Wednesday, March 3, 2010

വൈകിപ്പോയ ചില കുറിപ്പുകള്‍

കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലചിത്രോത്സവം.

പുറം നാടുകളില്‍ നിന്നുള്ള കുറച്ചു സിനിമകള്‍ കാണാമെന്ന പതിവു താത്പര്യവുമായാണ്‌ ഇത്തവണയും പാസ്സെടുത്തത്‌. സിനിമയുടെ സൈദ്ധാന്തിക- സാങ്കേതിക മേഖലകലെപ്പറ്റി കൂലങ്കഷമായി പഠിക്കാന്‍ ശ്രമിക്കുന്ന ഒരു സീരിയസ്‌ സിനിമാ വിദ്യാര്‍ഥിയല്ല ഞാന്‍. പല നാടുകളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കിട്ടാറുള്ള ഒരു ചെറിയ ദേശാടനം നടത്തുന്ന സുഖം അന്വേഷിച്ചാണ്‌ ഞാന്‍ അതിനെത്താറുള്ളത്‌. നമുക്കു ചുറ്റും നടക്കുന്ന സാമൂഹ്യമായ എല്ലാ കെട്ടിമറിച്ചിലുകളും നല്ല സിനിമകളില്‍, അവ ഏതു രാജ്യത്തില്‍ നിന്നുള്ളതായാലും, താനേ ലളിതമായി പ്രതിഫലിക്കാതെ വരില്ലെന്ന സാമാന്യബോധമാണ്‌ ഇക്കാര്യത്തിലെണ്റ്റെ വഴികാട്ടി. സിനിമാസ്വാദകര്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമായും നടത്തേണ്ട ഒരു മലകയറ്റം പോലെയോ ദര്‍ശിക്കാന്‍ വിട്ടുപോയാല്‍ മനസ്സില്‍ അതുവരെ നിറഞ്ഞ എല്ലാ അറിവുകളും നഷ്ടമാകുന്ന ഒരു വാര്‍ഷിക മായികവിസ്ഫോടനം പോലെയോ ഞാനതിനെ സമീപിക്കാറുമില്ല. വര്‍ത്തമാനകാലത്തില്‍ നിലയുറപ്പിച്ചുനിന്ന്‌ ലോകത്തില്‍ ഇന്നലെവരെ വന്നൂകഴിഞ്ഞതും ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങളെ - അനുദിനം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങള്‍, പുതിയ ജീവിത ശൈലികള്‍, സമൂലപരിണാമത്തിന്നു വിധേയമായിക്കൊണ്ടിറ്റ്രിക്കുന്ന സാമൂഹ്യാവാസവ്യവസ്ഥകള്‍, ......... നേരില്‍ മുഖാമുഖം നോക്കി അവയുടെ തനിരൂപങ്ങള്‍ ഒപ്പിയെടുക്കുമ്പോഴാണ്‌ നല്ല സിനിമ പിറക്കുന്നതും അത്‌ കാലാകാലത്തേക്കായി ശാശ്വതീകരിക്കപ്പെടുന്നതും എന്നും ഞാന്‍ മനസ്സിലാക്കുന്നു.

ഇത്തരം മേളകളിലേക്ക്‌ പുറത്തുനിന്നെത്തുന്ന എല്ലാ സിനിമകളും കാണാനാകില്ലെന്നതാണല്ലോ കാര്യം. പത്തിരുനൂറോളം സിനിമകളാണ്‌ ആറേഴുദിവസങ്ങള്‍കൊണ്ട്‌ കാണിക്കുന്നത്‌. അതില്‍ ഒരാള്‍ക്ക്‌ എത്രയെണ്ണം കാണാനാകും? ഏതായായലും കാണാനായേടത്തോളം പുതിയ ചിത്രങ്ങള്‍ ആരേയും നിരാശപ്പെടുത്തുകയുണ്ടായില്ല. അവ കാണികളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുകതന്നെ ചെയ്തു. എബൌട്‌ എല്ലി, ബിഷന്‍ സാല്‍, ജെരിചൊവ്‌, ജെര്‍മല്‍, ട്രൂ നൂണ്‍, ട്രാന്‍സിസ്റ്റര്‍ ലവ്‌ സ്ടോറി, ......ഇറാന്‍, ജര്‍മനി, തുര്‍ക്കി , ഇന്തോനേഷ്യ, താജികിസ്ഥാന്‍, തായ്ലാന്‍ഡ്‌, ... പതിവുപോലെ മറ്റൊരു ദേശാടനം കൂടി. പിന്നെ വടക്കെ ഇന്ത്യയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ - മഹാരാഷ്ട്രയില്‍ നിന്ന്‌ ഹരിശ്ചന്ദ്രാസ്‌ ഫാക്ടറി, സയീദ്‌ മിര്‍സയുടെ ഏക്‌ തൊ ചാന്‍സ്‌, ---അങ്ങിനെ.

