ട്രയിലെ നാഗപൂരിനടുത്ത് ഗോസിഖുര്ദ് എന്ന സ്ഥലം. അവിടെ നിര്‍മ്മിക്കുന്ന ഒരു അണക്കെട്ടിന്റെ ശിലസ്ഥപനം 1988 ഏപ്രിലില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിര്‍വഹിക്കുന്നു. വിയന്ഗംഗ നദിക്ക് കുറുകെ വലിയൊരു അണക്കെട്ട് വരാന്‍ പോകുകയാണ്. വിയന്ഗംഗയെ അറിയുമല്ലോ? മൌഗ്ലി കഥകളിലൂടെ റഡ്‌യാര്‍ഡ് കിപ്ലിംഗ് നമുക്ക് പരിചയപ്പെടുത്തിയ അതേ നദി. അതിലാണ്‍ രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം സാധ്യമാക്കാനാകുന്ന ഒരു വമ്പന്‍ ജലസേചനപദ്ധതി വരുന്നത്.പദ്ധതിക്ക് മതിപ്പ് ചെലവ് 372 കോടി രൂപ. 1983 ലാണ് പദ്ധതിക്ക് അംഗീകാരം കിട്ടുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം നിര്‍മ്മാണോദ്ഘാടനം നടന്നു.
പിന്നെ അണക്കെട്ടിന്റെ പണി വേഗം തന്നെ തുടങ്ങി. പണി തുടര്‍ന്നു. അത് നിര്‍ത്താതെ തുടര്‍ന്നു. അത് തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അത് എങ്ങുമെത്താതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നു പത്രവാര്‍ത്ത. നമ്മുടെ പ്രാദേശികപത്രങ്ങളിലൊന്നുമല്ല. ഒരു ദേശീയ പത്രത്തില്‍ നിന്ന് കിട്ടിയ വാര്ത്തയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും കാരണം എങ്ങുമെത്താതെ തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്. പദ്ധതിക്ക് വേണ്ടി കഴിഞ്ഞ നവംബര്‍ മാസം വരെ ചെലവാക്കിയത് 7778 കോടി രൂപ. വിദര്‍ഭ പ്രദേശത്തിന്റെ കാര്‍ഷിക പുനരുദ്ധാരണത്തിന്നുള്ള ഒറ്റമൂലിയെന്ന് വിശേഷിപ്പിച്ചിരുന്ന പദ്ധതിക്ക് ഇതുവരെയായി പതിനാലായിരം കോടി രൂപഎങ്കിലും ശരിക്കും ചെലവായി കാണുമെന്നു അനൌദ്യോഗിക സംഘടനകള്‍ ആശങ്കപ്പെടുന്നു. 2008 ല്‍ ഇത് ഒരു ദേശീയപദ്ധതിയായി പ്രഖ്യാപിച്ചതോടെ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും ഇതിലേക്ക് പണം ഒഴുകാനും വഴിയായി. പദ്ധതികാരണം മുങ്ങിപ്പോകാനിടയുള്ള 83 ഗ്രാമങ്ങളില്‍ എഴെണ്ണത്തിനു മാത്രമേ ഇതുവരെയായി എന്തെന്കിലും പുനരധിവാസസൌകര്യങ്ങള്‍ കിടിയിട്ടുള്ളൂ. മദ്ധ്യേന്ത്യയിലെ നദികളില്‍ അണകള്‍ കെട്ടുമ്പോള്‍ അസംഖ്യം പേരെ പുനരധിവസിപ്പിക്കേണ്ടിവരാറുണ്ടു. കാരണം അവയൊഴുകുന്ന ജനവാസം നിറഞ്ഞ സമതലങ്ങളിലാണ് അവിടെ മിക്ക അണക്കെട്ടുകളും വരുന്നത്. .
ഇത് വായിച്ചപ്പോഴാണ് കേരളത്തിലെയും ജലസേചനപദ്ധതികളെക്കുറി ഓര്‍ത്തത്. അവ ഇന്ന് പലതുകൊണ്ടും കടുത്ത പ്രതിസന്ധികളെ നേരിടുന്നുണ്ടെന്ന കാര്യം നമ്മുടെ പൊതുമനസ്സില്‍ ഇപ്പോഴും എത്തിപ്പെട്ടിട്ടുണ്ടാവില്ല. കാരണം കഴിഞ്ഞ ഏതാനും ദശകങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വൈദ്യുതപദ്ധതികളെ പറ്റി മാത്രമെ ബഹളം വച്ചിട്ടുള്ളൂ.
