നമ്മുടെ പത്രങ്ങള്‍ ദിവസവും രാവിലെ നമുക്കെത്തിച്ചു തരുന്ന വാര്‍ത്തകള്‍ എത്രയാണ്, എന്തൊക്കെയാണ്?
എല്ലാ പത്രങ്ങളിലും ഒരു പാടു വാര്‍ത്തകള്‍ ഉണ്ടെന്നാണ് അവര്‍ പറയുന്നത്. അത് ശരിയാണെന്ന് നമ്മളും കരുതുന്നു. എന്നിട്ട് പത്രം തുറക്കുന്നു. ശരിതന്നെയാണ് - എല്ലാ താളുകളിലും പരസ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ള മുഴുവന്‍ സ്ഥലവും നിറഞ്ഞു കവിയുന്ന മട്ടില്‍ വാര്‍ത്തകള്‍ ഉണ്ട്. നമ്മള്‍ അതൊക്കെ വായിക്കുന്നു, വായിച്ചു രസിക്കുന്നു, ഉത്ബുദ്ധരാകുന്നു. ഭരണകക്ഷിക്കാര്‍ തങ്ങള്‍ നടത്തുന്ന അഴിമതികളെ വെള്ള പൂശാന്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങിനെ നമുക്കറിയാറാകുന്നു. അതുവഴി അത്യുന്നതങ്ങളിലെ അഴിമതികളെപ്പററി നാം കൂടുതല്‍ കൂടുതല്‍ ബോധവന്‍മാരായിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തിരിക്കുന്നവര്‍ ഒരുകാലത്തും തങ്ങളുടെ സാമാജികസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തി യാതൊരു അഴിമതിയും കാണിക്കാറില്ലെന്നത് എല്ലാ പത്രങ്ങള്‍ക്കും - വിശിഷ്യാ പൊതുജനത്തിനും - നല്ലപോലെ അറിയുന്ന കാര്യമായതുകൊണ്ട് അക്കാര്യങ്ങളൊന്നൂം പത്രത്താളുകളില്‍ വരാറുമില്ല. പിന്നെ പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും ഉള്‍പ്പോരുകളും ഉപജാപകഥകളും നമുക്ക് പ്രഭാതങ്ങളില്‍ തന്നെ കിട്ടുകയും ചെയ്യുന്നു. അവക്കിടെ കുറച്ച് മാലപറിക്കലുകളും, ഗുണ്ടാവിളയാട്ടങ്ങളും തിരുകിവച്ചിട്ടുമുണ്ടാകും. എല്ലാം കഴിയുമ്പോള്‍ ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ചിലവാക്കി നാം വായിച്ചുകൊണ്ടിരുന്നത് ആദ്യപേജു മുതല്‍ അവസാന പേജു വരെ ചുരുക്കം ചില വാര്‍ത്തകളുടെ പല തരം വിവരണങ്ങളാണെന്ന് നമ്മള്‍ക്കു മനസ്സിലാകാതിരിക്കാനുള്ള അവരുടെ ശ്രമം ഫലപ്രാപ്തിയിലെത്തിക്കഴിഞ്ഞിട്ടുമുണ്ടാകും.
ഇങ്ങിനെയൊക്കെയല്ലാതെ നമ്മുടെ കൊച്ചു കേരളത്തില്‍ മറ്റൊന്നും സംഭവിക്കുന്നില്ലെന്നോ, അതല്ലെങ്കില്‍ സംഭവിക്കേണ്ടതില്ലെന്നോ നിശ്ചയിച്ചുറപ്പിച്ചപോലെ പത്രങ്ങള്‍ പെരുമാറുന്നുണ്ടെന്ന് നമുക്കു തോന്നേണ്ട കാലമായില്ലേ?
ഒരു ചെറിയ കാര്യം.