അവയെപറ്റിയൊക്കെ ഒരുപാടാളുകള്‍ മേളക്കു തൊട്ടു പിന്‍പേ പറഞ്ഞുകഴിഞ്ഞതുമാണ്‌.

ആഖ്യാനത്തിണ്റ്റെ സാരള്യവും ആഖ്യാതത്തിണ്റ്റെ സമകാലികതയുമാണ്‌ നേരത്തേ പറഞ്ഞ എല്ലാ സിനിമകളേയും ഹൃദ്യമാക്കിയിരുന്ന പ്രധാന ഘടകങ്ങള്‍. അവ കാണാന്‍ ഇരിക്കുമ്പോള്‍ ഒരു കെങ്കേമമായ സിനിമ കാണാനെന്ന മട്ടില്‍ നിങ്ങളെടുത്തുതുടങ്ങുന്ന മാനസികമായ തയ്യാറെടുപ്പുകളെല്ലാം സിനിമ കണ്ടൂതുടങ്ങുമ്പോള്‍ നിങ്ങളെ വിട്ടൊഴിയുന്നു. ഒരു പിരിമുറുക്കങ്ങളും നിങ്ങളെ അലോസരപ്പെടുത്തുന്നില്ല. കഥ നടക്കുന്ന അതാതു ദേശങ്ങളുടെ ചരിത്രമോ ഭൂമിശാസ്ത്രമോ നിങ്ങള്‍ക്കറിഞ്ഞുകൂടെന്ന സംഭ്രാന്തിയോ സംവിധായകര്‍ പറയാന്‍ ശ്രമിക്കുന്നുവെന്ന്‌ നിരൂപകരൂം മറ്റും നിങ്ങളെ പറഞ്ഞുഭയപ്പെടുത്തിയിരുന്ന നെടുങ്കന്‍ കാര്യങ്ങള്‍ എന്തൊക്കെയാരിക്കുമെന്ന അസ്വസ്ഥതകളോ ഒന്നും പൊടുന്നനെ നമ്മെ ബുദ്ധിമുട്ടിക്കാതാകുന്നു. കാഴ്ചക്കാരെ തുടക്കം മുതല്‍ തന്നെ തണ്റ്റെ ദൃഷ്ടിതലത്തിലേക്കു കയറിയിരിക്കാന്‍ സമ്മതിക്കുന്ന ചലച്ചിത്രകാരന്‍മാര്‍. ചിത്രങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ രണ്ടുകൂട്ടരും തമ്മില്‍ കാണാന്‍ തുടങ്ങുന്നു. അവര്‍ക്കിടയിലുള്ള മറകളെല്ലാം കൊഴിഞ്ഞു തീരുന്നു. അവസാനം വരെ അങ്ങിനെ പരസ്പരം തോളില്‍ കയ്യിട്ട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ അവര്‍ സിനിമയില്‍ പങ്കെടുക്കുന്നു. എല്ലാം കഴിയുമ്പോള്‍ കാഴചക്കാര്‍ മാത്രം ബാക്കിയാകുന്നു. അവര്‍ക്കാകട്ടെ സ്വന്തം സ്വാന്തം ശബ്ദമുക്തം, അശാന്തം.