1950 - 60 കളില്‍ നിര്‍മാണം നടന്ന ചില അണക്കെട്ടുകള്‍ നമ്മുടെ കേരളത്തിലുണ്ട്. അതിലൊന്നാണ് മലമ്പുഴ. 1949 ല്‍ പണിതുടങ്ങി 1966ല്‍ പണി തീര്‍ന്ന ഈ പദ്ധതിയുടെ ചെലവായി കേരളസര്‍ക്കാരിന്റെ ഐ ഡി ആര്‍ ബി യുടെ വെബ്സൈറ്റില്‍ കാണുന്നത് 58 കോടി രൂപയാണ്. ഏതാണ്ട് അക്കാലത്ത് തന്നെ പണി തീര്ന്നവയാണ് പീച്ചി. പോത്തുണ്ടി, തുടങ്ങിയവ. ആരുടെയൊക്കെയോ കര്മ്മകുശലതകൊണ്ട് അവ ഏറെക്കുറെ സമയബന്ധിതമായിത്തന്നെ നടപ്പിലാക്കപ്പെട്ടു. അതിനു ശേഷം കേരളീയര്‍ പണിപൂര്‍ത്തിയായ മറ്റ് ജലസേചനപദ്ധതികളെ കുറിച്ചൊന്നും കേട്ടിരിക്കാനിടയില്ല. 1975 ഓടെ പണി പൂര്‍ത്തിയായ പതിനഞ്ചു പദ്ധതികളില്‍ മൂന്നെണ്ണമൊഴികെ എല്ലാം എറണാകുളം ജില്ലക്ക് വടക്ക് ആണ്. അവിടങ്ങളിലാണല്ലോ നമ്മുടെ സംസ്ഥാനത്ത് നെല്ലുല്‍പാദനം കൂടി നിന്നിരുന്നത്. നെല്ലുത്പാദനം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാടശേഖരങ്ങള്‍ക്കനുയോജ്യമായ മട്ടിലാണ് ഇവയും ഇവക്ക് പുറകെ വരുന്നവയുമെല്ലാം രൂപകല്‍പന ചെയ്യപ്പെട്ടതും.
എന്നാല്‍ അമ്പതുവര്ഷം മുമ്പ് രൂപകല്പനചെയ്യപ്പെട്ട് അധികം വൈകാതെതന്നെ 1961 ല് പണിതുടങ്ങിയ ഏറെക്കുറെ ചെറുതല്ലാത്ത, ഇന്നും പണി മുഴുവനുമായോ എന്ന് സംശയയമായ ഒരു ജലസേചനപദ്ധതി കേരളത്തിലുമുണ്ടെന്നു പറഞ്ഞാല്‍ ഇന്നത്തെ കേരളസമൂഹം അത് വിസ്വസിച്ചില്ലെന്നുവരും. പാലക്കാട്ട് ജില്ലയിലേക്ക് വരിക. അവിടെ മണ്ണാര്‍ക്കാടിനടുത്ത് കാഞ്ഞിരപ്പുഴ എന്നൊരു സ്ഥലവും അവിടെ ഇതുപോലൊരു അണക്കെട്ടും ഉണ്ട്. 2005 ജനുവരി ഒന്നാം തിയ്യതി അന്നത്തെ ജലസേചനവകുപ്പ് മന്ത്രി ഈ പദ്ധതി ഉത്ഘാടനം ചെയ്യുമെന്നൊരു വാര്‍ത്ത ആയിടക്ക് പത്രങ്ങളില്‍ വന്നിരുന്നു. 1961 ല്പണി തുടങ്ങിയതാണീ പദ്ധതി എന്നോര്‍ക്കുക. 1983 ല്‍ അണക്കെട്ടിന്റെ പണി തീര്ന്നതായിട്ടാണ് സര്‍ക്കാര്‍ വെബ് സൈറ്റില്‍ കാണുന്നത്. അന്ന് അതിന്റെ ഉത്ഘാനം നടന്നിരുന്നുവോ എന്ന് അറിയാന്‍ കഴിയുന്നില്ല. പിന്നെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2005 ലാണ് ഈ ഒരു ഉത്ഘാടനം നടക്കുന്നത്. അണക്കെട്ടില്‍ നിന്ന് ജലം പ്രധാന കനാലിലെക്കൊഴുക്കി. എങ്കിലും പൂര്ത്തീകരിക്കപ്പെട്ട ഒരു മുഴുവന്‍ പദ്ധതി എന്നനിലക്ക് കാഞ്ഞിരപ്പുഴ പദ്ധതി ഇന്നും അപൂര്ണ്ണമായിത്തന്നെ അവശേഷിക്കുന്നുവോ എന്ന് സംശയം. കാരണം ഉപകനാലുകലിലൊന്നില് വെള്ളം കിട്ടിയത് വീണ്ടും എഴുവര്‍ഷങ്ങള്‍ക്ക് ശേഷം ൨൦൧൧ ലെ വേനല്‍ക്കാലത്താണ്. 1951 മുതല്‍ 2011 വരെ അമ്പതു കൊല്ലത്തെ ഇടവേളയുണ്ട്.
