Saturday, August 10, 2013

മഗൻലാൽ ബരേല

വധശിക്ഷക്കു വിധിക്കപ്പെട്ട ഒരു കുറ്റവാളി സിനിമാക്കഥകളെ അനുസ്മരിപ്പിക്കും വിധം, തത്കാലത്തേക്കാണെങ്കിലും, അവസാനനിമിഷം അതിൽ നിന്നു രക്ഷപ്പെട്ടു നിൽക്കുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠം ആഗസ്ത് എട്ടാം തിയ്യതി നടക്കാനിരുന്ന മഗൻലാൽ ബരേ ലയുടെ വധശിക്ഷ ബുധനാഴ്ച വൈകുന്നേരത്തോടെ സ്റ്റേ ചെയ്യുകയായിരുന്നു. ഇനി തുടർന്ന് നീതിപീഠം എന്താണ് തീരുമാനിക്കുക എന്നത് കാത്തിരിക്കുകയാണ് മഗൻലാലിന്റെ ഭാര്യയും മക്കളും.
വധശിക്ഷ നടക്കുമെന്നറിയിപ്പുണ്ടായിരുന്നതുകൊണ്ട് അതുകഴിഞ്ഞാൽ ജഡം ഏറ്റുവാങ്ങാൻ വേണ്ടി നാനൂറോളം കിലോമീറ്റർ ദൂരെയുള്ള ജബൽപൂരിലേക്കു മഗൻലാലിന്റെ സഹോദരങ്ങളും മൂത്തമകനും പോയിരുന്നു. പിന്നീട് വ്യാഴാഴ്ച അവർ ഒരു നാട്ടുകാരൻ വഴി ഭാര്യ ബസന്തിയെ അറിയിച്ചുദില്ലിയിലെ അധികാരികൾ (ബഡാ ലോഗ്) മഗൻലാലിനെ ശിക്ഷയിൽ നിന്നൊഴിവാക്കിയിരിക്കുന്നു.
മഗൻലാലിന്റെ പേരിലുള്ള കുറ്റം അയാൾ തന്റെ ഒന്നിനും ആറിനുമിടക്ക് പ്രായമുണ്ടായിരുന്ന അഞ്ച് പെണ്മക്കളെ വെട്ടിക്കൊന്നു എന്നാണ്. കേൾക്കുമ്പോൾ അതിഭീകരമെന്നും അരുംകൊലയെന്നുമല്ലാതെ ആര്ക്കും പ്രതികരിക്കാനാകില്ല. അതും ഒരഛനാണ് പാതകം ചെയ്തതെന്നുകൂടി വരുമ്പോൾ.
ഭോപാലിൽനിന്ന് 100 കി മീറ്ററിലധികം ദൂരെ കനേരിയ എന്ന സ്ഥലത്തിനതിരിടുന്ന കാട്ടിലാണ് മഗൻലാലിന്റേയും അയാളുടെ സഹോദരങ്ങളുടേയും കുടിലുകൾ. അഗൻ, ഛഗൻ, ജഗൻ എന്നിങ്ങനേയാണ് സഹോദരങ്ങളുടെ പേരുകൾ. നാലുപേരുടെ പേരിനുപോലും ഒരു പുതുമയില്ല. അമ്മയുമഛനും ചേർന്ന് വെറുതേ ആളറിയാനിട്ട പേരുകളാണെന്നേ തോന്നൂ. ഇന്ത്യൻ ഗ്രാമങ്ങളിൽ അതൊക്കെ ഇന്നും ഇങ്ങിനെത്തന്നെയാണ്. ഒരു പേരിടലിൽ പോലും ഭാവനകൊണ്ട് നിറം പിടിപ്പിക്കാനറിയാതെ നിത്യജീവിതപ്രശ്നങ്ങളിൽ വലയുന്ന മനുഷ്യർ.
ബരേലകൾ പട്ടികവർഗ്ഗക്കാരാണ്.
ദാരിദ്യത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറാൻ എങ്ങിനേയെങ്കിലും പണം സമ്പാദിക്കുക എന്ന വ്യാമോഹം ഗ്രസിച്ചുകിടക്കുന്നവയാണ് ഇത്തരം ഗ്രാമങ്ങളൊക്കെയും. ഈ മോഹത്തെ ചൂഷണം ചെയ്യാനും ആളുകളെ അങ്ങിനെ പറഞ്ഞുപറ്റിക്കാനും ദുർമന്ത്രവാദികളുടെ വേഷത്തിൽ ധാരാളം  ആളുകൾ ഇവിടങ്ങളിലൊക്കെ സജീവമായി ഇടപെടുന്നുണ്ടത്രെ.   പണമുണ്ടാക്കാനുള്ള എളുപ്പവഴി മന്ത്രവാദം മാത്രമാണെന്ന് ക്കൂട്ടർ പാവപ്പെട്ട, അജ്ഞരായ ആളുകളെ, പറഞ്ഞുവിശ്വസിപ്പിക്കുന്നു. മന്ത്രതന്ത്രങ്ങളുടെ ആ ലോകം തങ്ങളെ ധനവാന്മാരാക്കുമെന്ന് അവർ ഉറപ്പായി കരുതുന്നു. കടംവാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും കയ്യിലില്ലാത്ത പണം സ്വരൂപിച്ച് അവർ ഈ തന്ത്രശാലികളെ സമീപിക്കുന്നു. പിന്നീട് ഈ കുബുദ്ധികൾ ഒരുക്കിവക്കുന്ന ചതിച്ചാലുകളിലൂടെ അവർ പ്രതിക്ഷകളും സ്വപനങ്ങളും