ഞാനും ശ്രദ്ധിച്ച ഈ സിനിമകളൊക്കെത്തന്നെയാണ്‌ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതെന്നും നിരൂപകശ്രദ്ധക്കു പാത്രമായതെന്നും പിന്നീട്‌ അറിഞ്ഞപ്പോളാണ്‌ എണ്റ്റെയും സിനിമസംസ്കാരം സമകാലീനമായിത്തന്നെ പരിപുഷ്ടി പ്രാപിച്ചുനില്‍ക്കുന്നുണ്ടെന്നും താര്‍ക്കോവ്സ്കിയേയോ ഐസെന്‍സ്റ്റീനേയോ അടുത്തറിയാന്‍ ശ്രമിക്കാത്തതുകൊണ്ട്‌ സമകാലിക സിനിമ എനിക്കന്യമായിപ്പോകുന്നില്ലെന്നും ഒരിക്കല്‍ക്കൂടി ഉറപ്പായത്‌. സിനിമയുടെ രാഷ്ട്രീയത്തെപറ്റി ആലോചിച്ച്‌ തല പുകക്കാന്‍ നിത്യജീവിതപ്രശ്നങ്ങള്‍ എന്നെ സമ്മതിക്കാത്തതുകൊണ്ട്‌ ഞാന്‍ കണ്ട ഈ സിനിമകളിലെ രാഷ്ട്രീയം എന്തെന്ന്‌ എനിക്ക്‌ മനസ്സിലാക്കാനായില്ലെന്നും എനിക്കു തോന്നുകയുണ്ടായില്ല.


ഇത്രയും പറഞ്ഞുവന്നത്‌ മലയാളത്തില്‍ നിന്നു ചലച്ചിത്രമേളകള്‍ക്കെത്തുന്ന സിനിമകളെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍ പറയാമെന്നു കരുതിയാണ്‌. മലയാളിയുടെ നല്ല സിനിമയെക്കുറിചുള്ള സങ്കല്‍പത്തില്‍ കഴിഞ്ഞ കുറേ കാലമായി കാതലായ എന്തോ പിഴവു വന്നുപെട്ടിട്ടുണ്ടെന്ന കാര്യം ഇത്തവണത്തെ മേള കണ്ടിറങ്ങിയപ്പോഴും പതിവുപോലെ തോന്നുന്നു. നമ്മുടെ സിനിമ കാലത്തിനൊപ്പം നടക്കാതായിട്ട്‌ കുറേക്കൊല്ലങ്ങളായിരിക്കുന്നു. ചുറ്റുപാടുകളില്‍ ആനുകാലികങ്ങളായി വരുന്ന മാറ്റങ്ങളൊന്നും നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ കാണാറില്ല. അതിനുപകരം അരവിന്ദന്‍, അടൂറ്‍, ഷാജി കരുണ്‍' തുടങ്ങിയവരുടെ സൃഷ്ടികള്‍ക്ക്‌ സ്തുതിപാടിക്കൊണ്ട്‌ അവര്‍ നിലകൊള്ളുന്നു. ഇവരാണെങ്കില്‍ , നമ്മുടെ പോയ ഫ്യൂഡല്‍ പാരമ്പര്യങ്ങളുടെ ആരാധകര്‍. മാറുന്ന കാലത്തിനൊത്ത്‌ നമ്മുടെ ആളുകളുടെ പ്രശ്നങ്ങളും സമസ്യകളും മാറുന്നുണ്ടെന്നറിയാത്തവര്‍. അല്ലെങ്കില്‍ വാസ്തവസ്ഥിതികളോട്‌ മുഖം തിരിച്ച്‌ തൊട്ടാല്‍ കൈപൊള്ളിയേക്കാവുന്ന അവസ്ഥകളെ തന്ത്രപൂര്‍വം ഒഴിവാക്കി നടക്കുന്നവര്‍, അധികാരഘടനകളോട്‌ എക്കാലത്തും ചാര്‍ച്ച സൂക്ഷിക്കാന്‍ കഴിയുന്നവര്‍. അവരെന്നും പണ്ടത്തെ കഥകളേ സിനിമയാക്കിയിട്ടുള്ളു. പണ്ടുപണ്ട്‌, ഒരിടത്ത്‌ ..... എന്നമട്ടിലല്ലാതെ അവരുടെ ആഖ്യാനരീതികള്‍ വികസിച്ചിട്ടുമില്ല. നമ്മുടെ ചുറ്റുപാടുകളില്‍ അന്നന്നു നടക്കുന്ന കാര്യങ്ങളും സിനിമയുടെ വിഷയമാകേണ്ടതാണെന്ന്‌ അവര്‍ സൌകര്യപൂര്‍വം മറക്കുന്നു. അവരുടെ രീതിയില്‍ പടം പിടിച്ച്‌ നവഗതരും തടിതപ്പുന്ന ഒരു വല്ലാത്ത അവസ്ഥയിലാണ്‌ മലയാള സിനിമ ഇന്ന്‌.