ഏതു ജലസേചനപദ്ധതിയും പൂര്‍ണമാകണമെങ്കില്‍ അതിന്റെ ആയകട്ട് പ്രദേശത്ത് അതുകൊണ്ടുദ്ദേശിക്കപ്പെട്ട പ്രയോജനങ്ങള്‍ മുഴുവന്‍ ലഭ്യമാകേണ്ടതുണ്ടല്ലോ. പദ്ധതി കൊണ്ട് പ്രയോജനം കിട്ടേണ്ട ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്കുകളിലെ പാടശേഖരങ്ങള്‍ക്ക് മുഴുവനായി അതിന്റെ മുഴുവന്‍ പ്രയോജനവും ഇനിയും കിട്ടിത്തുടങ്ങിയിട്ടുള്ളതായി അറിവില്ല. ദീര്‍ഘകാലം അപൂര്‍ണമായി കിടന്നിരുന്ന പ്രധാന കനാലിന്റെ മിക്ക ഭാഗങ്ങളും അടുത്തകാലത്താണ് നേരെയാക്കിയത്. അവയാകെ കാടുകയറിയും കരയിടിഞ്ഞും അനാഥമായിരുന്നു. ബ്രാഞ്ച്കനാലുകള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്നതുതന്നെ ഉണ്ടായില്ല. അര നൂറ്റാണ്ടു മുമ്പ് പണി തുടങ്ങിയ ഒരു പദ്ധതി ആണ് ഇതെന്നോര്‍ക്കണം.
അതിനേക്കാളേറെ വിരോധാഭാസമായി തോന്നുന്നതു ഇവിടങ്ങളിലെ നെല്‍കൃഷിയുടെ കഴിഞ്ഞ അരനുറ്റാണ്ട്കാലത്തെ ബാക്കിപത്രമാണ്. 1961ല്‍ പദ്ധതിതുടങ്ങുമ്പോള്‍ സ്വാഭാവികമായും അത് ഈ പ്രദേശങ്ങളിലെ നെല്‍കൃഷിക്ക് ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടിയിട്ടുണ്ടാകുക. ജില്ലയുടെ മദ്ധ്യഭാഗങ്ങളിലെ ഇരുപ്പൂനിലങ്ങള്‍ ധാരാളം മഴ കിട്ടുന്ന പ്രദേശങ്ങളിലായതുകൊണ്ട് അതിരൂക്ഷമായ വരള്‍ച്ചയെയൊന്നും ഒരുകാലത്തും നേരിട്ടിട്ടില്ല. രണ്ടു പൂവുകളിലും വരുന്ന കാലാവസ്ഥയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വേണ്ടരീതിയില്‍ വിവിധ വിത്തുകളും വളപ്രയോഗങ്ങളും സ്വീകരിച്ചുകൊണ്ട് താരതമ്യേന പരിക്കുകള്‍ കുറവായ മട്ടില്‍ കാലാകാലമായി നെല്‍കൃഷി നടത്തിപ്പോന്ന സ്ഥലങ്ങലാണിവ. അപ്പോള്‍ അണക്കെട്ടിലെ ജലം വേനല്ക്കാലത്തേക്ക് കരുതിവക്കുകയാണെന്കില്‍ നല്ലൊരു ശതമാനം സ്ഥലങ്ങളിലും `വര്‍ഷത്തില്‍ മൂന്നാമതൊരു വിളകൂടിയെടുക്കാന്‍ ഇവിടങ്ങളില്‍ കഴിയുമെന്നു അക്കാലത്ത് കര്‍ഷകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകണം. അങ്ങിനെയാകാം 1960-70 കളില്‍ കണക്ക്കൂട്ടപ്പെട്ടത്. അതെ സമയം അറുപതുകളിലും തുടര്‍ന്നും വന്ന പുത്തന്‍ കൃഷിരീതികളും വിത്തിനങ്ങളും വിളവിന്റെ മേനിയില്‍ വര്‍ദ്ധനയും വരുത്തിക്കഴിഞ്ഞിരുന്നു.
