Sunday, August 12, 2012

ഹരിതകാലങ്ങളുടെ അറുതി


വൈകിയെത്തുകയും എത്തിക്കഴിഞ്ഞിട്ടും എല്ലായിടത്തും ഒരുപോലെ പെയ്യാതെ പോകുകയും ചെയ്ത കാലവര്‍ഷം ചതിച്ച കേരളത്തിലാണ് ഇന്നു നമ്മള്‍.  നമ്മുടെ ജലസമൃദ്ധി ഉറപ്പുവരുത്തുന്ന പുഴകള്‍ പുറപ്പെടുന്ന പറമ്പിക്കുളത്തും സൈലന്റ് വാലിയിലും ആറളം കാടുകളിലും ഇടുക്കി വനമേഖലയിലുമൊക്കെ പെയ്യാന്‍ മഴ മടിച്ചുനില്‍ക്കുന്നു.  താമസിയാതെ ഉണങ്ങിപ്പൊരിഞ്ഞു പോയേക്കാവുന്ന  കാടിനുതന്നെ കുടിവെള്ളം അന്യമായിപ്പോകുന്നതറിയാതെ ഹരിതകാലങ്ങളുടെ അറുതിയിലേക്ക് പാവം കാട്ടുമൃഗങ്ങള്‍ എടുത്തെറിയപ്പെടാന്‍ തുടങ്ങിയിരിക്കുമോ?  ഉണങ്ങിവീഴുന്ന കാടകങ്ങളേയും കാത്ത്‌  കയ്യില്‍ തീത്തിരികളുമായി  കാത്തിരിക്കുന്നവരുടെ ക്ഷമ നഷ്ടപ്പെട കോപസ്വരങ്ങള്‍ നമുക്കിടയില്‍നിന്നുതന്നെ കേള്‍ക്കുന്നുണ്ടോ?  കാടുകള്‍ കരിഞ്ഞുതീരുമ്പോള്‍ നമ്മുടെ പുഴകള്‍ ബാക്കിയുണ്ടാകുമോ? എന്താണ് വരാനിരിക്കുന്നതെന്നു ഒരെത്തും പിടിയും ഇല്ലാതിരിക്കുന്ന ഈ സമയത്തും നാം എക്കാലത്തും സൂക്ഷിച്ചുപോന്നിട്ടുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തണലുകളിലിരുന്ന് എന്തൊക്കെയായാലും കാര്യങ്ങള്‍ അത്രക്കൊന്നും മോശമായിട്ടില്ലെന്നു മനക്കോട്ടകള്‍ കെട്ടുന്നു.  ഇന്നും നമുക്ക് അത്യാവശ്യത്തിനു വേണ്ട തെളിനീര്‍ കുറേശ്ശെയെങ്കിലും നമ്മുടെ പുഴകളില്കൂടി ഒഴുകുന്നുണ്ടല്ലോ.  അതുകൊണ്ടു നാമിപ്പോഴും ആശ്വസിക്കുന്നു; കാത്തിരിക്കുന്നു.  നാളെ എന്തായാലും മഴ വരാതിരിക്കില്ല. തിമിര്‍ത്തു പെയ്യാതിരിക്കില്ല.

പക്ഷെ കാത്തിരുന്നാലും കിട്ടാന്‍ പോകുന്നത് വേറെ എന്തിന്റെയോ കടുത്ത വേനല്ക്കാലമാണെന്ന  തോന്നലാണ് ഇയ്യിടെയായി കേരളരാഷ്ട്രീയം ഉണ്ടാക്കുന്നത്.  മന്ത്രിസഭയിലെ പലരുടെയും സംശയാസ്പദങ്ങളായ പരസ്യമൌനങ്ങളും അവരുടെ രഹസ്യമായ മുറുമുറുക്കലുകള്‍ക്ക് തടയിടാന്‍ ഓടിനടക്കുന്ന മുഖ്യമന്ത്രിയും  അവരുടെ പുറകെ ഓടിക്കളിക്കുന്ന  മാധ്യമങ്ങളുമാകുമ്പോള്‍ ആ തോന്നല്‍ പൂര്‍ണ്ണമാകുന്നു.  അതിനിടെ നമ്മുടെ ജനതയുടെ ബഹുസ്വരതയുടെയും ഇവിടത്തെ ജനാധിപത്യപ്രസ്ഥാനങ്ങളുടെയും അന്ത്യം കുറിച്ചേക്കാവുന്ന ചില പ്രവണതകള്‍ സാമാജികര്‍ കാണിച്ചുതുടങ്ങുന്നതും വരാനിരിക്കുന്ന വരള്‍ച്ചകളെത്തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 

കേരളനിയമസഭയിലെ ചീഫ്‌ വിപ്പ്‌ ശ്രീ പി. സി. ജോര്‍ജ് മുന്നണിയിലെ പ്രധാനഘടകകക്ഷിയുടെ ഒരു എമ്മെല്ലെക്ക് ഇയ്യിടെ നല്‍കിയ ഉപദേശത്തിന്റെ ചിത്രം ഒരു ദിവസത്തേക്കാണെങ്കിലും മാദ്ധ്യമങ്ങള്‍ കാണിച്ചത്  ഇതിനകം കേരളത്തില്‍ വ്യാപകമായ ചര്ച്ചക്ക് വിധേയമാകുകയുണ്ടായി. ശ്രീ. ജോര്‍ജ്‌  തന്‍റെ സഹപ്രവര്‍ത്തകന്, ശ്രീ. ടി.എന്‍. പ്രതാപന് ഉപദേശം നല്‍കിയത്‌ അങ്ങോര്‍  നെല്ലിയാംപതി വനമേഖലയിലെ എസ്റ്റേറ്റുകളുടെ പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ്‌.  പ്രതാപന്‍ സ്വന്തം  സമുദായത്തിന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതി എന്ന് അദ്ദേഹം തുറന്നടിച്ചു  എമ്മെല്ലെമാര്‍ അവനവന്‍റെ സമുദായങ്ങളുടെ  കാര്യം മാത്രം നോക്കിയാല്‍ മതി എന്നാണോ ആ പറഞ്ഞതിന്‍റെ വ്യംഗ്യമായ ധ്വനി? അപ്പോള്‍ എമ്മെല്ലെമാരില്ലാത്ത കേരളത്തിലെ ആദിവാസിസമുദായങ്ങളുടെ ഗതിയെന്താവും?  ഇനി അതുകൊണ്ടാണോ  സഹസ്രാബ്ദങ്ങളായി വനങ്ങളെ ഉപജീവിച്ചുകൊണ്ടുമാത്രം  ജീവസന്ധാരണം  നടത്തിപ്പോന്ന, പശ്ചിമഘട്ടങ്ങളിലെ കാടുകളില്‍ മുഴുവന്‍ വേരുകളുള്ള, കേരളത്തിലെ ആദിവാസിസമുദായങ്ങളുടെ  പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇവിടെ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണോ അദ്ദേഹം നമ്മുടെ വനമേഖലകലുടെ കാര്യത്തില്‍  ഇടപെടുന്നതെന്ന യുക്തിസഹമായിത്തോന്നാവുന്ന  ഒരു നിരീക്ഷണം  ഫലിതരൂപത്തിലെന്കിലും അതേത്തുടര്‍ന്നു ആരെങ്കിലും പ്രകടിപ്പിച്ചതായും  അറിവില്ല.  ഒരു പക്ഷെ ഫലിതത്തില്‍ മുക്കി കാര്യത്തിന്റെ ഗൌരവം കുറക്കേണ്ട എന്ന് കരുതിയാവാം കുഞ്ചന്റെ പിന്‍ഗാമികളായ കേരളത്തിലെ പൊതുജനം അങ്ങിനെ ചെയ്തത്.