നഷ്ടപ്പെട്ട് അധമർണ്ണത്വത്തിന്റേയും മുഴുപ്പട്ടിണിയുടേയും പീഡനങ്ങളുടേയും ചൂഷണത്തിന്റേയും തമോഗർത്തങ്ങളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അവയുടെ  നിവരാക്കയങ്ങളിൽ സ്വയം ഹോമിക്കുന്നു. അപ്പോഴും താമസിയാതെ ഈ മന്ത്രവാദക്കളങ്ങളിൽ നിന്ന്, ഹോമധൂമത്തിന്റെ ചുരുളുകളിലൂടെ ലക്ഷ്മീദേവി കയറിവന്ന് തങ്ങളെ കരകയറ്റുമെന്നും അവർ വിശ്വസിക്കുന്നു. .
ഈ വ്യാമോഹത്തിന് അവിടത്തുകാർ പേരിട്ടിരിക്കുനത് മായ എന്നാണ്. വിവേകം നഷ്ടപ്പെടാത്തവർ  ദുർമന്ത്രവാദികളുടെ പിടിയിൽപ്പെട്ടവരെ “മായ” യിൽപ്പെട്ടുപോയവർ എന്നാണ് പറയുക. സാക്ഷാൽ മായാവലയം തന്നെ.
കൂട്ടത്തിൽ, രാസപ്രക്രിയകളിലൂടെ, ആൽക്കെമിയുടെ ഗൂഢമാർഗ്ഗങ്ങളിലൂടെ, സ്വർണ്ണം ഉണ്ടാക്കിയെടുക്കാമെന്ന വ്യാമോഹവും ഇക്കൂട്ടത്തിൽ അവർക്കിടയിൽ വേരോടുന്നുവത്രേ. തു പറഞ്ഞും  അവരെ പറ്റിക്കാൻ ആളുകൾ പുറംലോകത്തുനിന്ന് എത്തുന്നുണ്ടാകണം. അതിന്റെ ബാക്കിപത്രമെന്നോണമാണ് വ്യാജസ്വർണ്ണം ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് തുടങ്ങുന്നത്. എല്ലാം മായ തന്നെ. പണത്തിന്റെ മായാവലയം. കയ്യിലുള്ള പണം കൂടി നഷ്ടപ്പെടുന്നു. പിന്നെ കടം വാങ്ങുന്നു. കടം കയറുന്നു. പോലീസ് കേസാകുന്നു.  മുടിയുന്നു.
പക്ഷേ മഗൻലാലിന്റെ കാര്യത്തിൽ വ്യാജസ്വർണ്ണപ്രശ്നത്തിൽ പോലീസ്കേസുകളൊന്നും ഉണ്ടായിരുന്നില്ല.
ഏതായാലും, അങ്ങിനെ കടം കയറി മുടിഞ്ഞുനിൽക്കുന്ന ഏതോ നിമിഷത്തിലാകണം മഗൻലാൽ തങ്ങളുടെ ചെറിയതുണ്ട് ഭൂമി വിൽക്കുകയെന്ന ആശയവുമായി ഭാര്യമാരെ സമീപിക്കുന്നത്. അവർ അതിനൊട്ടു സമ്മതിച്ചതുമില്ല. മഗൻലാലിന് രണ്ട് ഭാര്യമാരാണ്ബസന്തിയും ശാന്തോയും; ചേട്ടാനിയന്മാരുടെ മക്കൾ.
പിന്നെ ഏതോ ശപ്തനിമിഷത്തിൽ, ഏതെങ്കിലും ഉത്തമർണ്ണന്റെ കിരാതരൂപം കണ്ട് വികലമായിപ്പോയ മനസ്സുമായി, ലോകത്തോടുമുഴുവൻ പകയും വിദ്വേഷവുമായി വീട്ടിലേക്ക് കയറിച്ചെന്നപ്പോഴാകണം, 2010 ജൂൺ പതിനൊന്നിന്, മഗൻലാൽ തന്റെ ക്രോധം തീർക്കാൻ അഞ്ച് പെണ്മക്കളേയും വെട്ടിക്കൊന്നത്. ക്രോധാവേശത്തിന്റെ ഉന്മത്താവസ്ഥ. കണ്മുന്നിൽ നിരാലംബരും നിർഭയരുമായ കുട്ടികൾ. അതൊക്കെ ഒരു നിമിഷം കൊണ്ട് സംഭവിച്ചുകഴിഞ്ഞിരിക്കും. തന്റെ എല്ലാ ദുരിതങ്ങൾക്കും അറുതിവരുമെന്നാശിച്ചിരിക്കേ അശനിപാതം പോലെ ഇങ്ങിനെയൊരു നിയോഗവും കൂടി അയാൾക്ക് ഏറ്റെടുക്കേണ്ടിവന്നത് മറ്റാരുടേയോ പിഴവുകൾ കൊണ്ടായിരുന്നിരിക്കണമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല.
ബസന്തി കാട്ടിൽ വിറകു വെട്ടാൻ പോയതായിരുന്നു. അതും അവരുടെ ഒരു ഉപജീവനമാർഗ്ഗമാണ്. തിരിച്ചുവന്നപ്പോൾ കാണുന്നത് ഭർത്താവിനെ ആരൊക്കേയോ ചേർന്ന് ഒരു മരത്തിൽ കെട്ടിയിട്ടിരിക്കുന്നതാണ്. ആളുകൾ കൂട്ടം കൂടിനിന്ന് പറയുന്നത് അവർ കേൾക്കുന്നു ആരും ചെയ്യരുതാത്തത് അയാൾ ചെയ്തിരിക്കുന്നു.
 