പില്ക്കാലത്ത് കേരളത്തില്‍ നെല്കൃഷി ലാഭകരമെന്നല്ല, നഷ്ടത്തിലുമാകുന്ന ചിത്രമാണ് നാം കാണുന്നത്. നെല്ലുത്പാദനത്തില്‍ അവശ്യം ആവശ്യമായ കര്‍ഷകത്തൊഴിലാളികലുടെ എഴുപതുകളോടെ സംഭവിച്ച ലഭ്യതയില്ലായ്മയും പാടശേഖരങ്ങള്‍ പലരുടെയും കൈവശത്തിലേക്ക് ചിതറിപ്പോയതുമൊക്കെ അതിന്നു കാരണമായി പറയാറുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള അരിയുടെ ലഭ്യത കൂടിയതോടെ ഇവിടെ നെല്ലിന്റെ കാര്യത്തില്‍ സംഭവിച്ച വിലയിടിവും കൂടിച്ചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. അതോടെ ഈ പ്രദേശങ്ങളിലെല്ലാം തന്നെ കര്‍ഷകര്‍ വയലുകള്‍ തരിശിടാനും അല്ലെങ്കില്‍അവയില്‍ ലാഭകരമായ മറ്റു വിളകള്‍ നടാനും തുടങ്ങി. ഇവക്കാണെങ്കില്‍ നെല്ലിനെപ്പോലെ ധാരാളം വെള്ളത്തിന്റെയോ അദ്ധ്വാനത്തിന്റെയോ പരിചരണത്തിന്റെയോ ആവശ്യവുമില്ല. അഞ്ചെട്ട് വര്ഷം മുമ്പ് വയോധികനായ ഒരു പരമ്പരാഗതകര്‍ഷകനോടു ഇതിനെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ - അയാളും നെല്ല് കൃഷിചെയ്യുന്ന തന്റെ സ്ഥലത്തിന്റെ അളവ് അന്നു തന്നെ നന്നേ കുറച്ചിരുന്നു- കിട്ടിയ മറുപടി അന്ന് ശുഭോദര്‍ക്കമായി തോന്നിയിരുന്നു. ഇതൊരു ചാക്രികവ്യതിയാനം മാത്രമാണെന്നും നെല്‍ കൃഷിയില്‍നിന്നു മാറിപ്പോകുന്ന കര്‍ഷകരെല്ലാംതന്നെ കുറച്ചുകഴിയുമ്പോള്‍ തിരിച്ചു വരാതിരിക്കില്ലെന്നും അയാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാറിയ ഇന്നത്തെ പരിതസ്ഥ്തോവസ്ഥയില്‍ അത് അസ്ഥനത്താണെന്നുതന്നെ തന്നെ കാണുന്നു.
അങ്ങിനെ നെല്‍കൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞ സ്ഥലങ്ങളിലാണ് ഇന്ന് ഈ ജലസേചനപദ്ധതി കനാലുകള്‍ പരത്തിനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രസക്തിയും ഇവിടങ്ങളില്‍ നഷ്ടപ്പെടുകയാണ്. ഈ സ്ഥലങ്ങളില്‍ ആരും തന്നെ കാഞ്ഞിരപ്പുഴ പദ്ധതിയെയോ അതിന്റെ കനാലുകലെയോ കാര്യമായെടുക്കുന്നില്ല. പദ്ധതി കൊണ്ടുവന്നേക്കാവുന്നത് എന്തെന്തെല്ലാം മെച്ചങ്ങളാകാം എന്ന് ആരും ചിന്തിക്കുന്നുമുണ്ടാവില്ല. ഈ പദ്ധതികൊണ്ട് ഇവിടെ ആര്‍ക്കും പ്രത്യേകിച്ച് യാതോരു ഉപയോഗവുമില്ല. അതിനിവിടെ ആവശ്യക്കാരില്ല. മേല്പറഞ്ഞ സ്ഥലങ്ങളിലൊന്നുംതന്നെ നെല്‍കൃഷിയെ പുനരുദ്ധരിക്കാന്‍ ഇനി എത്ര ശ്രമിച്ചാലും കേരളത്തിന്റെ മാറിമറിഞ്ഞ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സാധ്യമാണെന്ന് തോന്നുന്നില്ല. പണ്ടു നെല്‍ വയലുകള്‍ ആയിരുന്ന ഇവിടങ്ങളിലെല്ലാം ഭൂപ്രകൃതി ഒരു തിരിച്ചുവരവിനിടമില്ലാത്തതരത്തില്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ മാറ്റങ്ങള്‍ കൃഷിയോട് ആഭിമുഖ്യമില്ലാത്ത, അതില്‍ യാതൊരു താത്പര്യവുമില്ലാത്ത ഒരു തലമുറയെ പണ്ടത്തെ കൃഷീവലകുടുംബങ്ങളുടെ തുടര്ച്ചകളില്‍പ്പോലും സൃഷ്ടിച്ചുകഴിഞ്ഞു. അങ്ങാടികളില്‍ അരിയെത്തുന്നത് എവിടെനിന്നാണെന്നു, എങ്ങിനെയാണെന്ന് ഇന്നു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അറിയാതായിരിക്കുന്നു. അവശേഷിക്കുന്ന നെല്‍ വയലുകളും അവര്‍ക്കന്യമാണ്.