ഇയ്യിടെ നമ്മുടെ ഇടുക്കി വൈദ്യുതി നിലയത്തില്‍ ബൃഹത്തായ കുറേ അറ്റകുറ്റപ്പണികള്‍ നടന്നു. മുപ്പതിലേറെ വര്‍ഷക്കാലം ജലാശയത്തിനടിയില്‍ കിടന്ന് അഭംഗുരം പ്രവര്‍ത്തിച്ചുപോരുന്ന ജലവാഹിനികളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ പാടില്ലെന്നും ഉണ്ടായാല്‍ത്തന്നെ അവ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള ഏതു ശ്രമത്തിലും അവ മുഴുവനായും തന്നെ മാറ്റാന്‍ കഴിയുമെന്നും അതിനിറങ്ങിത്തിരിക്കുന്നവര്‍ ഒറ്റ ശ്രമത്തില്‍ത്തന്നെ അത് തീര്‍ക്കാതിരിക്കുന്നത് അവരുടെ കഴിവുകേടോ അഹന്തയോ തന്നെയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ മാദ്ധ്യമലോകത്തിന് നിര്‍ബന്ധമുണ്ടെന്ന തോന്നലാണ് ഒരു ദൃശ്യമാദ്ധ്യമത്തിണ്റ്റെ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ തോന്നിയത്. ഇടുക്കിയിലെ പ്രശ്നങ്ങളൊന്നും മുഴുവനായും തീര്‍ക്കാതെ പണികള്‍ അവസാനിപ്പിക്കുന്നു എന്നു കുററപ്പെടുത്തലിണ്റ്റെ സ്വരത്തില്‍ പറഞ്ഞുകൊണ്ടാണ് വാര്‍ത്ത വായിക്കുന്നയാള്‍ ലോഡ് ഷെഡ്ഡിങ്ങ് പിന്‍വലിക്കുന്ന ഇലക്ട്രിസിററി ബോര്‍ഡിണ്റ്റെ വാര്‍ത്താക്കുറിപ്പലേക്ക് കടന്നത്. അതേ സമയം ഇന്‍ ടേക് വാള്‍വിലേതൊഴികെ പ്രധാനപ്പെട്ട കുഴപ്പങ്ങളെല്ലാം പരിഹരിച്ചു എന്ന് ഇലക്ട്‌റിസിറ്റി ബോര്‍ഡും പറഞ്ഞു. മുപ്പതു കൊല്ലക്കാലമായി വെള്ളത്തിനടിയില്‍ കിടക്കുന്ന ഒരു ഉപകരണത്തില്‍ എന്തൊക്കെ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നോ, അവ വൈദ്യുതി നിര്‍മാണത്തിന് കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ പരിഹരിക്കാന്‍ എന്തൊക്കെ സന്നാഹങ്ങള്‍ ആവശ്യമാണെന്നോ സാമാന്യജനങ്ങള്‍ക്ക് ചെറിയൊരു അറിവെങ്കിലും കിട്ടുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കാന്‍ ഒരു പത്രവും മുതിര്‍ന്നു കണ്ടില്ല. കഴിഞ്ഞിടത്തോളം പണികള്‍ നടത്തി ഒന്നു നടുനീര്‍ക്കാന്‍ വൈദ്യുതി ബോര്‍ഡ് സമയംതേടുന്ന ആ നേരത്തെങ്കിലും മൂന്നു പതിററാണ്ടായി ഇന്‍ ടേക്ക് വാള്‍വ് വെള്ളത്തിനടിയിലായിരുന്നെന്നോ ആഴത്തിലിരിക്കുന്ന അതിണ്റ്റെ ചോര്‍ച്ച മാറ്റുകയെന്നത് എത്രത്തോളം ശ്രമകരമാണെന്നോ അതിന്ന് എത്ര സമയം വേണ്ടതുണ്ടെന്നോ അത് തികച്ചും പുതിയ ഒരു വെല്ലുവിളിയായതിനാല്‍ നിലവിലില്ലാത്ത മറൊറാരു പുതിയ മാര്‍ഗം തേടേണ്ടിവന്നേക്കാം എന്നോ ഒക്കെയുള്ള വസ്തുതകള്‍ ജനത്തിനെ അറിയിക്കാന്‍ ഒരു പത്രവും ശ്രമിച്ചുകണ്ടില്ല. അതിനൊക്കെയപ്പുറം ഇത്തരം ജോലികളൊക്കെ ചെയ്യാന്‍ പ്രാപ്തരായ, മിടുക്കന്‍മാരും, ബുദ്ധിമാന്‍മാരും, ഏതൊരു വെല്ലുവിളികളേയും നേരിടാന്‍പൊന്ന ധൈര്യവും അര്‍പ്പണബോധവുമുള്ള നിരവധി എഞ്ചിനീയര്‍മാരും, സാങ്കേതിക വിദഗ്ദ്ധരും നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നും സേവനമനുഷ്ഠിക്കുന്നതുകൊണ്ടാണ് ഇങ്ങിനെയെങ്കിലും കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുത് എന്നൊരു വാക്കെങ്കിലും പത്രക്കാരാരും പറയുകയുമുണ്ടായില്ല. അതിനുപകരം നിലവിലുള്ള മന്ത്രിസഭയുടെ കെടു കാര്യസ്ഥതതകൊണ്ടാണ് വാള്‍വുകളില്‍ പണി വേണ്ടിവന്നതെന്ന് പോലും വരുത്തിത്തീര്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നെന്നും തോന്നി.