കേരളത്തിലെ സിനിമാപ്രവര്‍ത്തകര്‍ക്ക്‌ നൊസ്റ്റാല്‍ജിയകളെ ഉപേക്ഷിച്ച്‌ യതൊരു പരിശ്രമങ്ങളുമില്ല. അത്‌ സമൂഹത്തിണ്റ്റെ മുഴുവന്‍ നൊസ്റ്റാല്‍ജിയകളുടെ ഭാഗമാണെന്ന്‌ ഇടക്കിടെ സാധാരണക്കാരായ കാണികളെ ആവര്‍ത്തിച്ചുദ്ബുദ്ധരാക്കാറുണ്ടെങ്കിലും അത്‌ ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിയാനുള്ള എറ്റവും എളുപ്പമാര്‍ഗമാണെന്നത്‌ അവരെപ്പോലെ ഈ കാണികളും മനസ്സിലാക്കുന്നുണ്ടെന്ന്‌ അവരിനിയും അറിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ പതിവു ചേരുവകളായ കഥകളിയോ കൂടിയാട്ടമോ ഒക്കെ ചേര്‍ത്ത്‌ മേമ്പൊടിക്കു നാടന്‍ കലാരൂപങ്ങളുമായി പടം പിടിക്കുന്ന രീതി അവര്‍ ഇനിയും നിര്‍ത്താത്തത്‌. അതുകൊണ്ടൂ തന്നെയാണ്‌ അവരുടെ സിനിമകള്‍ക്ക്‌ ആളു കേറാത്തത്‌ എന്നും അവരറിയുന്നില്ല. നൊസ്റ്റാള്‍ജിയകളില്‍ കുടുങ്ങിപ്പോയാല്‍ ഒരു കലാരൂപത്തിനും മുന്‍പോട്ട്‌ ഗതിയില്ലെന്ന കാര്യം അവര്‍ മറക്കുന്നു. സമകാലീനാവസ്ഥകളില്‍നിന്ന്‌ തങ്ങളുടെ സിനിമകള്‍ക്കാവശ്യമായ ആശയബീജങ്ങളും ബിംബകല്‍പനകളും കണ്ടെടുക്കാന്‍ ഇവര്‍ക്കാവുന്നില്ല. ഒരൊറ്റ സിനിമയെടുക്കുമ്പോഴേക്കുതന്നെ ധാരാളം പ്രശസ്തി നേടാനും ഏറ്റവും വലിയ ചലച്ചിത്രകാരന്‍ എന്ന ഖ്യാതി നേടാനും നൊസ്റ്റാള്‍ജിയകളെ ഉപയോഗപ്പെടുത്തുകയാണിവര്‍. സാധാരണക്കാരും കൂടി കാണുന്ന ഒരു സിനിമയുണ്ടാക്കി സമൂഹത്തില്‍ മൊത്തം അറിയപ്പെടാനും എല്ലാ സാമൂഹ്യധാരകളോടും ഒരുപോലെ പ്രതികരിക്കാനും ശ്രമിക്കുന്നതിനുപകരം ഇക്കൂട്ടര്‍ അവാര്‍ഡുനിര്‍ണ്ണയസംഘങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ്‌ സിനിമയെടുക്കാന്‍ തുടങ്ങുന്നത്‌. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതോടൊപ്പം തന്നെ സമ്മാനലബ്ധിയുടെ തിരക്കഥകളും ഇവര്‍ തയാറാക്കുന്നു. ഇവിടത്തെ നവ സിനിമാനിരൂപകരാകട്ടെ ഒരു സിനിമയെ പ്രൊമൊട്ട്‌ ചെയ്യുകയെന്നാല്‍ അതിന്‌ ഏതെങ്കിലും രീതിയില്‍ കാണികളെ നേടിക്കൊടുക്കുകയെന്നതിലുപരി അതിന്ന്‌ ഒരവാര്‍ഡ്‌ നേടിക്കൊടുക്കലാണെന്നാണ്‌ ധരിച്ചുവച്ചിരിക്കുന്നത്‌.