ഇയ്യിടെ ഒരു ചാനലിലെ ചോദ്യോത്തരപരിപാടിയില്‍ കേട്ട കാര്യം ഇത്തരുണത്തില്‍ പ്രസക്തമാകുന്നു. മുണ്ടകന്‍, വിരിപ്പ്, പുഞ്ച എന്നീ വാക്കുകള്‍ ഏതു വിളയുടെ കൃഷിയുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ചോദ്യം. ഏതാണ്ട് ഇരുപത്തഞ്ചു വയസ്സോളമുള്ള പെണ്‍കുട്ടി ആ ചോദ്യത്തിനുമുമ്പില്‍ പകച്ചു നിന്നു. ഉത്തരം തനിക്കറിയില്ലെന്ന് പറയുകയും ചെയ്തു. ഉത്തരത്തിനായി പരസഹായം തേടാന്‍ അവള്‍ ലജ്ജിച്ചതുമില്ല. കോഴിക്കോട് ജില്ലയിലെ ഉള്നാടുകളില്‍നിന്നെവിടെനിന്നോ വന്നതായിരുന്നു ആ പെണ്‍കുട്ടിയെന്നാണോര്‍മ്മ. ഒരു കാലത്ത് ധാരാളം നെല്‍കൃഷിയുണ്ടായിരുന്ന ജില്ലകളില്പ്പോലും പുതുതലമുറയില്‍ അതിനെക്കുറിച്ചു അജ്ഞത പടരുകയാണ്. ഇത് കേരളത്തിന്റെ മൊത്തം പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകപ്പാടെ പദ്ധതി ഇവിടങ്ങളില്‍ കൊണ്ടു വന്ന കാര്യമായ മാറ്റം പ്രധാന കനാല്‍ വരമ്പുകളെല്ലാംതന്നെ ഗതാഗതയോഗ്യമായ റോഡുകളായിക്കിട്ടി എന്നതാണ്. പരന്നു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലേക്ക് വാഹനങ്ങള്‍ എത്തുന്നു. ടിപ്പര്‍ ലോറികളും കൂടി എത്തുമ്പോള്‍ പാടങ്ങള്‍ക്കു എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലായിടത്തും ഭൂമാഫിയാസംഘങ്ങള്‍ പിടിമുറുക്കഴിഞ്ഞു. നെല്പ്പാടങ്ങള്‍ ദ്രുതഗതിയില്‍ പുരയിടങ്ങളായിക്കൊണ്ടിരിക്കുന്നു. അങ്ങിനെ കര്‍ഷകര്‍ക്കാവശ്യമില്ലാത്ത, അവര്‍ തിരിഞ്ഞുനോക്കാത്ത ഒരു പദ്ധതിയായി മാറിയ കാഞ്ഞിരപ്പുഴ സര്‍ക്കാര്‍ ഖജാനകള്‍ക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുന്നു. ഇവിടങ്ങളിലെ എല്ലാ പദ്ധതികളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. അപവാദമായി പറയാനാകുന്നത് 1970നു മുമ്പ് പണി തീര്‍ന്ന മലമ്പുഴയടക്കമുള്ള ആറേഴു പദ്ധതികള്‍ മാത്രമായിരിക്കും. കാരണം നേരത്തെ പണി തീര്‍ന്ന് പില്‍ക്കാലത്തെ കൃഷിസ്ഥലശോഷണം തുടങ്ങും മുമ്പേതന്നെ പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാനായതുകൊണ്ടു ഇവയുടെ ആയക്കട്ട് പ്രദേശത്ത് കൃഷിസ്ഥലശോഷണം താരതമ്യേന കുറവാണ്. മേല്പറഞ്ഞ പദ്ധതികളെല്ലാം കൃത്യസമയത്ത് തന്നെ പണി പൂര്‍ത്തിയാക്കി ആയക്കട്ട് പ്രദേശത്ത് വെള്ളമെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയില്‍ തന്നെ പിടിച്ചു നിര്ത്താന്‍ നമ്മുടെ സംസ്ഥാനത്തിനു ഒരുപക്ഷെ കഴിയുമായിരുന്നില്ലേ?