ഇന്ത്യന്‍ ഭരണഘടന ഉയര്ത്തിപ്പിടിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്തെത്തുന്ന ഒരു സാമാജികനാണ് പരസ്യമായി ഇങ്ങിനെ പറഞ്ഞതെന്നു നാം മറക്കരുത്. യാതൊരു മുന്‍വിധികളുമില്ലാതെ, സങ്കുചിതസമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ, ഇന്ത്യന്‍ പൌരന്മാരെല്ലാവര്‍ക്കും ഒരുപോലെ സാമുഹ്യനീതി ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് പ്രതിജ്ഞ എടുത്തവരാണല്ലോ ഇവര്‍.  അങ്ങിനെയൊരു പ്രതിജ്ഞ പരസ്യമായി എടുക്കേണ്ടിവരുമെന്ന അറിവോടെത്തന്നെ തിരഞ്ഞെടുപ്പുരംഗത്തെത്തുന്നവരുമാണ് ഇവര്‍. എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ ഇങ്ങിനെയൊക്കെ പെരുമാറിക്കൊണ്ട് ഇവരില്‍ ആരെയൊക്കെയാണ് സംശയത്തോടെ കാണേണ്ടതെന്നു ശങ്കിക്കേണ്ട അവസ്ഥയിലേക്ക്, ഒരു വമ്പന്‍ വിഷമവൃത്തത്തിലേക്ക് ഇവിടത്തെ  ജനാധിപത്യവിശ്വാസികളെ ഇവരെത്തിക്കുന്നു. രാഷ്ട്രീയപ്രവര്ത്തനമെന്നാല്‍ സ്വന്തം മിടുക്ക് കാണിക്കലും സ്വാധീനങ്ങള്‍ ഉണ്ടാക്കി വച്ചു തന്കാര്യവും തന്നേ ചുറ്റിപ്പറ്റി നില്‍ക്കുന്നവരുടെ കാര്യവും എതുവിധേനയും നേടിയെടുക്കലും മാത്രമായി  അധ:പതിപ്പിച്ചുകൊണ്ട്  ഇവിടത്തെ പല രാഷ്ട്രീയനേതാക്കളും പ്രവര്ത്തിക്കുന്നുണ്ട്.  അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചില വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയാണെന്ന നാട്യത്തില്‍  ഏതാനും ചില  സമ്പന്നരെ   സൂത്രത്തില്‍ വളര്‍ത്തിയെടുക്കാനാണ് ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നതെന്ന് ആരും മനസ്സിലാക്കാറില്ല. 

സാഹിത്യ- സാമൂഹ്യപ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖരായ കുറച്ചുപേര്‍ നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുന്നതിലെ പാരിസ്ഥിതികവും നിയമപരവുമായ കാര്യങ്ങള്‍ ചര്ച്ചചെയ്തുകൊണ്ട് ഉടനടി രംഗത്ത്‌  വരികയുണ്ടായി. ഇത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അവരത് ചെയ്തത് കക്ഷിരാഷ്ട്രീയങ്ങള്‍ തങ്ങളുടെ ആഹ്വാനങ്ങളുമായി രംഗത്തെത്തുവാന്‍  കാത്തുനില്‍ക്കാതെയാണെന്നത് കൂരിരുട്ടില്‍ മിന്നിത്തെളിയുന്ന ഇടിമിന്നല്‍ പോലെ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്.  എങ്കിലും അവരുടെ അഭിപ്രായപ്രകടനങ്ങളും അതുപോലെതന്നെ രാഷ്ട്രീയക്കാരന്‍റെ വേഷമിട്ടു അധികാരത്തില്‍ എത്തിപ്പെട്ട ശ്രീ ജോര്‍ജ്‌ നമ്മുടെ എല്ലാ രാഷ്ട്രീയസ്ഥാപനങ്ങളെയും ഒരുപോലെ നിരാകരിച്ചുകൊണ്ടു  സംസാരിച്ചതും ഒരു ദിവസത്തിലധികം ജനശ്രദ്ധയില് നിലനില്‍ക്കേണ്ടവയല്ലെന്നു നിശ്ചയിച്ചുറപ്പിച്ചത് നമ്മുടെ മാദ്ധ്യമങ്ങള്‍ തന്നെയാണോ അതോ മറ്റു വല്ലവരുമാണോ എന്ന സംശയം നമ്മെ അസ്വസ്ഥരാക്കുന്നുമുണ്ട്.

പക്ഷെ മാധ്യമങ്ങള്‍ മറ്റൊരു കാര്യം വളരെ സമര്ത്ഥമായി ചെയ്തു.  ജോര്‍ജിനെ രംഗത്തുകാണിക്കാതെ ജോര്‍ജ്‌ ആക്ഷേപിച്ചവരുമായി ധാരാളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.  നല്ല കാര്യമാണെന്നല്ലേ തോന്നുക.  കൂട്ടത്തില്‍ ടി എന്‍ പ്രതാപനോടും മറ്റുള്ളവരോടും ഒരു ചാനല് അവതാരക ചോദിച്ചത് മുഖ്യമന്ത്രിയും മറ്റും ഇടപെട്ടു പ്രശ്നം രമ്യമാക്കിയാല്‍ മാറുന്നതല്ലേ ഉള്ളൂ നിങ്ങളുടെയൊക്കെ പരിഭവം എന്നാണു.  ഈ ചോദ്യത്തില്‍ വലിയൊരു ചതിയുണ്ടെന്ന്  ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ മനസ്സിലാക്കിയില്ലെന്നിരിക്കും. ആ ചോദ്യം നിലവിലുള്ള സര്‍ക്കാരിനു വിനയാകുന്നതൊന്നും നിങ്ങള്‍ ചെയ്യില്ലല്ലോ എന്ന ഉറപ്പ്‌ പ്രതാപനില്‍ നിന്നും മറ്റുള്ളവരില്‍നിന്നും പൊതുജനസമക്ഷം വാങ്ങുകയെന്ന പരോക്ഷമായ തന്ത്രവും കൂടിയാണല്ലോ.  അതോടെ എല്ലാം തീരുമെന്ന് അവര്‍ക്കറിയാം.  ശ്രീ ജോര്‍ജ്‌ അങ്ങിനെ രക്ഷപ്പെടുത്തപ്പെടും.

നേരത്തെ നമ്മുടെ വനം മന്ത്രി നെല്ലിയാമ്പതി പ്രശ്നത്തില്‍ ഇടപെട്ടപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്തുകൊണ്ടാണ് ശ്രീ ജോര്‍ജ്‌ സംസാരിച്ചത്‌.  തുടര്‍ന്നു വനം മന്ത്രി പാലിക്കുന്ന മൌനം ജോര്‍ജിന്റെ വിജയമായി കണക്കാക്കാമോ?  എങ്കില്‍ അതേത്തുടര്‍ന്നാണ് ശ്രീ ജോര്‍ജ്‌ ടി എന്‍ പ്രതാപനോടും കയര്‍ക്കുന്നത്.  പറയുന്നതാകട്ടെ ഒരു പഴയ മാടമ്പിയുടെ മട്ടിലാണ് താനും.  ഏതു ഹീനമാര്‍ഗങ്ങള്‍ സ്വീകരിച്ചായാലും താന്‍ വിചാരിച്ച കാര്യം നടത്തിയെടുക്കാന്‍ നമ്മുടെ ഫ്യുഡല്‍ മാടമ്പിമാര്‍ കാണിച്ചിരുന്ന അതെ കുടിലതന്ത്രം.  വിരട്ടലുകളും ആക്ഷേപിക്കലും പെയപ്പെടുത്തലും തന്നെ മാര്‍ഗങ്ങള്‍.  ഇങ്ങിനെയുള്ള രാഷ്ട്രീയക്കാരെയാണോ നമുക്കാവശ്യം?  അതോ കാര്യങ്ങള്‍ സുതാര്യതയോടെ, ബഹുജനങ്ങളില്‍നിന്നു ചോദ്യങ്ങള്‍ വരുമ്പോള്‍ അവര്‍ക്കുകൂടി ബോദ്ധ്യപ്പെടുന്ന രീതിയില്‍ സഹസാമാജികരുമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കാന്‍ ആര്‍ജ്ജവം കാണിക്കുന്നവരേയോ?  ഇതെഴുതിത്തീരുമ്പോഴേക്ക് കാതലായ പ്രശ്നങ്ങളില്‍ നിന്ന് മാറ്റി സംഭവം ജോര്‍ജും പ്രതാപനും  തമ്മിലുള്ള ഒരു വ്യക്തിപരമായ പ്രശ്നമായി ലഘൂകരിച്ച് മുഖ്യമന്ത്രിയുടെയും യു ഡി എഫിന്റെയും മേല്‍നോട്ടത്തില്‍ വഴക്കുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുമോ എന്ന കാര്യം പറയാറായിട്ടില്ല.   എന്നിട്ട് ഒടുവില്‍ മറ്റൊരു ചാനല്‍ അവതാരകന്‍  ഏതാണ്ട് ഉറപ്പായ ഒരു ഭവിഷ്യവാണി പോലെ ശ്രീ പ്രതാപനോടു തന്നെ ചോദിച്ച കാര്യം (അവസാനം ശ്രീ. ജോര്‍ജ്‌ തന്നെയാവില്ലേ ജയിക്കുക) തന്നെ  ആകുമോ സംഭവിക്കുക? 