കുടിലിൽ കയറിയപ്പോൾ കാണുന്നത് കുട്ടികളുടെ തലയറുക്കപ്പെട്ട ശരീരങ്ങളായിരുന്നു.
 
നെരിയാണിക്കൊപ്പം ചെളിയിലൂടെ കുറെ നടന്ന്, ഏതാനും വെള്ളച്ചാലുകൾ താണ്ടി വേണം പൊതുവഴിയിൽനിന്ന് മഗൻലാലിന്റെ കുടിലിലെത്താൻ. മൂന്നുനാല് കാളകളും പശുക്കളും കുറച്ച് കോഴികളുമാണ് ആകെ സ്വത്ത്. വൗള്ളതുകൊണ്ടാണ് അയാൾ ജയിലിൽ പോയ ശേഷം അയാളുടെ രണ്ട് ഭാര്യമാരും അഞ്ച് ആണ്മക്കളും കഴിഞ്ഞുകൂടുന്നത്. ജയിലിലായതിനുശേഷം അയാളുടെ കുടുംബത്തിനെ ഗ്രാമത്തിലെ മറ്റാരും അന്വേഷിക്കാതായി. അന്ന് ബസന്തി ഗർഭിണിയായിരുന്നു. അവരെ പ്രസവത്തിന് ആശുപത്രിയിലെത്തിക്കാൻ ആരും ഉണ്ടായില്ല. പ്രസവം കുടിലിൽത്തന്നെ ആയിരുന്നു.  സഹായിക്കാൻ ശാന്തോ മാത്രം.
പെണ്മക്കളെ ആയിരുന്നു മഗൻലാലിന്ന് കൂടുതലിഷ്ടമെന്നാണ് ബസന്തി പറയുന്നത്. ഗ്രാമത്തിൽ എന്തെങ്കിലും പണികിട്ടുമ്പോൾ , കയ്യിൽ കാശ് വരുമ്പോൾ അയാൾ അവർക്കായി മധുരപലഹാരങ്ങൾ വാങ്ങിവരും. “മക്കളെ കൊന്നത് ആയാളാണൊ എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾ വരുമ്പോൾ അയാൾ ഒന്നും മിണ്ടാതെ കണ്ണീർ വാർത്തുകൊണ്ട് നിൽക്കുകയായിരുന്നു.” – ഭാര്യമാർ പറയുന്നത് അങ്ങിനെയാണ്.
ആരെന്നറിയാത്തവർ തങ്ങളുടെ പെണ്മക്കളെ കൊന്നശേഷം ഭർത്താവിനെ ഒരു മരത്തിൽ പിടിച്ചുകെട്ടിയതാണെന്നാണ് ഭാര്യമാർ കോടതിയിൽ പറഞ്ഞതെന്നാണ് കോടതിരേഖകളിൽ.   മഗൻലാൽ രക്ഷപ്പെടാൻ അത് വഴിയൊരുക്കുമെന്ന് അവർ കരുതിയിരിക്കുമോ?
പെൺകുട്ടികൾ മരിച്ചുകിടക്കുന്നതുകണ്ട ഭാര്യമാർ വാതിൽക്കീറിലൂടെ മഗൻലാലിന്റെ സഹോദരന്മാരെ വിവരമറിയിച്ചുവെന്നും, മഗൻലാൽ തുടർന്ന് ഭാര്യമാരേയും കൊല്ലാൻ തുനിഞ്ഞെന്നും, അവർ ഓടി രക്ഷപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. അയാൾ തുടർന്ന് തൂങ്ങിച്ചാവാൻ ശ്രമിച്ചുവെന്നും പോലീസ് ആരോപണമുണ്ട്. പക്ഷെ അത് നിയമത്തിനുമുമ്പിൽ തെളിയിക്കപ്പെടാനായിട്ടില്ല.
 