ഇയ്യിടെ ഒരു ചാനലിലെ ചോദ്യോത്തരപരിപാടിയില്‍ കേട്ട കാര്യം ഇത്തരുണത്തില്‍ പ്രസക്തമാകുന്നു. മുണ്ടകന്‍, വിരിപ്പ്, പുഞ്ച എന്നീ വാക്കുകള്‍ ഏതു വിളയുടെ കൃഷിയുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ചോദ്യം. ഏതാണ്ട് ഇരുപത്തഞ്ചു വയസ്സോളമുള്ള പെണ്‍കുട്ടി ആ ചോദ്യത്തിനുമുമ്പില്‍ പകച്ചു നിന്നു. ഉത്തരം തനിക്കറിയില്ലെന്ന് പറയുകയും ചെയ്തു. ഉത്തരത്തിനായി പരസഹായം തേടാന്‍ അവള്‍ ലജ്ജിച്ചതുമില്ല. കോഴിക്കോട് ജില്ലയിലെ ഉള്നാടുകളില്‍നിന്നെവിടെനിന്നോ വന്നതായിരുന്നു ആ പെണ്‍കുട്ടിയെന്നാണോര്‍മ്മ. ഒരു കാലത്ത് ധാരാളം നെല്‍കൃഷിയുണ്ടായിരുന്ന ജില്ലകളില്പ്പോലും പുതുതലമുറയില്‍ അതിനെക്കുറിച്ചു അജ്ഞത പടരുകയാണ്. ഇത് കേരളത്തിന്റെ മൊത്തം പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകപ്പാടെ പദ്ധതി ഇവിടങ്ങളില്‍ കൊണ്ടു വന്ന കാര്യമായ മാറ്റം പ്രധാന കനാല്‍ വരമ്പുകളെല്ലാംതന്നെ ഗതാഗതയോഗ്യമായ റോഡുകളായിക്കിട്ടി എന്നതാണ്. പരന്നു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലേക്ക് വാഹനങ്ങള്‍ എത്തുന്നു. ടിപ്പര്‍ ലോറികളും കൂടി എത്തുമ്പോള്‍ പാടങ്ങള്‍ക്കു എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലായിടത്തും ഭൂമാഫിയാസംഘങ്ങള്‍ പിടിമുറുക്കഴിഞ്ഞു. നെല്പ്പാടങ്ങള്‍ ദ്രുതഗതിയില്‍ പുരയിടങ്ങളായിക്കൊണ്ടിരിക്കുന്നു. അങ്ങിനെ കര്‍ഷകര്‍ക്കാവശ്യമില്ലാത്ത, അവര്‍ തിരിഞ്ഞുനോക്കാത്ത ഒരു പദ്ധതിയായി മാറിയ കാഞ്ഞിരപ്പുഴ സര്‍ക്കാര്‍ ഖജാനകള്‍ക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുന്നു. ഇവിടങ്ങളിലെ എല്ലാ പദ്ധതികളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. അപവാദമായി പറയാനാകുന്നത് 1970നു മുമ്പ് പണി തീര്‍ന്ന മലമ്പുഴയടക്കമുള്ള ആറേഴു പദ്ധതികള്‍ മാത്രമായിരിക്കും. കാരണം നേരത്തെ പണി തീര്‍ന്ന് പില്‍ക്കാലത്തെ കൃഷിസ്ഥലശോഷണം തുടങ്ങും മുമ്പേതന്നെ പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാനായതുകൊണ്ടു ഇവയുടെ ആയക്കട്ട് പ്രദേശത്ത് കൃഷിസ്ഥലശോഷണം താരതമ്യേന കുറവാണ്. മേല്പറഞ്ഞ പദ്ധതികളെല്ലാം കൃത്യസമയത്ത് തന്നെ പണി പൂര്‍ത്തിയാക്കി ആയക്കട്ട് പ്രദേശത്ത് വെള്ളമെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയില്‍ തന്നെ പിടിച്ചു നിര്ത്താന്‍ നമ്മുടെ സംസ്ഥാനത്തിനു ഒരുപക്ഷെ കഴിയുമായിരുന്നില്ലേ?