എന്നാല്‍ വിവാദമായ ആ പ്രസ്താവന ടിവിയില്‍ കണ്ട സാമാന്യബുദ്ധിയുള്ള ആരുടെയും മനസ്സില്‍ ഉയര്‍ന്നു വരാവുന്ന മറ്റൊരു  ചോദ്യമുണ്ട്.  കേരളത്തിലെ നവോത്ഥാനനായകര്‍ അഹോരാത്രം പാടുപെട്ടു തങ്ങളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം കൊണ്ടു നമുക്ക്‌ നേടിത്തന്ന സ്വാതന്ത്ര്യങ്ങള്‍ ഇന്ന് നമുക്ക് അനുഭവിക്കാനാകുന്നുണ്ടോ എന്ന ചോദ്യം. പേടികൂടാതെ പെരുവഴിനടക്കാനും പാഠശാലകളിലേക്ക് അവകാശപൂര്‍വം കയറിച്ചെല്ലാനും, എല്ലാവര്‍ക്കുമൊപ്പമിരുന്നു ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാനും സര്‍വ്വോപരി പൊതുസമൂഹത്തിന്‍റെ ഭാഗമായി നിന്ന് അധികാരസ്ഥാനങ്ങളോട് ധൈര്യപൂര്‍വം ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള സ്വാതന്ത്ര്യങ്ങളും   അവകാശങ്ങളും നമുക്ക് നേടിത്തന്നവര്‍ അതെല്ലാം നാം എല്ലാകാലത്തേക്കുമായി പരിരക്ഷിച്ചു നിര്ത്തുമെന്നു ആഗ്രഹിച്ചിട്ടുണ്ടാകണം.  എന്നാല്‍ ഇന്ന് അതെല്ലാം തിരഞ്ഞെടുക്കപ്പെട്ട എമ്മെല്ലെമാരില്‍ ആള്‍ബലം കൂടുതലുള്ള ചിലര്തന്നെ സഹാസാമാജികര്‍ക്കുപോലും നിഷേധിക്കുന്നുണ്ടെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും! 

ഏറെക്കുറെ ഇതിനു സമാനമായ മറൊരു സംഭവം കൂടി അതര്‍ഹിക്കുന്ന ഗൌരവം നല്‍കാതെ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്കരിക്കുകയുണ്ടായി.  കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഒരു അറിയപ്പെടുന്ന രാഷ്ട്രീയനേതാവും മുന്മന്ത്രിയുമായിരുന്ന ഒരാള്‍ മന്ത്രിയായ  തന്റെ രാഷ്ട്രീയഎതിരാളിയുടെ ഒരു അനുയായിയെ കണ്ടപ്പോള്‍ “നീയൊക്കെ ആണോടാ മന്ത്രിയെ വഴിതെറ്റിക്കുന്നത് “ എന്ന് ചോദിച്ച് പരസ്യമായി അയാളുടെ കരണത്തടിച്ചുവത്രേ.  നമ്മുടെ നിയമവ്യവസ്ഥയെ കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായി ആരെയെങ്കിലും അടിക്കാനോ, ഭര്ത്സിക്കാനോ ആരെയും എതുതരത്തിലും ഇല്ലായ്മ ചെയ്യാനോ ഒരു പൌരനും അവകാശമില്ലാത്ത ഈ രാജ്യത്ത്‌ ഒരു രാഷ്ട്രീയനേതാവ് അങ്ങിനെ ചെയ്തതിലെ സാംഗത്യം ഏതെങ്കിലും മാദ്ധ്യമം ചോദ്യം ചെയ്യുകയോ അതിനെക്കുറിച്ചു ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ഉണ്ടായില്ല.  ഒരു മനുഷ്യാവകാശപ്രശ്നമായിട്ടുകൂടി ഇതും അങ്ങിനെ മാദ്ധ്യമങ്ങളുടെ കൂടി ഒത്താശയോടെ കുഴിച്ചുമൂടപ്പെട്ടു. ഈ സംഭവവും നമുക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജന്മി-ദുഷ്പ്രഭുത്വങ്ങള്‍ നടത്തിപ്പോന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഓര്‍മ്മ പുതുക്കലായിത്തീരുന്നു.  സ്വാഭിപ്രായത്തിനനുസരിച്ചു തനിക്ക് ശരിയെന്നു തോന്നിയ ഒരു രാഷ്ട്രീയാഭിപ്രായം ഉണ്ടാക്കിയെടുത്ത്‌ അതിനനുസരിച്ചു ഒരാള്‍ പ്രവര്‍ത്തിമണ്ഡലത്തിലേക്കിറങ്ങുന്നുവെങ്കില്‍ അത് ഏതായാലും ജനാധിപത്യസംവിധാനങ്ങള്‍ നമുക്കൊരോരുത്തര്‍ക്കും ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍റെ ആവിഷ്കാരമാണല്ലോ?  സര്‍വ്വോപരി അയാള്‍ എല്ലാവരും കാണ്‍കെയാണ് ആ പ്രവര്ത്തിയില്‍ ഏര്‍പ്പെടുന്നതും.  എന്നിട്ടും സ്വേഛാപ്രമത്തതയുടെ കണ്ണുകളില്‍ അത് കടുത്ത അപരാധമായി മാറുന്നു.  എന്നാല്‍, വിചിത്രമെന്നു പറയട്ടെ, ഇന്ത്യന്‍ ഭരണഘടന തനിക്ക് നല്‍ക്കുന്ന അവകാശങ്ങളുടെ പിന്‍ബലത്തില്‍  തനിക്ക് നേരിട്ടത് കടുത്ത അനീതിയാണെന്നറിയാനും അതിന്നെതിരെ പ്രതിഷേധിക്കാനും അതിനു നിയമപരമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാനും ആ മനുഷ്യന്‍ ശ്രമിക്കുന്നതും കണ്ടില്ല.  കാല്‍ നൂറ്റാണ്ടു മുമ്പാണെങ്കില്‍പ്പോലും ഇത്തരമൊരു സംഭവത്തിനെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ തന്നെ പൊട്ടിപ്പുറപ്പെടാന്‍ താമസമൊന്നും വരാത്ത നാടായിരുന്നു കേരളം.  അതിനെ നമ്മുടെ പുതിയ രാഷ്ട്രീയസംസ്കാരം വീണ്ടും പ്രതിഷേധങ്ങളുടെ സ്വയംസാന്ത്വനങ്ങള്‍ക്ക് പോലും ഇടമില്ലാത്ത അടിച്ചമര്ത്തലുകളുടെ തമോഗര്ത്തങ്ങളിലേക്ക് തള്ളിയിട്ടുകഴിഞ്ഞോ?    എങ്കില്‍  നമ്മുടെ പുതിയ തലമുറ വളരെയേറെ ജാഗരൂകരായിരിക്കേണ്ടതുണ്ട്.  ജനാധിപത്യത്തിന്റെ പേരില്‍ നമ്മള്‍ തെരഞ്ഞെടുത്തുവിടുന്നവര്‍ നമ്മുടെതന്നെ ജനാധിപത്യാവകാശങ്ങളെ ഉരുക്കുമുഷ്ടികൊണ്ടു ധ്വംസിക്കുന്നുണ്ടെങ്കില്‍ അത് ഒരുതരത്തിലും അനുവദിച്ചുകൊടുത്തുകൂട.