ദില്ലിയിലെ യജമാനന്മാരോട് മഗൻലാലിനെ തിരിച്ചയക്കാൻ നിങ്ങൾ പറയുമോബസന്തി ചോദിക്കുന്നു. “അദ്ദേഹം പോയ ശേഷം ഞങ്ങൾക്കുള്ള തുണ്ടുഭൂമി ഇതുവരെ ഉഴുതിട്ടില്ല, കൃഷിയിറക്കിയിട്ടില്ല. എല്ലാവരും ഞങ്ങളെ ഒഴിവാക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാർ പോലും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. മൂത്തമകൻ വിജയിന് സ്കൂളിൽ പോകാനാകുന്നില്ല- കാരണം കാലിമേക്കാൻ പോയിട്ടാണെങ്കിലും അവൻ കുറച്ച് വരുമാനമുണ്ടാക്കുന്നുണ്ട്. മഗൻലാൽ തിരിച്ചുവന്നാൽ എല്ലാം നേരെയാകും
അവർ ഇപ്പോഴും അതുതന്നെ പ്രതീക്ഷിക്കുന്നു. മഗൻലാൽ മടങ്ങിവരാതിരിക്കില്ല.
 
കഴിഞ്ഞ മാസം ഇന്ത്യൻ പ്രസിഡണ്ട് ബരേലയുടേ മാപ്പപേക്ഷ തള്ളിയിരുന്നു. എങ്കിലും നിയമത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് പീപ്പിൾസ് യൂനിയൻ ഫോർ ഡമൊക്രാറ്റിക് റൈറ്റ്സ് (പി.യു.ഡി. ആർ) എന്ന സംഘടന മഗൻലാലിനുവേണ്ടി നൽകിയ നിവേദനത്തിന്മേലാണ് ചീഫ് ജസ്റ്റീസ് കെ സദാശിവത്തിന്റെ നടപടി. സ്റ്റേ തീരുമാനം ബന്ധപ്പെട്ട അധികാരികളെ ബുധനാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ അറിയിക്കുകയായിരുന്നു.
മഗൻലാലിന്റെ കാര്യത്തിൽ ഇനി നിയമം ഏതുവഴിക്കാകും പോകുക എന്ന് ആർക്കറിയാം!
 
എന്തായാലും ബസന്തിയും ശാന്തോയും കാത്തിരിക്കുന്നു.  മഗൻലാലിന്റെ പുത്രന്മാർ കാത്തിരിക്കുന്നു.  അയാളുടെ സഹോദരന്മാരും.   
 
എല്ലാ ദുരിതങ്ങൾക്കും അപ്രിയസംഭവങ്ങൾക്കുമിടയിലും മനുഷ്യർ ഈ ജീവിതത്തിൽ എന്തൊക്കേയോ പ്രതീക്ഷിക്കുന്നു.  മുമ്പോട്ടു തന്നെ നോക്കി നടക്കുന്നു. അവർ പരസ്പരം സ്നേഹിക്കാൻ ഇഷ്ടപ്പെടുന്നു – മരിക്കുവോളം.