കേരളത്തിലെ ജലസേചനപദ്ധതികലുടെ ഇന്നത്തെ ശോച്യാവസ്ഥക്ക് കാരണമായി വര്ഷം തോറും സി എ ജി റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാരണങ്ങള്‍ പലതാണ്. മൊത്തം ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ പദ്ധതികളില്‍ നിന്ന് കിട്ടുന്ന ഗുണങ്ങള്‍ തുലോം കുറവാണ്. പദ്ധതികളുടെ തുടക്കത്ത്തില്‍ ഉദ്ദേശിക്കുന്നത്ര സ്ഥലങ്ങളില്‍ പില്‍ക്കാലത്ത് ജലമെത്തിക്കാനാകുന്നില്ല. നിര്‍മ്മാണപ്രവര്ത്തനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുപോകുന്നതുകൊണ്ടു വേണ്ടിവരുന്ന അനാവശ്യ ചെലവുകള്‍. കാര്ഷിക വിളകളുടെ വൈവിധ്യവല്‍ക്കരണം നടത്തുന്നതിലെ പരാജയങ്ങള്‍, അണക്കെട്ടുകളില്‍ ബലക്ഷയമുണ്ടാക്കുകയും അവ സുരക്ഷിതങ്ങളല്ലാതാക്കുകയും ചെയ്യുന്ന കടുത്ത ചോര്‍ച്ചകള്‍, പദ്ധതിക്ക് അത്യാവശ്യമല്ലാത്ത പണികള് ചെയ്യല്‍, ഓപ്പന്‍ ടെണ്ടറുകള്‍ വിളിക്കാതെ നടത്തുന്ന പണികള്‍, പരസ്പരം കയറിക്കിടക്കുന്ന ആയക്കട്ടുകളില്‍ ജലം വെറുതെ ഉപയോഗമില്ലാതെ ഒഴുകിപ്പോകുന്നത് തുടങ്ങി ഒരുപാടു കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ പരാമര്ശിക്കപ്പെടുന്നുണ്ടു.
1975ന് ശേഷം പണിതുടങ്ങിയ മറ്റൊരു പതിനാറു ജലസേചനപദ്ധതികള്‍ കൂടി നമുക്കുണ്ട്. അവയില്‍ പത്തെണ്ണം മലബാര്‍ പ്രദേശത്ത് തന്നെയാണ്. നെല്‍കൃഷിയിലെ സ്ഥലശോഷണം ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളത് ഇവിടെയാണെന്നോര്‍ക്കുക. പണി തീര്ന്നവയില്‍ പന്ത്രണ്ടും പണിതീരാനുള്ളവയില്‍ പത്തും പദ്ധതികളാണ് ഇവിടങ്ങളിലുള്ളത്. സംസ്ഥാനത്തെ മൊത്തം പണിതീര്ന്നവയുടെ ചെലവ് ഏതാണ്ട് 3020.43 കോടി രൂപയാണ്. പണി തീരാനുള്ളവക്ക് തുടക്കത്തില്‍ എസ്റ്റിമേറ്റ് തുക 15345.9 കോടി രൂപയായിരുന്നു. എങ്കിലും പണി തീരുമ്പോള്‍ അതു 24783.4 കോടി രൂപയായി ഉയരുമെന്നാണ് കണക്ക്. അതേസമയം പണിതീരാനുള്ളവ എന്നേക്കു പൂര്‍ത്തീകരിക്കാനാകുമെന്നു ഈ കണക്കുകളില്‍ കാണാനില്ല. അപ്പോള്‍ നിലവിലുള്ള കണക്കുകള്‍ പ്രകാരം എല്ലാ പദ്ധതികളും പൂര്‍ണ്ണമാകുന്ന ആ സമയത്ത് മൊത്തം 27803.8 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതികളാണ് കേരളത്തില്‍ അവയുടെ ഉദ്ദിഷ്ട ഉപയോഗക്ഷമതയിലും വളരെ താഴ്ന്ന നിലയില് പ്രവര്ത്തിച്ചുകൊണ്ടിരിക്കുക. ഇത്രയും വലിയ ഒരു നിക്ഷേപം ഉദ്ദേശിച്ച ഫലം നല്‍കാതെ വെറുതെ കിടക്കും. അത് മാത്രമല്ല അവയെ സജീവമായി നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപാ എല്ലാക്കൊല്ലവും ചെലവഴിക്കേണ്ടിവരികയും ചെയ്യും.