ഇക്കാര്യങ്ങളിലെല്ലാം കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറത്ത് മറ്റൊരു വായന കൂടി നമുക്കാവശ്യമുണ്ട്.    നമ്മുടെ നവോത്ഥാനനായകര്‍ എതിരിട്ടു തോല്‍പ്പിച്ച ഗര്വ്വിന്റെയും, ആഭിജാത്യത്തിന്റെയും, സമ്പന്നതയുടെയും അഹങ്കാരരൂപങ്ങള്‍ പഴയ അങ്കത്തട്ടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുനര്ജ്ജനിച്ച് ഇന്ന് നമ്മുടെ ഭരണവര്‍ഗത്തിലേക്ക് വീണ്ടും നുഴഞ്ഞുകയറിക്കഴിഞ്ഞിരിക്കുന്നു.  നെല്ലിയാമ്പതിയിലെ ഇരുനൂറിലേറെ ഏക്കര്‍ വനഭൂമി അതിന്‍റെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും പാവപ്പെട്ട കൃഷിക്കാരനു തന്നെ തിരിച്ചു കൊടുക്കാന്‍ നമ്മുടെ എമ്മെല്ലേ സ്വീകരിക്കുന്ന തന്ത്രം കൌടില്യത്തിന്‍റെയും കയ്യൂക്കിന്‍റെയും രഹസ്യതന്ത്രങ്ങളുടേയും സര്‍വോപരി താന്‍പോരിമയുടേയും പരനിന്ദയുടേയുമൊക്കെ മാര്‍ഗങ്ങളാണെങ്കില്‍, അതിന്നായി അദ്ദേഹം ഇത്രയേറെ അദ്ധ്വാനിക്കുന്നുവെങ്കില്‍,  അതിന്റെ ഫലം കിട്ടുന്നവര്‍ പാവപ്പെട്ടവര്‍ തന്നെയായിരിക്കുമോ എന്ന കാര്യം നാം തിരിച്ചറിയേണ്ടതുമുണ്ട്. അതുപോലെതന്നെ തന്‍റെ രാഷ്ട്രീയ പ്രതിയോഗിയുടെ അനുയായിക്ക് നേരെ പരസ്യമായി കയ്യോങ്ങാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന് ഇന്ന് സാധിക്കുന്നുണ്ടെന്കില്‍ അത് കാണിക്കുന്നത് നമുക്ക് ശരിയായ രാഷ്ട്രീയം നഷ്ടപ്പെട്ടുപോകുകയാണെന്നും പകരം  മലയാളി അധികാരത്തിനോടു ദാസ്യം പറയാന്‍ ശീലിക്കുന്നു എന്നുമാണ്.  ഇത് വളരെയേറെ അപകടകരമാണ്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയും ബോധ്യപ്പെടത്തക്ക ഉത്തരങ്ങള്‍ തരാതിരിക്കുന്നവരെ തിരിച്ചറിയുകയും ചെയ്യുന്നതിലാണല്ലോ  രാഷ്ട്രീയബോധത്തിന്റെ തികവും തെളിമയും കാണേണ്ടത്..  അലറിവരുന്ന ഏതു കൊടുങ്കാറ്റിനെയും ചോദ്യംചെയ്യപ്പെടലിന്‍റെ മുള്‍മുനകളില്‍ കോര്ത്തുനിര്ത്തിപ്പോന്ന ധിഷണാശാലികളുടെ നാടായിരുന്നല്ലോ കേരളം. 

ജോര്‍ജിന്‍റെ പ്രശ്നം മറ്റൊരു സാമാജികനോട് അയാളുടെ ജാതി സൂചിപ്പിച്ച് സംസാരിച്ചതു മാത്രമായി ചുരുക്കിക്കൊണ്ട് മുന്നണിക്കകത്തെ മാത്രം പ്രശ്നമായി ഒതുക്കാനുള്ള  ശ്രമങ്ങളാണ് നടക്കുന്നതെന്ന് തോന്നുന്നു.  വാസ്തവത്തില്‍  ജോര്‍ജ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയെത്തന്നെ നിഷേധിക്കലാണ്. നമുക്കിതിനെ തിരിച്ചറിഞ്ഞു പ്രതിരോധിച്ചേ പറ്റൂ.  കാരണം ജോര്‍ജിന്റെ പെരുമാറ്റം രാഷ്ട്രീയസദാചാരത്ത്തിന്‍റെ കാര്യത്തില്‍ വളരെ അപകടകരമായ മാനങ്ങളാണ് സൃഷ്ടിക്കുന്നത്. അതുപോലെത്തന്നെയാണ് നേരത്തെ സൂചിപ്പിച്ച കരണത്തടിയുടെ കാര്യവും.  ഈ സംഭവങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനു സംഭവിച്ചുവരുന്ന, ജീര്‍ണ്ണത കണ്ടില്ലെന്നു നടിക്കാന്‍ സംസ്കൃതര്‍ എന്നഭിമാനിക്കുന്ന കേരള ജനത തയ്യാറാകരുത്.  ചെറുനെല്ലി എസ്റ്റേറ്റിന്നു എന്ത് സംഭവിക്കുന്നു എന്ന് ചോദിക്കുന്ന അതേ ഗൌരവത്തോടെ മലയാളി അധികാരപ്രമത്തതയുടെ ഈ ആവിഷ്കാരവൈചിത്ര്യങ്ങളെയും വ്യവഛേദിച്ചു പഠിക്കേണ്ടതുണ്ട്‌. പാര്‍ലിമെന്ററി ജനാധിപത്യത്തെയും അതിന്‍റെ ബഹുസ്വരതയേയും അങ്ങേയറ്റം വിലമതിക്കുന്ന അസംഖ്യം പേര്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ഇവിടെ ഉള്ളതുകൊണ്ടാണ് നമ്മുടെ രാജ്യം ഓരോ പൌരനും വിശിഷ്യാ ഓരോ രാഷ്ട്രീയപ്രവര്‍ത്തകനും ജനാധിപത്യാവകാശങ്ങള്‍ ഒരളവോളമെങ്കിലും ഉറപ്പാക്കിക്കൊണ്ട് നിലനിന്ന് പോരുന്നത്.  വിവരാവകാശനിയമവും വിദ്യഭ്യാസാവകാശനിയമവുമെല്ലാം അത്തരം ആളുകളുടെ ശ്രമങ്ങളുടെ ഫലങ്ങളാണ്.  അതിനെയെല്ലാം തുരങ്കം വക്കാന്‍ നാം ആരെയും അനുവദിച്ചുകൂടാ.  പൊതുപ്രവര്ത്തനരംഗത്ത് നില്‍ക്കുന്ന, വിശേഷിച്ചും ഭരണചക്രത്തിന്‍റെ അച്ചാണിത്തുളകളിലും, ആരക്കാലുകളിലും അതിര്ച്ചട്ടകളിലുമൊക്കെ കയറിക്കൂടി നിലയുറപ്പിക്കുന്ന, ഏതൊരാള്‍ക്കും അയാളുടെ മുന്നില്‍ വന്നുപെടുന്ന ഏതു മനുഷ്യനെയും തികഞ്ഞ സമശീര്‍ഷതയോടെ നേരിടാനാവുന്നില്ലെങ്കില്‍ അവരെയൊക്കെ അവിടങ്ങളില്‍നിന്നു ഇറക്കിവിടാന്‍ കിട്ടുന്ന ആദ്യത്തെ സന്ദര്‍ഭം തന്നെ നാം ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ഇവര്‍ക്കെതിരെ തികഞ്ഞ രാഷ്ട്രീയബോധത്തോടെ കേരളത്തിലെ ജനങ്ങള്‍ രംഗത്തിറങ്ങേണ്ടതുണ്ട്‌.  

കാലം മാറുകയാണ്.  സങ്കുചിതമായ ജാതി-മതചിന്തകളും തീവ്രവാദങ്ങളും പിടി മുറുക്കിക്കൊണ്ടുവരുന്ന സമകാലീനകേരളത്തില്‍ രാഷ്ട്രീയക്കാരുടെ മനുഷ്യാവകാശദ്ധ്വംസനങ്ങളും പെരുകിവരുന്നു.  അവയെല്ലാം കൂടി നമ്മുടെ ജനജീവിതത്തിന്‍റെ സക്രിയതയേയും അതിന്റെ അന്വേഷണബുദ്ധിയേയും പാടേ ചോദ്യം ചെയ്യുകയാണ്. നിരന്തരമായ സംഘര്‍ഷങ്ങളിലൂടെ മനുഷ്യചരിത്രം കടന്നുപോരുന്ന സദാ ഉല്‍ക്കര്‍ഷപൂരിതമായ പന്ഥാവുകള്‍ക്കരികില്‍ നമുക്ക് കൈനീട്ടിത്തലോടാനാകുന്ന ആഹ്ലാദദായകങ്ങളായ നിരവധി മലമുടിക്കാഴ്ച്ചകളില്‍നിന്നു അവര്‍ മാനുഷ്യകത്തിന്‍റെ മഴക്കാറുകളെ തൂത്തെറിയുകയാണ്.  ഇതിനു തടയിടാന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. 