 
കടപ്പാട്: Reprieve for a Convict, Pheroze.L.Vincent, ഹിന്ദു ദിനപത്രം, ആഗസ്റ്റ് 9, വെള്ളിയാഴ്ച.
 

Thursday, July 18, 2013

ലീലാബായിയെ അറിയുമോ?



ലീലാഭായിയെ കേരളത്തിൽ അത്രയധികം ആളുകളൊന്നും റിയാനിടയില്ല.  പേരുകൊണ്ട് അവർ മലയാളിയെന്നു തോന്നാമെങ്കിലും അവർ ജീവിക്കുന്നത് കുറേ വടക്ക് മഹാരാഷ്ട്രയുടെ കിഴക്കൻ ഭാഗങ്ങളിലെ യവത് മാൽ ജില്ലയിലാണ്.

മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശങ്ങൾ ജലക്ഷാമമുള്ള സ്ഥലങ്ങളാണ്.  കൃഷി എല്ലാക്കൊല്ലവും വരൾച്ചകൊണ്ട്  നഷ്ടത്തിലാകുകയും അടുത്തകാലത്ത് ധാരാളം കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സ്ഥലം.   ബഹുരാഷ്ട്രക്കുത്തകകൾ നൽകിയ ജനിതകമാറ്റം വരുത്തിയ പരുത്തിവിത്തുകൾ സർവ്വനാശം വിതച്ച ഗ്രാമങ്ങൾ.  നാഗപൂരിനു പടിഞ്ഞാറാണ് യവത് മാൽ.  നൂറോ നൂറ്റമ്പതോ കിലോമീറ്റർ.  അതുപോലെ നാഗ്പൂരിൽ നിന്ന് കിഴക്ക് പത്തെഴുപത്തഞ്ച് കിലോമീറ്റർ  ദൂരത്തിലാണ് ഗോസിഖുര്ദ്‌ അണക്കെട്ടും. 1983-ൽ രണ്ടര ലക്ഷം ഏക്കർ സ്ഥലത്ത് ജലസേചനം സാധ്യമാക്കാനാകുന്ന ഒരു വമ്പന്‍ ജലസേചനപദ്ധതി അവിടെ തുടങ്ങുന്നു. മതിപ്പു ചിലവ് 372 കോടി രൂപ.  2013 ആയിട്ടും അതെങ്ങും എത്തിയിട്ടുമില്ല.  ഇതുവരെയായി 7800 കോടിയോളം ചെലവാക്കിയെന്ന് കണക്കുകൾ. 

ഇതിന്റെ പരിസരങ്ങളിലാണ് ലീലാബായി ജീവിക്കുന്നത്.  അതുകൊണ്ടാണ് അവർ ശ്രദ്ധേയയാകുന്നതും.  ലീലാബായി കർഷകയാണ്.  കർഷക എന്ന വാക്ക് ഇന്ത്യൻ നിഘണ്ടുക്കളിലൊന്നുമില്ല.  കർഷകൻ എന്നേ അതിലൊക്കെ കാണൂ.    വീട്ടിൽ ഒന്നും ചെയ്യാതെ കുത്തിയിരുന്ന് കൃഷിസ്ഥലങ്ങളുടെ ഉടമാവകാശം കയ്യാളുകമാത്രം ചെയ്യുന്ന പുരുഷന്മാർപോലും ഇന്ത്യൻ കാഴ്ചപ്പാടിൽ കർഷകനാണ്; അയാളാണ് എപ്പോഴും ഗൃഹനാഥനും.

എന്താണ് ലീലാഭായിയുടെ പ്രത്യേകത?  ഭർത്താവിനെ ബഹുമാനത്തോടെ മാത്രം കാണുകയും മറ്റുള്ളവരുടെ മുമ്പിൽ  തന്റെ പതിയിൽ അഭിമാനംകൊള്ളുകയും ചെയ്യുന്ന ലീലാബായി അതേസമയം ആരോടും പറയും- വീട്ടുകാര്യമൊക്കെ നോക്കുന്നതും കൃഷിയിടത്തിലെ പണിയൊക്കെ അന്വേഷിക്കുന്നതും ഞാനാണ്.  എന്റെ ഭർത്താവ് ഞങ്ങളുടെ ഏതാനും കാലികളെ നോക്കി സംരക്ഷിച്ചുകൊണ്ട് സുഖമായി കഴിയുന്നു.  എങ്കിലും ആരാണ്  കർഷകൻ എന്ന സ്ഥാനത്ത്  എന്റെ ഭർത്താവിന്റെ പേരേ സർക്കാർ രേഖകളിലും മാദ്ധ്യമങ്ങളിലും കാണുള്ളൂ.  എനിക്കതിൽ പരിഭവവുമില്ല.