ഇനി കുറച്ചു കാലം മുമ്പു കേട്ട ഒരു കാര്യം.
കേരളത്തിലെ ശക്തമായ ഒരു മാദ്ധ്യമത്തിണ്റ്റെ തലപ്പിത്തിരിക്കുന്ന ഒരാള്‍ - അതുകൊണ്ടുതന്നെ ആര്‍ക്കും അദ്ദേഹത്തെ അവിശ്വസിക്കാന്‍ തോന്നുകയുണ്ടായില്ല - ഏതാനും മാസങ്ങള്‍ക്കു മുന്‍പു പൊതുവേദിയാണെങ്കിലും കുറഞ്ഞമട്ടില്‍ മാത്രം ശ്രോതാക്കള്‍ ഉണ്ടായിരുന്ന ഒരവസരത്തില്‍ ഒരു പത്രപ്രവര്‍ത്തകണ്റ്റെ ആധികാരികതയോടെ ആര്‍ക്കും അസ്വസ്ഥതയുളവാക്കാവുന്ന ഒരു കാര്യം തുറന്നു പറയുകയുണ്ടായി. അദ്ദേഹം വളരെയേറെക്കാലം രാജ്യത്തിണ്റ്റെ തലസ്ഥാനത്ത്, ദല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു. പത്രപ്രവര്‍ത്തനത്തിണ്റ്റെ ഉള്ളുകള്ളികളെക്കുറിച്ച് പറഞ്ഞുവപ്പോളാണ് അദ്ദേഹം ബോഫോര്‍സ് കേസിനെ പരാമര്‍ശിച്ചത്. ഏറെ ഒച്ചപ്പാടും ബഹളവും രാഷ്ട്രീയ പ്രത്യാഘാതങ്ങളുമുണ്ടാക്കിയ ആ കേസ് ഒട്ടും കഴമ്പും കാര്യവുമില്ലാതിരുന്നതാണെന്നും ഇന്ത്യയിലെ രണ്ടു വന്‍കിട പത്രമുതലാളിമാര്‍ തമ്മിലുള്ള വഴക്ക് അവര്‍ തന്നെ ഊതിപ്പെരുക്കിയെടുത്ത് സ്വന്തം വ്യവസായ താല്‍ പര്യങ്ങള്‍ സംരക്ഷിക്കാന്‍ മെനഞ്ഞെടുത്തതായിരുന്നെന്നും അദ്ദേഹം ഉറക്കെ പറഞ്ഞു. ഒക്റ്റേവിയൊ ക്വാട്രോച്ചി ഇയ്യിടെ കേസില്‍ നിന്ന് മുക്തനാക്കപ്പെട്ടപ്പോഴും നമ്മള്‍ എന്തൊക്കേയൊ കേട്ടു. അവയില്‍ ഏതൊക്കെയാണ് സത്യത്തില്‍ ശരി? നാം എന്തൊക്കെയാണ് വിശ്വസിക്കേണ്ടത്?
ഇവിടെ കേരളത്തിലും ഇങ്ങിനെയൊക്കെ മാത്രമേ സംഭവിക്കുന്നുള്ളൂ എന്നാണോ നമ്മുടെ പത്രമര്യാദകളില്‍നിന്ന് നമ്മളും നിര്‍ണയിച്ചെടുക്കേണ്ടത്? നാമൊക്കെ ബോദ്ധ്യപ്പെടേണ്ടത്? എഴുതിയും കാട്ടിത്തന്നും ഇവര്‍ നമ്മെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിണ്റ്റെ ഉദ്ദേശമെന്താണ്?