Wednesday, June 13, 2012

നമ്മുടെ ജലസേചനപദ്ധതികള്‍, അവയുയര്ത്തുന്ന ആശങ്കകള്‍

മഹാരാഷ്ട്രയിലെ   നാഗപൂരിനടുത്ത് ഗോസിഖുര്ദ്‌ എന്ന സ്ഥലം.  അവിടെ  നിര്‍മ്മിക്കുന്ന ഒരു അണക്കെട്ടിന്റെ ശിലസ്ഥപനം 1988 ഏപ്രിലില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നിര്‍വഹിക്കുന്നു.   വിയന്ഗംഗ നദിക്ക് കുറുകെ വലിയൊരു അണക്കെട്ട് വരാന്‍ പോകുകയാണ്.  വിയന്ഗംഗയെ അറിയുമല്ലോ?  മൌഗ്ലി കഥകളിലൂടെ റഡ്‌യാര്‍ഡ്‌ കിപ്ലിംഗ് നമുക്ക് പരിചയപ്പെടുത്തിയ അതേ നദി.  അതിലാണ്‍  രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം സാധ്യമാക്കാനാകുന്ന ഒരു വമ്പന്‍ ജലസേചനപദ്ധതി വരുന്നത്.പദ്ധതിക്ക്  മതിപ്പ് ചെലവ് 372 കോടി രൂപ.  1983 ലാണ് പദ്ധതിക്ക്‌ അംഗീകാരം കിട്ടുന്നത്‌.  അഞ്ചു വര്‍ഷത്തിനു ശേഷം നിര്‍മ്മാണോദ്ഘാടനം  നടന്നു. 
പിന്നെ അണക്കെട്ടിന്റെ പണി ‍വേഗം തന്നെ തുടങ്ങി.  പണി തുടര്‍ന്നു.  അത് നിര്‍ത്താതെ തുടര്‍ന്നു.  അത് തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു.    ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അത് എങ്ങുമെത്താതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നു ‍ പത്രവാര്‍ത്ത.  നമ്മുടെ  പ്രാദേശികപത്രങ്ങളിലൊന്നുമല്ല.   ഒരു ദേശീയ പത്രത്തില്‍ ‍ നിന്ന് കിട്ടിയ വാര്ത്തയാണ്.  അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ  അലംഭാവവും കാരണം എങ്ങുമെത്താതെ തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്. ‍ പദ്ധതിക്ക് വേണ്ടി കഴിഞ്ഞ നവംബര്‍ മാസം വരെ ചെലവാക്കിയത് 7778 കോടി രൂപ.  വിദര്‍ഭ പ്രദേശത്തിന്റെ  കാര്‍ഷിക പുനരുദ്ധാരണത്തിന്നുള്ള ഒറ്റമൂലിയെന്ന് വിശേഷിപ്പിച്ചിരുന്ന പദ്ധതിക്ക് ഇതുവരെയായി പതിനാലായിരം കോടി രൂപഎങ്കിലും ശരിക്കും ചെലവായി കാണുമെന്നു അനൌദ്യോഗിക സംഘടനകള്‍ ‍ ആശങ്കപ്പെടുന്നു. 2008 ല്‍ ഇത് ഒരു ദേശീയപദ്ധതിയായി പ്രഖ്യാപിച്ചതോടെ  കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും ഇതിലേക്ക് പണം ഒഴുകാനും വഴിയായി.  പദ്ധതികാരണം മുങ്ങിപ്പോകാനിടയുള്ള 83 ഗ്രാമങ്ങളില്‍ എഴെണ്ണത്തിനു മാത്രമേ ഇതുവരെയായി എന്തെന്കിലും പുനരധിവാസസൌകര്യങ്ങള്‍ കിടിയിട്ടുള്ളൂ.  മദ്ധ്യേന്ത്യയിലെ നദികളില്‍ അണകള്‍ കെട്ടുമ്പോള്‍ അസംഖ്യം പേരെ പുനരധിവസിപ്പിക്കേണ്ടിവരാറുണ്ടു.  കാരണം അവയൊഴുകുന്ന ജനവാസം നിറഞ്ഞ സമതലങ്ങളിലാണ് അവിടെ മിക്ക അണക്കെട്ടുകളും വരുന്നത്.  .
ഇത് വായിച്ചപ്പോഴാണ് കേരളത്തിലെയും ജലസേചനപദ്ധതികളെക്കുറി ഓര്‍ത്തത്.   അവ ഇന്ന് പലതുകൊണ്ടും കടുത്ത പ്രതിസന്ധികളെ നേരിടുന്നുണ്ടെന്ന കാര്യം നമ്മുടെ പൊതുമനസ്സില്‍ ഇപ്പോഴും എത്തിപ്പെട്ടിട്ടുണ്ടാവില്ല.  കാരണം കഴിഞ്ഞ ഏതാനും ദശകങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വൈദ്യുതപദ്ധതികളെ പറ്റി മാത്രമെ ബഹളം വച്ചിട്ടുള്ളൂ.
 