അവർ തുടർന്നും പറയും- ഞങ്ങൾക്കിന്ന് നാല്പതേക്കർ കൃഷിയിടമുണ്ട്.  ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്.   ഇന്ന് എല്ലാമുണ്ട്- സന്തോഷമാണെങ്കിൽ വേണ്ടുവോളവും.

ആരാണ് ഇവിടങ്ങളിൽ കൃഷിനടത്തിപ്പ് കൊണ്ടുനടക്കുന്നത് എന്നു ചോദിച്ചു നോക്കൂ.  കൂസലില്ലാതെ അവർ  പറയുംഅത് സ്ത്രീകളാണ്. ആണുങ്ങളല്ല.  ആണുങ്ങൾ മിക്കവാറും ഗ്രാമം മുഴുവൻ ചുറ്റിയടിച്ച് സമയം കളയുകയാണ് പതിവ്. 

1965-  ശൈശവത്തിൽത്തന്നെയായിരുന്നു ലീലാബായിയുടെ വിവാഹം.  ഏറെക്കുറെ അനാഥത്വം അനുഭവിച്ചു നടന്നിരുന്ന, ബന്ധുവൃന്ദത്തിൽത്തന്നെയുള്ള ആളെയാണ് അഛൻ അവർക്ക് ഭർത്താവായി കണ്ടെത്തിയത്.   പേർ  അശണ്ണ.  ഇന്ന് ദമ്പതികൾക്ക് 60 വയസ്സ് കഴിഞ്ഞു.

നാലാം ക്ലാസിൽ പഠിത്തം നിർത്തിയതാണ് ലീലാബായി.  കുട്ടിക്കാലത്ത് നാട്ടിൽ ജനനരേഖകൾ സൂക്ഷിക്കുന്ന പതിവില്ലാതിരുന്നതുകൊണ്ട് അവർക്ക് തന്റേയും ഭർത്താവിന്റേയും വയസ്സ് കൃത്യമായറിയില്ല. സ്വന്തമായി നിലമില്ലാതിരുന്നതുകൊണ്ട് അവർ മറ്റുള്ളവരുടെ സ്ഥലത്ത് പണിക്കുപോയി.  കിട്ടുന്നത് കഴിയുന്നത്ര മിച്ചം വച്ചു.  പിന്നെ കുറേശ്ശെയായി കൃഷിസ്ഥലങ്ങൾ വാങ്ങി. കല്യാണം കഴിയുന്ന കാലത്ത് അവിടങ്ങളിൽ നാൽപ്പതേക്കർ ഭൂമി 10000 രൂപക്ക് കിട്ടുമായിരുന്നു.  ഇന്ന് 40000 രൂപക്കുപോലും ഒരേക്കർ കിട്ടില്ല.

1969-ലാണ് അവർ ആദ്യമായി ഭൂമി വാങ്ങിയത്.  1000 രൂപ വച്ച് നാലേക്കർ.  അവർ നല്ലശ്രദ്ധയോടെ അന്വേഷിച്ച് വാങ്ങിയ ഫലപുഷ്ടിയുള്ള ഭൂമിയായിരുന്നു അത്.   ഇക്കാലത്ത് അതിനരികിലൂടെ ഒരു ഹൈവേ വന്നതുകൊണ്ട് ആ സ്ഥലത്തിന് ഇന്ന് അമ്പതു ലക്ഷം കിട്ടുമെന്ന് അവർക്കറിയാം.  അതിൽ കൃഷിചെയ്ത് വരുമാനമുണ്ടാക്കിക്കൊണ്ട് 1971- 20 ഏക്കർ കൂടി അവർ വാങ്ങി.  പിന്നെ 1973-ൽ പതിനഞ്ചേക്കർ,  85-ൽ നാലേക്കർ, ഒടുവിൽ 91-ൽ പത്തേക്കറും കൂടി. അതിൽ നിന്ന് കുറച്ച് പിൽക്കാൽത്ത് വിറ്റു.  ഇപ്പോൽ 40 ഏക്കർ സ്വന്തമായുണ്ട്. 