നരസിംഹറവു സര്‍ക്കാരിണ്റ്റെ കാലത്ത് വളരെയേറെ കോളിളക്കമുണ്ടാക്കിയതാണ് ഐ എസ് ആര്‍ ഓ ചാരക്കേസ്. ഏതാണ്ട് ഒരു വര്‍ഷകാലത്തോളം ഇന്ത്യന്‍ മാദ്ധ്യമങ്ങളെല്ലാം അതാഘോഷിക്കുക തന്നെയായിരുന്നു. അതുകൊണ്ട് എതാനും ശൂന്യാകാശ ശാസ്ത്രഞ്ജന്യരടക്കം കുറച്ചു പേര്‍ക്ക് നിയമക്കുരുക്കുകളില്‍ പെട്ട് ശിഷ്ടായുസ്സ് തള്ളിനീക്കേണ്ടിവന്നു. അത് ഒടുവില്‍ ശൂന്യതയിലേക്ക് വിലയം പ്രാപിച്ചു. എങ്കിലും പില്‍ക്കാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ അത്രയേറെ ചാരന്‍മാരെക്കൊണ്ടു നിറഞ്ഞുനില്‍ക്കാന്‍ ഇന്ത്യയുടെ ശൂന്യാകാശഗവേഷണസ്ഥപനത്തിന് കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് തോന്നിപ്പോയിട്ടുണ്ട്. അക്കാലത്ത് ഐ എസ് ആര്‍ ഓ ചാരന്‍മാരുടെ പറുദീസയായിരുന്നെങ്കില്‍ പത്തുപന്ത്രണ്ടു തവണ തുടര്‍ച്ചയായി കുറ്റമറ്റ രീതിയില്‍ ആവര്‍ത്തനസാദ്ധ്യതകളോടെ പറത്താന്‍ കഴിഞ്ഞ പി എസ് എല്‍ വി പോലുള്ള ഒരു വിക്ഷേപിണി വികസിപ്പിച്ചെടുക്കാന്‍ നമുക്ക് കഴിയുമായിരുന്നോ?
പത്രങ്ങള്‍ ചാരക്കേസില്‍ മുങ്ങിയാറാടി നടന്നീരുന്ന കാലത്ത് തിരുവനന്തപുരത്തെ വി എസ് എസ് സി യിലെ ഒരു സുഹൃത്ത് പറഞ്ഞതോര്‍മ്മ വരുന്നു - ഓരോ ദിവസവും രാവിലെ പത്രം വായിച്ചു ജോലിക്കു പോകാന്‍ പുറത്തിറങ്ങുമ്പോള്‍ പൊതുജനം ഞങ്ങളെ തികഞ്ഞ വ്യഭിചാരികളായിട്ടാണല്ലോ കാണുന്നത് എന്ന തോന്നല്‍ ഞങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദ്ദവും ഭയവുമുണ്ടാക്കുന്നു എന്നദ്ദേഹം പറഞ്ഞു. ഞങ്ങളവിടെ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് - അതേതായാലും എട്ടുമണിക്കൂറ്‍ വ്യഭിചാരമല്ലെന്ന് - സാമാന്യജനത്തെ അറിയിക്കാന്‍ എന്താണൊരു വഴി എന്ന് അദ്ദേഹം പരിതപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മുംബൈ സ്ഫോടനക്കാലം.
താജ് മഹല്‍ ഹോട്ട്ല്‍ കത്തിയെരിയുമ്പോള്‍ ഇന്ത്യ മുഴുവന്‍ മുള്‍മുനയില്‍ നിന്നുപോയ ദിവസങ്ങള്‍. വിവരങ്ങളറിയാന്‍ ടിവി ചാനലുകള്‍ ട്യൂണ്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഉദ്വേഗജനകങ്ങളായ ചിത്രങ്ങള്‍, വാര്‍ത്തകള്‍. ഇതുപോലത്തെ പ്രതിസന്ധികളുടെ സമയത്ത് എന്നും പുറത്തുവരാറുള്ളപോലത്തെ ഊഹാപോഹങ്ങള്‍. എല്ലാത്തില്‍നിന്നും ശരിയും സത്യവും വേര്‍തിരിച്ചെടുക്കാനും കൂടുതല്‍ അശുഭവാര്‍ത്തകളൊന്നും കേള്‍ക്കാനിടവരരുതേ എന്നു കരുതിയും കാത്തിരിക്കുമ്പോള്‍ വാര്‍ത്താവതാരകന്‍മാര്‍ ഇടക്കിടെ ആരേയോ അധിക്ഷേപിക്കുന്നതു കേള്‍ക്കുന്നു. കാതോര്‍ക്കുമ്പോള്‍ അറിയുന്നത് മുംബൈയിലെ അപ്പൊഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ നെറികെട്ട, അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാര്‍ മാത്രമാണെന്നാണ്. അവര്‍ വേണ്ട സമയത്ത് ഒന്നും ചെയ്യുന്നില്ല. വേണമെങ്കില്‍ വിഭാഗീയതകളോട് സഖ്യം ചെയ്യുന്നവരുമാണ് അവര്‍. അവര്‍ ഇല്ലാതിരുന്നാല്‍ മാത്രം മതി എല്ലാം നേരെയാകാന്‍. അടുത്ത നിമിഷത്തില്‍ വേണ്ട രീതിയില്‍ പോലീസുദ്യോഗസ്ഥര്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. തീവ്രവാദികള്‍ തൊട്ടടുത്ത മിനിട്ടില്‍ പിടിയിലാകും. മുംബൈ നഗരവും ഇന്ത്യ തന്നെയും ശാന്തമാകും. പിടികൂടപ്പെടുന്ന തീവ്രവാദികള്‍ അടുത്ത ദിവസം തന്നെ നീതിപീഠത്തിനു മുന്നിലെത്തും, നീതി നടപ്പാക്കപ്പെടും - അയാള്‍ പുലമ്പുതെല്ലാം കേട്ടപ്പോള്‍ അങ്ങിനെയൊക്കെയാണ് തോന്നിയത്.
എത്ര ലളിതമാണ് അവര്‍ക്ക് കാര്യങ്ങള്‍.
ഇവിടെ ഒരു രാഷ്ട്രീയ സംവിധാനത്തിണ്റ്റെ ആവശ്യമേ ഇല്ലെന്ന്!
ഇവിടെ കേരളത്തില്‍ ഇനിയിപ്പോള്‍ വിമോചനസമരമാണ് അവര്‍ കയ്യിലെടുക്കുന്നത് എന്നു തോന്നുന്നു.
കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വിമോചനസമരത്തിണ്റ്റെ വാര്‍ഷികം ആഘോഷിച്ചുകൊണ്ട് അതിണ്റ്റെ കുത്തക മുഴുവന്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നതാണ് ഇയ്യിടെ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടതും കേട്ടതും. വിമോചന സമരം ഒരു രഷ്ട്രീയസമരമായിരുന്നില്ലെന്നും അത് ദൈവവിശ്വാസങ്ങള്‍ക്കെതിരായവരെ ശിക്ഷിക്കാന്‍ ദൈവം നേരിട്ടിറങ്ങി വന്ന് നടത്തിയ സമരമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള പുതിയ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും ഇപ്പോള്‍ പത്രങ്ങള്‍ കണ്ണടച്ചു കൂട്ടു നില്‍ക്കുന്നുണ്ടോ. അതിണ്റ്റെ ഉദ്ദേശം എന്തുതയിരുന്നാലും, അത് ആര്‍ക്കെതിരായിട്ടാണ് നയിക്കപ്പെട്ടതെങ്കിലും, പ്രാഥമികമായി അതും സമ്പൂര്‍ണമായും - നമ്മുടെ സ്വാതന്ത്യ്രസമരത്തെപ്പോലെത്തന്നെ - മറെറാരു രാഷ്ട്രീയ സമരം തന്നെയായിരുന്നു. കേരളത്തിലെ സാമാന്യജനങ്ങളില്‍ എല്ലാ പരിഛേദങ്ങളില്‍ നിന്നുമുള്ള ആളുകള്‍ അതില്‍ പങ്കെടുത്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളോട് വിരോധമുള്ളവര്‍ സമൂഹത്തിണ്റ്റെ എല്ലാ തുറകളിലും അന്നുണ്ടായിരുന്നു. അവര്‍ തന്നെയാണ് വിമോചനസമരത്തിണ്റ്റെ മുന്‍പന്തിയില്‍ നിന്നിരുന്നത്. അങ്ങിനെയുള്ളവര്‍ ഇന്നുമുണ്ട്, എന്നുമുണ്ടായിരിക്കുകയും ചെയ്യും. അവരുടെയൊക്കെ കൂട്ടായ്മയില്‍ നിന്നുയിര്‍ത്തു പൊങ്ങിയ ആ സമരത്തെ സഹായിക്കാന്‍ വിദേശ ഫണ്ടുകള്‍ പോലും