 
1950 - 60 കളില്‍  നിര്‍മാണം നടന്ന ചില അണക്കെട്ടുകള്‍ നമ്മുടെ കേരളത്തിലുണ്ട്‌.   അതിലൊന്നാണ്  മലമ്പുഴ.  1949 ല്‍ പണിതുടങ്ങി 1966ല്‍ പണി തീര്‍ന്ന ഈ പദ്ധതിയുടെ ചെലവായി കേരളസര്‍ക്കാരിന്റെ ഐ ഡി ആര്‍ ബി യുടെ വെബ്സൈറ്റില്‍  കാണുന്നത് 58  കോടി രൂപയാണ്.  ഏതാണ്ട് അക്കാലത്ത് തന്നെ പണി തീര്ന്നവയാണ്  പീച്ചി. പോത്തുണ്ടി, തുടങ്ങിയവ.  ആരുടെയൊക്കെയോ കര്മ്മകുശലതകൊണ്ട് അവ ഏറെക്കുറെ സമയബന്ധിതമായിത്തന്നെ  നടപ്പിലാക്കപ്പെട്ടു.  അതിനു ശേഷം കേരളീയര്‍ പണിപൂര്‍ത്തിയായ മറ്റ്  ജലസേചനപദ്ധതികളെ കുറിച്ചൊന്നും  കേട്ടിരിക്കാനിടയില്ല.  1975  ഓടെ പണി പൂര്‍ത്തിയായ പതിനഞ്ചു പദ്ധതികളില്‍ മൂന്നെണ്ണമൊഴികെ  എല്ലാം എറണാകുളം ജില്ലക്ക് വടക്ക് ആണ്.   അവിടങ്ങളിലാണല്ലോ നമ്മുടെ സംസ്ഥാനത്ത്‌  നെല്ലുല്‍പാദനം കൂടി നിന്നിരുന്നത്.  നെല്ലുത്പാദനം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാടശേഖരങ്ങള്‍‍ക്കനുയോജ്യമായ മട്ടിലാണ് ഇവയും ഇവക്ക് പുറകെ വരുന്നവയുമെല്ലാം രൂപകല്‍പന ചെയ്യപ്പെട്ടതും.
എന്നാല്‍ അമ്പതുവര്ഷം മുമ്പ് രൂപകല്പനചെയ്യപ്പെട്ട് അധികം വൈകാതെതന്നെ 1961 ല് പണിതുടങ്ങിയ  ഏറെക്കുറെ ചെറുതല്ലാത്ത, ഇന്നും പണി മുഴുവനുമായോ എന്ന് സംശയയമായ ഒരു ജലസേചനപദ്ധതി കേരളത്തിലുമുണ്ടെന്നു പറഞ്ഞാല്‍ ഇന്നത്തെ കേരളസമൂഹം അത് വിസ്വസിച്ചില്ലെന്നുവരും.  പാലക്കാട്ട് ജില്ലയിലേക്ക്  വരിക.  അവിടെ മണ്ണാര്‍ക്കാടിനടുത്ത് കാഞ്ഞിരപ്പുഴ എന്നൊരു സ്ഥലവും അവിടെ ഇതുപോലൊരു  അണക്കെട്ടും ഉണ്ട്.    2005 ജനുവരി ഒന്നാം തിയ്യതി അന്നത്തെ ജലസേചനവകുപ്പ് മന്ത്രി ഈ പദ്ധതി‍ ഉത്ഘാടനം ചെയ്യുമെന്നൊരു വാര്‍ത്ത ആയിടക്ക് പത്രങ്ങളില്‍ വന്നിരുന്നു.  1961 ല്പണി തുടങ്ങിയതാണീ പദ്ധതി എന്നോര്‍ക്കുക.  1983 ല്‍ അണക്കെട്ടിന്റെ  പണി തീര്ന്നതായിട്ടാണ് സര്‍ക്കാര്‍ വെബ് സൈറ്റില്‍ ‍ കാണുന്നത്.  അന്ന് അതിന്റെ ഉത്ഘാനം നടന്നിരുന്നുവോ എന്ന് അറിയാന്‍ കഴിയുന്നില്ല.  പിന്നെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2005 ലാണ് ഈ  ഒരു ഉത്ഘാടനം നടക്കുന്നത്. അണക്കെട്ടില്‍ നിന്ന് ജലം പ്രധാന കനാലിലെക്കൊഴുക്കി.  എങ്കിലും പൂര്ത്തീകരിക്കപ്പെട്ട ഒരു  മുഴുവന്‍ പദ്ധതി ‍  എന്നനിലക്ക് കാഞ്ഞിരപ്പുഴ പദ്ധതി  ഇന്നും  അപൂര്ണ്ണമായിത്തന്നെ അവശേഷിക്കുന്നുവോ എന്ന്  സംശയം.  കാരണം ഉപകനാലുകലിലൊന്നില് വെള്ളം കിട്ടിയത്‌ വീണ്ടും എഴുവര്‍ഷങ്ങള്‍ക്ക് ശേഷം ൨൦൧൧ ലെ വേനല്‍ക്കാലത്താണ്.   1951 മുതല്‍ 2011 വരെ അമ്പതു കൊല്ലത്തെ ഇടവേളയുണ്ട്.
ഏതു ജലസേചനപദ്ധതിയും പൂര്‍ണമാകണമെങ്കില്‍ അതിന്റെ ആയകട്ട് പ്രദേശത്ത്‌  അതുകൊണ്ടുദ്ദേശിക്കപ്പെട്ട പ്രയോജനങ്ങള്‍ മുഴുവന്‍ ലഭ്യമാകേണ്ടതുണ്ടല്ലോ.  പദ്ധതി കൊണ്ട് പ്രയോജനം കിട്ടേണ്ട ഒറ്റപ്പാലം, മണ്ണാര്‍ക്കാട്‌ താലൂക്കുകളിലെ പാടശേഖരങ്ങള്‍ക്ക്  മുഴുവനായി അതിന്റെ മുഴുവന്‍ പ്രയോജനവും ഇനിയും കിട്ടിത്തുടങ്ങിയിട്ടുള്ളതായി അറിവില്ല.  ദീര്‍ഘകാലം അപൂര്‍ണമായി കിടന്നിരുന്ന പ്രധാന കനാലിന്റെ മിക്ക ഭാഗങ്ങളും അടുത്തകാലത്താണ് നേരെയാക്കിയത്.  അവയാകെ കാടുകയറിയും കരയിടിഞ്ഞും അനാഥമായിരുന്നു.  ബ്രാഞ്ച്കനാലുകള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്നതുതന്നെ ഉണ്ടായില്ല.  അര നൂറ്റാണ്ടു മുമ്പ് പണി തുടങ്ങിയ ഒരു പദ്ധതി ആണ് ഇതെന്നോര്‍ക്കണം. 
അതിനേക്കാളേറെ വിരോധാഭാസമായി തോന്നുന്നതു ഇവിടങ്ങളിലെ  നെല്‍കൃഷിയുടെ കഴിഞ്ഞ അരനുറ്റാണ്ട്കാലത്തെ ബാക്കിപത്രമാണ്.  1961ല്‍ പദ്ധതിതുടങ്ങുമ്പോള്‍ സ്വാഭാവികമായും അത് ഈ  പ്രദേശങ്ങളിലെ നെല്‍കൃഷിക്ക്‌ ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടിയിട്ടുണ്ടാകുക.   ജില്ലയുടെ മദ്ധ്യ‍ഭാഗങ്ങളിലെ ഇരുപ്പൂനിലങ്ങള്‍ ധാരാളം മഴ കിട്ടുന്ന  പ്രദേശങ്ങളിലായതുകൊണ്ട്   അതിരൂക്ഷമായ വരള്‍ച്ചയെയൊന്നും ഒരുകാലത്തും നേരിട്ടിട്ടില്ല.  രണ്ടു പൂവുകളിലും വരുന്ന കാലാവസ്ഥയിലെ വ്യത്യാസങ്ങള്‍‍ക്കനുസരിച്ച് വേണ്ടരീതിയില്‍ വിവിധ വിത്തുകളും വളപ്രയോഗങ്ങളും സ്വീകരിച്ചുകൊണ്ട്  താരതമ്യേന  പരിക്കുകള്‍ കുറവായ  മട്ടില്‍ കാലാകാലമായി നെല്‍കൃഷി നടത്തിപ്പോന്ന സ്ഥലങ്ങലാണിവ.   അപ്പോള്‍ അണക്കെട്ടിലെ ജലം വേനല്ക്കാലത്തേക്ക് കരുതിവക്കുകയാണെന്കില്‍ നല്ലൊരു ശതമാനം സ്ഥലങ്ങളിലും `വര്‍ഷത്തില്‍ മൂന്നാമതൊരു വിളകൂടിയെടുക്കാന്‍ ഇവിടങ്ങളില്‍ കഴിയുമെന്നു അക്കാലത്ത് കര്‍ഷകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകണം.    അങ്ങിനെയാകാം 1960-70 കളില്‍ കണക്ക്കൂട്ടപ്പെട്ടത്‌.  അതെ സമയം അറുപതുകളിലും തുടര്‍ന്നും വന്ന പുത്തന്‍ കൃഷിരീതികളും വിത്തിനങ്ങളും വിളവിന്റെ മേനിയില്‍ വര്‍ദ്ധനയും വരുത്തിക്കഴിഞ്ഞിരുന്നു.