സ്വന്തമായി കൃഷി ചെയ്തു പഠിച്ചാണ് ലീലാബായി വളർച്ചയുടെ പടവുകൾ കയറിയത്.   ഇത്രയും കാലത്തെ പരിചയം കൊണ്ട് അവർ കൃഷിപ്പണികളിൽ അനന്തമായ രിചയസമ്പത്തും പാടവവും ആർജ്ജിച്ചുകഴിഞ്ഞു.  കൃഷിപ്പണികളിൽ സ്ത്രീകളാണ് എപ്പോഴും കൂടുതൽ ശ്രദ്ധാലുക്കളെന്നും അവർ പുരുഷന്മാരേക്കാൾ ശുഷ്കാന്തിയോടേയും ഭംഗിയായും ജോലികളിൽ ഏർപ്പെടുമെന്നുമാണ് അവരുടെ നിഗമനം.    കൃഷിപ്പണിയും  പണം കൈകാര്യം ചെയ്യലും ഗാർഹികചെലവുകളുമൊക്കെ അവർ തന്നെയാണ്  ശ്രദ്ധിക്കുന്നത്.

ഏറെക്കാലം അണ്ണ മാസം എഴുപതു രൂപ ശമ്പളത്തിൽ ഒരു പെട്രോൾ പമ്പിൽ ജോലിക്കാരനായിരുന്നു. പത്തുപതിനഞ്ചു വർഷം മുമ്പാണ് അയാൾ ആ പണി നിർത്തിയത്.  അപ്പോഴേക്കും ലീലാബായി സർക്കാർ രേഖകളിൽ  അശണ്ണയെന്നൊരു കർഷകനെ സൃഷ്ടിക്കാനായി വേണ്ടുവോളം കൃഷിയിടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.

വീട്ടാവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളെല്ലാം അവർ സ്വന്തം കൃഷിയിടത്തിൽ നിന്നെടുക്കുന്നു.  നെല്ലും ഗോതമ്പും പച്ചക്കറികളുമെല്ലാം. കൂടാതെ മുപ്പതോളം ഏക്കർ സ്ഥലത്ത് അവർ പരുത്തിയും സോയബീനും കൃഷിചെയ്യുന്നുണ്ട്.  കൃഷികാര്യങ്ങളെല്ലാം തീർച്ചയാകുന്നതും നടത്തിക്കുന്നതും ലീലാബായി നേരിട്ടാണ്.  ദിവസവും ഏറെനെരം അവർ കൃഷിയിടങ്ങളിൽ ചെലവാക്കുന്നു. 

ചന്തമുള്ള ഒരു വീടും അതിനോട് ചേർന്ന് വിള സൂക്ഷിക്കാൻ ധാരാളം സ്ഥലവും ലീലാബായി കരുതിയിട്ടുണ്ട്.   അതുകൊണ്ട് വിളവെടുപ്പുകഴിഞ്ഞ് ഉല്പന്നങ്ങൾ വില കൂടിക്കിട്ടുന്നതു വരെ സൂക്ഷിച്ചുവക്കാനും അവർക്കാവുന്നു.   സ്വന്തം പരുത്തിയും സോയാബീനുമൊക്കെ അപ്പപ്പോൾത്തന്നെ വിൽക്കേണ്ട ദുര്യോഗം അവർക്കില്ല.  ഇക്കാലത്ത് കൃഷിയിറക്കാനുള്ള ബുദ്ധിമുട്ടുകളേപ്പറ്റി അവർ ആധികാരികമായും ശാസ്ത്രീയമായും തന്നെ പ്രതികരിക്കും.  കളനാശിനികളും കീടനാശിനികളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്നും മണ്ണ് പുഷ്ടി നഷ്ടപ്പെട്ട് വന്ധ്യമാകുന്നുവെന്നും  വിളവു കൂടുതലുണ്ടാക്കാൻ കഴിയുന്ന ഇക്കാലത്ത് അതിൽ നിന്നുള്ള ലാഭം കുറവാണെന്നും അവർ പറയും.

ആറ്  കാളകളും അഞ്ച് പശുക്കളും മൂന്ന് എരുമകളുമുള്ള വീട്ടിൽ അവയെ പരിപാലിച്ചുകൊണ്ട് ണ്ണ സന്തോഷമായി കഴിയുന്നു.  പശുക്കളിൽനിന്നും എരുമകളിൽനിന്നും ഏറെ പാലൊന്നും കിട്ടുന്നില്ലെങ്കിലും  ഇവയിൽ നിന്നു കിട്ടുന്ന പാൽ തന്നെയാണ്  വീട്ടിൽ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെവിടേയുമെന്നപോലെ ഇവിടേയും കർഷകൻ എന്ന സ്ഥാനം എപ്പോഴും പുരുഷന്മാർക്കാണ്.  അവരാണ് ഗൃഹനാഥന്മാരായി അംഗീകരിക്കപ്പെടുന്നതും. ണ്ണക്കും അതിന്റെ ആനുകൂല്യം കിട്ടുന്നു.  പക്ഷേ എല്ലാം കൊണ്ടുനടക്കുന്നതാകട്ടെ ഭാര്യയുമാണ്.   ണ്ണക്ക്  അതറിയാം.  അയാഅതംഗീകരിക്കുന്നുമുണ്ട്. അക്കാര്യം ലീലാഭായിക്ക് ഉറപ്പുമുണ്ട്. പിന്നെയെന്ത് പ്രശ്നം?  അങ്ങിനെ “കർഷകവധു”വായി  സർക്കാർ രേഖകളിൽ തുടരുന്നതിൽ ലീലാബായി സന്തോഷം കൊള്ളുന്നു.