രംഗത്തുണ്ടായിരുന്നുവെന്നത് പില്‍ക്കാലത്ത് ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട കാര്യവുമാണ്. കേരളത്തിലെ ഭൂവുടമ, ഫ്വുഡല്‍ ശക്തികള്‍ തുടങ്ങിവച്ച - എല്ലാ മതങ്ങളും എക്കാലത്തും ഈ ശക്തികളുടെ കൂടെയാണല്ലോ - പ്രതിഷേധം പടര്‍ന്നുകയറിയപ്പോള്‍ അതിണ്റ്റെ അവസാനമായപ്പോഴേക്ക് അതില്‍ ഇവിടത്തെ എല്ലാ മതനേതൃത്വങ്ങളും ദല്‍ഹിയിലെ അന്നത്തെ ഭരണകൂടവും സമര്‍ത്ഥമായി കക്ഷിചേര്‍ന്നാണ് കാര്യങ്ങള്‍ അന്നത്തെ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുന്നതിലെത്തിച്ചത്. ഇത്രയും കാരണങ്ങള്‍ കൊണ്ടുതന്നെ അത് തികച്ചും ഒരു രാഷ്ട്രീയസമരമായിത്തന്നെയാണ് കേരള ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതും. യഥാര്‍ത്ഥത്തില്‍ ആരൊക്കെയാണ് വിമോചനസമരത്തിണ്റ്റെ കൂടെ ഉണ്ടായിരുന്നതു എന്ന കാര്യം ഒട്ടും ഓര്‍ക്കാതെയല്ലേ പത്രങ്ങള്‍ അങ്കമാലി ആഘോഷത്തിന് ഇത്രയേറെ പ്രാമുഖ്യം കൊടുത്തത്? മറെറല്ലാ പ്രസ്ഥാനങ്ങളും - കോണ്‍ഗ്രസ് പാര്‍ട്ടിയടക്കം - അതിണ്റ്റെ വാര്‍ഷികമാഘോഷിക്കാന്‍ പൊതുവേദികള്‍ തിരഞ്ഞെടുക്കുമ്പോള്‍, ആശയസംവാദങ്ങളെ കൂട്ടുപിടിക്കുമ്പോള്‍ ഇവിടെ ചില മതമേലദ്ധ്യക്ഷന്‍മാര്‍ മാത്രം ഗതകാലത്തില്‍ തപ്പി കുറേ അസ്ഥികൂടങ്ങള്‍ കുത്തിച്ചിനക്കിയെടുത്ത് ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെ, പ്രതിരോധിക്കാനല്ലേ പത്രങ്ങള്‍ തയ്യാറാകേണ്ടത്. അതിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള വ്യഗ്രതകളില്‍ ചരിത്രസത്യങ്ങളെ എത്ര ദൂരം വരേയും പോയി വികൃതപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയെന്ന ദൌത്യവും ഇപ്പോള്‍ ഇവിടെ മാധ്യമങ്ങള്‍ നിര്‍വഹിക്കുകയാണെന്നു തോന്നുന്നു.
ഇതൊക്കെ കാണിക്ക്ന്നൌത് നവമുതലാളിത്തത്തിന് ചൂട്ടു പിടിച്ചുകൊടുക്കാന്‍ ഇന്ന് മാദ്ധ്യമങ്ങള്‍ ഏറെ ശുഷ്കാന്തി കാണിക്കുന്നുണ്ട് എന്നുതന്നെയാണ്. സങ്കുചിതങ്ങളായ അതിരുകളില്‍ തളക്കപ്പെടാതെ നിന്നുപോന്ന സാധാരണക്കാരണ്റ്റെ സാമൂഹ്യബോധത്തെ പണാധിപത്യത്തിന് മുന്നില്‍ ചോദ്യം ചെയ്യാനും കളിയാക്കിവിടാനും പാകത്തില്‍ പിടിച്ചു നിര്‍ത്തിക്കൊടുക്കയെന്ന ജോലിയും അവര്‍ അറിഞ്ഞോ അറിയാതേയോ ഇന്ന് ചെയ്തുപോരുന്നുണ്ട്.
ഇത് വളരെ അപകടകരമാകുന്നു.
നമ്മുടെ ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കായിരിക്കും ഒടുവില്‍ ഇതിണ്റ്റെ തിക്തഫലങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരിക.
നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്.
Friday, June 26, 2009
Subscribe to:
Posts (Atom)