പില്ക്കാലത്ത്‌ കേരളത്തില്‍ നെല്കൃ‍ഷി ലാഭകരമെന്നല്ല, നഷ്ടത്തിലുമാകുന്ന ചിത്രമാണ് നാം കാണുന്നത്.  നെല്ലുത്പാദനത്തില്‍ അവശ്യം ആവശ്യമായ കര്‍ഷകത്തൊഴിലാളികലുടെ എഴുപതുകളോടെ സംഭവിച്ച ലഭ്യതയില്ലായ്മയും  പാടശേഖരങ്ങള്‍ പലരുടെയും കൈവശത്തിലേക്ക് ചിതറിപ്പോയതുമൊക്കെ അതിന്നു കാരണമായി  പറയാറുണ്ട്.  അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള  അരിയുടെ ലഭ്യത കൂടിയതോടെ ഇവിടെ നെല്ലിന്റെ കാര്യത്തില്‍ സംഭവിച്ച വിലയിടിവും കൂടിച്ചേര്‍ന്നപ്പോള്‍ ‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.   അതോടെ ഈ പ്രദേശങ്ങളിലെല്ലാം തന്നെ കര്‍ഷകര്‍ വയലുകള്‍ തരിശിടാനും അല്ലെങ്കില്‍‍അവയില്‍ ലാഭകരമായ മറ്റു വിളകള്‍ നടാനും തുടങ്ങി.  ഇവക്കാണെങ്കില്‍   നെല്ലിനെപ്പോലെ ധാരാളം വെള്ളത്തിന്റെയോ അദ്ധ്വാനത്തിന്റെയോ പരിചരണത്തിന്റെയോ ആവശ്യവുമില്ല.  അഞ്ചെട്ട് വര്ഷം മുമ്പ് വയോധികനായ ഒരു പരമ്പരാഗതകര്‍ഷകനോടു ഇതിനെപ്പറ്റി  അഭിപ്രായം ചോദിച്ചപ്പോള്‍ - അയാളും നെല്ല് കൃഷിചെയ്യുന്ന തന്റെ സ്ഥലത്തിന്റെ അളവ്  അന്നു തന്നെ നന്നേ കുറച്ചിരുന്നു- കിട്ടിയ മറുപടി അന്ന് ശുഭോദര്‍ക്കമായി തോന്നിയിരുന്നു.  ഇതൊരു ചാക്രികവ്യതിയാനം മാത്രമാണെന്നും നെല്‍ കൃഷിയില്‍നിന്നു  മാറിപ്പോകുന്ന കര്‍ഷകരെല്ലാംതന്നെ  കുറച്ചുകഴിയുമ്പോള്‍ തിരിച്ചു വരാതിരിക്കില്ലെന്നും അയാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.  എന്നാല്‍ മാറിയ ഇന്നത്തെ പരിതസ്ഥ്തോവസ്ഥയില്‍ ‍ അത് അസ്ഥനത്താണെന്നുതന്നെ  തന്നെ കാണുന്നു.   
അങ്ങിനെ നെല്‍കൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞ സ്ഥലങ്ങളിലാണ് ഇന്ന് ഈ ജലസേചനപദ്ധതി‍ കനാലുകള്‍ പരത്തിനില്‍ക്കുന്നത്.  അതുകൊണ്ടുതന്നെ ഇതിന്റെ  പ്രസക്തിയും  ഇവിടങ്ങളില്‍ നഷ്ടപ്പെടുകയാണ്.  ഈ സ്ഥലങ്ങളില്‍ ആരും തന്നെ കാഞ്ഞിരപ്പുഴ പദ്ധതിയെയോ അതിന്റെ കനാലുകലെയോ കാര്യമായെടുക്കുന്നില്ല.  പദ്ധതി കൊണ്ടുവന്നേക്കാവുന്നത് എന്തെന്തെല്ലാം മെച്ചങ്ങളാകാം എന്ന് ആരും ചിന്തിക്കുന്നുമുണ്ടാവില്ല.  ഈ പദ്ധതികൊണ്ട്  ഇവിടെ ആര്‍ക്കും പ്രത്യേകിച്ച് ‍യാതോരു‍ ഉപയോഗവുമില്ല.  അതിനിവിടെ ആവശ്യക്കാരില്ല.  മേല്പറഞ്ഞ സ്ഥലങ്ങളിലൊന്നുംതന്നെ നെല്‍കൃഷിയെ പുനരുദ്ധരിക്കാന്‍ ഇനി എത്ര ശ്രമിച്ചാലും കേരളത്തിന്റെ മാറിമറിഞ്ഞ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ സാധ്യമാണെന്ന് തോന്നുന്നില്ല.   പണ്ടു നെല്‍ വയലുകള്‍ ആയിരുന്ന ഇവിടങ്ങളിലെല്ലാം ഭൂപ്രകൃതി ഒരു തിരിച്ചുവരവിനിടമില്ലാത്തതരത്തില്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ മാറ്റങ്ങള്‍ കൃഷിയോട് ആഭിമുഖ്യമില്ലാത്ത, അതില്‍ യാതൊരു താത്പര്യവുമില്ലാത്ത ഒരു തലമുറയെ പണ്ടത്തെ കൃഷീവലകുടുംബങ്ങളുടെ തുടര്ച്ചകളില്‍പ്പോലും സൃഷ്ടിച്ചുകഴിഞ്ഞു.   അങ്ങാടികളില്‍ അരിയെത്തുന്നത് എവിടെനിന്നാണെന്നു,   എങ്ങിനെയാണെന്ന്  ഇന്നു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാതായിരിക്കുന്നു.      അവശേഷിക്കുന്ന നെല്‍ വയലുകളും  അവര്‍ക്കന്യമാണ്.