ഇതിലെന്തു കാര്യം എന്നു നമുക്ക് ഒരു പക്ഷേ ചോദിക്കാനാകും.  ഇങ്ങിനെ സുഭിക്ഷമായിക്കഴിയുന്ന വീടുകൾ ഇന്ത്യയിലങ്ങോളമിങ്ങോളം കാണാനാകുമല്ലോ എന്നും നമുക്കു ചോദിക്കാം.   എന്നാൽ കഴിഞ്ഞ ർഷം 3786 കർഷകർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിൽ നിന്നാണ് ഈ വിജയഗാഥ കേൾക്കുന്നതെന്നതു കൂടിയാണ് അതിലെ മറ്റൊരു കാര്യം.   

അതിനപ്പുറം അത് ഇന്ന് നമ്മുടെ മാദ്ധ്യമങ്ങളിൽ വരുന്ന പല കാഴ്ചകളേയും കേൾവികളേയും ചോദ്യം ചെയ്യുന്നുമുണ്ട്.

ഇവിടെ, നമ്മുടെ ചുറ്റുമാണെങ്കിൽ, ഇന്ന് സ്ത്രീകൾ സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റു പലതിനും മുന്നിട്ടിറങ്ങുന്നത് നാം കാണുന്നു.  പ്രത്യുല്പാദനപരമല്ലാത്ത തട്ടിപ്പുകളിൽ സർക്കാർ സംവിധാനങ്ങളെപ്പോലും ഇടപെടുവിച്ചു നിർത്തികൊണ്ട്  വിവാദങ്ങൾ സൃഷ്ടിക്കാൻ അവർ മടിക്കുന്നില്ല.   ഭേദപ്പെട്ട മട്ടിൽ തൊഴിൽ ചെയ്ത്  പേരും പെരുമയും ആവശ്യത്തിന് ധനവും നേടിയ കലാകാരികൾ പോലും ദ്രുതധനത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകുന്നു. മകനെ കല്യാണം കഴിച്ചുകിട്ടാൻ അഛനെ വലയിലാക്കി അയാളുടെ കൂടെപ്പോലും സഹശയനം നടത്തിയായാലും  ഭാരിച്ച സമ്പത്തിന്ന് എളുപ്പത്തിൽ ഉടമകളാകുകയാണ് അഭികാമ്യമെന്ന്  ചിലരെങ്കിലും ഇവിടെ വിശ്വസിക്കുന്നു.  ഭർത്താക്കന്മാർ മദ്യപാനികളായാലും ഗാർഹികപീഡനങ്ങൾ അത്യാവശ്യം അനുഭവിച്ചാലും വേണ്ടില്ല, മക്കൾക്ക് ഹോട്ടൽഭക്ഷണം വാങ്ങിക്കാനുള്ള കാശും പകയുടേയും പ്രതികാരത്തിന്റേയും വഞ്ചനയുടേയും കഥകൾ എന്നും വൈകുന്നേരങ്ങളിൽ കണ്ടുരസിക്കാനുള്ള സ്വാതന്ത്ര്യവും കിട്ടിയാൽ മതിയെന്നും കരുതുന്നവരാണ് കുറച്ചുപേരെങ്കിലും.     

എങ്കിലും ലീലാബായി ഓർമ്മിപ്പിക്കുന്നു - ഇന്ത്യൻ മനസ്സുകളിൽ ഇന്നും നന്മകൾ വിളയുന്നുണ്ട്; ഇന്ത്യൻ സ്ത്രീകളിൽ ആത്മവിശ്വാസത്തിന്റേയും  ധൈര്യത്തിന്റേയും സ്ഫുരണങ്ങൾ കെട്ടുതീർന്നിട്ടില്ല.

കടപ്പാട്:- When Leelaabai Runs the farm,  ഹിന്ദു ദിനപത്രം, 17-7-2013.