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാകുമ്പോള്‍ ഉപയോഗമില്ലാതെ വരുന്ന ഈ പദ്ധതികള്‍ എന്തിനാണ് നിലനിര്‍ത്തുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്. തൊഴില്‍ ദാതാവെന്ന നിലക്ക് ഇവയെ കൈവിട്ടുകളയാന്‍ ഒരു സര്‍ക്കാരും തയ്യാറാവില്ല. അതിനപ്പുറം അത് കോടിക്കണക്കിനു രൂപയുടെ പൊതുസ്വത്താണ്. അത് വെറുതേയിട്ട് നശിക്കാന്‍ അനുവദിക്കാനുമാവില്ല. പ്രത്യുത്പാദനപരമായി യാതൊരു മൂല്യവുമില്ലെങ്കില്‍ എത്ര കാലം ഇവയെ ഖജനാവില്‍ നിന്ന് പണമിറക്കി കൊണ്ടു നടക്കാനാകും. ഇവയെ കയ്യില്‍ വക്കാനും കൈവിടാനും വയ്യാത്ത അവസ്ഥ. വയനാട്ടിലെ ബാണാസുരസാഗര്‍, കാരാപ്പുഴ പദ്ധതികളും ഇതേ ദുര്‍ഗതി നേരിടുന്നത് കാരണം അവ പുനര്‍ചിന്തനം ചെയ്യപ്പെടുകയാനെന്നു കഴിഞ്ഞ സര്‍ക്കാരിലെ ജലസേചനമന്ത്രി പറഞ്ഞിരുന്നു. അവ കുടിവെള്ളപദ്ധതികളായി മാറ്റാന്‍ ആലോചിക്കുന്നുണ്ടത്രേ. അവിടെ നെല്‍കൃഷിയിടങ്ങള്‍ കഴിഞ്ഞകാലത്ത് മൂന്നിലൊന്നായി ചുരുങ്ങി എന്നാണു കണക്കുകള്‍. വിയന്ഗംഗയിലെയും നര്‍മദയിലേയും അണക്കെടുകള്‍ക്ക് ഒരുപക്ഷെ ഈ ദുസ്ഥിതിയൊന്നും വന്നേക്കില്ല . കാരണം വൈകിയാണെങ്കിലും അവയിലെ വെള്ളം മദ്ധ്യേന്ത്യയിലെ കൃഷിസ്ഥലങ്ങള്‍ക്ക് ആവശ്യമില്ലാതിരിക്കുകയില്ല.
കേരളം അതിന്റെ ജലസേചനപദ്ധതികളില്‍ നിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കുന്നത്? അവയെക്കൊണ്ടു ഇനി എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്? എങ്ങിനെയായാലും അവയുടെ ആയുസ്സ് രൂപകല്‍പന ചെയ്തപ്പോള്‍ പറഞ്ഞുവച്ചതിനേക്കാള്‍ കൂടുതലുമായിരിക്കും. നൂറു കൊല്ലം മുമ്പത്തെ ഒരണക്കെട്ട് ഏതായാലും ഇന്നും നമ്മുടെ പരിസരത്ത് വിവാദങ്ങളില്‍ കുടുങ്ങിയാണെങ്കിലും നിലനില്‍ക്കുന്നുണ്ടല്ലോ.
ഈ ജലസേചനപദ്ധതികളുടെ ഇന്നത്തെ ഉപയോഗക്ഷമതയെപ്പറ്റിയും അത് തീരെ കുറവാണെന്നു തോന്നുന്നുവെങ്കില്‍ അവയെ എങ്ങിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും നാം സമഗ്രമായി ആലോചിക്കാറായിട്ടില്ലേ? കുറഞ്ഞപക്ഷം നമ്മുടെ അടങ്ങാത്ത ഊര്‍ജ്ജപ്രതിസന്ധിയെ തരണം ചെയ്യാനെങ്കിലും ഇവയെ എങ്ങിനെയെങ്കിലും ഉപയോഗപ്പെടുത്താമോ എന്നും ആലോചിക്കാറായിട്ടുണ്ടോ?
-------------------------------------------------------------
കുറിപ്പ്
ഇവിടെ ഉദ്ധരിച്ച കണക്കുകള്‍ നമ്മുടെ ജലസേച്ചനവകുപ്പിന്‍റെ വെബ് സൈറ്റില്‍ നിന്നു കിട്ടിയതാണ്. തുക അക്കത്തില്‍ കൊടുത്തിട്ടുള്ളതല്ലാതെ അത് ദശലക്ഷത്തിലാണോ, കോടിയിലാണോ എന്നൊന്നും അതില്‍ കാണുന്നില്ല. ദശലക്ഷത്തിലാണെന്ന നിഗമനത്തിലാണ് കണക്കുകള്‍ ഇവിടെ തയാറാക്കിയിട്ടുള്ളത്.
.