ഇയ്യിടെ ഒരു ചാനലിലെ  ചോദ്യോത്തരപരിപാടിയില്‍ കേട്ട കാര്യം ഇത്തരുണത്തില്‍ പ്രസക്തമാകുന്നു. മുണ്ടകന്‍, വിരിപ്പ്, പുഞ്ച എന്നീ വാക്കുകള്‍ ഏതു വിളയുടെ കൃഷിയുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ചോദ്യം. ഏതാണ്ട് ഇരുപത്തഞ്ചു വയസ്സോളമുള്ള പെണ്‍കുട്ടി ആ ചോദ്യത്തിനുമുമ്പില്‍ പകച്ചു നിന്നു. ഉത്തരം തനിക്കറിയില്ലെന്ന് പറയുകയും ചെയ്തു. ഉത്തരത്തിനായി പരസഹായം തേടാന്‍‍ അവള്‍ ലജ്ജിച്ചതുമില്ല.   കോഴിക്കോട് ജില്ലയിലെ ഉള്നാടുകളില്‍നിന്നെവിടെനിന്നോ വന്നതായിരുന്നു ആ പെണ്‍കുട്ടിയെന്നാണോര്‍മ്മ.    ഒരു കാലത്ത്‌ ധാരാളം നെല്‍കൃഷിയുണ്ടായിരുന്ന ജില്ലകളില്പ്പോലും പുതുതലമുറയില്‍ അതിനെക്കുറിച്ചു അജ്ഞത പടരുകയാണ്.  ഇത്   കേരളത്തിന്റെ മൊത്തം പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.  ആകപ്പാടെ പദ്ധതി ഇവിടങ്ങളില്‍ കൊണ്ടു വന്ന കാര്യമായ മാറ്റം പ്രധാന കനാല്‍ വരമ്പുകളെല്ലാംതന്നെ ഗതാഗതയോഗ്യമായ റോഡുകളായിക്കിട്ടി എന്നതാണ്.  പരന്നു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലേക്ക് വാഹനങ്ങള്‍ എത്തുന്നു.   ടിപ്പര്‍ ലോറികളും കൂടി എത്തുമ്പോള്‍  പാടങ്ങള്‍ക്കു എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.  എല്ലായിടത്തും  ഭൂമാഫിയാസംഘങ്ങള്‍ പിടിമുറുക്കഴിഞ്ഞു.  നെല്പ്പാടങ്ങള്‍ ദ്രുതഗതിയില്‍ പുരയിടങ്ങളായിക്കൊണ്ടിരിക്കുന്നു.  അങ്ങിനെ കര്‍ഷകര്‍ക്കാവശ്യമില്ലാത്ത, അവര്‍ തിരിഞ്ഞുനോക്കാത്ത ഒരു പദ്ധതിയായി മാറിയ  കാഞ്ഞിരപ്പുഴ സര്‍ക്കാര്‍ ഖജാനകള്‍ക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുന്നു.  ഇവിടങ്ങളിലെ‍ എല്ലാ പദ്ധതികളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും.  അപവാദമായി പറയാനാകുന്നത് 1970നു മുമ്പ് പണി തീര്‍ന്ന  മലമ്പുഴയടക്കമുള്ള  ആറേഴു പദ്ധതികള്‍ മാത്രമായിരിക്കും.  കാരണം നേരത്തെ  പണി തീര്‍ന്ന് പില്‍ക്കാലത്തെ കൃഷിസ്ഥലശോഷണം  തുടങ്ങും മുമ്പേതന്നെ  പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാനായതുകൊണ്ടു  ഇവയുടെ ആയക്കട്ട്‌ പ്രദേശത്ത്‌ കൃഷിസ്ഥലശോഷണം  താരതമ്യേന കുറവാണ്.    മേല്പറഞ്ഞ പദ്ധതികളെല്ലാം കൃത്യസമയത്ത് തന്നെ പണി പൂര്‍ത്തിയാക്കി  ആയക്കട്ട്‌ പ്രദേശത്ത് വെള്ളമെത്തിക്കാന്‍ ‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയില്‍ തന്നെ പിടിച്ചു നിര്ത്താന്‍ നമ്മുടെ സംസ്ഥാനത്തിനു ഒരുപക്ഷെ കഴിയുമായിരുന്നില്ലേ?
കേരളത്തിലെ ജലസേചനപദ്ധതികലുടെ ഇന്നത്തെ ശോച്യാവസ്ഥക്ക് കാരണമായി വര്ഷം തോറും സി എ ജി റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാരണങ്ങള്‍ പലതാണ്.  മൊത്തം ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ പദ്ധതികളില്‍ നിന്ന് കിട്ടുന്ന ഗുണങ്ങള്‍ തുലോം കുറവാണ്.   പദ്ധതികളുടെ തുടക്കത്ത്തില്‍ ഉദ്ദേശിക്കുന്നത്ര സ്ഥലങ്ങളില്‍ പില്‍ക്കാലത്ത് ജലമെത്തിക്കാനാകുന്നില്ല.   നിര്‍മ്മാണപ്രവര്ത്തനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുപോകുന്നതുകൊണ്ടു  വേണ്ടിവരുന്ന അനാവശ്യ ചെലവുകള്‍.   കാര്ഷിക വിളകളുടെ വൈവിധ്യവല്‍ക്കരണം നടത്തുന്നതിലെ പരാജയങ്ങള്‍,   അണക്കെട്ടുകളില്‍ ബലക്ഷയമുണ്ടാക്കുകയും  അവ സുരക്ഷിതങ്ങളല്ലാതാക്കുകയും ചെയ്യുന്ന കടുത്ത ചോര്‍ച്ചകള്‍‍,   പദ്ധതിക്ക് അത്യാവശ്യമല്ലാത്ത പണികള്  ചെയ്യല്‍,  ‍ ഓപ്പന്‍ ടെണ്ടറുകള്‍ വിളിക്കാതെ നടത്തുന്ന പണികള്‍,  പരസ്പരം കയറിക്കിടക്കുന്ന ആയക്കട്ടുകളില്‍ ജലം വെറുതെ ഉപയോഗമില്ലാതെ ഒഴുകിപ്പോകുന്നത് തുടങ്ങി ഒരുപാടു കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ പരാമര്ശിക്കപ്പെടുന്നുണ്ടു.
1975ന് ശേഷം പണിതുടങ്ങിയ മറ്റൊരു പതിനാറു ജലസേചനപദ്ധതികള്‍ കൂടി നമുക്കുണ്ട്‌. അവയില്‍ പത്തെണ്ണം മലബാര്‍ പ്രദേശത്ത് തന്നെയാണ്.  നെല്‍കൃഷിയിലെ സ്ഥലശോഷണം ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളത് ഇവിടെയാണെന്നോര്‍ക്കുക.  പണി തീര്ന്നവയില്‍‍ പന്ത്രണ്ടും പണിതീരാനുള്ളവയില്‍ പത്തും പദ്ധതികളാ‍ണ് ഇവിടങ്ങളിലുള്ളത്.   സംസ്ഥാനത്തെ മൊത്തം പണിതീര്ന്നവയുടെ ചെലവ് ഏതാണ്ട് 3020.43 കോടി രൂപയാണ്.   പണി തീരാനുള്ളവക്ക് തുടക്കത്തില്‍ എസ്റ്റിമേറ്റ്‌ തുക  15345.9 കോടി രൂപയായിരുന്നു.  എങ്കിലും പണി തീരുമ്പോള്‍ അതു  24783.4 കോടി  രൂപയായി ഉയരുമെന്നാണ് കണക്ക്.     അതേസമയം പണിതീരാനുള്ളവ എന്നേക്കു പൂര്‍ത്തീകരിക്കാനാകുമെന്നു ഈ കണക്കുകളില്‍ കാണാനില്ല.  അപ്പോള്‍ നിലവിലുള്ള കണക്കുകള്‍ പ്രകാരം എല്ലാ പദ്ധതികളും പൂര്‍ണ്ണമാകുന്ന  ആ സമയത്ത്‌  മൊത്തം    27803.8 കോടി  രൂപയുടെ  നിക്ഷേപമുള്ള പദ്ധതികളാണ് കേരളത്തില്‍ അവയുടെ ഉദ്ദിഷ്ട ഉപയോഗക്ഷമതയിലും വളരെ താഴ്ന്ന നിലയില് പ്രവര്ത്തിച്ചുകൊണ്ടിരിക്കുക.    ഇത്രയും വലിയ ഒരു നിക്ഷേപം ഉദ്ദേശിച്ച ഫലം നല്‍കാതെ വെറുതെ കിടക്കും.   അത് മാത്രമല്ല അവയെ സജീവമായി നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്  കോടിക്കണക്കിന് രൂപാ എല്ലാക്കൊല്ലവും ചെലവഴിക്കേണ്ടിവരികയും ചെയ്യും.  
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാകുമ്പോള്‍  ഉപയോഗമില്ലാതെ വരുന്ന  ഈ പദ്ധതികള്‍ എന്തിനാണ് നിലനിര്‍ത്തുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്.     തൊഴില്‍ ദാതാവെന്ന നിലക്ക് ഇവയെ കൈവിട്ടുകളയാന്‍ ഒരു സര്‍ക്കാരും തയ്യാറാവില്ല.   അതിനപ്പുറം അത് കോടിക്കണക്കിനു രൂപയുടെ പൊതുസ്വത്താണ്.  അത് വെറുതേയിട്ട്  നശിക്കാന്‍ അനുവദിക്കാനുമാവില്ല.   പ്രത്യുത്പാദനപരമായി യാതൊരു മൂല്യവുമില്ലെങ്കില്‍ എത്ര കാലം ഇവയെ ഖജനാവില്‍ നിന്ന് പണമിറക്കി കൊണ്ടു നടക്കാനാകും.    ഇവയെ കയ്യില്‍ വക്കാനും കൈവിടാനും വയ്യാത്ത അവസ്ഥ.  വയനാട്ടിലെ ബാണാസുരസാഗര്‍, കാരാപ്പുഴ പദ്ധതികളും ഇതേ ദുര്‍ഗതി  നേരിടുന്നത് കാരണം അവ പുനര്‍ചിന്തനം ചെയ്യപ്പെടുകയാനെന്നു കഴിഞ്ഞ സര്‍ക്കാരിലെ ജലസേചനമന്ത്രി പറഞ്ഞിരുന്നു.  അവ കുടിവെള്ളപദ്ധതികളായി മാറ്റാന്‍ ആലോചിക്കുന്നുണ്ടത്രേ.  അവിടെ നെല്‍കൃഷിയിടങ്ങള്‍ കഴിഞ്ഞകാലത്ത് മൂന്നിലൊന്നായി ചുരുങ്ങി എന്നാണു കണക്കുകള്‍.  വിയന്ഗംഗയിലെയും നര്‍മദയിലേയും അണക്കെടുകള്‍ക്ക്  ഒരുപക്ഷെ ഈ ദുസ്ഥിതിയൊന്നും വന്നേക്കില്ല .  കാരണം വൈകിയാണെങ്കിലും അവയിലെ വെള്ളം മദ്ധ്യേന്ത്യയിലെ കൃഷിസ്ഥലങ്ങള്‍ക്ക് ‍ ആവശ്യമില്ലാതിരിക്കുകയില്ല.   
കേരളം അതിന്റെ ജലസേചനപദ്ധതികളില്‍ നിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കുന്നത്?  അവയെക്കൊണ്ടു ഇനി  എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?  എങ്ങിനെയായാലും അവയുടെ ആയുസ്സ്‌ രൂപകല്‍പന ചെയ്തപ്പോള്‍ ‍ പറഞ്ഞുവച്ചതിനേക്കാള്‍ കൂടുതലുമായിരിക്കും. നൂറു കൊല്ലം മുമ്പത്തെ ഒരണക്കെട്ട് ഏതായാലും ഇന്നും നമ്മുടെ പരിസരത്ത് വിവാദങ്ങളില്‍ കുടുങ്ങിയാണെങ്കിലും നിലനില്‍ക്കുന്നുണ്ടല്ലോ.
ഈ ജലസേചനപദ്ധതികളുടെ  ഇന്നത്തെ ഉപയോഗക്ഷമതയെപ്പറ്റിയും അത് തീരെ കുറവാണെന്നു‍  തോന്നുന്നുവെങ്കില്‍ അവയെ എങ്ങിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും നാം  സമഗ്രമായി  ആലോചിക്കാറായിട്ടില്ലേ?  കുറഞ്ഞപക്ഷം നമ്മുടെ അടങ്ങാത്ത ഊര്‍ജ്ജപ്രതിസന്ധിയെ തരണം ചെയ്യാനെങ്കിലും ഇവയെ എങ്ങിനെയെങ്കിലും ഉപയോഗപ്പെടുത്താമോ എന്നും ആലോചിക്കാറായിട്ടുണ്ടോ?
-------------------------------------------------------------

കുറിപ്പ്
ഇവിടെ ഉദ്ധരിച്ച കണക്കുകള്‍ നമ്മുടെ ജലസേച്ചനവകുപ്പിന്‍റെ   വെബ്‌ സൈറ്റില്‍ നിന്നു കിട്ടിയതാണ്.  തുക അക്കത്തില്‍ കൊടുത്തിട്ടുള്ളതല്ലാതെ അത് ദശലക്ഷത്തിലാണോ, കോടിയിലാണോ എന്നൊന്നും അതില്‍ കാണുന്നില്ല.  ദശലക്ഷത്തിലാണെന്ന നിഗമനത്തിലാണ് കണക്കുകള്‍ ഇവിടെ തയാറാക്കിയിട്ടുള്ളത്.

 .