പഴയ ഫ്യൂഡല്‍ സങ്കല്‍പങ്ങള്‍ മലയാള സിനിമാപ്രവര്‍ത്തകരുടെ മനസ്സില്‍ നിന്നു വിട്ടുപോകാത്തതെന്തുകൊണ്ടാണ്‌. അധികാരം കയ്യാളുന്നവരുടെ കഥകള്‍ സമൂഹത്തിണ്റ്റ്‌ മൊത്തം അവസ്ഥയുടെ കഥകളായി എണ്ണപ്പെട്ടിരുന്ന പഴയ കാലത്തു നിന്നു മാറി ഇക്കാലത്ത്‌ സാമാന്യജനങ്ങളിലേക്ക്‌ സമകാലികാവസ്ഥകളിലേക്ക്‌ കഥകളന്വേഷിച്ച്‌ പോകാന്‍ അവര്‍ മടിക്കുന്നതെന്താണ്‌? അധികാരം കയ്യാളുന്നവരുടെ കഥകള്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ എന്തുകൊണ്ടും ആ സ്ഥാനത്തിനിന്നര്‍ഹരായ - വോട്ടു ബാങ്കുകളായി തെരഞ്ഞെടുപ്പുകളില്‍ വിധിനിര്‍ണയം നടത്തുന്നവരില്‍ പ്രധാനികളെന്ന നിലക്ക്‌ - മധ്യവര്‍ഗക്കാരുടെ ദൈനംദിനപ്രശ്നങ്ങളെ സിനിമാവിഷയങ്ങളാക്കാന്‍ സധൈര്യം നേരിട്ടിറങ്ങാന്‍ അവര്‍ മടിക്കുന്നതെന്തിനാണ്‌? നമ്മുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ച്‌ വര്‍ത്തമാനപ്രസക്തിയുള്ള പ്രമേയങ്ങള്‍ തേടിപ്പോകുന്നതിനുപകരം വെറും ഗതകാലോപാസകരായി അവരെ മാറ്റിയെടുക്കുന്ന ശക്തികള്‍ ഏതാണ്‌? മതബാഹ്യരായി ജീവിച്ചുപോന്ന നമ്മുടെ മുന്‍മുറക്കാരുടെ കാലത്തെ അപക്വമായി കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു വെറും കെട്ടുകഥയെ - ഐതിഹ്യത്തിണ്റ്റെ കുപ്പായമിടുവിച്ച്‌ തികഞ്ഞ അഭ്യാസപാടവത്തോടെ ഒരു ഞാണിന്‍മേല്‍ക്കളി പോലെ തല്ലിക്കൂട്ടിയെടുത്ത, അവികസിതമായ ഒരു സ്യൂഡോ മിത്തിനെ - ഉപജീവിച്ച്‌ സിനിമയെടുക്കാന്‍ പ്രിയനന്ദനനെപ്പോലെയൊരാള്‍ക്ക്‌ തോന്നുന്നതെന്തുകൊണ്ടാണ്‌?


ചുറ്റുപാടുകളിലെ വാസ്തവങ്ങളിലേക്ക്‌ സ്വതന്ത്രരായി സ്വയം ഇറങ്ങിച്ചെല്ലുന്നതിനുപകരം സിനിമാസാഹിത്യസിദ്ധാന്തങ്ങളുടെ പുകമറക്കകത്തിരുന്നുകൊണ്ട്‌ ചലച്ചിത്രപ്രവര്‍ത്തകരുടെയിടയില്‍ സ്ഥാനം പിടിക്കുകയാണ്‌ എളുപ്പമെന്നും തനിക്കും സുരക്ഷിതങ്ങളായ കുറെ മേച്ചില്‍ പുറങ്ങള്‍ വേണമെന്നും ഓരോരുത്തര്‍ക്കും തോന്നിത്തുടങ്ങിയിരിക്കും. പ്രിയനന്ദനന്‍ മാത്രമല്ല, ഇടക്കിടെ ഓരൊ സിനിമ പിടിച്ച്‌ അവാര്‍ഡുകളുടെ കുളിര്‍തണലുകളില്‍ രസിച്ചു നില്‍ക്കുന്ന പല നവസിനിമാസംവിധായകരും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌. സാഹിത്യത്തില്‍ കാരൂരും ബഷീരുമൊക്കെ അലഞ്ഞുനടന്നതുപോലെയോ, അല്ലെങ്കില്‍ എസ്‌ കെ പൊറ്റെക്കാട്ടിനെപ്പോലെ കണ്ടിടത്തുറങ്ങിയും കാണുന്നവരുടെയെല്ലാം സഹായം വാങ്ങിയും ലോകം നുഴുവന്‍ സഞ്ചരിച്ചുചെല്ലാനോ ഇവര്‍ മടികാണിക്കുന്നു. പഴയ ഫ്യൂഡല്‍ സങ്കല്‍പങ്ങളോട്‌ അവര്‍ കാണിക്കുന്ന കാണികുന്ന ഈ ദാസ്യം, പഴമയെ കയ്യില്‍ കരുതിനടക്കാനുള്ള ഈ ആസക്തി, പുതിയ കാലത്തിണ്റ്റെ പണാധിപത്യത്തിനെ അംഗീകരിക്കുന്നതിനു തുല്യം തന്നെയാണ്‌. രണ്ടും സമ്പത്തുമായുള്ള ബാന്ധവത്തിണ്റ്റെ കാര്യത്തില്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണല്ലോ.


സയീദ്‌ മിര്‍സയുടെ ഏക്‌ തൊ ചാന്‍സ്‌ പോലെ വര്‍ത്തമാനവാസ്തവങ്ങളെ മനുഷ്യാവസ്ഥകളൂടെ തിളക്കുന്ന ദ്രവകാചങ്ങളിലൂടെ നോക്കിക്കാണാനും മനുഷ്യനിലെ നന്‍മകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കു കൂടി ആ കാഴ്ചകളെ തിരിച്ചുവിട്ട്‌ വീണ്ടും തിളപ്പിച്ചുരുക്കിക്കുറുക്കി നമുക്കുമുന്നിലിട്ടു തരാനും സാധിക്കുന്ന ഒരു ചലച്ചിത്രം മനസ്സില്‍ സങ്കല്‍പിക്കാന്‍ കേരളത്തിണ്റ്റെ പുതുതലമുറയില്‍ പെട്ട ഏതു ചലച്ചിത്രസംവിധായകന്നാണ്‌ കഴിയുക. ഏറ്റവും വിരസമായി അവസാനിച്ചേക്കവുന്ന ഒരു ശ്രമമായിത്തീരേണ്ട ഹരിശ്ചന്ദ്രാസ്‌ ഫക്ടറി കണ്ട്‌ തീരുമ്പോഴേക്ക്‌ ദാദ സാഹെബ്‌ ഫാല്‍കെ എന്ന അസാമാന്യനായ, കഠിനാദ്ധ്വാനിയായ, തികഞ്ഞ ദേശസ്നേഹിയും മനുഷ്യസ്നേഹിയുമായ ഒരു മനുഷ്യന്‍ നമുക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത്‌ - കാര്യങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെ നില്‍ക്കുകയാണെങ്കില്‍ - മലയാളത്തിലെ പുതുനിരസംവിധായകര്‍ക്കിടയില്‍ എക്കാലത്തും അസൂയാജന്യമായിത്തന്നെ നില്‍ക്കില്ലേ.


ഈ പശ്ചാത്തലത്തില്‍ കേരളകഫേയുടെ സാംഗത്യം വളരെ ശ്രദ്ധേയമാകുന്നു. മലയാളത്തിലെ നവസിനിമാപ്രവര്‍ത്തകരെന്നു പറയുന്നവരെ മുഖത്തടിച്ചു കളിയാക്കിക്കൊണ്ടാണ്‌ അതിണ്റ്റെ വരവ്‌. സിനിമയെന്നാല്‍ സാങ്കേതികത കൂടിയാണെന്ന്‌, തല്ലിക്കൂട്ടിയുണ്ടാക്കുന്ന ചിത്രാഭാസങ്ങളല്ലെന്ന്‌ അടിവരയിട്ടുപറയുന്നതിനൊപ്പം കേരളത്തിണ്റ്റെ സമകാലീനപരിപ്രേക്ഷ്യങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങളും ആരുടേയും പുറകിലല്ലെന്ന്‌ കച്ചവടസിനിമക്കാര്‍ പറയുന്നത്‌ അതില്‍ നമ്മള്‍ കേള്‍ക്കുന്നു. ആരെയൊക്കെ എവിടേയൊക്കെ അംഗീകരിക്കണം എന്ന കാര്യത്തില്‍ നവസിനിമാനിരൂപകരെന്നു പറയുന്നവര്‍ സ്വല്‍പം സഹിഷ്‌ണുത കാണിച്ചാല്‍ കണ്ടെത്താവുന്ന അസംഖ്യം അവസരങ്ങള്‍ മുഖ്യധാരാമേഖലയിലുമുണ്ടെന്ന്‌ അത്‌ അടിവരയിട്ടു കാണിക്കുന്നു. പക്ഷെ നല്ല സിനിമ ഏതെന്നു നിര്‍ണ്ണയിച്ചു വച്ചിരിക്കുന്നവര്‍ അവസാനവാക്കായി നൊസ്ടാള്‍ജിയ സിനിമകള്‍ ഉണ്ടാക്കുന്നവരെ മാത്രമേ അംഗീകരിക്കുള്ളൂ എന്ന്‌ നിര്‍ബന്ധം പിടിച്ചാല്‍ എന്തു ചെയ്യാനാകും? മലയാള സിനിമ അവിടെ മാത്രം വട്ടം ചുറ്റി നിന്നുപോകും. അത്രതന്നെ. അവര്‍ ഉണ്ടാക്കുന്നതുമാത്രമാണ്‌ കേരളത്തിലുണ്ടാകുന്ന ലോകോത്തര സിനിമ എന്നു തോന്നിക്കുമാറ്‌ ഓരോ വര്‍ഷവും അവരെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട്‌ ചലച്ചിത്രമേളകളും അവാര്‍ഡ്‌ നിര്‍ണ്ണയങ്ങളും സംഘടിക്കപ്പെടുമ്പോള്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെടാനും അവ ആളുകള്‍ ആസ്വദിക്കാനും എന്തോ ബൃഹത്തായ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും സാധരണ ആസ്വാദകര്‍ക്കൊന്നുമതിനാവില്ലെന്നുമൊക്കെ പറഞ്ഞ്‌ തന്ത്രശാലികളായ ആരൊക്കേയോ ചേര്‍ന്ന്‌ കാണാമറയത്ത്‌ എന്തൊക്കേയൊ നാടകങ്ങള്‍ കളിക്കുന്നുണ്ടെന്ന സാമന്യജനങ്ങളുടെ സംശയങ്ങള്‍ ബലപ്പെട്ടുപോകാനും മതി.


ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളോട്‌ കടപ്പെട്ടുകൊണ്ട്‌ നല്ല സിനിമയെ മനസ്സിലാക്കാനും സിനിമാപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും കഴിയേണ്ടിയിരുന്നവരും നൊസ്ടാള്‍ജിയച്ചിത്രങ്ങളുടെ ഈ വഴിയേതന്നെയാണ്‌ യാത്രചെയ്യുന്നതെന്ന കാര്യം വിചിത്രമായി തോന്നുന്നു. മലയാളസിനിമയെ കാലഹരണപ്പെട്ട ബിംബങ്ങളുടെ പിടിയില്‍ നിന്നു വിടുവിച്ചെടുക്കാന്‍ അവരും വഴി മാറിച്ചവിട്ടേണ്ടതുണ്ട്‌. കച്ചവടസിനിമക്കും നൊസ്റ്റാള്‍ജിയ സിനിമക്കുമിടയില്‍ നില്‍ക്കുന്ന പലരേയും ശരിയായ രീതിയില്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ തങ്ങളുടെ പങ്കും ഉത്തരവാദിത്തവും പുനര്‍നിര്‍വചിക്കേണ്ട കാലം വൈകിയിരിക്കുന്നു.